അല്ലാഹുവിന്റെ നിരന്തരമായ പരീക്ഷണങ്ങള്‍ക്ക് വിധേയനായ പ്രവാചകനാണ് ഇബ്രാഹീം(അ). എല്ലാ അഗ്നി പരീക്ഷണങ്ങളെയും സഹനത്തോടെയും തന്മയത്വത്തോടെയും അദ്ദേഹം അതിജീവിച്ചു
ഇബ്രാഹീം നബിക്ക് ഖുര്‍ആന്‍ നല്‍കിയ വിശേഷണങ്ങള്‍
അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടാല്‍ അദ്ദേഹത്തെ കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്നും ഏറ്റവും കഠിനമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുക പ്രവാചകന്മാരാണെന്നുമുള്ള പ്രവാചക വചനം അന്വര്‍ഥമായ ജീവിതമായിരുന്നു ഇബ്രാഹീം നബിയുടേത്. അതിനാല്‍ തന്നെ ഇബ്രാഹീം നബിക്ക് അല്ലാഹു സുന്ദരമായ നിരവധി വിശേഷണങ്ങള്‍ നല്‍കുന്നത് കാണാം.
അല്ലാഹുവിന്റെ ഉറ്റമിത്രം خليل الله : ‘ഇബ്രാഹീമിനെ അല്ലാഹു തന്റെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു’. (അന്നിസാഅ് 125). പ്രവാചകന്‍ മുഹമ്മദ് നബി (സ) മാത്രമേ ഇബ്രാഹീമിനെ കൂടാതെ ഖലീല്‍ എന്ന വിശേഷണത്തിനര്‍ഹനായത്.
മികവുറ്റവനായി തെരഞ്ഞെടുത്തു اصطفيناه في الدنيا : ‘ആരെങ്കിലും ഇബ്രാഹീമിന്റെ മാര്‍ഗം വെറുക്കുമോ? സ്വയം വിഡ്ഢിയായവനല്ലാതെ. ഈ ലോകത്ത് നാം അദ്ദേഹത്തെ മികവുറ്റവനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്തും അദ്ദേഹം സച്ചരിതരിലായിരിക്കും’. (അല്‍ബഖറ 130)
പ്രവാചകത്വം നല്‍കി അനുഗ്രഹിച്ചുവെന്നും മറ്റുള്ളവരേക്കാള്‍ പ്രത്യേകം സ്ഥാനം നല്‍കി അനുഗ്രഹിച്ചുവെന്നുമെല്ലാം പണ്ഡിതന്മാര്‍ ഇതിനെ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു അവന്റെ ആത്മമിത്രമായി(ഖലീല്‍) തെരഞ്ഞെടുത്തതാണ് ഈ വിശേഷണത്തിന്നാധാരമെന്ന് ഇമാം ത്വബരി വിവരിക്കുന്നുണ്ട്. പരലോകത്ത് അദ്ദേഹത്തിന്റെ സ്ഥാനം സച്ചരിതരുടെ കൂട്ടത്തിലാണെന്നും ഈ സൂക്തം വ്യക്തമാക്കുന്നുണ്ട്.
അല്ലാഹുവിന് പൂര്‍ണമായും സമര്‍പ്പിച്ച വ്യക്തി أسلمت لله : ‘നിന്റെ നാഥന്‍ അദ്ദേഹത്തോട് ‘വഴിപ്പെടുക’ എന്ന് കല്‍പിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘സര്‍വലോകനാഥന് ഞാനിതാ വഴിപ്പെട്ടിരിക്കുന്നു’.(അല്‍ബഖറ 131). സത്യം മനസ്സിലായപ്പോള്‍ ഒരു സന്ദേഹവുമില്ലാതെ ഇസ് ലാമാശ്ലേഷിക്കുകയും പ്രസ്തുത മാര്‍ഗത്തില്‍ പൂര്‍ണമായും സമര്‍പ്പിക്കുകയും ചെയ്തതിനാലാണ് ഈ വിശേഷണത്തിന് അര്‍ഹനായത്.
ശുദ്ധമാനസന്‍ حنيف : ‘അവര്‍ പറയുന്നു: നിങ്ങള്‍ നേര്‍വഴിയിലാകണമെങ്കില്‍ ജൂതരോ ക്രിസ്ത്യാനികളോ ആവുക. ‘പറയുക: അല്ല, ശുദ്ധമാനസനായ ഇബ്‌റാഹീമിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. അദ്ദേഹം ബഹുദൈവാരാധകനായിരുന്നില്ല'(അല്‍ബഖറ 135)
വ്യാജവും നിര്‍മിതവുമായ എല്ലാ ആദര്‍ശങ്ങളില്‍ നിന്നും മാറി യഥാര്‍ഥ സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കുന്നതിനാണ ഹനീഫ് എന്നു പറയുന്നത്.
ഏറെ പശ്ചാത്തപിക്കുന്നവന്‍ أواه : ‘ഇബ്രാഹീം ഏറെ പശ്ചാത്തപിക്കുന്നവനും സഹനശീലനുമായിരുന്നു'(അത്തൗബ 114). എല്ലാ കാര്യങ്ങളും അല്ലാഹുവിലേക്ക് മടക്കുന്നവന്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ഏങ്ങിക്കരയുന്നവന്‍ എ്ന്നീ അര്‍ഥങ്ങളിലെല്ലാം അവ്വാഹ് എന്ന പദം ഉപയോഗിക്കാറുണ്ട്. സദാ പശ്ചാത്തപിക്കുന്നവന്‍ എന്നര്‍ഥമുള്ള മുനീബ്(ഹൂദ് 75) എന്ന പദവും ഇബ്രാഹീമിന്റെ വിശേഷണമായി ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്.
സഹനശീലന്‍ حليم : ‘ഇബ്രാഹീം ഏറെ പശ്ചാത്തപിക്കുന്നവനും സഹനശീലനുമായിരുന്നു'(അത്തൗബ 114).സൃഷ്ടികളോട് അങ്ങേയറ്റത്തെ കാരുണ്യമുടയവനും അവരില്‍ നിന്നുണ്ടാകുന്ന വീഴ്ചകള്‍ അവര്‍ക്ക് പൊറുത്തുകൊടുത്ത് സഹനമവലംബിക്കുന്നവനുമായിരുന്നു. ഇബ്രാഹീം നബി ധാരാളം പ്രാര്‍ഥിക്കുന്നവനും എത്ര കടുത്ത പാപം ചെയ്തവരോടും സഹനമവലംബിക്കുന്നവനുമായിരുന്നുവെന്ന് ഇമാം ത്വബരി വിവരിക്കുന്നു. തന്നോട് കടുത്ത ഉപദ്രവം ചെയ്തിട്ടും പിതാവിന് വേണ്ടി പാപമോചനം നടത്തിയത് ഇതിന്റെ മികച്ച ഉദാഹരണമാണ്.
സമൂഹം, പ്രസ്ഥാനം أٌمة : ‘ഇബ്രാഹീം സ്വയം ഒരു സമുദായമായിരുന്നു.'(അന്നഹല്‍ 120)
ഒരു സമൂഹം നിര്‍വഹിക്കേണ്ട ദൗത്യം സ്വയം നിര്‍വഹിക്കേണ്ടി വന്നതിനാലാണ് അദ്ദേഹത്തെ ഉമ്മത്ത് അഥവാ സമുദായം എന്നു വിളിക്കാന്‍ കാരണം എ്ന്ന് വിവക്ഷിക്കപ്പെടുന്നു.
അല്ലാഹുവിന് വഴങ്ങി ജീവിക്കുന്നവന്‍ قانتا لله : ‘ഇബ്രാഹീം അല്ലാഹുവിന് വഴങ്ങി ജീവിക്കുന്നവനായിരുന്നു. ചൊവ്വായപാതയില്‍ ഉറച്ചുനില്‍ക്കുന്നവനുമായിരുന്നു. അദ്ദേഹം ബഹുദൈവ വിശ്വാസികളില്‍ പെട്ടവനായിരുന്നില്ല.(അന്നഹല്‍ 120)
അനുഗ്രഹങ്ങള്‍ക്ക് നന്ദിപ്രകടിപ്പിക്കുന്നവന്‍ شاكرا لأنعمه : ‘അദ്ദേഹം അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനായിരുന്നു. അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും ഏറ്റം നേരായ വഴിയില്‍ നയിക്കുകയും ചെയ്തു’.
അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതില്‍ തികഞ്ഞ ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഇബ്രാഹീം.
ജനങ്ങളുടെ നേതാവ് إماماً للناس : ‘ഓര്‍ക്കുക: ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ ചില കല്‍പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം അതൊക്കെയും നടപ്പാക്കി. അപ്പോള്‍ അല്ലാഹു അരുളി: നിന്നെ ഞാന്‍ ജനങ്ങളുടെ നേതാവാക്കുകാണ്’.(അല്‍ബഖറ 124).
സത്യം പ്രത്യക്ഷപ്പെട്ടതു മുതല്‍ അന്ത്യശ്വാസം വരെയുള്ള സന്ദര്‍ഭങ്ങളില്‍ ത്യാഗസമ്പൂര്‍ണമായ ജീവിതം നയിച്ചുകൊണ്ട് നേതൃത്വത്തിന് താന്‍ അര്‍ഹനാണെന്ന് ഇബ്രാഹീം നബി തെളിയിക്കുകയുണ്ടായി.