വിഗ്രഹാരാധന യെ എന്തിനെതിര്‍ക്കുന്നു?

Originally posted 2014-12-10 12:23:57.

Godമുസ്‌ലീംകള്‍ ധരിക്കുന്നതുപോലെ ഞങ്ങള്‍ ഹൈന്ദവര്‍ ബഹുദൈവവിശ്വാസികളോ ബഹുദൈവാരാധകരോ അല്ല. ദൈവം ഏകനാണെന്ന് വിശ്വസിച്ച് ദൈവത്തെ ആരാധിക്കുന്നവരാണ്. വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്നത് ദൈവത്തെ ഓര്‍ക്കാനും ദൈവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ്. എന്നിട്ടും നിങ്ങളെന്തിനാണ് വിഗ്രഹാരാധനയെ കുറ്റപ്പെടുത്തുന്നത്?

ഇസ്ലാം ദൈവത്തിന്റെ ഏകത്വം ഊന്നിപ്പറയുന്നു. അവനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയും ആരാധിക്കുകയും ചെയ്യാവൂ എന്ന് കണിശമായി കല്‍പിക്കുന്നു. ദൈവത്തിന്റെ സത്തയിലും ഗുണവിശേഷങ്ങളിലും അധികാരാവകാശങ്ങളിലും അവനു പങ്കുകാരെ കല്‍പിക്കുന്നത് അക്ഷന്തവ്യമായ അപരാധമായി കണക്കാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നിരവധി കാരണങ്ങളാല്‍ വിഗ്രഹാരാധനയോട് വിയോജിക്കേണ്ടിവരുന്നു.

1. ദൈവം അരൂപിയും അദൃശ്യനുമാണെന്ന് ഹിന്ദുമതമുള്‍പ്പെടെ ലോകത്തിലെ എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നു.
കേനോപനിഷത്തിലിങ്ങനെ കാണാം:
‘യന്മനസാ ന മനുതേ യേനാഹുര്‍മനോമതം
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ” (1: 6)
(മനസ്സിന് അറിവാന്‍ കഴിയാത്തതും എന്നാല്‍ മനസ്സിന് അറിവാനുള്ള കഴിവിനെ നല്‍കുന്നതുമായതിനെ ബ്രഹ്മമെന്ന് അറിയുക. ഇതാണ് ബ്രഹ്മം എന്നു വിചാരിച്ച് ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.)
‘യച്ചക്ഷുഷാ ന പശ്യതി യേന ചക്ഷൂംഷി പശ്യതി
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ” (1:7)
(കണ്ണുകൊണ്ട് കാണ്മാന്‍ കഴിയാത്തതും കണ്ണുകൊണ്ട് വിഷയങ്ങളെ കാണുന്നതിന് ഹേതുഭൂതമായിട്ടുള്ളതുമേതോ അത് ബ്രഹ്മമെന്നറിഞ്ഞാലും. ഇതാണതെന്ന നിലയില്‍ ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.)
‘യത് ശ്രോത്രേണ ന ശൃണോതി യേന ശ്രോത്രമിദം ശ്രുതം
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ”(1: 8)

(ചെവികൊണ്ട് കേള്‍ക്കാന്‍ കഴിയാത്തതും എന്നാല്‍ ചെവിക്ക് കേള്‍ക്കാനുള്ള കഴിവ് നല്‍കുന്നതുമായതേതോ അതാണ് ബ്രഹ്മമെന്നറിഞ്ഞാലും. അതാണിതെന്ന നിലയില്‍ ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.)
ദൈവം നിരാകാരനാണെന്ന് ഹൈന്ദവദര്‍ശനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ഉപനിഷത്ത് ദൈവത്തെ വിശേഷിപ്പിച്ചത് ‘നിര്‍ഗത ആകാരാത് സ നിരാകാരഃ’ യാതൊരുവന് ആകൃതിയൊന്നുമില്ലയോ അങ്ങനെയുള്ളവന്‍ എന്നാണ് (സ്വാമി ദയാനന്ദ സരസ്വതി, സത്യാര്‍ഥപ്രകാശം, ആര്യപ്രാദേശിക പ്രതിനിധി സഭ, പഞ്ചാബ്, പുറം 38)
സ്വാമി ദയാനന്ദ സരസ്വതി എഴുതുന്നു: ‘ഈശ്വരന്‍ നിരാകാരനാകുന്നു. എന്തെന്നാല്‍ സാകാരനാണെങ്കില്‍ വ്യാപകനായിരിക്കുന്നതല്ല. വ്യാപകനല്ലെങ്കില്‍ സര്‍വജ്ഞത്വം മുതലായ ഗുണങ്ങള്‍ ഈശ്വരനില്‍ ഘടിക്കുകയില്ല. എന്തെന്നാല്‍ പരിഛിന്നമായ വസ്തുവിലുള്ള ഗുണകര്‍മസ്വഭാവങ്ങളും പരിഛിന്നങ്ങളായിരിക്കുമല്ലോ. എന്നു മാത്രമല്ല, ഈശ്വരന്‍ സാകാരനാണെങ്കില്‍ ശീതോഷ്ണങ്ങള്‍, രോഗങ്ങള്‍, ദോഷങ്ങള്‍, ഛേദനം, ഭേദനം മുതലായ ക്രിയകളൊന്നുമേല്‍ക്കാത്തവനായിരിപ്പാന്‍ കഴിയുകയില്ല. അതിനാല്‍ ഈശ്വരന്‍ നിരാകാരനാണെന്നുതന്നെയാണ് തീരുമാനിക്കപ്പെടുന്നത്.”(സത്യാര്‍ഥപ്രകാശം, പുറം 288)

ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹു സകല വസ്തുക്കളെയും സൃഷ്ടിച്ചിരിക്കുന്നു. അവന്‍ സകല സംഗതികളും അറിയുകയും ചെയ്യുന്നു. അവനാകുന്നു നിങ്ങളുടെ നാഥനായ ദൈവം. അവനല്ലാതെ ഒരു ആരാധ്യനുമില്ല. സകല വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതിനാല്‍ നിങ്ങള്‍ അവനെ അനുസരിച്ചു ജീവിക്കുക. അവന്‍ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വമേറ്റവനാകുന്നു. കണ്ണുകള്‍ക്കവനെ കാണാനാവില്ല. അവനോ, കണ്ണുകളെ കണ്ടുകൊണ്ടിരിക്കുന്നു. അവന്‍ സൂക്ഷ്മദൃക്കും അഭിജ്ഞനുമല്ലോ”(6:101103).

അരൂപിയും അദൃശ്യനുമായ ദൈവത്തിന് രൂപം സങ്കല്‍പിക്കുന്നത് കൃത്രിമമാണ്. മിഥ്യയെ സത്യവുമായി കലര്‍ത്തലാണ്. അത് ദൈവത്തെ സംബന്ധിച്ച് വളരെ തെറ്റായ സങ്കല്‍പം വിശ്വാസികളില്‍ വളര്‍ത്തുന്നു. അതുകൊണ്ടുതന്നെ അത് ദൈവത്തോടു ചെയ്യുന്ന കടുത്ത അനീതിയാണ്.

ഇതു സംബന്ധമായി ബ്രഹ്മാനന്ദ സ്വാമി ശിവയോഗി എഴുതുന്നു: ‘നമ്മുടെ പിതാവിന്റെയോ ഗുരുവിന്റെയോ മറ്റോ ഛായയെടുത്തുവെച്ച് അവരുടെ അഭാവത്തില്‍ അവരെ കണ്ട് സന്തോഷിക്കുന്നു; വന്ദിക്കുന്നു. അപ്രകാരം ക്ഷേത്രത്തില്‍ ദൈവത്തിന്റെ പ്രതിമവെച്ച് പൂജിച്ച് സന്തോഷിക്കുന്നതാകുന്നു. അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ സ്വല്പബുദ്ധികള്‍ക്ക് ദൈവം ഉണ്ടെന്ന് മനസ്സിലാകുന്നത് എങ്ങനെയാണ്? എന്ന് കാര്‍മന്‍മാര്‍ വാദിക്കുന്നു. ഇതും അസംബന്ധം തന്നെ. പിതാവിനെയും ഗുരുവിനെയും മറ്റും കണ്ടുംകൊണ്ടാണ് ഫോട്ടോ എടുക്കുന്നത്. ആ ഛായയില്‍ അവരുടെ ആകൃതിവടിവും ഉണ്ട്. ദൈവത്തിന് ആകൃതിയില്ല. പിന്നെ എങ്ങനെ ഛായയെടുത്തു? ആര്‍ എടുത്തു? ബിംബപ്പണിക്കാരും മറ്റും കല്ലുകളിലും വല്ലതിലും കൊത്തുന്നതും വരക്കുന്നതുമാണോ ദൈവത്തിന്റെ ഛായ? ഇങ്ങനെ നാനാ വിഗ്രഹരൂപത്തിനാല്‍ ദൈവസ്വരൂപത്തെയും ആരാധനാക്രമത്തെയും തെറ്റിദ്ധരിപ്പിക്കുന്നത് മഹാ അനര്‍ഥമാകുന്നു.” (വിഗ്രഹാരാധനാഖണ്ഡനം, പ്രസാധകര്‍: നിര്‍മലാനന്ദയോഗി, പ്രസിഡന്റ് ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം, ആലത്തൂര്‍; പുറം 28, 29)

2. നമ്മില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ നമ്മെ ഓര്‍ക്കാനോ വേണ്ടി കുരങ്ങന്റെയോ നായയുടെയോ ചിത്രമോ പ്രതിമയോ സ്ഥാപിക്കുന്നത് നാമാരും ഇഷ്ടപ്പെടുകയില്ലല്ലോ. കാരണം, കുരങ്ങനും നായയുമൊക്കെ നമ്മേക്കാള്‍ നിസ്സാരവും താഴെയുമാണെന്ന് നാം ധരിക്കുന്നു. അവ്വിധം തന്നെ ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ദൈവത്തിന്റെ സൃഷ്ടികളും അവനോട് താരതമ്യം ചെയ്യാനാവാത്ത വിധം നന്നേ നിസ്സാരവുമാണ്. അവയിലേതെങ്കിലും ഒന്നിനെ, ദൈവത്തെ ഓര്‍ക്കാനും അവനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമായി സ്ഥാപിക്കുന്നത് ദൈവത്തോടു ചെയ്യുന്ന കടുത്ത അനീതിയാണ്; അതുകൊണ്ടുതന്നെ അക്ഷന്തവ്യമായ അപരാധവും.

3. ദൈവത്തെ ആരാധിക്കേണ്ടത് എങ്ങനെയാണെന്ന് പറയേണ്ടത് ദൈവമാണ്. വിഗ്രഹമോ പ്രതിമകളോ പ്രതിഷ്ഠകളോ സ്ഥാപിച്ചാണ് തന്നെ ആരാധിക്കേണ്ടതെന്ന് ദൈവം പറഞ്ഞിട്ടില്ല. അത്തരമൊരു ആരാധനാരീതി പഠിപ്പിച്ചിട്ടുമില്ല. എന്നല്ല, വിഗ്രഹങ്ങളോ പ്രതിഷ്ഠകളോ സ്ഥാപിച്ച് ആരാധന നടത്തരുതെന്ന് കണിശമായി കല്‍പിക്കുകയും ചെയ്തിട്ടുണ്ട്.

4. സാക്ഷാല്‍ ദൈവത്തെയല്ലാതെ വിളിച്ചു പ്രാര്‍ഥിക്കുന്നതും ആരാധിക്കുന്നതും അരുതാത്തതാണെന്ന് ഇസ്ലാമിനെപ്പോലെ ഹിന്ദുമതവും പഠിപ്പിക്കുന്നുണ്ട്. വിഗ്രഹാരാധന ബഹുദൈവാരാധനയല്ലെങ്കില്‍ അന്യാരാധനയെ വിമര്‍ശിക്കേണ്ടതില്ലല്ലോ. ഛന്ദോഗ്യോപനിഷത്തില്‍ ഇങ്ങനെ കാണാം: ‘ഓമിത്യേതദക്ഷരമുദ്ഗീഥമുപാസീത” (ഓംകാരം യാതൊരുവന്റെ നാമധേയമാണോ, യാതൊരുവന്‍ ഒരിക്കലും നശിക്കയില്ലയോ അവനെയാണ് ഉപാസിക്കേണ്ടത്; മറ്റൊരുവനെയല്ല.)
വിഖ്യാതമായ ഹൈന്ദവസ്‌തോത്രത്തിലിങ്ങനെ കാണാം:
‘ത്വമേകം വരണ്യം ത്വമേകം ശരണ്യം
ത്വമേകം ജഗത്കാരണം വിശ്വരൂപം”
(നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോടുമാത്രം ഞങ്ങള്‍ ശരണം തേടുന്നു. ലോകോല്പത്തിക്കു കാരണം നീ തന്നെ. നീ വിശ്വരൂപം.)
ശ്വേതാശ്വതരോപനിഷത്തിലിങ്ങനെ കാണാം:
‘തമീശ്വരാണാം പരമം മഹേശ്വരം
തം ദേവതാനാം പരമം ച ദൈവതം
പതിം പതീനാം പരമം പരസ്താത്
വിദാമ ദേവം ഭുവനേശമീഡ്യം” (67)
(അത് എല്ലാ ഈശ്വരന്മാരുടെയും മഹാനായ ശാസകനും സര്‍വ ദേവന്മാര്‍ക്കും പരമാരാധ്യനും സമസ്ത പതികളുടെയും പതിയും ധസംരക്ഷകന്‍പ സമസ്ത ബ്രഹ്മാണ്ഡനായകനും ആകുന്നു. സ്തുത്യര്‍ഹനും പ്രകാശ സ്വരൂപനുമായ അത് സര്‍വത്തിനും അതീതമാണെന്ന് നാം മനസ്സിലാക്കുന്നു.)

ഗീതയിലിങ്ങനെ കാണാം:
യാന്തി ദേവപ്രതാ ദേവാന് പിതൃന് യാന്തി പിതൃ വ്രതാഃ
ഭൂതാനി യാന്തി ഭൂതേ ജ്യായാന്തി മദ്യാജിനോ ള ഹമാം.
(ദേവന്മാരെ ഉപാസിക്കുന്നവര്‍ ദേവന്മാരെ പ്രാപിക്കുന്നു. പിതൃക്കളെ ആരാധിക്കുന്നവര്‍ പിതൃക്കളെ അണയുന്നു. ഭൂതങ്ങളെ ഉപാസിക്കുന്നവര്‍ ഭൂതങ്ങളിലെത്തുന്നു. എന്നാല്‍ എന്നെ ഉപാസിക്കുന്നവര്‍ എന്നെ പ്രാപിക്കുന്നു.) (ഉദ്ധരണം: വിദ്യവാചാസ്പതി വി. പനോളി, ‘ശ്രീശങ്കരദര്‍ശനം’, പുറം 91)

സ്വാമി ദയാനന്ദ സരസ്വതി എഴുതുന്നു: ‘സ്തുതി, പ്രാര്‍ഥന, ഉപാസന എന്നിവയെല്ലാം ശ്രേഷ്ഠനായിട്ടുള്ളവനു മാത്രമേ ചെയ്യപ്പെടാറുള്ളൂ. ഗുണം, കര്‍മം, സ്വഭാവം, സത്യവ്യവഹാരം എന്നീ വിഷയങ്ങളില്‍ മറ്റെല്ലാവരെക്കാളും ഉല്‍ക്കര്‍ഷം ആര്‍ക്കുണ്ടോ അവനെയാണ് ശ്രേഷ്ഠന്‍ എന്നു പറയേണ്ടത്. ആര്‍ ശ്രേഷ്ഠന്മാരില്‍ വച്ച് ശ്രേഷ്ഠനാകുന്നുവോ അവനെ പരമേശ്വരന്‍ എന്നു പറയുന്നു. മറ്റൊരുവനേയുമല്ല. അവന് തുല്യനായിട്ട് ഒരുവന്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഇല്ല. ഇനിമേല്‍ ഉണ്ടാവുകയുമില്ല. അങ്ങനെയിരിക്കെ അവനെക്കാള്‍ ഉല്‍കൃഷ്ടനായി ഒരുവന്‍ ഉണ്ടാകുന്നത് എങ്ങനെ? സത്യം, ന്യായം, ദയ, സര്‍വകര്‍മസാമര്‍ഥ്യം, സര്‍വജ്ഞത്വം മുതലായ അസംഖ്യം ഗുണങ്ങള്‍ അവന്നുള്ളതുപോലെ മറ്റൊരു ജഡപദാര്‍ഥത്തിനോ ജീവാത്മാവിനോ ഇല്ല. സത്യസ്വരൂപമായി വിളങ്ങുന്ന വസ്തുവിന്റെ ഗുണകര്‍മ സ്വഭാവങ്ങളും സത്യങ്ങളായിത്തന്നെയിരിക്കും. അതിനാല്‍ മനുഷ്യരെല്ലാം പരമേശ്വരനെയാണ് സ്തുതിക്കുകയും പ്രാര്‍ഥിക്കുകയും ഉപാസിക്കുകയും ചെയ്യേണ്ടത്. മറ്റൊരുവനെയുമല്ല. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്ന പേരോടു കൂടിയ പുരാതനന്മാരായ വിദ്വാന്മാരും ദൈത്യന്മാര്‍, ദാനവന്മാര്‍ തുടങ്ങിയ നികൃഷ്ട മനുഷ്യരും മറ്റുള്ള സാധാരണ മനുഷ്യരും പരമേശ്വരനില്‍ പൂര്‍ണവിശ്വാസത്തോടുകൂടി അദ്ദേഹത്തെത്തന്നെയാണ് സ്തുതിക്കുകയും പ്രാര്‍ഥിക്കുകയും ഉപാസിക്കുകയും ചെയ്തിരുന്നത്. വേറൊരുവനെയല്ല. അതുകൊണ്ട് നമ്മളെല്ലാവരും അപ്രകാരം ചെയ്യുന്നതാണുചിതമായിട്ടുള്ളത്”(സത്യാര്‍ഥപ്രകാശം, പുറം 12,13).
ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരെപ്പോലും സ്തുതിക്കുകയോ പ്രാര്‍ഥിക്കുകയോ ഉപാസിക്കുകയോ ചെയ്യരുതെന്നാണല്ലോ ഇതിന്റെയര്‍ഥം. ഇക്കാര്യം ശ്രീ വാഗ്ഭടാനന്ദ ഗുരുവും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (വാഗ്ഭടാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍. ഒന്നാം പതിപ്പ്, മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്‌ളിഷിംഗ് കമ്പനി ലിമിറ്റഡ്. പുറം 357359).

ബ്രഹ്മാനന്ദ സ്വാമി ശിവയോഗി വസിഷ്ഠനില്‍നിന്ന് ഉദ്ധരിക്കുന്നു:
നട്ടകല്ലൈത്തൈവമെന്റു നാലു പുഷ്പം ചാര്‍ത്തുരിര്‍
ചുറ്റിവന്തുമൊണന്റു ചൊല്ലുമന്തിരമെതക്കടോ
നട്ടുകല്ലു പേയുമോ നാതതുള്ളിരുക്കയില്‍
ചുട്ടചട്ടിചട്ടുകം കറിച്ചുവൈയറിയുമോ
(ഒരു കല്ലിനെ പ്രതിഷ്ഠിക്കുന്നു. അതില്‍ ഈശ്വര ഭാവനയോടു കൂടി പൂജിക്കുന്നു. അതിനെ പ്രദക്ഷിണം വെക്കുന്നു. മന്ത്രം ജപിക്കുന്നു. ആ പ്രതിഷ്ഠിച്ച കല്ലു കേള്‍ക്കുമോ? കറിവെക്കുന്ന ചട്ടിയോ കറിയിളക്കുന്ന ചട്ടുകമോ, കറിയുടെ രസത്തെ അറിയുമോ?) (വിഗ്രഹാരാധനാ ഖണ്ഡനം, പുറം 7)

5. സാധാരണക്കാര്‍ക്ക് ആരാധിക്കാന്‍ വിഗ്രഹം വേണമെന്ന വാദത്തെ ബ്രഹ്മാനന്ദസ്വാമി ശിവയോഗി ഇങ്ങനെ ഖണ്ഡിക്കുന്നു: ‘കുട്ടികള്‍ക്ക് ചെറിയ കുപ്പായം വേണം. വലിയ കുപ്പായം പറ്റുകയില്ല. അപ്രകാരം അല്പബുദ്ധികള്‍ക്ക് വിഗ്രഹാരാധന വേണം. ബ്രഹ്മധ്യാനത്തിന് കഴിയുകയില്ല’ എന്ന് വാദിക്കുന്നു. ഇത് ‘കുട്ടികള്‍ക്ക് കാണ്മാന്‍ ഒരു ചെറിയ സൂര്യന്‍ വേണം. വലിയ സൂര്യന്റെ വെളിച്ചം നോക്കിയാല്‍ കാണുകയില്ല’ എന്നു പറയുന്നപോലെ അസംബന്ധമാകുന്നു.”(വിഗ്രഹാരാധനാഖണ്ഡനം)

6. വിഗ്രഹാരാധകരായ മഹാഭൂരിപക്ഷവും വിഗ്രഹങ്ങള്‍ക്ക് പ്രത്യേകമായ പുണ്യവും ദിവ്യത്വവും കല്‍പിക്കുന്നവരാണ്. ആരുടെ പ്രതിഷ്ഠയാണോ, അവരുടെ ചൈതന്യം അതില്‍ ആവാഹിക്കപ്പെട്ടതായാണ് വിഗ്രഹാരാധകരുടെ വിശ്വാസം. മറിച്ച്, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാത്രമായിരുന്നെങ്കില്‍ മുന്നില്‍ എന്തെങ്കിലുമൊന്ന് വച്ചാല്‍ മതിയല്ലോ. എന്നു മാത്രമല്ല, നിലവിലുള്ള വിഗ്രഹം മാറ്റി മറ്റു വല്ലതും വച്ചാല്‍ എതിര്‍ക്കപ്പെടുകയുമില്ല. എന്നാല്‍ തങ്ങളാരാധിക്കുന്ന വിഗ്രഹത്തെ മാറ്റുന്നത് വിശ്വാസികള്‍ക്ക് സങ്കല്‍പിക്കുക പോലും സാധ്യമല്ല. അതിനാല്‍ വിഗ്രഹം ദൈവത്തെ ഓര്‍ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും മാത്രമാണെന്ന വാദം വസ്തുനിഷ്ഠമല്ല. അത് ബഹുദൈവാരാധന തന്നെയാണ്. അതിനാലാണ് ഛന്ദോഗ്യോപനിഷത്തിനും സ്വാമി ദയാനന്ദ സരസ്വതിക്കും വാഗ്ഭടാനന്ദഗുരുവിനുമെല്ലാം അന്യദൈവാരാധനയെ എതിര്‍ക്കേണ്ടിവന്നത്.

7. ദൈവം അദ്വിതീയനും അതുല്യനും അസദൃശനുമാണെന്ന് എല്ലാ മതങ്ങളും പറയുന്നു. ദൈവത്തെ സംബന്ധിച്ച് ഇന്നതുപോലെ എന്നുപോലും പറയുക സാധ്യമല്ല. അതോടൊപ്പം മനുഷ്യന്റെ കണ്ണും മനസ്സും എവിടെയാണോ കേന്ദ്രീകരിക്കുന്നത് അതിന്റെ പ്രതിരൂപമാണ് മനസ്സില്‍ പതിയുക. വിഗ്രഹാരാധകന്റെ മനസ്സില്‍ വിഗ്രഹത്തിന്റെ പ്രതിബിംബമാണ് സ്ഥാനം പിടിക്കുക. അതിനാല്‍ ആരാധകന്റെ മനസ്സില്‍ ദൈവത്തിനു പകരം വിഗ്രഹമാണ് സ്ഥാനം പിടിക്കുക. അങ്ങനെ ദൈവത്തിന്റെ സ്ഥാനം വിഗ്രഹം കൈയടക്കുന്നു.

8. ആരാധ്യനോടുള്ള ആത്യന്തികമായ ആദരവിനാല്‍ ആരാധകന്‍ പരമമായ വിനയത്തോടെ നിര്‍വഹിക്കുന്ന കര്‍മമാണല്ലോ ആരാധന. സൃഷ്ടികളില്‍ ശ്രേഷ്ഠനായ മനുഷ്യന്‍ അത് തന്നെപ്പോലുള്ളവര്‍ക്കോ തന്നേക്കാള്‍ താഴെയുള്ളവയ്‌ക്കോ അര്‍പ്പിക്കുന്നത് തന്റെ മഹിതമായ പദവിക്കും മാന്യതക്കും നിരക്കുന്നതല്ല. അതുകൊണ്ടുതന്നെ ദൈവേതരര്‍ക്കുള്ള ആരാധന സ്വന്തത്തോടുള്ള അതിക്രമം കൂടിയായാണ് ഇസ്ലാം കാണുന്നത്. സര്‍വോപരി, സ്വാമി ദയാനന്ദ സരസ്വതി വ്യക്തമാക്കിയപോലെ പരമമായ ആദരവ് അര്‍പ്പിക്കേണ്ടത് അതര്‍ഹിക്കുന്നവന്നാണ്. ശ്രേഷ്ഠതയിലും മഹത്വത്തിലും ജ്ഞാനത്തിലും ശക്തിയിലും പൂര്‍ണതയുള്ളവന്‍ ദൈവം മാത്രമാണ്. അതിനാല്‍ അവന്‍ മാത്രമേ ആരാധന അര്‍ഹിക്കുന്നുള്ളൂ. അതവനുമാത്രം അവകാശപ്പെട്ടതുമാണ്. ദൈവത്തിനു മാത്രം അവകാശപ്പെട്ടത് മറ്റുള്ളവര്‍ക്ക് നല്‍കല്‍ ദൈവഹിതത്തിനെതിരും അവയെ ദൈവത്തിന്റെ സ്ഥാനത്ത് അവരോധിക്കലുമാണ്. വിഗ്രഹാരാധന കൊടിയ പാപമാകാനുള്ള കാരണവും അതുതന്നെ.

Related Post