വ്യക്തിസ്വാതന്ത്ര്യം

വ്യക്തിസ്വാതന്ത്ര്യം

                                                   വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേല്‍ക്കൂര

              വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേല്‍ക്കൂര

ഒരാള്‍ക്കും തന്റെ നിഘണ്ടുവില്‍ നിന്ന് വെട്ടിമാറ്റാന്‍ കഴിയാത്ത, സദാ മുഴങ്ങിക്കേള്‍ക്കുന്ന പദപ്രയോഗമാണ് ‘വ്യക്തിസ്വാതന്ത്ര്യ’മെന്നത്. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നത് അക്രമമായും, അല്ലാഹു മനുഷ്യന് നല്‍കിയ സ്വാതന്ത്ര്യസങ്കല്‍പത്തിന് നേരെയുള്ള കടന്ന് കയറ്റമായും വിലയിരുത്തപ്പെടുന്നു. ആണാവട്ടെ, പെണ്ണാവട്ടെ എല്ലാവരും പൂര്‍ണസ്വതന്ത്രരായാണ് ജനിക്കുന്നത്. അതിനുശേഷം തന്റെ സവിശേഷവും സ്വതന്ത്രവുമായ വ്യക്തിത്വത്തോടെ അവന്‍ വളരുകയും വലുതാവുകയും ചെയ്യുന്നു. അവന് സ്വന്തമായ അഭിപ്രായവും, ചിന്തയും രൂപപ്പെടുന്നു. ഒരാള്‍ക്കും തന്റെ കാഴ്ചപ്പാടോ, വീക്ഷണമോ മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നിയമപരമായ യാതൊരു അവകാശവുമില്ല.

പക്ഷേ, അതേസമയം തന്നെ നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേല്‍ക്കൂരയും, പരിധിയും നാം മനസ്സിലാക്കേണ്ടതുണ്ട്. പലരും തെറ്റിദ്ധരിച്ചതുപോലെ നിരുപാധികമായ സ്വാതന്ത്ര്യമല്ല അത്. യാതൊരു നിബന്ധനയും, വ്യവസ്ഥയുമില്ലാതെ തോന്നിയതുപോലെ ഉപയോഗിക്കാനും കൈകാര്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ആര്‍ക്കും ഒരു കാര്യത്തിലും അല്ലാഹു നല്‍കിയിട്ടില്ല. വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ ഓരോ വ്യക്തിയും തനിക്ക് ഇഷ്ടമുള്ളത് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് സമൂഹത്തിലെ സ്വാതന്ത്ര്യങ്ങളുടെ പരസ്പരഏറ്റുമുട്ടലിന് വഴിവെക്കുന്നതാണ്. നാം സ്വാതന്ത്ര്യമെന്ന് വിളിച്ചുകൂവുന്ന കാര്യം ഒരുവേള മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായി വിലയിരുത്തപ്പെടുന്നതാണ്.

സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സമൂഹം സമത്ത്വം അനുഭവിക്കണമെങ്കില്‍ ഓരോ വ്യക്തിയും തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധികളും പരിമിതികളും മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന്റെ അടുത്തെത്തുന്നതോട് കൂടി തന്റെ സ്വാതന്ത്ര്യത്തിന്റെ പരിധി അവസാനിക്കുന്നുവെന്ന് തിരിച്ചറിയുകയാണ് അതിന് പ്രഥമമായി വേണ്ടത്. ഉദാഹരണമായി രാഷ്ട്രതലത്തില്‍, ഓരോ രാഷ്ട്രവും ആദരിക്കുന്ന പ്രതീകങ്ങളും ചിഹ്നങ്ങളുമുണ്ട്. അവ ഒരുനിലക്കും അനാദരിക്കപ്പെടുകയോ, അപമാനിക്കപ്പെടുകയോ ചെയ്യാവതല്ല. രാഷ്ട്രത്തിന്റെ ഔദ്യോഗികപതാക അവയ്ക്ക് ഉദാഹരണമാണ്. രാഷ്ട്രസ്വാതന്ത്ര്യത്തിന്റെയും, അസ്തിത്വത്തിന്റെയും അടയാളമാണ് അത്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ അവ എടുത്തുമാറ്റാനോ, അതിനെ നിലത്തിട്ടിഴക്കാനോ ആര്‍ക്കും തന്നെ സ്വാതന്ത്ര്യമില്ല. അപ്രകാരം ചെയ്യുന്നവനെ നിയമപരമായി കൈകാര്യം ചെയ്യുകയും, വിചാരണ നടത്തുകയും ചെയ്യുന്നതാണ്. അതുപോലെയാണ് രാഷ്ടത്തിലെ സര്‍വരാലും ആദരിക്കപ്പെടുന്ന വ്യക്തികളും. സ്വാതന്ത്ര്യ സമരസേനാനികളെയോ, നായകരെയോ ആക്ഷേപിക്കാനോ, അവരെ വ്യക്തിഹത്യ നടത്താനോ ആര്‍ക്കും അവകാശമില്ല.

രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സ്വത്വം സംരക്ഷിക്കുന്ന ചില അടിസ്ഥാനങ്ങളും നിയമങ്ങളുമുണ്ട്. തലമുറകള്‍ അനന്തരമെടുത്ത, സമൂഹത്തിന്റെ അസ്തിത്വത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നവയാണ് അവ. വ്യക്തിതാല്‍പര്യത്തിന് തടസ്സമാണെന്നോ, വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നുവെന്നോ അവകാശപ്പെട്ട് അവ വലിച്ചെറിയുവാനോ, അവഗണിക്കുവാനോ ആര്‍ക്കും അവകാശമില്ല. സമൂഹത്തെ വന്യജീവികളോടു തുലനപ്പെടുത്തുന്ന സമീപനമാണ് ഇതെന്ന് ഓരോ വ്യക്തിയും മനസ്സിലാക്കുകയാണ് വേണ്ടത്.

വ്യക്തിസ്വാതന്ത്ര്യം അന്വേഷിച്ചുനടക്കുന്ന വ്യക്തി ആദ്യമായി മനസ്സിലാക്കേണ്ടത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന്റെ പരിധികളാണ്. ആ പരിധികള്‍ ലംഘിച്ച് തന്റെ സ്വാതന്ത്ര്യമേഖല വിശാലമാക്കാന്‍ ഒരാളും ശ്രമിക്കരുത്. അവകാശങ്ങളെക്കുറിച്ച് വാചാലരാകുന്ന വ്യക്തികള്‍ തങ്ങളുടെ ബാധ്യതകള്‍ ഒട്ടുംതന്നെ വിസ്മരിക്കരുതെന്നതാണ് സുപ്രധാനം. ഇപ്രകാരമാണ് വ്യക്തിയും സമൂഹവും ഉയര്‍ന്നുവരികയാണെങ്കില്‍  ഉന്നതമായ നാഗരികത കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് കഴിയും.

Related Post