എ അബ്ദുസ്സലാം സുല്ലമി
പണത്തിന്റെ സകാത്ത് കൊടുക്കാനുള്ള നിസ്വാബ് (പരിധി) എത്രയാണെന്നതില്‍ പല അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പണത്തെ സ്വര്‍ണവുമായി താരതമ്യപ്പെടുത്തുന്നതാണ് ഒരു വീക്ഷണം. അതായത് പത്തര പവന്‍ സ്വര്‍ണത്തിന് തുല്യമായ പണം ഉണ്ടെങ്കിലാണ് സകാത്ത് നല്‍കേണ്ടതെന്ന് അവര്‍ വാദിക്കുന്നു. സ്വര്‍ണത്തെ മാനദണ്ഡമായി സ്വീകരിക്കുമ്പോള്‍ ഒരു വിധം ആളുകളൊന്നും സകാത്ത് നല്‍കേണ്ടി വരില്ല.
എന്നാല്‍ വെള്ളിയാണ് മാനദണ്ഡമാക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഒരു വര്‍ഷത്തില്‍ ഒരാള്‍ക്ക് 590 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമായ വരുമാനം ഉണ്ടെങ്കില്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്. ഇങ്ങനെ അഭിപ്രായ വ്യത്യാസമുള്ളത് കൊണ്ട് തന്നെ നിങ്ങള്‍ അതിന്റെ നിസ്വാബ് അന്വേഷിക്കേണ്ടതില്ല എന്നാണ് എനിക്ക് പറയാനുള്ളത്. ഉടമസ്ഥന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിസ്വാബ് എത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് ഓരോന്നിന്റെയും നിസ്വാബ് പറഞ്ഞ ശേഷം നബി(സ) പറഞ്ഞിട്ടുണ്ട്.
എല്ലാ മാസവും ശമ്പളം വാങ്ങുന്ന ഒരാളാണെങ്കില്‍ ശമ്പളം കിട്ടുന്ന സമയത്ത് തന്നെ അത് കൊടുക്കലാണ് ഉത്തമം. ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു മസ്ഊദ്(റ), ഇബ്‌നു തൈമിയ പോലുള്ള മഹാന്‍മാര്‍ പറഞ്ഞിട്ടുള്ളത് നേടിയെടുക്കുന്ന സ്വത്തിന് അപ്പോള്‍ തന്നെ സകാത്ത് കൊടുക്കണമെന്നാണ്. അങ്ങനെ കൊടുക്കുന്നില്ലെങ്കില്‍ അത് നല്‍കാന്‍ ഒരു വര്‍ഷത്തെ സാവകാശമുണ്ട്. ഒരു വര്‍ഷത്തെ സാവകാശമെന്ന് പറയുമ്പോള്‍ അതില്‍ നിന്ന് നിങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം അവശേഷിക്കുന്നത് എന്ന് ധരിക്കരുത്.
ഉദാഹരണത്തിന് പതിനായിരം രൂപ ശമ്പളം പറ്റുന്ന ഒരാള്‍ വര്‍ഷത്തില്‍ സകാത്ത് കണക്കാക്കുമ്പോള്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ സകാത്താണ് കണക്കാക്കേണ്ടത്. അപ്രകാരം ഒരോ ദിവസത്തെയും കൂലി അന്നന്ന് ലഭിക്കുന്ന ആളെ സംബന്ധിച്ചടത്തോളം ഓരോ ദിവസവും അതിന്റെ സകാത്ത കൊടുക്കല്‍ പ്രയാസകരമായിരിക്കും. അതുകൊണ്ട് ഓരോ ദിവസത്തെയും കൂലി രേഖപ്പെടുത്തി വെച്ച് മാസത്തിലോ വര്‍ഷത്തിലോ അതിന്റെ സകാത്ത് വിഹിതം നല്‍കാവുന്നതാണ്.
വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുള്ള ഒരാള്‍ സകാത്ത് നല്‍കേണ്ടതുണ്ടോ എന്നത് പലരും ഉന്നയിക്കുന്ന ഒരു സംശയമാണ്. ഒരു കര്‍ഷകന് ഒരു വര്‍ഷത്തില്‍ എട്ടു കിന്റല്‍ നെല്ല് കിട്ടുന്നുണ്ടെങ്കില്‍ അയാള്‍ സകാത്ത് നല്‍കണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ കര്‍ഷകന്‍ തന്റെ ചെലവ് കഴിച്ചതിന് ശേഷമാണോ സകാത്ത് നല്‍കേണ്ടത്? വിളവെടുക്കുമ്പോള്‍ അതിന്റെ സകാത്ത് നല്‍കാനാണ് ഖുര്‍ആന്‍ കല്‍പിക്കുന്നത്. ആ കര്‍ഷകന്റേത് വലിയ കുടുംബമാണെങ്കില്‍ അവന്റെ ചെലവിന് അത് മതിയാകില്ല. എന്നാലും അവന്‍ സകാത്ത് കൊടുക്കണം.
സകാത്ത് കൊടുക്കുന്നവന്‍ തന്നെ സകാത്ത് വാങ്ങാന്‍ അര്‍ഹനാണെങ്കില്‍ അവനത് സ്വീകരിക്കുകയും ചെയ്യാം. ഒരു പുകവലിക്കാരന്‍ തന്റെ വരുമാനം ചെലവിന് തികയുന്നില്ലെന്ന് പറഞ്ഞ് പുകവലി മാറ്റിവെക്കാറില്ലല്ലോ. അത് പോലെ അങ്ങാടിയില്‍ ചെന്നാല്‍ ചായ കുടിക്കുന്ന ശീലമുള്ള ആള്‍ ചെലവിന് തികയുന്നില്ലെന്ന് പറഞ്ഞ് ആ ശീലം മാറ്റി വെക്കാറുണ്ടോ? എന്നാല്‍ സകാത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം എന്താണ് ഇങ്ങിനെ ഒരു ചോദ്യമുണ്ടാകുന്നത്? പുകവലിക്കാനോ ചായ കുടിക്കാനോ ആവശ്യമായി വരുന്ന പണം പോലും സകാത്ത് കൊടുക്കാന്‍ വേണ്ടിവരില്ല. നമ്മുടെ സ്വര്‍ഗവുമായി ബന്ധപ്പെട്ട ഒന്നായി ഇതിനെ മനസ്സിലാക്കാത്തതാണ് അടിസ്ഥാന പ്രശ്‌നം
.
(അബ്ദുസ്സലാം സുല്ലമിയുടെ ചോദ്യോത്തര പരിപാടിയെ ആസ്പദമാക്കി തയ്യാറാക്കിയത്)
തയ്യാറാക്കിയത് : നസീഫ്