ഇന്ത്യന്‍ ജയിലുകള്‍ ജയിലുകളിലെ വാസം കൊണ്ട് നീതി പീഠം എന്താണ് ഉദ്ദേശിക്കുന്നത് ആ ലക്ഷ്യം വല്ലതും ഇത് മുഘേന നടക്കുന്നുണ്ടോ ? ഒരു പഠനം ശ്രീ ക്രഷ്ണ കചാവെ നടത്തുന്നു
നിരവധി കുറ്റവാളികളുടെയും വിചാരണയില്‍ കഴിയുന്നവരുടെയും കുറ്റംതെളിയിക്കപ്പെടാത്തവരുടെയും സങ്കേതമോ താല്‍ക്കാലിക ഭവനമോ ആണ് ഇന്ത്യന്‍ ജയിലുകളെന്ന് പറഞ്ഞാല്‍ അതൊരിക്കലും തെറ്റായ പ്രസ്താവനയാവില്ല. രാജ്യത്തെ സംവിധാനങ്ങളാല്‍ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇരുട്ടറയില്‍ വര്‍ഷങ്ങള്‍ തള്ളിനീക്കേണ്ടി വരുന്നവരുണ്ട്.
ജയില്‍ ജനസംഖ്യ അംഗീകൃത പരിധിക്കും അപ്പുറം കടക്കുമ്പോള്‍ ജനപ്പെരുപ്പമായിട്ടാണതിനെ കാണുക. ജയിലുകളിലെ ജനപ്പെരുപ്പം സുപ്രധാനമായ മനുഷ്യവകാശ പ്രശ്‌നമാണ്. തടവുകാരുടെ ജീവിത നിലവാരത്തകര്‍ച്ചക്ക് അത് കാരണമാകും. ജയില്‍പുള്ളികളുടെ പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കും അത് തടസ്സമായി മാറുന്നു. ഇത്തരം അവസ്ഥയില്‍ തടവുകാരെ സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കുന്നതിന് പ്രാപ്തരാക്കുന്നതിനുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ജയില്‍ അധികൃതരും പരാജയപ്പെടുന്നു.
നമ്മുടെ മിക്ക ജയിലുകളും പത്തൊമ്പതാം നൂറ്റാണ്ടിലോ അതിനടുത്ത കാലത്തോ നിര്‍മിക്കപ്പെട്ടവയാണ്. കേടുപാടുകള്‍ തീര്‍ക്കാത്തത്തും ആള്‍പ്പെരുപ്പം അനുഭവിക്കുന്നതുമായ അവസ്ഥയിലാണ് അവയുള്ളത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ദിവസത്തില്‍ ജയിലുകളുടെ പരിധിക്കും എത്രയോ അധികമാളുകളെ അവയില്‍ കുത്തിനിറച്ചിരുന്നുവെന്ന് ഷാ കമ്മീഷന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അസ്സമില്‍ 4930 തടവുകാര്‍ക്കുള്ള ജയിലുകളില്‍ 7909 ആളുകളെയാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. ബിഹാറില്‍ 21,140 പേരുടെ സ്ഥാനത്ത് 38,407; മധ്യപ്രദേശില്‍ 12,388 പേരുടെ സ്ഥാനത്ത് 16,66; ഒറിസയില്‍ 6,668 പേരുടെ സ്ഥാനത്ത് l0,222; മഹാരാഷ്ട്രയില്‍ 14,801 പേരുടെ സ്ഥാനത്ത് 19,786; പശ്ചിമബംഗാളില്‍ 20,237 പേരുടെ സ്ഥാനത്ത് 25,999; ഡല്‍ഹിയില്‍ 1,273 പേരുടെ സ്ഥാനത്ത് 2,699 എന്നിങ്ങനെയാണ് കണക്കുകള്‍. പിന്നീട് അടിയന്തിരാവസ്ഥ നടപ്പാക്കിയപ്പോള്‍ ആയിരങ്ങള്‍ വീണ്ടും ജയിലുകളില്‍ അടക്കപ്പെട്ടു.
ആകെ 3,66,781 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് രാജ്യത്തെ മൊത്തം ജയിലുകള്‍ക്കുള്ളത്. അതേസമയം 2015 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 4,19,623 ജയില്‍പുള്ളികളും ഉണ്ട്. ഇന്ത്യന്‍ ജയിലുകളുടെ ശേഷിയുടെ 114.4 ശതമാനം ആളുകളെ അതുള്‍ക്കൊള്ളുന്നുണ്ട്. നമ്മുടെ ജയിലുകളുടെ അവസ്ഥ വെളിപ്പെടുത്തുന്ന കാര്യമാണത്. ആകെ തടവുകാരുടെ 67.2 ശതമാനം വിചാരണാ തടവുകാരാണ്. അതിലൂടെ പ്രതിചേര്‍ക്കപ്പെട്ടവരുടെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെ കൊഞ്ഞനംകുത്തുകയല്ലേ ചെയ്യുന്നത്?
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപോര്‍ട്ട് പ്രകാരം ജയിലിലെ ആള്‍പ്പെരുപ്പത്തിന്റെ കാര്യത്തില്‍ മുന്നിലുള്ളത് ദാദ്ര-നഗര്‍ ഹവേലിയാണ് (276.7%). അതിനു പുറകില്‍ ചത്തീസ്ഗഢ് (233.9%), ഡല്‍ഹി (226.9%) തുടങ്ങിയ പ്രദേശങ്ങളുമാണ്. 2015 വര്‍ഷാവസാനത്തിലെ കണക്കുകള്‍ പ്രകാരം അഞ്ച് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന 3,599 വിചാരണ തടവുകാരുണ്ട്. ഇങ്ങനെ ഏറ്റവുമധികം വിചാരണ തടവുകാരുള്ളത് ഉത്തര്‍പ്രദേശിലാണ് (1,364). 294 വിചാരണ തടവുകാരുള്ള പശ്ചിമബംഗാളാണ് തൊട്ടുപുറകിലുള്ളത്. ജയിലുകളുടെ അവസ്ഥ ബോധ്യപ്പെടാന്‍ മതിയായതാണ് ഈ കണക്കുകള്‍.
ബാബരി വാര്‍ഷികത്തിലുണ്ടായ ട്രെയിന്‍ സ്‌ഫോടന കേസില്‍ 2016 മേയില്‍ കുറ്റവിമുക്തനാക്കപ്പെട്ട മൂന്ന് പേരില്‍ ഒരാളായാ നിസാര്‍ പറയുന്നു: ”എന്റെ ജീവിതത്തിലെ സുപ്രധാനമായ 8150 ദിവസങ്ങളാണ് ഞാന്‍ ജയിലില്‍ കഴിഞ്ഞത്. നിങ്ങളിന്ന് കാണുന്ന ഞാന്‍ ജീവിക്കുന്ന ഒരു ജഡമാണ്. എനിക്ക് ഇരുപത് വയസ്സ് തികയുന്നതിന് മുമ്പ് ഞാന്‍ ജയിലിലേക്ക് എടുത്തെറിയപ്പെട്ടു. ഇന്നെനിക്ക് 43 വയസ്സായിരിക്കുന്നു. ഞാന്‍ അവസാനമായി കാണുമ്പോള്‍ എന്റെ ചെറിയ സഹോദരിക്ക് 12 വയസ്സായിരുന്നു. ഇന്ന് അവള്‍ക്ക് 12 വയസ്സുള്ള മകളുണ്ട്. എന്റെ സഹോദര പുത്രിക്ക് ഒരു വയസ്സായിരുന്നു അന്ന്. ഇന്നവള്‍ വിവാഹിതയായിരിക്കുന്നു. എന്നേക്കാള്‍ രണ്ട് വയസ്സ് കുറവായിരുന്ന എന്റെ കസിന്‍ ഇന്ന് വല്ല്യുമ്മയായിരിക്കുന്നു. എന്റെ ജീവിതത്തിലെ ഒരു തലമുറ തന്നെ ഇല്ലാതാക്കപ്പെട്ടിരിക്കുന്നു.” നാമിന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന നിയമ സംവിധാനത്തെ കുറിച്ച് ശക്തമായ ആലോചനക്ക് പ്രേരിപ്പിക്കുന്നതാണ് നിലവിലെ അതിന്റെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന നിസാറിന്റെ ഈ വാക്കുകള്‍.