ജനങ്ങള്‍ നിന്റെ ദുഖത്തിന്റെ കാരണമാവാതിരിക്കട്ടെ

Originally posted 2016-05-09 00:25:26.

PINOCCHIO

ജനങ്ങള്‍ നിന്റെ ദുഖത്തിന്റെ കാരണമാവാതിരിക്കട്ടെ ..

ജനങ്ങള്‍ നിന്റെ ദുഖത്തിന്റെ കാരണമാവാതിരിക്കട്ടെ ..

ഡോ. ജാസിം മുതവ്വ

പൊടിപിടിച്ച ജനല്‍ ചില്ലിലൂടെ നോക്കിയിട്ട് അയല്‍വീട്ടില്‍ അലക്കിയിട്ട വസ്ത്രങ്ങളിലെ ചെളിയെ കുറിച്ച് ആക്ഷേപമുന്നയിച്ച സ്ത്രീയുടെ കഥ വളരെ പ്രസിദ്ധമാണ്. അവളുടെ ഭര്‍ത്താവ് ജനല്‍ ചില്ലുകള്‍ വൃത്തിയാക്കിയപ്പോള്‍ ചെളി പിടിച്ചത് അയല്‍വീട്ടില്‍ തൂക്കിയിട്ട വസ്ത്രങ്ങളിലായിരുന്നില്ല, സ്വന്തം വീടിന്റെ ജനല്‍ചില്ലിലായിരുന്നു എന്നവര്‍ മനസ്സിലാക്കി. ആളുകള്‍ക്ക് നേരെ എത്രയെത്ര ആരോപണങ്ങളാണ് നാം ഉന്നയിക്കാറുള്ളത്! സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ പലപ്പോഴും കുഴപ്പം അവര്‍ക്കല്ല, നമുക്കാണെന്ന് കണ്ടെത്താന്‍ കഴിയും. ജനങ്ങളാണ് നമുക്ക് സന്തോഷം പകരുന്നതും നമ്മുടെ ദുഖത്തിന്റെ കാരണക്കാരുമെന്നാണ് മിക്കപ്പോഴും നാം കരുതുന്നത്. എന്നാല്‍ നമ്മുടെ സന്തോഷത്തിന്റെയും ദുഖത്തിന്റെയും കാരണക്കാര്‍ നാം തന്നെയാണെന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ ബോധ്യമാകും. ജനങ്ങളുടെ തൃപ്തി നിനക്ക് എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യമാണ്, അല്ലാഹുവിന്റെ തൃപ്തി ഒരുകാരണവശാലും ഉപേക്ഷിക്കാനാവാത്ത ലക്ഷ്യവും എന്നു പറയുന്നത് ഏറെ അര്‍ഥവത്താണ്. ഇഹത്തിലും പരത്തിലും മനുഷ്യന് സന്തോഷം പകരാന്‍ സഹായിക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ് അവനൊരു മൂല്യാധിഷ്ടിത വ്യവസ്ഥയുണ്ടായിരിക്കുക എന്നത്. അതനുസരിച്ച് മുന്നോട്ടു പോകുമ്പോള്‍ ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് അവന് വിഷയമാവുകയില്ല. ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതിനല്ല, തന്റെ നാഥനെ തൃപ്തിപ്പെടുത്തുന്നതിനായിരിക്കും അവന്‍ പ്രാധാന്യം നല്‍കുക.

കഴുതപ്പുറത്ത് കയറി സഞ്ചരിച്ച ജുഹയുടെയും മകന്റെയും കഥ നാമൊക്കെ കേട്ടിട്ടുള്ളതാണ്. അദ്ദേഹവും മകനും കഴുതയുടെ പുറത്തു പോകുന്നത് കണ്ട് അവര്‍ കഴുതയെ പ്രയാസപ്പെടുത്തുന്നത് കണ്ടില്ലേ എന്ന് ആളുകള്‍ പറയുന്നത് കേട്ടു. അതുകേട്ട ജുഹ കഴുതയുടെ പുറത്ത് നിന്നിറങ്ങി. അതുകണ്ട ആളുകള്‍ പിതാവിനോട് ഒരു ആദരവുമില്ലാത്ത മകന്‍ കഴുതപ്പുറത്തിരുന്ന് പിതാവിനെ നടത്തിക്കുന്നു എന്നു പറഞ്ഞു. അതുകേട്ട് ജുഹ മകനെ കഴുതയുടെ പുറത്തു നിന്നിറക്കി കഴുതപ്പുറത്ത് കയറി യാത്ര തുടര്‍ന്നു. അതു കണ്ട ആളുകള്‍ എത്ര ക്രൂരനായ പിതാവാണ് ഇയാള്‍ എന്നാക്ഷേപിച്ചു. ആളുകളുടെ സംസാരത്തില്‍ രക്ഷപെടാന്‍ അവസാനം ജുഹ കഴുതയെ തന്റെ ചുമലിലേറ്റി നടക്കാന്‍ തുടങ്ങി. അവരുടെ തൃപ്തി നേടാനാണ് അത് ചെയ്തതെങ്കിലും കഴുതയാവാന്‍ വേണ്ടി ജുഹാ കഴുതയെ വാങ്ങിയിരിക്കുന്നു എന്നവര്‍ പരിഹസിച്ചു.

ജനങ്ങളുടെ അവസ്ഥയാണ് ജുഹയുടെ ഈ കഥ നമുക്ക് വിവരിച്ചു തരുന്നത്. ജനങ്ങളുടെ തൃപ്തി നേടുന്നതിനാണ് ജുഹ ഓരോ ശ്രമവും മാറിമാറി പരീക്ഷിച്ചത്. ജനങ്ങളുടെ തൃപ്തി എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യമാണെന്നതിനെ സാധൂകരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അനുഭവം. അല്ലാഹുവിനാല്‍ സവിശേഷമായി തെരെഞ്ഞെടുക്കപ്പെട്ട വ്യക്തിയായിട്ടു പോലും പ്രവാചകനോട് അതൃപ്തിയുള്ളവര്‍ അദ്ദേഹത്തിന്റെ ചുറ്റുവട്ടത്തുണ്ടായിരുന്നു. വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ബഹുദൈവ വിശ്വാസികളുടെ കാര്യത്തില്‍ പ്രവാചകന്‍ ദുഖിച്ചിരുന്നു. ”ഈ ജനത്തെച്ചൊല്ലി വ്യസനിച്ചും ദുഃഖിച്ചും നീ ജീവന്‍കളയേണ്ടതില്ല.” എന്നാണ് അല്ലാഹു അദ്ദേഹത്തെ ഉണര്‍ത്തിയത്. ജനങ്ങള്‍ സന്‍മാര്‍ഗം സ്വീകരിക്കുന്നുവോ ഇല്ലയോ എന്നത് താങ്കളുടെ ദുഖത്തിന് കാരണമാകേണ്ടതില്ലെന്നും അവര്‍ക്ക് സന്ദേശം എത്തിക്കല്‍ മാത്രമാണ് താങ്കളുടെ ഉത്തരവാദിത്വമെന്നും അല്ലാഹു അദ്ദേഹത്തെ ഓര്‍മപ്പെടുത്തുന്നു. ”പ്രവാചകാ, നീ ഈ ജനത്തിനു പിറകെ ദുഃഖംപൂണ്ടു സ്വയം നശിപ്പിച്ചേക്കാം. അവര്‍ ഈ സന്ദേശത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍.” എന്നാണ് മറ്റൊരിടത്ത് അല്ലാഹു ഉണര്‍ത്തുന്നത്. അല്ലാഹു ഇഹലോകത്തെ പരീക്ഷണാലയമാക്കിയിരിക്കുകയാണ്. അതുകൊണ്ട് ഒരാള്‍ വിശ്വാസം സ്വീകരിക്കാതിരിക്കുന്നത് താങ്കള്‍ സ്വന്തത്തെ നശിപ്പിക്കുന്നതിന് കാരണമാവേണ്ടതില്ല എന്നാണ് അല്ലാഹു ഇതിലൂടെ പറയുന്നത്. അല്ലാഹു എല്ലാവരെയും വിചാരണ ചെയ്യും. ഓരോരുത്തരുടെയും തീരുമാനത്തിന്റെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണ്.

ആരുടെ തൃപ്തി ലക്ഷ്യമാക്കിയാണ് നാം പ്രവര്‍ത്തിക്കേണ്ടതെന്ന് നബി തിരുമേനി നമ്മെ പഠിപ്പിക്കുന്നു: ”ജനങ്ങളുടെ കോപത്തെ അവഗണിച്ച് അല്ലാഹുവിന്റെ പ്രീതി തേടുന്നവനെ ആളുകളില്‍ നിന്നും അല്ലാഹു പര്യാപ്തനാക്കും. അല്ലാഹുവിന്റെ കോപത്തെ അവഗണിച്ച് ജനങ്ങളുടെ പ്രീതി തേടുന്നവന്റെ കാര്യം അല്ലാഹു ആളുകള്‍ക്ക് വിട്ടുകൊടുക്കും.” അല്ലാഹു ഒരാളെ ജനങ്ങള്‍ക്ക് വിട്ടുകൊടുത്താല്‍ അവന്‍ ദുഖിതനും ദരിദ്രനും നിരാശനും അസ്വസ്ഥനുമായി ജീവിക്കേണ്ടി വരും. ജനങ്ങള്‍ വിശ്വസിക്കുന്ന എല്ലാ മൂല്യങ്ങളെയും നിരാകരിക്കുന്നതാണ് ജീന്‍ പോള്‍ സാര്‍ത്രെയുടെ ‘മറ്റുള്ളവരാണ് നരകം’ എന്ന തത്വം. എന്നാല്‍ ജനങ്ങളെയും അവരിലുള്ള മൂല്യങ്ങളെയും മാനിക്കാനും ആദരിക്കാനുമാണ് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ അതേസമയം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കും പെരുമാറ്റത്തിനും അവര്‍ മാനദണ്ഡമാകരുതെന്നും അവരുടെ പ്രീതി നേടിയെടുക്കാന്‍ ശ്രമിക്കരുതെന്നും പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ പ്രീതിക്ക് പകരം മക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും പ്രീതിക്ക് വേണ്ടി ശ്രമിച്ചതിന്റെ പേരില്‍ എത്രയെത്ര കുടുംബങ്ങളാണ് തകര്‍ന്നിട്ടുള്ളതെന്ന് നാം ആലോചിക്കുക.

Related Post