ഇസ്ലാമും ഇതര വേദങ്ങളും

Originally posted 2017-09-17 19:24:52.

ഇസ്ലാമും ഇതര വേദങ്ങളും    

                                                                                          ഇസ്ലാമും ഇതര വേദ ഗ്രന്ഥങ്ങളും

ഇസ്‌ലാമിലും ഹിന്ദുമതങ്ങളിലുമുള്ള ചില മതകര്‍മങ്ങള്‍ (അനുഷ്ഠാനമെന്നും ആചാരമെന്നും ഏകാര്‍ത്ഥ ത്തില്‍ പ്രയോഗിക്കാറുണ്ടല്ലോ) തമ്മില്‍ സാമ്യതകള്‍ കാണുന്നുണ്ട്്. ചിരപുരാതന കാലം മുതല്‍ക്കേ നിലനിന്നുവരുന്ന കര്‍മങ്ങളാണ് അവയെല്ലാം. ഈ ദൃശ്യം അറിഞ്ഞവരും അറിയാത്തവരുമുണ്ടാവാം. അത് ശ്രദ്ധിച്ചുമനസ്സിലാക്കിയവരും അല്ലാത്തവരുമുണ്ടാകാം. എങ്ങനെയാലും വസ്തുത ശരിയാണ്.  ഈ സമാന തകള്‍ നിലനില്‍ക്കുന്നതിന് മുസ്‌ലിംകള്‍ക്ക് അപകര്‍ഷത തോന്നാനോ, ഞെട്ടിത്തെറിക്കാനോ, വിലപി ക്കാനോ, ആക്ഷേപിക്കാനോ യാതൊരു കാരണവുമില്ല. അങ്ങനെ ചെയ്യേണ്ട ആവശ്യവുമില്ല. ഇസ്‌ലാം മതത്തിന്റെ ശ്രേഷ്ഠതക്കും പൂര്‍ണ്ണതക്കും അതിനാല്‍ഒരു ഹാനിയും ഏല്‍ക്കുന്നില്ല.

ഇസ്‌ലാം മതം ഇന്നത്തെ രൂപത്തില്‍ പുനഃരവതീര്‍ണമാക്കുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്ക് – സഹസ്രാബ്ദങ്ങള്‍ക്ക് – മുമ്പ് ഭാരതത്തില്‍ നിലനില്‍ക്കുന്നതാണ് ഇന്ന് ഹിന്ദുമതം എന്നറിയ പ്പെടുന്നതിന്റെ ആദിമരൂപമായ സനാതന ധര്‍മ്മം (ഋഗ്വേദം 3000 ബി.സിയിലെന്ന് പറയപ്പെടുന്നു) ഇരുമത ങ്ങളിലുമുള്ള സമാനതകള്‍ എടുത്തുപറയുന്നതു കൊണ്ട് മുസ്‌ലിംകള്‍ക്ക് മനഃപ്രയാസമോ, ആശയക്കുഴപ്പമോ ഉണ്ടാകുമെന്ന് ഭയപ്പെടേണ്ടതുമില്ല.

അനേക കോടിജനങ്ങള്‍ ഭൂമുഖത്ത് ജീവിക്കുന്നുണ്ട്. അവരെല്ലാം പലമതങ്ങളില്‍ വിശ്വസിക്കുന്നവരും പലആചാരാനുഷ്ഠാനങ്ങള്‍ ദീക്ഷിക്കുന്നവരുമാണ്. ഈ മതങ്ങളില്‍ ചിലത് മറ്റുചിലമതങ്ങളോട് പലകാ ര്യങ്ങളിലും സദൃശപ്പെട്ടെന്നുവരാനിടയുണ്ട്. സ്രഷ്ടാവിനെയും സ്രഷ്ടാവിനുള്ള ആരാധനയെയും സന്മാര്‍ഗ്ഗ ജീവിതചര്യകളെയും കുറിച്ചുള്ള പൂര്‍ണവും കാര്യക്ഷമവുമായ അറിവ് മനുഷ്യന്ന് (വിശപ്പും ഭക്ഷണവും പോലെ) സ്വയം അറിയുക സാധ്യമല്ല. സാധ്യമായിരുന്നെങ്കില്‍ ലോകത്തില്‍ ഇത്രയധികം നബിമാര്‍ മതപ്രബോധകരായി നിയോഗിക്കപ്പെടുമായിരുന്നില്ല.

അനേകം ദൈവദൂതന്മാര്‍ അവതരിപ്പിച്ച മതസംഹിതകള്‍ കാലദേശങ്ങള്‍ക്കനുസരിച്ചുവിശദാംശങ്ങളില്‍ വൈവിധ്യമുണ്ടാകുമെങ്കിലും എല്ലാമതങ്ങളുടേയും അടിസ്ഥാന തത്ത്വങ്ങള്‍ ഒന്നുതന്നെആയിരിക്കണമല്ലോ. പിന്നീട് പുരോഹിതന്മാര്‍ അവര്‍ക്ക് തോന്നിയ വേണ്ടാത്തരങ്ങളെല്ലാം ദൈവത്തിന്റെ പേരില്‍ കെട്ടിച്ചമ ച്ചുണ്ടാക്കി കടത്തിക്കൂട്ടി യഥാര്‍ത്ഥ മതസംഹിതകളെ അലങ്കോലപ്പെടുത്തി വികൃതവും വിരൂപവുമാക്കി. അങ്ങനെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ മതങ്ങള്‍ ആചരണത്തില്‍ വന്നു. എന്നാലും ആദിമസംഹിതകളുടെ അംശങ്ങള്‍ തദ്‌രൂപത്തില്‍ അവശേഷിക്കാനും സാധ്യതയുണ്ടല്ലോ. അങ്ങനെയാണ് മതാചാരങ്ങളില്‍ സമാനതകളും സമാന്തരങ്ങളും (Identical & Parallel) കാണപ്പെടുന്നത്.  ഇസ്‌ലാമും ഹിന്ദുമതവും ഒരിക്കലും തുല്യമാകയില്ല.

സാന്ദര്‍ഭികമായി ചിലകാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. ബഹുമതങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് വേണ്ടി പ്രബോധിതമാകുന്ന മതസിദ്ധാന്തങ്ങളും അനുഷ്ഠാനകര്‍മങ്ങളും ലളിതമായിരിക്കും. ഏകദൈവ വിശ്വാസത്തിന്റെ തദനുസൃതമായ ആരാധനാ കര്‍മങ്ങള്‍ ആര്‍ക്കും മനസ്സിലാകുന്നതും എളുപ്പം പ്രയോ ഗവല്‍കരിക്കാന്‍ കഴിയുന്നതുമായിരിക്കും. എന്നാല്‍ പില്‍കാലത്ത് മതപണ്ഡിതന്മാര്‍ അവയെ വിസ്തരിച്ചും വ്യാഖ്യാനിച്ചും വര്‍ണിച്ചും സങ്കീര്‍ണമാക്കുകയാണുണ്ടായത്.

ഇന്നത്തെ ഹിന്ദുമതം രൂപം കൊണ്ടത് സനാതന ധര്‍മത്തിലെ പണ്ഡിത പുരോഹിത നുഴഞ്ഞുകയറ്റം മൂലമാണ്. അതിലെ പുതുമകള്‍ നിരവധിയാണ്. ബഹുദൈവ വിശ്വാസം, ബിംബാരാധന, ക്ഷേത്ര സംവിധാനം, ആരാധനാ പൂജാതന്ത്രിതന്ത്രങ്ങള്‍, പുനര്‍ജന്മം, ദൈ്വതം, അദൈ്വതം, വിശിഷ്ടാദൈ്വതം ദൈ്വതാദൈ്വതം, വിശുദ്ധാദൈ്വതം, ഭേദാഭേദം എന്നീ വേദാന്തങ്ങള്‍, പ്രസ്ഥാനത്രയം, ശൈവ-വൈഷ്ണവ ഭാവനകള്‍, ദേവയാനം, പിതൃയാനം, ചാതുര്‍വര്‍ണ്യം എന്നിങ്ങനെ പലതും മനുഷ്യനിര്‍മിതിയാണ്. ഇപ്പറഞ്ഞതില്‍ പലതിനും സമമായതോ സമാന്തരമായതോ ആയ സിദ്ധാന്തങ്ങള്‍ മുസ്‌ലിം പണ്ഡിത സൃഷ്ടികളില്‍ കാണാം.

ഇവയെല്ലാം ഒരു വിഹഗവീക്ഷണം നടത്തി ആഴത്തില്‍ ചിന്തിച്ചാല്‍ ഒരുപക്ഷെ, പ്രഖ്യാപിതമല്ലാത്ത ചില വസ്തുതകള്‍ മതസിദ്ധാന്തങ്ങളുടെ അടിത്തറയില്‍ കിടപ്പുണ്ടെന്ന് കാണാന്‍ കഴിഞ്ഞേക്കും. ബാഹ്യദൃഷ്ടിയില്‍ പരസ്പര വിരുദ്ധങ്ങളായിക്കാണുന്ന മതസംഹിതകളുടെ അടിസ്ഥാനം ആദംനബിമുതല്‍ക്കുള്ള ഏകദൈവഭാവനയും അനുബന്ധങ്ങളുമാണല്ലോ.

അല്ലാഹു ആദ്യന്തരഹിതനാണ് എന്നത് മുസ്‌ലിംകളുടെ അടിസ്ഥാന വിശ്വാസത്തില്‍ പെട്ടതാണ്.  അല്ലാഹു മൗജൂദുന്‍ ഖദീമൂന്‍ ബാഖീ എന്നാണല്ലോ ആരംഭിക്കുന്നത് തന്നെ. അനന്തതയെക്കുറിച്ചുള്ള ഗണിതശാസ്ത്രജ്ഞരുടെ നിര്‍വചനം എന്തായാലും അത് നമ്മുടെ ആദര്‍ശത്തെ ബാധിക്കുകയില്ല.

ജിന്ന്, ഇന്‍സ് വംശത്തെ സൃഷ്ടിച്ചത് എനിക്ക് ഇബാദത്ത് ചെയ്യാന്‍ വേണ്ടിയാണെന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വെളിച്ചത്തില്‍ നമ്മുടെ കര്‍മങ്ങളെല്ലാം ഇബാദത്തായിരിക്കണം. എല്ലാ കര്‍മങ്ങളും ദൈവാര്‍പ്പിതമായിരിക്കണമെന്നത് സനാതന ധര്‍മത്തിലും നിബന്ധനയുണ്ട്. മനുഷ്യന്‍ജന്മം കൊള്ളുന്ന തെങ്ങനെയാണ്?  മനുഷ്യന്‍ പൂര്‍ണരൂപമെത്തുന്നതിന് മുമ്പ് അവന്റെ വളര്‍ച്ചയുടെ വിവിധ ദശകള്‍ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു.

ജലത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചുവെന്ന് ഫുര്‍ഖാന്‍:54-ല്‍ ഖുര്‍ആന്‍ വ്യക്തമാക്കുമ്പോള്‍ മണ്ണിന്റെ സത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചുവെന്ന് അല്‍മുഅ്മിനൂന്‍:12-ല്‍ പ്രസ്താവിക്കുന്നു. മണ്ണിന്റെ സത്തിനെ ഇന്ദ്രിയമാക്കി, ഇന്ദ്രിയത്തെ രക്തപിണ്ഡമാക്കി, രക്തപിണ്ഡത്തെ മാംസക്കഷ്ണമാക്കി, അതിനെ എല്ലുകളാക്കി, എല്ലുകളെ മാംസംക്കൊണ്ടുപൊതിഞ്ഞു മനുഷ്യരൂപത്തിലായിത്തീരുന്നു എന്ന് തുടര്‍ന്നു പറയുന്നു (അല്‍ മുഅ്മിനൂന്‍:12,13,14). വെള്ളം, മണ്ണ്, ഇന്ദ്രിയം, രക്തപിണ്ഡം, മാംസക്കഷ്ണം എന്നിവ വളര്‍ച്ചയുടെ പടിപടിയായുള്ള ഓരോ ദശകളാണ്. പ്രസ്താവയോഗ്യമല്ലാത്ത ഒരവസ്ഥ മനുഷ്യന്ന് കഴിഞ്ഞുപോയിട്ടുണ്ട് എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (അദ്ദഹ്ര്‍:1). ശ്രദ്ധേയമായ ഒരു സ്ഥിതി വിശേഷമാണിത്.

മനുഷ്യന്‍ ഇന്ദ്രിയാവസ്ഥയിലെത്തുന്നതിന് മുമ്പുള്ള ഘട്ടങ്ങളെന്തെല്ലാമാണ്? ഇന്ദ്രിയത്തിന്റെ പൂര്‍വ്വരൂപം രക്തമാണ്. രക്തം ഭക്ഷണത്തില്‍ നിന്നും ഉണ്ടാകുന്നു. ഭക്ഷണം ഭൂമിയില്‍ നിന്നു ലഭ്യമാക്കുന്നവയല്ലാതെ മറ്റൊന്നുമല്ല. അരി, ഗോതമ്പ് പോലെയുള്ള ധാന്യങ്ങളും പഴവര്‍ഗങ്ങളും മാംസം, മത്സ്യം, ക്ഷീരം, ക്ഷീരോല്‍പന്നങ്ങള്‍ ഇവയാണ്. ക്ഷീരം ആടുമാടുകളില്‍ നിന്നു ലഭ്യമാക്കുന്നു. ആ മൃഗങ്ങളുടെ ഭക്ഷണം ഭൂമിയില്‍ വളരുന്ന പുല്ല്, വൈക്കോല്‍ ധാന്യങ്ങള്‍ എന്നിവയാണ്. പഴവര്‍ഗ്ഗങ്ങള്‍ നല്‍കുന്ന സസ്യലതാദികളും വൃക്ഷങ്ങളും ഭൂമിയിലെ ജലവും വളവും വലിച്ചെടുത്താണ് പച്ചപിടിച്ചുനില്‍ക്കുന്നത്.

ഇങ്ങനെ മണ്ണില്‍ നിന്നും ജലത്തില്‍ നിന്നും ഉണ്ടാകുന്ന വിവിധരൂപത്തിലുള്ള ഭക്ഷ്യവസ്തുക്കളില്‍ നിന്നാണ് രക്തം ഉണ്ടാകുന്നത്. അപ്പോള്‍ ഇന്ദ്രിയത്തിന്റെ പൂര്‍വ്വദശ ഒരിടത്തല്ല, ഭൂമുഖത്ത് പലവസ്തുക്കളില്‍, പലരൂപത്തില്‍ ലയിച്ചുകിടക്കുകയായിരുന്നു. അവയെല്ലാം ആംശികമായി, ഭക്ഷണ രൂപത്തില്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചു രക്തമായി, ഇന്ദ്രിയമായി, വളര്‍ന്നു മനുഷ്യനായിത്തീരുന്നു. ഈ അര്‍ത്ഥത്തിലാണ് ‘ഒന്നാല്‍ ഭയന്തിഭൂതാനി’ (ഗീത:3-14) എന്ന് ഹൈന്ദവ ഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളതെന്ന്  കരുതേണ്ടിയിരിക്കുന്നു. എണ്‍പത്തിനാല് ആയിരം   (ലക്ഷമോ?) യോനികളില്‍കൂടി കടന്നിട്ടുവേണം മനുഷ്യജന്മം സ്വീകരിക്കാന്‍ എന്ന് ഒരു ഗ്രന്ഥത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു. ‘മിന്‍ഹാ ഖലക്ക്‌നാക്കും….’ മണ്ണില്‍ നിന്നു ജനിച്ചവര്‍ മണ്ണിലേക്ക് മടങ്ങുന്നു. മണ്ണ് എന്നപദത്തിന് പകരം അന്നമെന്ന പദം പ്രയോഗിച്ചാലും വസ്തുതക്ക് മാറ്റമില്ലെന്ന് മനസ്സിലാകുമല്ലോ.

എല്ലാ മനുഷ്യസമുദായത്തിനും അല്ലാഹു മാര്‍ഗ്ഗദര്‍ശികളെ അയച്ചിട്ടുണ്ടെന്നും സന്മാര്‍ഗ്ഗോപദേശത്തിനായി ഗ്രന്ഥങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഖുര്‍ആന്‍പ്രസ്താവിക്കുന്നു. ജിബ്‌രീല്‍ എന്ന മലക്കാണ് സ്രഷ്ടാവിന്റെ സന്ദേശവാഹകന്‍. ഖുര്‍ആന്‍ 23 കൊല്ലം കൊണ്ടാണ് അവതരിച്ചുതീര്‍ന്നത്. മറ്റുഗ്രന്ഥങ്ങള്‍മൊത്തമായി ഇറങ്ങിയെന്ന് വേണം കരുതാന്‍. തൗറാത്ത് നഷ്ടപ്പെട്ടശേഷം എസ്രാ (ഉസൈര്‍) ഓര്‍മയില്‍ നിന്നും പുനരെഴുത്ത് നടത്തിയെന്നാണ് ചരിത്രം.

ഈസാ നബിക്കിറക്കിയ ഇഞ്ചീല്‍ ഒരിടത്തുമില്ല. നബിയുടെ ശിഷ്യന്മാരും ശിഷ്യന്മാരുടെ ശിഷ്യന്മാരും എഴുതിയ നാല് സുവിശേഷങ്ങളാണ് ക്രൈസ്തവര്‍ ദൈവിക ഗ്രന്ഥമായി ഗണിക്കുന്നത്. സന്ദേശവാഹകനായ ജിബ്‌രീല്‍ ആദംനബിക്ക് 12 തവണയും ഇദ്‌രീസ് നബിക്ക് 4 തവണയും നൂഹ്‌നബിക്ക് 5 തവണയും ഇബ്രാഹീം നബിക്ക് 42 തവണയും മൂസാ നബിക്ക് 400 തവണയും ഈസാനബിക്ക് 10 തവണയും മുഹമ്മദ് നബിക്ക് 24000 തവണയും ഇറങ്ങിയെന്ന് മജാലിസുസ്സനിയ്യഃ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജിബ്‌രീലിന്റെ മധ്യവര്‍ത്തിത്വം കൂടാതെ, സ്വപ്നത്തിലൂടെയും ഇല്‍ഹാം എന്ന ദിവ്യബോധനത്തിലൂടെയും സ്രഷ്ടാവ് സന്ദേശങ്ങള്‍ പുണ്യാത്മാക്കള്‍ക്ക് എത്തിച്ചുകൊടുക്കാറുണ്ട്. എങ്ങനെയായാലും ഭാരതത്തിലെ ജനങ്ങള്‍ക്കും ദൈവസന്ദേശംവഴി മാര്‍ഗ ദര്‍ശനം കിട്ടിയിരിക്കുമല്ലോ. ആ ചരിത്രം സത്യസന്ധമായി അറിയപ്പെടുന്നില്ലെങ്കിലും ദൈവ സന്ദേശത്തിന്റെ അംശങ്ങള്‍ ഭാരതീയ ഗ്രന്ഥങ്ങളില്‍ അവശേഷിക്കാന്‍ സാധ്യതയുണ്ടെന്ന് ന്യായമായും അനുമാനിക്കാം. ഭാരതീയ മുനിമാരുടെ സൃഷ്ടികള്‍ ദൈവികമാണെന്ന് സമ്മതിച്ചുവെന്ന് ഈ അനുമാനത്തിനര്‍ത്ഥമില്ല.

വാല്‍ക്കഷണം: പ്രിയ സഹോദരാ താങ്കള്‍ ഗീത ഇഷ്ടപ്പെടുന്നത്  , താങ്കള്‍ അതിനെ ഭക്തി ഭാഹുമാനത്തോടെ കാണുന്നത് കോണ്ടാണ് അത് പോലെ ഖുര്‍ആന്‍ ,ബൈബിള്‍ തുടങ്ങിയവ ഓരോ മതസ്ഥരും അവരവരുടെ അടിസ്ഥാനമായ് കാണുന്നു  എല്ലാവരും അവര്‍ക്ക്  ഇഷ്ടപ്പെട്ടതനുസരിച്ചു ജീവിക്കാം ,അതുണ്ടാവണം അതില്‍ എന്താണ് തെറ്റ് ? ഇതര മതസ്ഥര്‍ ആദരിക്കുകയും മാനിക്കയും ചെയ്യുന്നവയും നാം ആദരിക്കണം പഠിക്കണം , അത്  വിശ്വാസികള്‍ പരസ്പരമുള്ള തെറ്റിദ്ധാരണ നീക്കാന്‍ നമുക്ക് കാരണമായെക്കാം .. razak

Related Post