ദൈവത്തെപ്പറ്റി ശാസ്ത്രം

തുമ്പി

സ്രഷ്ടാവായ ദൈവം ഒരു യാഥാര്‍ഥ്യമാണെന്ന് വേദങ്ങളും മനുഷ്യയുക്തിയും പറയുന്നു. എന്നാല്‍ ശാസ്ത്രം എന്ത് പറയുന്നു? ഭൗതിക ശാസ്ത്രം ദൈവത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത

സ്രഷ്ടാവായ ദൈവം ഒരു യാഥാര്‍ഥ്യമാണെന്ന് വേദങ്ങളും മനുഷ്യയുക്തിയും പറയുന്നു. എന്നാല്‍ ശാസ്ത്രം എന്ത് പറയുന്നു? ഭൗതിക ശാസ്ത്രം ദൈവത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത. കാരണം അതിഭൗതിക കാര്യങ്ങള്‍ ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന വിഷയമല്ല. അതുകൊണ്ടാണ് മഹാന്മാരായ ശാസ്ത്രജ്ഞരില്‍ നിരീശരവാദികളുണ്ടായത് പോലെ ഐസക്‌ന്യൂട്ടന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പോലെയുള്ള ദൈവവിശ്വാസികളുമുണ്ടായത്.

നോബല്‍ സമ്മാന ജേതാവായ സര്‍ പറ്റര്‍ മഡവര്‍ The Limits of Science എന്ന പുസ്തകത്തില്‍ പറയുന്നത് ‘എന്തുകൊണ്ട് ട്രെയിന്‍ പറക്കുന്നില്ല?’ എന്ന ചോദ്യം പോലെ അപ്രസക്തമാണ് ‘എന്തുകൊണ്ട് ശാസ്ത്രം ദൈവത്തെപ്പറ്റി പറയുന്നില്ല?’ എന്ന ചോദ്യവും എന്നാണ്. ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത് റെയില്‍പാളത്തിലൂടെ ഓടാവുന്ന ഘടനയിലാണ്. അതിനാല്‍ അതൊരിക്കലും പറക്കില്ല. ഭൗതികശാസ്ത്രം ഭൗതിക കാര്യങ്ങള്‍ പഠിക്കാനുള്ള വിജ്ഞാന ശാഖയാണ്. അതിനാല്‍ അതിഭൗതിക കാര്യങ്ങള്‍ ശാസ്ത്രം പറയില്ല. ശാസ്ത്രം ഒരുകാര്യത്തെ പറ്റി പറയില്ല എന്നതിനര്‍ഥം അതില്ല എന്നല്ല.

ഉദാഹരണം: രണ്ട് സഹോദരിമാര്‍ കരയുന്നു രണ്ടുപേരുടെയും കണ്ണില്‍ നിന്ന് കണ്ണീരൊഴുകുന്നു. ഒരാള്‍ കരയുന്നത് വര്‍ഷങ്ങള്‍ മുമ്പ് പോയ മകനെ തിരിച്ച് കിട്ടിയ ‘സന്തോഷ’ത്താലാണ്. മറ്റൊരാള്‍ കരയുന്നത് മകന്‍ മരിച്ചതിന്റെ ‘ദുഃഖ’ത്തിലാണ്. ഇത് സംബന്ധമായി ശാസ്ത്രം ഒരു പഠനം നടത്തിയാല്‍ രണ്ടുപേരുടെയും കണ്ണീരിന്റെ അളവും കണ്ണീരിലെ ഘടകങ്ങളുമെല്ലാം രേഖപ്പെടുത്താന്‍ കഴിയും. എന്നാല്‍ കണ്ണീര് വരാന്‍ കാരണമായ സന്തോഷവും ദുഃഖവും അതിന്റെ ഘടനയും തോതും പഠനറിപ്പോര്‍ട്ടിലുണ്ടാവില്ല. അതിനര്‍ഥം സന്തോഷവും ദുഃഖവും ഇല്ല എന്നല്ലല്ലൊ.

ദൈവാസ്തക്യത്തെ സംബന്ധിച്ച് ഒന്നും പറയില്ലെങ്കിലും ദൈവാസ്തക്യത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണത്രെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായ ‘കയോസ് തിയറി’. ഈ തിയറിയെ സംബന്ധിച്ച് കൊച്ചി സര്‍വകലാശാലയുടെ വൈസ്ചാന്‍സലായിരുന്ന ഡോ. ബാബുജോസഫ് എഴുതിയ ‘കയോസ് ക്രമമില്ലായ്മയിലെ ക്രമം’ എന്ന ശാസ്ത്രഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് മാധ്യമം ആഴ്ചപ്പതിപ്പില്‍ (2000 ജൂണ്‍ 2) സി രാധാകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. ലളിതമായി പറഞ്ഞാല്‍ ഈ തിയറിയുടെ സാരാംശം ഇത്രയുമാണ്: പ്രത്യക്ഷത്തില്‍ ക്രമരഹിതമെന്നും അരാജകമെന്നും തോന്നുന്ന വ്യവസ്ഥിതിക്ക് പിന്നില്‍ അദൃശ്യമായ നിയാമകത്വം ഒളിഞ്ഞിരിപ്പുണ്ട്.

ഹെന്റി പൊങ്കാറെ എന്ന ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനാണ് ഈ തിയറിയുടെ ഉപജ്ഞാതാവ്. ‘കയോസ്’ എന്നാല്‍ പ്രത്യക്ഷത്തില്‍ കുഴഞ്ഞുമറിഞ്ഞതും ക്രമരഹിതമായും ഇരിക്കുന്ന അവസ്ഥ എന്നാണ്. പ്രപഞ്ചത്തെ പ്രത്യക്ഷത്തില്‍ ഇങ്ങനെ തോന്നാമെങ്കിലും ഉള്ളിന്റെയുള്ളില്‍ വ്യാപകമായ ക്രമപ്പെടുത്തലുകള്‍ ഉണ്ടത്രെ.

‘എന്തുകൊണ്ടാണ് മനുഷ്യന്‍ മുപ്പതിനായിരം അടി ഉയരാത്തത്? എന്തുകൊണ്ടാണ് പനമ്പട്ട ഒരു തരത്തിലും വാഴക്കൈ മറ്റൊരു തരത്തിലുമായത്? ജനുസ് അങ്ങനെയൊക്കെയായിപ്പോയതിനാല്‍ എന്നാണ് ലളിതമായ മറുപടി. എന്നാല്‍ ജനുസ് അങ്ങിനെയായത് എന്തുകൊണ്ട്? എന്ന് ചോദിച്ചാലൊ അറിഞ്ഞുകൂടാ എന്ന് നാം പറയും. പക്ഷെ ഇനി പറയാം അറയുമെന്ന്. ‘കയോസ് തിയറി’ ഇതിന് അറിവ് നല്‍കിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ അകാരണമെന്നൊ ദുരൂഹമെന്നൊ തോന്നുന്നതിനെല്ലാം അടിയില്‍ കൂടുതല്‍ വ്യാപകമായ തലങ്ങളില്‍ ക്രമമുണ്ട്. ആ ക്രമങ്ങള്‍ മനസ്സിലാക്കാന്‍ ഇപ്പോഴുള്ള ‘മനസ്സിലാക്കല്‍ സംവിധാനം’ പോരാ എന്നാണ് സി. രാധാകൃഷ്ണന്‍ പറയുന്നത്.

പല്ലുകളില്ലാതെ ജനിക്കുന്ന കുഞ്ഞിന്റെ വായില്‍ മുളച്ചുവരുന്ന പല്ലുകള്‍ ഒരു നിശ്ചിതയളവില്‍ വളര്‍ന്നാല്‍ പിന്നീട് പിന്നീട് വളരുന്നില്ല. ജനിച്ചത് മുതല്‍ പല്ലുകള്‍ വളര്‍ന്നുകൊണ്ടേയിരുന്നാലൊ? വിരലുകളിലെ നഖങ്ങള്‍ വളരുംപോലെ വിരലുകള്‍ വളര്‍ന്നു കൊണ്ടിരുന്നാലൊ? രുചിയറിയാനുള്ള രുചിമുകുളങ്ങള്‍ നാവില്‍ മാത്രം ക്രമീകരിച്ചതിന് പകരം അന്നനാളം വഴി കുഴലുകളിലൂടെ മലദ്വാരം വരെയുണ്ടായിരുന്നെങ്കിലൊ? കേരളത്തില്‍ മഴവര്‍ഷിക്കുന്നത്ര തമിഴ്‌നാട്ടില്‍ മഴവര്‍ഷിക്കാത്തതിന്റെ പിന്നിലും ഇന്ത്യയില്‍ മഴവര്‍ഷിക്കുന്നത്ര ഗള്‍ഫില്‍ മഴവര്‍ഷിക്കാത്തതിന്റെ പിന്നിലും ആസൂത്രണമുണ്ട്. അമീബ പെരുകുംപോലെ ആന പെരുകാത്തതിന്റെ പിന്നിലും മത്തി പെരുകുംപോലെ തിമിംഗലം പെരുകാത്തതിന്റെ പിന്നിലും ഒരു ‘കുടുംബാസൂത്രണ’മുണ്ട്. കൊതുകിന്റെ ചിറകുകളില്‍ മുതല്‍ ജീവജാലങ്ങളുടെ പ്രജനനപ്രക്രിയയിലടക്കം പ്രപഞ്ചസംവിധാനങ്ങളിലാകയും സന്തുലിതപ്പെടുത്തലുകളും ക്രമീകരണങ്ങളും പ്രകടമാണ്. നിയമങ്ങളുണ്ടാക്കാന്‍ കഴിയാത്ത പ്രകൃതിയില്‍ പ്രകൃതിയില്‍ ധാരാളം നിയമങ്ങളുണ്ട്. നിയമങ്ങളുണ്ടെങ്കില്‍ നിയമ നിര്‍മ്മാതാവുമുണ്ടെന്നുറപ്പ്. അതിനാല്‍ ഖുര്‍ആന്‍ പറയുന്നു ‘അത്യുന്നതനായ നിന്റെ നാഥന്റെ നാമം പ്രകീര്‍ത്തിക്കുക. അവനോ സൃഷ്ടിച്ച് സൃഷ്ടിച്ച് സന്തുലിതമാക്കിയവന്‍. ക്രമീകരിച്ച് നേര്‍വഴി കാണിച്ചവന്‍.’ (87: 1-3)

ചുരുക്കത്തില്‍ ദൈവം സ്രഷ്ടാവ് മാത്രമല്ല. സൃഷ്ടികളുടെ സ്ഥിതി ഭദ്രമാക്കും വിധം എല്ലാത്തിനേയും ക്രമീകരിച്ചവന്‍ കൂടിയാണ്.

പിന്‍കുറി: മതത്തിന്റെ ഭാഷയില്‍ സംശയം ജനിപ്പിക്കുന്ന പുരോഗമനവാദികളോട് ഒരു വാക്ക്: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നു. ഊര്‍ജതന്ത്രത്തിലും ഗോളശാസ്ത്രത്തിലുമുള്ള ഗവേഷണഫലങ്ങളുമായി ദൈവവിശ്വാസം ഏറ്റുമുട്ടുന്നതായി അദ്ദേഹത്തിനൊരിക്കലും തോന്നിയില്ല. അദ്ദേഹം പറഞ്ഞു ‘ഏതു മതത്തിന്റെയും അടിസ്ഥാനം ജ്ഞാനം മാത്രമല്ല, ചിലകാര്യങ്ങള്‍ ദൃഷ്ടിക്ക് അപ്രാപ്യമാണെങ്കിലും അവയുണ്ടെന്ന വിശ്വാസം കൂടിയാണ്. ഉണ്ടെന്നു മാത്രമല്ല, അവ ഏറെ കണിശതയോടും സൗന്ദര്യത്തോടും കൂടി പരിപാലിക്കപ്പെടുന്നുവെന്നും നമ്മുടെ ദുര്‍ബല ഇന്ദ്രിയങ്ങള്‍ക്ക് അവയുടെ ഏറ്റവും ലളിതമായ രൂപമല്ലാതെ കാണാന്‍ കഴിയില്ലെന്ന് കൂടി വിശ്വസിക്കണം. അതുകൊണ്ട് തന്നെ ഞാന്‍ തികഞ്ഞ മതവിശ്വാസിയാണ്. ശാശ്വത ജീവിത രഹസ്യത്തിന്റെയും ഈ പ്രപഞ്ചമെന്ന അസാധാരണ സംവിധാത്തിനു പിന്നിലുള്ള മഹാശക്തിയെയും അംഗീകരിക്കാന്‍ എന്റെ മനസ്സ് പാകമാണ്. പ്രകൃതിയില്‍ തെളിഞ്ഞുകാണുന്ന ആ ശക്തിയുടെ സാന്നിധ്യത്തെപ്പറ്റി ചെറിയ തോതിലെങ്കിലും മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു, വളരെ വിനീതനായി’ (നവോത്ഥാന ചിന്തകള്‍, പേജ് 23,24, അലി ഇസ്സത്ത് ബഗോവിച്ച്)

Related Post