ലോക പരിസ്ഥിതി ദിനം
പുതുമഴയുടെ പിറ്റേന്ന് കനോലിക്കനാലില്‍ നിന്നും പാടത്തേക്കു മീന്‍ കയറുന്ന പ്രതിഭാസം കുറച്ചു കാലം മുമ്പ് വരെ ഒരു സ്ഥിരം കാഴ്ചയായിരുന്നു. മഴ തുടങ്ങിയാല്‍ കനാലിന്റെ ഇരുവശത്തും നിറയെ മീന്‍ പിടുത്തക്കാരായിരിക്കും. വ്യത്യസ്ത തരം മീനുകള്‍ വലയില്‍ കുടുങ്ങുന്നത് ഒരു മനോഹര കാഴ്ചയായാണ്. കുളിക്കാനും കക്ക വാരാനും കനോലി കനാലിനെ ആളുകള്‍ ഉപയോഗിച്ചിരുന്നു. പ്രദേശത്തെ മുഖ്യമായ ഗതാഗത മാര്‍ഗവും ഈ കനാല്‍ തന്നെ.
ഒരു ജനതയുടെ ജീവിതവും സംസ്‌കാരവുമായിരുന്നു ഈ കനാല്‍. തൊട്ടടുത്ത പാടത്തു എന്നും കൃഷി ഉണ്ടായിരുന്നതിനാല്‍ തോടിനെ കുറിച്ചും തൊട്ടുവരുന്ന ജലാശയത്തെ കുറിച്ചും ജനത്തിനു തികഞ്ഞ ബോധമായിരുന്നു. പാടത്തു നിന്നും കൃഷി അപ്രത്യക്ഷമായി. കനോലി കനാലില്‍ നിന്നും ഗതാഗതം വഴിമാറി പോയി. ആരും ശ്രദ്ധിക്കാതെ വന്നപ്പോള്‍ അവിടം മറ്റുപലരും കയ്യടക്കി. ഇന്ന് കനോലി കനാല്‍ മാലിന്യം തള്ളാനുള്ള ഒരിടമാണ്. നാട്ടിലെ എല്ലാ മാലിന്യവും അവിടെ കാണാം. ഒരു കാലത്തു എല്ലാമായിരുന്നു കനോലി കനാലിലെ വെള്ളം ദേഹത്ത് പറ്റാതിരിക്കാന്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തുന്നു.
ഇന്ന് ലോക പരിസ്ഥിതി ദിനമാണ് ജൂൺ അഞ്ചു . മനുഷ്യന് നിര്‍ബന്ധമായും നല്ല ബന്ധം കാത്തു സൂക്ഷിക്കേണ്ട ഒന്നാണ് പ്രകൃതി. കാരണം അവന്‍ ചവിട്ടി നില്‍ക്കുന്ന പ്രതലമാണ് പ്രകൃതി എന്നത് തന്നെ. ‘മനുഷ്യന്റെ കൈകടത്തല്‍ മൂലം കരയിലും കടലിലും നാശമുണ്ടായി’ എന്നതാണ് ഖുര്‍ആന്‍ പറഞ്ഞത്. പ്രകൃതി വിഭവങ്ങളെ ശരിയായി ഉപയോഗിക്കാതിരിക്കുക, അമിതമായ രീതിയില്‍ ഉപയോഗിക്കുക, ഭൂമിക്കു അനുയോജ്യമല്ലാത്ത രീതിയില്‍ മാലിന്യം ഉത്പാദിപ്പിക്കുക എന്നത് ഈ കൈകടത്തലിന്റെ മറ്റൊരു വശമാണ്. അത് കൊണ്ട് തന്നെ മനുഷ്യനെ എപ്പോഴും പ്രകൃതിയെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കണം.
പ്രകൃതി വിഭവങ്ങള്‍ ഇല്ലാതെ മനുഷ്യന് ഈ ലോകത്തു ജീവിക്കാന്‍ സാധ്യമല്ല. ആ ബോധം മനുഷ്യന് പലപ്പോഴും നഷ്ടമാകുന്നു. ജീവിത രീതിയില്‍ വന്ന മാറ്റങ്ങള്‍ പലവിധ രോഗങ്ങളായി രൂപാന്തരപ്പെടുന്നു. സാംക്രമിക രോഗങ്ങളുടെ മുഖ്യ കാരണം പരിസര മലിനീകരണം തന്നെ. മാലിന്യം ഒരു പുതിയ വിഷയമല്ല. പക്ഷെ അന്നൊന്നും മാലിന്യം പ്രകൃതിക്കൊരു ഭാരമായിരുന്നില്ല. ഭൂമിക്കു സ്വീകരിക്കാന്‍ കഴിയുന്നതായിരുന്നു അന്നത്തെ മാലിന്യങ്ങള്‍.
പുതിയ ജീവിത രീതികള്‍ സ്വീകരിച്ചപ്പോള്‍ മാലിന്യത്തിന്റെ അളവും രൂപവും മാറി വന്നു, അങ്ങിനെ പ്ലാസ്റ്റിക് മനുഷ്യന്റെ വലിയ സൗകര്യം എന്നത് പോലെ പ്രകൃതിയുടെ വലിയ ഭീഷണിയുമായി മാറി. സൗകര്യത്തിനു വേണ്ടി നാം ചെയ്യുന്ന പലതും മറ്റു പലര്‍ക്കും പലപ്പോഴും നമുക്കും അസൗകര്യമായി മാറുന്നു. അതാണ് ഇന്ന് നാം നേരിടുന്ന പരിസ്ഥിതി പ്രശ്‌നവും.
മനുഷ്യന്‍ ഭൂമിയിലില്ലെങ്കില്‍ പ്രകൃതിക്കു ഒന്നും സംഭവിക്കില്ല എന്നാണു പറഞ്ഞു വരുന്നത് അതെ സമയം പ്രകൃതിയുടെ സന്തുലിതാവസ്ഥ മനുഷ്യ ജീവിതത്തിനു അത്യാവശ്യവും. ഭൂമിയിലുള്ളത് മുഴുവന്‍ മനുഷ്യന് വേണ്ടി എന്നാണു രക്ഷിതാവ് പറഞ്ഞത്. പക്ഷെ മനുഷ്യന്‍ എന്നത് ‘ ഞാന്‍’ എന്ന് പലരും വായിച്ചു. അവിടെ ഉദ്ദേശിച്ച മനുഷ്യന്‍ ലോകാവസാനം വരെ മനുഷ്യരെ കുറിച്ചാണ്.
. പരിസരത്തെയും പ്രകൃതിയെയും മറന്നു മനുഷ്യന്‍ ഒറ്റയ്ക്ക് മുന്നോട്ട് കുതിച്ചപ്പോള്‍ ഒറ്റപ്പെട്ടുപോയ മനുഷ്യന്റെ രോദനമാണ് നാം അനുഭവിക്കുന്ന പലതിന്റെയും പിന്നില്‍.
ഒരു ദിവസത്തെ ഓര്‍മ കൊണ്ട് ഒന്നും സംഭവിക്കില്ല. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്. പരിസ്ഥിതിയെ അവഗണിച്ചു അവനു മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന സന്ദേശമാണ് ഇന്നത്തെ ദിനം കൊണ്ട് നമുക്ക് ഉണ്ടായിത്തീരേണ്ടത്.
കുറെ കാലത്തിനു ശേഷം ഈ കൊല്ലത്തെ മഴക്കും ഞാന്‍ നാട്ടിലുണ്ട്. ഒരു ജനതയുടെ പ്രതീക്ഷയായി ഒഴുകിയിരുന്ന കനോലി കനാല്‍ ഒരു ജനതക്ക് ഭീഷണിയായി മാറുന്നു എന്നതാണ് വര്‍ത്തമാന ചരിത്രം