അബ്ദുല്‍ റസ്സാക്ക് .
കര്‍മവും ലക്ഷ്യവും
പ്രപഞ്ചത്തില്‍ ഒരു വസ്തുവും ലക്ഷ്യരഹിതമായി സൃഷ്ടിക്കപ്പെട്ടിട്ടി ല്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യന്റെ സൃഷ്ടിക്കു പിന്നിലും ലക്ഷ്യമുണ്ട്. മനുഷ്യനിലെ ഓരോ അവയവത്തിനും അവനില്‍ പ്രവര്‍ത്തിക്കുന്ന ഓരോ കോശത്തിനും ഒരു ധര്‍മം നിര്‍വഹിക്കാനുണ്ട്. അതുകൊണ്ടുതന്നെ സ്വാഭാവികമായും മനുഷ്യന്‍ ചെയ്യുന്ന എല്ലാ കര്‍മങ്ങള്‍ക്കു പിന്നിലും ലക്ഷ്യമുണ്ടാവണമെന്ന് ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. അവന്‍ അവന്റെ കര്‍മങ്ങ ള്‍ കൊണ്ട് ലക്ഷ്യംവെക്കുന്നതെന്താണോ അതിനനുസരിച്ചാണ് ഫലം ഉണ്ടാവുക എന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. കര്‍മവും ലക്ഷ്യവും പരസ്പരപൂരകമാകണം. എന്തെങ്കിലും ഒരു കര്‍മം ചെയ്ത് അതുകൊണ്ട് നേടാന്‍ സാധിക്കാത്ത ലക്ഷ്യം വെക്കുക എന്നത് അര്‍ഥശൂന്യമാണ്. ആയതിനാല്‍ ലക്ഷ്യസാക്ഷാത്കാരത്തിനു സഹായകമാവുന്ന കര്‍മമായിരിക്കണം ചെയ്യുന്നത് എന്നും വിശുദ്ധ ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
ഏതൊരു കര്‍മത്തിന്റെയും ആത്യന്തിക ലക്ഷ്യം പരലോകമോക്ഷം ആയിരിക്കണം. അതോടൊപ്പം തന്നെ ഏതൊരു കര്‍മത്തിനും ആ കര്‍മം ചെയ്യുന്നവനെയും അവന്‍ ജീവിക്കുന്ന പരിസരത്തെയും സമൂഹത്തെയും ലോകത്തെയും ക്രിയാത്മകവും നിര്‍മാണാത്മകവുമായ രൂപത്തില്‍ സ്വാധീനിക്കുന്ന ഒരു ഭൗതികലക്ഷ്യവും ഉണ്ടാകണം. ഇഹലോകത്ത് അത് സാക്ഷാത്കരിക്കാനാവണം നാം ഒരോ കര്‍മവും ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോഴേ പരലോകത്ത് അത് പ്രതിഫലാര്‍ഹമാവുകയുള്ളൂ. അതുകൊണ്ടുതന്നെ ഒരു കര്‍മവും അത് സ്വയംതന്നെ ലക്ഷ്യമാകാവതല്ല. ഇത് റമദാന്‍ മാസത്തിലെ നോമ്പിനും ബാധകമാണ്. സ്വാഭാവികമായും നോമ്പ് സ്വയം ഒരു ലക്ഷ്യമല്ല. മറിച്ച്, നമ്മുടെ ഭൗതികജീവിതത്തിലെ മറ്റൊരു ഉദാത്തമായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും പരലോകമോക്ഷം സാധിതമാകുന്നതിനും വേണ്ടി അല്ലാഹു നിശ്ചയിച്ച പ്രധാന മാര്‍ഗങ്ങളില്‍ ഒന്നു മാത്രമാണ്. നോമ്പ് കൊണ്ട് ഭൗതികജീവിതത്തില്‍ നാം സാക്ഷാത്കരിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ച ലക്ഷ്യമാണ് തഖ്‌വ എന്നത്. ഈ തഖ്‌വ നേടാന്‍ സഹായകമാകുന്നില്ലെങ്കില്‍, റമദാന്‍ മാസത്തിലെ നോമ്പ് വെറും വിശപ്പും പട്ടിണിയും മാത്രമാണ്. ഒരു കാര്യം സാക്ഷാത്കരിക്കണമെങ്കില്‍ ആദ്യം അത് എന്താണെന്ന് അറിയണം. അതുകൊണ്ടുതന്നെ നോമ്പിന്റെ ലക്ഷ്യമായി നിശ്ചയിക്കപ്പെട്ട തഖ്‌വ എന്താണെന്ന് നമുക്ക് പരിശോധിക്കാം.
എന്താണ് തഖ്‌വ?
വിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്ത ക്രിയാരൂപങ്ങളിലായി 250-ലേറെ തവണ ഉപയോഗിച്ച, വിശാലമായ അര്‍ഥതലങ്ങളോടു കൂടിയ പദമാണ് തഖ്‌വ. മലയാളത്തില്‍ പൊതുവെ വിവര്‍ത്തനം ചെയ്യപ്പെടുന്ന ഭക്തി, ഭയം എന്നീ അര്‍ഥങ്ങളോ, ഇംഗ്ലീഷില്‍ പറയപ്പെടുന്ന ‘പയെറ്റി'(ുശല്യേ)യോ തഖ്‌വയുടെ ഭാഷാര്‍ഥമേ അല്ല. ഈ പദം നിഷ്പദിച്ചത് ‘വിഖായത്’ എന്ന ക്രിയാധാതുവില്‍നിന്നും ‘വഖാ’ എന്ന ക്രിയയില്‍നിന്നുമാണ്. ഇതിന്റെ നേര്‍ക്കു നേരെയുള്ള അര്‍ഥം സൂക്ഷിക്കുക, സംരക്ഷിക്കുക (ുൃീലേര)േ. അഥവാ അല്ലാഹുവിന്റെ അതൃപ്തിയെ സൂക്ഷിക്കുക, ശിക്ഷയെ സൂക്ഷിക്കുക, പാപങ്ങളെ സൂക്ഷിക്കുക, ജീവിതത്തിലെ ചതിക്കുഴികളെ സൂക്ഷിക്കുക, ശത്രുവിനെ സൂക്ഷിക്കുക. അതിലൂടെ സ്വന്തത്തെ ജീവിതത്തില്‍ ഭൗതികമായും പാരത്രികമായും പരാജയപ്പെട്ടു പോകുന്നതില്‍നിന്നും സംരക്ഷിക്കുക. ഈ ‘സൂക്ഷിക്കുക’ എന്ന വാക്കിലെ ആലങ്കാരികമായ അര്‍ഥമാണ് ഭയപ്പെടുക എന്നത്. കാരണം നാം ഒരു കാര്യത്തെ സൂക്ഷിക്കുന്നത് അതിനെ ഭയപ്പെടുന്നതുകൊണ്ടു കൂടിയാണല്ലോ. ചുരുക്കത്തില്‍, ജീവിതത്തെ അതിന്റെ സ്ഥൂലതയിലും സൂക്ഷ്മതയിലും, സാകല്യത്തിലും വിശദാംശങ്ങളിലും വളരെ ജാഗ്രതയോടുകൂടി നോക്കിക്കാണുന്ന മനസ്സാണ് തഖ്‌വയുള്ള മനസ്സ് എന്നര്‍ഥം.
വിശുദ്ധ ഖുര്‍ആന്‍ തന്നെ ജീവിതയാത്രയിലെ ഏറ്റവും നല്ല പാഥേയവും ധരിക്കുന്ന വസ്ത്രങ്ങളില്‍ ഏറ്റവും നല്ല വസ്ത്രവും ‘തഖ്‌വ'(ജാഗ്രതയും സൂക്ഷ്മതയും)യാണെന്ന് പറഞ്ഞിട്ടുണ്ട്. ഉബയ്യുബ്‌നു കഅ്ബ് തഖ്‌വയെ കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹത്തോട് രണ്ടാം ഖലീഫ ഉമര്‍(റ) പറഞ്ഞ പ്രസിദ്ധമായ മറുപടിയും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്. കല്ലും മുള്ളും കുപ്പിച്ചില്ലുകളും നിറഞ്ഞ ഒരു ചെങ്കുത്തായ ഒറ്റയടിപ്പാതയിലൂടെ നഗ്‌നപാദനായി നടക്കുമ്പോള്‍ വീഴാതിരിക്കാനും തന്റെ പാദത്തില്‍ കല്ലോ മുള്ളോ കുപ്പിച്ചില്ലോ തറക്കാതിരിക്കാനും ഒരാള്‍ എടുക്കുന്ന സൂക്ഷ്മതയും ജാഗ്രതയുമാണ് തഖ്‌വ. നമ്മുടെ മനസ്സിനെയും ശരീരത്തെയും തിന്മകളില്‍നിന്ന് രക്ഷപ്പെടുത്താന്‍ നാം തന്നെ കെട്ടുന്ന വേലിയാണ് തഖ്‌വ. നമ്മെ ജീവിതത്തിന്റെ ചതിക്കുഴികളില്‍നിന്ന് രക്ഷിക്കുന്നതിന് നാം തന്നെ പണിയുന്ന സുഭദ്ര കോട്ടയാണ് തഖ്‌വ. പ്രവാചകന്‍(സ) വ്രതത്തെക്കുറിച്ച് പറഞ്ഞതുപോലെ തഖ്‌വ ഒരു പരിചയാണ്. തഖ്‌വ സ്വന്തം മനസ്സിന്റെയും ഇഛയുടെയും മേലുള്ള ആധിപത്യവും നിയന്ത്രണവുമാണ്. തഖ്‌വ ഇല്ലാത്തവന്‍ ലക്കും ലഗാനുമില്ലാത്ത കുതിരപ്പുറത്താണ് ജീവിതം നയിക്കുന്നതെങ്കില്‍, തഖ്‌വയുള്ളവന്റെ ജീവിത കടിഞ്ഞാണ്‍ അവന്റെ കൈകളില്‍ തന്നെയായിരിക്കും. ഈ തഖ്‌വ ആര്‍ജിക്കുക എന്നതാണ് വ്രതത്തിന്റെ ലക്ഷ്യമായി വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. തഖ്‌വയാണ് നമ്മെ വൈയക്തികവും സാമൂഹികവുമായ എല്ലാ തിന്മകളില്‍നിന്നും പാപങ്ങളില്‍നിന്നും അധര്‍മത്തില്‍നിന്നും രക്ഷിക്കുന്നത്. നമ്മളിലെ തഖ്‌വയെ കാത്തുരക്ഷിക്കുന്നതിനുകൂടിയാണ് വ്രതം പോലുള്ള അനുഷ്ഠാനങ്ങള്‍ ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത്.
വ്രതത്തിന്റെ നാനാര്‍ഥങ്ങള്‍
നമ്മുടെ ലോകത്തെ അധിക മനുഷ്യരും ഈ ജാഗ്രത്തായ മനസ്സ് ഇല്ലാത്തതുകൊണ്ടുതന്നെ ജീവിതത്തെയും അതിന്റെ പിന്നിലെ ഉദ്ദേശ്യലക്ഷ്യത്തെയും സംബന്ധിച്ച് ബോധമില്ലാത്തവരാണ്. സ്ഥൂലതലത്തില്‍ തഖ്‌വ എന്നത് ജീവിതത്തെയും സ്വന്തത്തെയും കുറിച്ച തിരിച്ചറിവു കൂടിയാണ്. സൂക്ഷ്മതലത്തില്‍ അത് ജീവിതത്തിന്റെ മുഴുവന്‍ വിശദാംശങ്ങളിലും വ്യവഹരിക്കാന്‍ സാധിക്കുന്ന വിശാലവും സമഗ്രവുമായ ആശയമാണ്. രോഗത്തെ തടയുന്നതിനു നാം വാക്‌സിനേഷന്‍ എടുക്കുമ്പോള്‍ അത് തഖ്‌വയാണ്. ഒരു പ്ലേഗ് ബാധിത പ്രദേശത്ത് നാം സുരക്ഷിതത്വ നടപടിയുടെ ഭാഗമായി പോകാതിരിക്കുമ്പോള്‍ അത് തഖ്‌വാപരമായ പ്രവൃത്തിയാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് എടുക്കുന്ന മുന്‍കരുതല്‍ നടപടി തഖ്‌വാപരമാണ്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിരിപ്പ് മുട്ടുന്നത് തഖ്‌വയാണ്. ഷൂ ധരിക്കുന്നതിനു മുമ്പ് ഷൂവില്‍ വല്ല തേളോ പാമ്പോ പ്രാണിയോ ഉണ്ടോ എന്നു നോക്കുന്നത് തഖ്‌വയാണ്. വയറിംഗ് നടത്തുമ്പോള്‍ ഇന്‍സുലേഷന്‍ ചെയ്യുന്നത് തഖ്‌വയാണ്. ഇസ്‌ലാമിനെതിരെ ശത്രുക്കള്‍ നടത്തുന്ന കുതന്ത്രങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന കരുതല്‍നടപടിയെ സൂചിപ്പിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച വാക്ക് തഖ്‌വയുടെ ക്രിയാരൂപമാണ്. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: ”നിങ്ങള്‍ ആവശ്യമായ കരുതല്‍നടപടികള്‍ (തത്തഖൂ) എടുക്കുകയും അച്ചടക്കവും സംയമനവും ക്ഷമയും സംഘബോധവും പുലര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ അവരുടെ കുതന്ത്രങ്ങള്‍ നിങ്ങളെ ഒരുവിധത്തിലും ദോഷകരമായി ബാധിക്കില്ല” (3:120). ജീവിതംതന്നെ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും കണ്ടെത്തി ആവശ്യമായ കരുതല്‍നടപടി എടുക്കുന്നതും തഖ്‌വയാണ്.
വ്രതം എന്നതിന് അറബിയില്‍ പറയുക ‘സ്വൗം’ എന്നാണ്. അതിന്റെ ക്രിയാരൂപം ‘സ്വാമ’. ‘സ്വാമ’ എന്ന വാക്കിന്റെ അര്‍ഥം സ്വയം വിട്ടുനിന്നു എന്നാണ്. സ്വയം വിട്ടുനില്‍ക്കുക എന്നത് സ്വന്തത്തില്‍ പുലര്‍ത്തുന്ന നിയന്ത്രണമായതുകൊണ്ട് ആത്മനിയന്ത്രണം പുലര്‍ത്തുക എന്നും ഈ പദത്തിന് അര്‍ഥമുണ്ടായി. വിശുദ്ധ ഖുര്‍ആന്‍ ഈസാനബിയുടെ പതിവ്രതയായ മാതാവിനു നേരെ വ്യഭിചാരാരോപണം ഉയര്‍ന്നപ്പോള്‍, ഇത്രയും വലിയ പ്രകോപനത്തെ പ്രതിരോധിക്കാന്‍ മര്‍യംബീവിക്ക് നിശ്ചയിച്ചുകൊടുത്ത മൗനവ്രതത്തെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചത് ‘സ്വൗം’ എന്ന വാക്കുതന്നെയാണ്. അതായത്, ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ആരിലും ഉണ്ടായിപ്പോകുന്ന അമിത പ്രതികരണത്തെ അതിശക്തമായി നിയന്ത്രിക്കാനും എന്നിട്ട് സംസാരിക്കുന്നതില്‍നിന്നുപോലും വിട്ടുനില്‍ക്കാനും മര്‍യംബീവി കാണിച്ച ഇഛാശക്തിയാണ് അവര്‍ അനുഷ്ഠിച്ചതായി ഖുര്‍ആന്‍ വിശേഷിപ്പിച്ച മൗനവ്രതം.
അപ്പോള്‍ വ്രതം എന്നത് ഭാഷയിലും പ്രയോഗത്തിലും അനുഷ്ഠാനത്തിലും ആത്മനിയന്ത്രണത്തിനു വേണ്ടിയുള്ള പരിശീലനമാണ്. ഈ ആത്മനിയന്ത്രണം ജീവിതത്തില്‍ സൂക്ഷ്മതയും ജാഗ്രതയുമുള്ളവരാകാന്‍ വേണ്ടിയുള്ളതാണ്. ജീവിതത്തില്‍ പ്രകോപനങ്ങളും പ്രലോഭനങ്ങളും ഉണ്ടാവും. അന്നപാനീയങ്ങളും സുഖസൗകര്യങ്ങളും മനുഷ്യനെ പ്രലോഭിപ്പിക്കും. ലഭിക്കാനിരിക്കുന്ന ഭൗതികനേട്ടങ്ങള്‍ മനുഷ്യനെ നുണപറയാനും കള്ളം ചെയ്യാനും പ്രേരിപ്പിക്കും. അതുകൊണ്ടുതന്നെയാണ് ‘കള്ളം പറയുന്നതും കള്ളം ചെയ്യുന്നതും ഒഴിവാക്കാത്തവന്‍ പട്ടിണി കിടക്കേണ്ട ആവശ്യം പടച്ചവനില്ല’ എന്ന് പ്രവാചകന്‍ പറഞ്ഞത്. ഭിന്നരൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശത്രുക്കള്‍ വിശ്വാസിയെ ചതിക്കുഴികളില്‍ വീഴ്ത്താന്‍ ബഹുമുഖതന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. ഇതില്‍ മിക്കവയും പ്രകോപനത്തിന്റേതായിരിക്കും. അപ്പോള്‍ ‘ഞാന്‍ നോമ്പുകാരനാണ്’ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ പ്രവാചകന്‍ പഠിപ്പിച്ചത് അതുകൊണ്ടാണ്. വെറും അന്നപാനീയങ്ങള്‍ക്ക് മാത്രമുള്ള നിയന്ത്രണമാവരുത് വ്രതം. മറിച്ച്, നമ്മുടെ സര്‍വ ഇന്ദ്രിയങ്ങളെയും മനസ്സിനെയും നിയന്ത്രിച്ച്, അവയുടെ അടിമയാകുന്നതിനു പകരം അല്ലാഹുവിന്റെ മാത്രം അടിമയായിക്കൊണ്ട്, അവയെ അല്ലാഹുവിന്റെ ഹിതത്തിനനുസരിച്ച് വിധേയപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഓരോ വര്‍ഷത്തിലും ആവര്‍ത്തിച്ചുവരുന്ന ഇസ്‌ലാമിലെ ഒരു മാസത്തെ അതിതീവ്ര പരിശീലനക്കളരിയാണത്.
മനുഷ്യനെ മനുഷ്യനാക്കുന്നതും അവനെ ഇതര ജീവികളില്‍നിന്ന് വ്യത്യസ്തനാക്കുന്നതും അവന്റെ സ്വത്വത്തെ രൂപപ്പെടുത്തുന്നതും അവനില്‍ സന്നിവേശിക്കപ്പെടുന്ന ആത്മാവിന്റെ (റൂഹിന്റെ) സാന്നിധ്യമാണെന്ന് ഖുര്‍ആന്‍ പറയുന്നു (23:14). മനുഷ്യനിലെ ഈ ആത്മാംശത്തെ ‘ദൈവത്തില്‍നിന്നുള്ളതെന്നും’ ‘ദൈവത്തിന്റെ കാര്യത്തില്‍ പെട്ടതെന്നും’ (17:85) പറയുന്ന ഖുര്‍ആന്‍ അത് ദൈവാംശമാണെന്ന് എവിടെയും പ്രസ്താവിക്കുന്നുമില്ല. ഒരു ഉപമ പറഞ്ഞാല്‍ ‘റൂഹ്’ എന്നത് മനുഷ്യനില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട, മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്ന ദൈവികമായ ഒരു ഓപറേറ്റിംഗ് സിസ്റ്റമാണ്. മനുഷ്യനിലെ മനുഷ്യത്വം എന്ന് പറയുന്നത് ഈ മണ്ണും വിണ്ണും ചേര്‍ന്നതാണ്. മണ്ണില്‍ ജീവിക്കുന്നതുകൊണ്ട് ജഡികതയില്‍ ആണ്ടുപൂണ്ടിറങ്ങി വിണ്ണിന്റെ അംശം നഷ്ടപ്പെടാനും തന്നുള്ളിലുള്ള വിണ്ണിന്റെ അംശം മണ്ണിനെ സംബന്ധിച്ച് മറപ്പിച്ച് കേവലമായ ആത്മീയതയില്‍ മനുഷ്യനെ തളച്ചിടാനുമുള്ള സാധ്യതയും ഇസ്‌ലാം കാണുന്നു. ഈ രണ്ടവസ്ഥകളും മനുഷ്യപ്രകൃതിക്ക് വിരുദ്ധമായ രണ്ട് ആത്യന്തികതകള്‍ ആണെന്നും മനുഷ്യനിലെ മനുഷ്യത്വത്തിന്റെ നിഷേധമാണെന്നും ഇസ്‌ലാം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ നോമ്പിലൂടെ ആര്‍ജിക്കാന്‍ കല്‍പിക്കപ്പെട്ട തഖ്‌വക്കും ആത്മീയതയുടെയും ഭൗതികതയുടെയും മാനങ്ങളുണ്ട്. നോമ്പ് ഉള്‍പ്പെടെ ഇസ്‌ലാം നിശ്ചയിച്ച എല്ലാ കര്‍മങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യനിലെ ഈ രണ്ടവസ്ഥകളെയും സന്തുലിതമായി സമീപിക്കുന്നതും മനുഷ്യനിലെ മനുഷ്യത്വത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്ന മെയ്ന്റനന്‍സ് പ്രവൃത്തികളുമാണ്.
അല്ലാഹു നല്‍കിയ ജീവിതത്തിന്റെ ഓപറേറ്റിംഗ് കേറ്റലോഗ് ആണ് വിശുദ്ധ ഖുര്‍ആന്‍ എന്നു പറയാം. ആ ഖുര്‍ആനില്‍ പറഞ്ഞ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത മനുഷ്യത്വത്തിന്റെ മെയ്ന്റനെന്‍സ് പ്രവൃത്തികളാണ് അനുഷ്ഠാനകര്‍മങ്ങള്‍. അവയില്‍ ദിനേന ചെയ്യേണ്ടവയും ഇടക്കിടെ ചെയ്യേണ്ടവയും വര്‍ഷത്തില്‍ ചെയ്യേണ്ടവയും ഒക്കെ ഉണ്ട്. ഇതില്‍ വര്‍ഷത്തില്‍ ചെയ്യേണ്ട സമഗ്ര പരിശോധന(ഠൗൃിമൃീൗിറ) ആണ് റമദാന്‍. ഈ ഘട്ടത്തില്‍ നാം ഇതുവരെയുള്ള പെര്‍ഫോര്‍മന്‍സ് അളന്ന് തകരാറുകള്‍ അടയാളപ്പെടുത്തുന്നു. ആത്മപരിശോധനക്ക് വിധേയമായി കാരണങ്ങള്‍ കണ്ടെത്തി, നാമാകുന്ന പ്ലാന്റിലെ പൈപ്പിലെയും പമ്പിലെയും ഫില്‍ട്ടറിലെയും ലീക്കും ബ്ലോക്കും കൊറൊഷനും ഇല്ലാതാക്കി ഒഴിവാക്കേണ്ട സ്‌പെയറുകളെ ഒഴിവാക്കി, മാറ്റേണ്ടവയെ മാറ്റി, ജീവിതമാകുന്ന പ്രക്രിയയെ തേച്ചു മിനുക്കി തിളക്കമുള്ളതാക്കി നമ്മുടെ ആത്മീയവും ഭൗതികവുമായ ഉല്‍പാദനക്ഷമതയെ അതിന്റെ പാരമ്യത്തിലെത്തിക്കുന്നു. പിന്നെ ആ പെര്‍ഫോര്‍മന്‍സ് ഭാവിയിലും നിലനിര്‍ത്താനുള്ള കണ്‍ട്രോള്‍ മെക്കാനിസം ആവിഷ്‌കരിക്കുന്നു. ഇത് ദൈനംദിന ഉല്‍പാദനം നിര്‍ത്തിക്കൊണ്ടുള്ള ടേണ്‍ എറൗണ്ട് അല്ല. മറിച്ച് സാധാരണഗതിയില്‍ ചെയ്തുവരുന്ന മുഴുവന്‍ മെയ്ന്റനന്‍സ് വര്‍ക്കുകളും വര്‍ധിത മാനത്തോടു കൂടി നിര്‍വഹിച്ച് മനുഷ്യനെക്കൊണ്ട് ഉദ്ദേശിച്ച ഭൗതികവും ആത്മീയവുമായ ലക്ഷ്യങ്ങളെ വര്‍ധിത സ്വഭാവത്തില്‍ ഉല്‍പാദിപ്പിച്ചുകൊണ്ടുള്ള ടേണ്‍ എറൗണ്ട് പ്രവൃത്തിയാണ്.
അതുകൊണ്ടാണ് റമദാനില്‍ ശഹാദത്തും നമസ്‌കാരവും ദാനധര്‍മങ്ങളും ഖുര്‍ആന്‍ പഠനവും ത്വവാഫും സഅ്‌യും ദിക്‌റും ദുആയും തസ്ബീഹും തക്ബീറും തഹ്മീദുമെല്ലാം വര്‍ധിത സ്വഭാവത്തില്‍ നിര്‍വഹിക്കപ്പെടുന്നത്. ചുരുക്കത്തില്‍, റമദാന്‍ എന്നത് നിഷ്‌ക്രിയത്വത്തിന്റെ മാസമല്ല. മറിച്ച് സൃഷ്ട്യുന്മുഖമായ സക്രിയതയുടെ മാസമാണ്. രാത്രികാലങ്ങളില്‍ സത്യവിശ്വാസികള്‍ ധ്യാനനിരതരും പകല്‍വേളകളില്‍ കര്‍മനിരതരും ആകുന്ന കാലമാണ് റമദാന്‍ മാസം. മനുഷ്യനോട് തഖ്‌വയുള്ളവനാകാന്‍ ആവശ്യപ്പെടുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ അവനിലെ പരമാവധി പുറത്തെടുത്ത് ഏറ്റവും ഉല്‍പാദനക്ഷമതയുള്ള സൃഷ്ടിയാകാന്‍ അവനെ തയാറാക്കുക കൂടിയാണ്.