യുക്തിഭദ്രമായ മതദര്‍ശനം

Originally posted 2016-12-20 12:38:58.

1 - Copy - Copyഇസ്‌ലാം യുക്തിഭദ്രമായ മതദര്‍ശനം: ആന്‍ മേരി ലാംബര്‍ട്ട്

ഇന്ത്യാനയിലെ ഒരു ചെറുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ലോകപരിചയംതീരെയില്ലായിരുന്നു. ഹൈസ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയഉടനെ എല്ലാ പെണ്‍കുട്ടികളെയുംപോലെ ഞാനും വിവാഹിതയായി. പതിവുപോലെ ജോലിക്കുപോകാനും കുടുംബം പരിപാലിക്കാനും തുടങ്ങി. പക്ഷേ ആ കുടുംബജീവിതം അധികനാള്‍ നീണ്ടുനിന്നില്ല. എനിക്ക് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നുപഠിക്കണമെന്ന് കലശലായ ആഗ്രഹംജനിച്ചു. പിച്ചവെച്ചുതുടങ്ങുന്ന രണ്ടുമക്കളുടെ കൈപിടിച്ച് ഞാന്‍ അയാളോട് ഗുഡ്‌ബൈ പറഞ്ഞിറങ്ങി. അങ്ങനെ ജീവിതത്തിന്റെ പുതിയൊരു അധ്യായം തുടങ്ങുകയായിരുന്നു.

വിദേശരാജ്യങ്ങളില്‍നിന്നുള്ള ഒട്ടേറെ ബിരുദവിദ്യാര്‍ഥികള്‍ ഉള്ള ഒരുയൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് ഞാന്‍ പഠനം ആരംഭിച്ചു. അവിടെ എനിക്ക് വിപുലമായ സൗഹൃദവലയം ഉണ്ടാക്കാന്‍ കഴിഞ്ഞു. ചോളപ്പാടങ്ങളും മലഞ്ചെരിവുകളും കണ്ടുപരിചയിച്ച ഞാന്‍ എന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ സുഹൃത്തുക്കളെ ആദ്യമായി കണ്ടുമുട്ടുകയായിരുന്നു.

അന്യദേശങ്ങളിലെ ആളുകള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന എന്റെ ജിജ്ഞാസയെ അടക്കിനിര്‍ത്തിയ എന്‍സൈക്ലോപീഡിയയിലെ താളുകളായിരുന്നു അറബ്, ഏഷ്യ, ആഫ്രിക്ക നാടുകളില്‍നിന്നുള്ള ആ സുഹൃത്തുക്കള്‍. എനിക്ക് ആവേശം ഉണ്ടാക്കുന്ന, പ്രചോദനമേകുന്ന, എനിക്കറിയാത്ത കാര്യങ്ങളെ വിശദീകരിച്ചുതരുന്ന ഒരു സംഘമായിരുന്നു അവരെന്ന് ഇപ്പോഴും തറപ്പിച്ചുപറയാന്‍ കഴിയും.

അങ്ങനെയിരിക്കെ അമേരിക്കന്‍ തദ്ദേശവാസികളുടെ വാര്‍ഷികാഘോഷമായ ‘ഹണ്ടേഴ്‌സ് മൂണ്‍ ഫെസ്റ്റിവലി’ന് പോകാന്‍ സുഹൃത്തുക്കളുമായി പദ്ധതിയിട്ടു. അവിടെവെച്ച് ഞാന്‍ ഒരു ഈജിപ്ഷ്യന്‍ ചെറുപ്പക്കാരനെ കണ്ടുമുട്ടി. ആ പ്രണയാതുരനഗരത്തില്‍ തികച്ചും റോമിയോയെ പ്പോലെ അവനെന്നില്‍ ഓര്‍മകളുണര്‍ത്തി. അവനുമായി സംസാരത്തിന് അവസരമുണ്ടാക്കാന്‍ ഞാന്‍ അവന് പന്നിയിറച്ചിയുടെ ബാര്‍ബെക്യൂ ചോപ്‌സ് വാഗ്ദാനംചെയ്തു. എന്നാല്‍ അവനത് നിരസിച്ചു. അതുകേട്ടപ്പോള്‍ അയാള്‍ ഒരു ജൂതനായിരിക്കും എന്ന് ഞാന്‍ ധരിച്ചു.’ഞാനൊരു മുസ്‌ലിമാണ ്’ മധ്യപടിഞ്ഞാറന്‍ നാട്ടുകാരിയായതിനാല്‍ ഇതരമതസ്ഥരായ ആളുകളെപ്പറ്റി ഒട്ടുംകേട്ടിട്ടില്ലാത്ത എനിക്കത് ഒരു പുതുവര്‍ത്തമാനമായിരുന്നു. പശുവിനെയോ മറ്റു ജന്തുക്കളെയോ ആരാധിക്കുന്ന കൂട്ടരോ മറ്റോ ആണോ നിങ്ങള്‍ എന്ന് പരിഹാസോക്തിയോടെ അയാളോട് ചോദിച്ചു. ചിരിച്ചുകൊണ്ട് അയാള്‍ എന്നോട് ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ആ ഡിസംബറില്‍ ഞങ്ങള്‍ വിവാഹിതരായി.

ഇസ്‌ലാം വളരെ ആകര്‍ഷകമായി തോന്നിയെങ്കിലും അത് വളരെ സങ്കീര്‍ണവും പ്രയാസവും നിറഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു. എന്റെ കത്തോലിക്കാപശ്ചാത്തലവുമായി അത് ചേര്‍ന്നുപോകില്ലെന്ന് വിചാരിച്ചു. ആറുസഹോദരങ്ങളുടെ ഒരേയൊരു ഇളയസഹോദരിയായിരുന്നുഞാന്‍. അതിനാല്‍ കടുത്ത റിബലിന്റെതായിരുന്നു എന്റെ നിലപാടുകളെല്ലാംതന്നെ. അന്നാളുകളില്‍ ഞാന്‍ എന്റെ കുടുംബത്തെ കൈവിട്ട അവസ്ഥയിലായിരുന്നു . എന്നുമാത്രമല്ല, ഭര്‍ത്താവ് എന്നോട് ഇസ്‌ലാം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. മറിച്ച്, എന്റെ പെണ്‍മക്കളുടെ ഭാവിയോര്‍ത്ത് ചര്‍ച്ചില്‍ പോകാന്‍ എന്നെ പ്രചോദിപ്പിച്ചു.

വിവാഹത്തിനുമുമ്പ് ഞാന്‍ ഭര്‍ത്താവുമായി ഒരു ഉടമ്പടി ഉണ്ടാക്കിയിരുന്നു. അതായത് തങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളെ മുസ്‌ലിമായി വളര്‍ത്താമെന്നതായിരുന്നു അത്. വിവാഹത്തിന്റെ ആദ്യവര്‍ഷത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ നമസ്‌കാരവും നോമ്പും പ്രാര്‍ഥനകളും വളരെയടുത്ത് നിരീക്ഷിച്ചു. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അവരുടെ ഭാര്യമാരുമായും അടുത്തിടപഴകി. അറബികള്‍ കുട്ടികളെ നന്നായി ഇഷ്ടപ്പെടുന്നവരാണ്. എന്റെ രണ്ടുപെണ്‍കുട്ടികളെയും അവര്‍ പോകുന്നിടത്തെല്ലാം ഞങ്ങളോടൊപ്പംകൂടെക്കൂട്ടി. അതിനാല്‍ തന്നെ ബേബിസിറ്റര്‍മാരെയൊന്നും എനിക്ക് വിളിക്കേണ്ടിവന്നില്ല.

അവരെന്റെ സംശയങ്ങള്‍ക്ക് കൃത്യമായ വിശദീകരണംനല്‍കിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ എന്റെ ഭര്‍ത്താവിന്റെ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു: ‘ആന്‍, നിങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍ എങ്ങോട്ടാണ് പോകാനിഷ്ടപ്പെടുന്നത്?’ ഒരുനിമിഷംശങ്കിച്ചുനിന്നശേഷം എന്റെ മറുപടിയിതായിരുന്നു:’നരകത്തിലേക്ക്’. എന്ത് ഉത്തരം നല്‍കണം എന്നെനിക്കറിയാമായിരുന്നു. വിവാഹമോചനത്തിനുശേഷം ചര്‍ച്ചില്‍ പോകുന്നത് ഞാന്‍ അവസാനിപ്പിച്ചിരുന്നു. ദൈവമുണ്ടെന്ന് എനിക്കാമെങ്കിലും അത് ഒരു മുഖ്യവിഷയമായി ഞാന്‍ കണ്ടില്ല. അവനെ പണ്ടേ ഞാന്‍ ഉപേക്ഷിച്ചതായിരുന്നല്ലോ. അത് പിന്നീട് ഗുരുതരപ്രശ്‌നംസൃഷ്ടിക്കുമെന്ന് എനിക്കറിയാമായിരുന്നു.

എന്റെ മറുപടികേട്ട് അദ്ദേഹം ഞെട്ടിത്തരിച്ചുനിന്നുപോയി. ഒരുവേള എന്റെ ആ മറുപടിയില്‍ ഞാന്‍ തന്നെ ഭയന്നുവെന്നതായിരുന്നു വാസ്തവം. അത്ര തരംതാണ ഒരു സമീപനം എന്നില്‍ നിന്നുണ്ടായത് ഒരുപക്ഷേ, ജീവിതത്തില്‍തന്നെ ആദ്യമായിരിക്കാം. കുറച്ചുനാളുകള്‍ ആ വാക്കുകള്‍ എന്റെ തലച്ചോറിനുള്ളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അതിനിടെ ഇസ്‌ലാമിനെക്കുറിച്ച് ചില പുതിയഅറിവുകളും എനിക്ക് കിട്ടി. മുഹമ്മദ് നബിയെക്കുറിച്ച പലവിവരണങ്ങളുടെയുംമുമ്പില്‍ ഞാന്‍ തട്ടിത്തടഞ്ഞുവീണു. കത്തോലിക്കാവിശ്വാസത്തില്‍ അത്തരത്തില്‍ മുഹമ്മദിനെക്കുറിച്ച യാതൊരുപരാമര്‍ശവുമുണ്ടായിരുന്നില്ല. അബ്രഹാമിന്റെ സന്താനപരമ്പരയില്‍പെട്ടയാളാണ് മുഹമ്മദ് എന്നുകേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.

കാല്‍കീഴില്‍നിന്ന്് ഉറവപൊട്ടുന്ന സംസമിന്റെ ഓര്‍മകളുണര്‍ത്തുന്ന, അബ്രഹാമിന്റെ മകന്‍ ഇസ്മാഈല്‍ കൈകാലിട്ടടിഞ്ഞ് കരഞ്ഞതും ആ കുഞ്ഞിനായി ഭാര്യ ഹാജര്‍ അങ്ങോട്ടുമിങ്ങോട്ടും പരക്കം പാഞ്ഞതും ഉറവപൊട്ടിപ്പുറപ്പെട്ടതും ഒരു കൊച്ചുപെണ്‍കുട്ടി അത്ഭുതകഥകേള്‍ക്കുന്ന ഭാവഹാവാദികളോടെ ഞാന്‍ കേട്ടിരുന്നു.

മേല്‍ചരിത്രസംഭവങ്ങള്‍ കേട്ടപ്പോള്‍ എന്നില്‍ ചില ആശയക്കുഴപ്പങ്ങള്‍ തലപൊക്കി. സമൂഹത്തിലെ സത്യസന്ധനും ഉത്തമനും പ്രവാചകനുമൊക്കെയുമായ ഇബ്‌റാഹീംനബി എങ്ങനെയാണ് തന്റെ ഭാര്യയെയും മകനെയും ആരോരുമില്ലാത്ത മണലാരണ്യത്തില്‍ ഉപേക്ഷിച്ചുപോയത് ? ഇത്തരം പ്രവൃത്തിചെയ്യുന്ന മനുഷ്യന്‍ പ്രവാചകനാകുമോ? ചരിത്രം അങ്ങനെതന്നെയായിരുന്നുവോ ? ഞാന്‍ കാര്യങ്ങളെ പകുതിക്ക് ഉപേക്ഷിക്കാന്‍തയ്യാറായിരുന്നില്ല. ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കുന്നെങ്കില്‍ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കിയിട്ടുമതിയെന്ന് ഞാന്‍ ദൃഢനിശ്ചയംചെയ്തു.

തീര്‍ച്ചയായും യുക്തിഭദ്രമായ മതമാണ് ഇസ്‌ലാം. അത് മറ്റേതെങ്കിലും സ്രോതസ്സില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നതല്ല. അത് ബുദ്ധിയുമായി സംവദിക്കുന്ന ഒന്നായിരുന്നു. ഇസ് ലാമിനെക്കുറിച്ച എന്റെ പഠനം തുടര്‍ന്നു. ഖുര്‍ആന്‍ പരിഭാഷകളും ഇസ്‌ലാമികഗ്രന്ഥങ്ങളും വായിച്ചുകൂട്ടി. ഒട്ടേറെ സംശയങ്ങള്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്നു. വേണ്ടത്ര പുസ്തകങ്ങള്‍ എളുപ്പത്തില്‍ ലഭ്യമല്ലാതിരുന്ന സമയമായിരുന്നു അത്. ഞങ്ങളുടെ യൂണിവേഴ്‌സിറ്റിയില്‍ ജമാല്‍ ബദവി വരികയും ഞങ്ങളുമായി സംവദിക്കുകയുംചെയ്യുക പതിവായിരുന്നു.

ഞാന്‍ ഇസ്‌ലാംസ്വീകരിക്കുന്നത് എന്റെ കുടുംബം എങ്ങനെ സ്വാഗതംചെയ്യുമെന്ന വെറുതെ മനസ്സില്‍കണ്ടു. ഒരുസുപ്രഭാതത്തില്‍ 180 ഡിഗ്രി തിരിഞ്ഞ് പുതിയ വ്യക്തിയായി മാറാന്‍ ഞാനിഷ്ടപ്പെട്ടില്ല. എന്ത് നിലപാടാണ് യഥാര്‍ഥത്തില്‍ സ്വീകരിക്കേണ്ടതെന്ന് അറിയാമായിരുന്നതെങ്കിലും പക്ഷേ ഒരു തരം നിസംഗത എന്നില്‍കൂടുകൂട്ടി. പടച്ചതമ്പുരാന്‍ എന്നോട് ഒരുപാട് വിട്ടുവീഴ്ചകാട്ടിയ സന്ദര്‍ഭമായിരുന്നു അത്. എന്റെ വിശ്വാസസ്വീകരണത്തിന് ത്വരിതഗതിനല്‍കിയ ഘട്ടമായിരുന്നു അത്.

അതൊരു ഞായറാഴ്ചയായിരുന്നു. വരുന്ന വെള്ളിയാഴ്ച ഇസ്‌ലാംസ്വീകരിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ ഞാന്‍ ഭര്‍ത്താവിനോടാവശ്യപ്പെട്ടു. വിവാഹംകഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഞാന്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. അന്നുതന്നെ നമസ്‌കാരവും ഹിജാബും ഞാന്‍ ജീവിതത്തില്‍ സ്വീകരിച്ചു. ഏതാണ്ട് 23 വര്‍ഷംമുമ്പുള്ള സംഭവമാണിതെല്ലാം.

ജീവിതത്തില്‍ അതിനെത്തുടര്‍ന്ന് ഒട്ടേറെ കഠിനപരീക്ഷണങ്ങള്‍ എനിക്ക് നേരിടേണ്ടിവന്നു. എന്റെ രണ്ടുപെണ്‍മക്കളുടെ സംരക്ഷണച്ചുമതല ആര്‍ക്കെന്നതില്‍ മുന്‍ഭര്‍ത്താവുമായുണ്ടായ തര്‍ക്കം കോടതി കയറിയതാണ് അതില്‍ ഏറ്റവും പ്രയാസകരം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അതില്‍വിജയം എന്റേതായിരുന്നു. ആരണ്ടുപെണ്‍മക്കളും ഇന്ന് മുസ്‌ലിമാണ്. ഇപ്പോള്‍ ഞാന്‍ എന്റെ ഏഴ് മക്കളും പേരക്കിടാങ്ങളുമൊത്ത് ഈജിപ്തില്‍ താമസിക്കുന്നു.

Related Post