ലുഖ്മാന്റെ ഉപദേശങ്ങള്‍

Originally posted 2016-11-27 10:58:36.

ഉപദേശം

ലുഖ്മാന്റെ ഉപദേശങ്ങള്‍

 ലുഖ്മാന്റെ ഉപദേശങ്ങള്‍

ഏകദൈവത്വം ഉപദേശിക്കുകയും മഹത്തും വ്യാപകവുമായ ദൈവിക കഴിവുകള്‍ വിശദീകരിക്കുകയും ചെയ്ത ശേഷം, ജ്ഞാനിയും കഴിവുറ്റവനും ഏകനുമായ തന്റെ നാഥനുമായുള്ള ബന്ധം സുദൃഢമാക്കാനും, നമസ്‌കാരം നിലനിറുത്തുക വഴി അത് നൈതികമാക്കാനും, ലുഖ്മാന്‍ മകനെ ക്ഷണിക്കുകയാണ്. നമസ്‌കാരം തന്നെയാണല്ലോ പ്രാര്‍ത്ഥന. നാഥനും അടിമയും തമ്മിലെ ബന്ധമാണത്. സ്‌നേഹത്തിന്റെ, പ്രേമത്തിന്റെ, മുഖാമുഖത്തിന്റെ, സാമീപ്യത്തിന്റെ, ചോദ്യത്തിന്റെ, അപേക്ഷയുടെ, വേവലാതിയുടെ, സഹനത്തിന്റെ നിമിഷങ്ങളാണത്. സന്തോഷത്തിന്റെയും ശാന്തിയുടെയും സ്മരണയുടെയും നിമിഷങ്ങള്‍. ‘അറിഞ്ഞിരിക്കുവിന്‍! ദൈവ സ്മരണ കൊണ്ടേ ഹൃദയങ്ങള്‍ ശാന്തമാവുകയുള്ളു.’ (13: 28)

അത് വഴി, ഭയഭക്തിയും ഭയവും ജനസിദ്ധമാകുന്നു. അനുതാപമുണ്ടാകുന്നു. കരച്ചിലുണ്ടാകുന്നു. പ്രസവിക്കപ്പെട്ട കുഞ്ഞിനെപ്പോലെ അവന്‍ പുറത്ത് വരുന്നു. ഇതോടെ, അവന്റെ വാക്ക്, പ്രവര്‍ത്തി, ചിന്ത, അടക്കം, അനക്കം എന്നിവയെല്ലാം ദൈവിക നിരീക്ഷണത്തിലായി തീരുന്നു. അങ്ങനെ അവന്‍ ഇഹ്‌സാന്‍ എന്ന പദവിയിലേക്കുയരുന്നു. അല്ലാഹുവിനെ കാണുന്നത് പോലെ അവനെ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നു എന്ന അവസ്ഥയാണല്ലോ അത്. തിരുമോനി(സ) അതിന്ന് എത്രമാത്രം പ്രാധാന്യം കല്പിച്ചുവെന്ന് താഴെ ഹദീസ് വിളിച്ചോതുന്നു. ‘കുട്ടികള്‍ക്ക് ഏഴ് വയസ്സാകുമ്പോള്‍ നമസ്‌കരിക്കാന്‍   കല്പിക്കുക. പത്ത് വയസ്സാകുമ്പോള്‍ അതിന്റെ പേരില്‍ അവരെ പ്രഹരിക്കുക.’ (ജാമിഉസ്സ്വഹീഹ്)

അടിമയുടെ ജീവിതത്തിലുടനീളം മഹത്തായ സ്വാധീനം ചെലുത്തുന്നുവെന്നതിനാല്‍, അത് മതത്തിന്റെ സ്തംഭം തന്നെയാണ്. അല്ലാഹു പറയുന്നു: ‘നമസ്‌കാരം നിലനിര്‍ത്തുക. നിശ്ചയം, നമസ്‌കാരം മ്ലേച്ഛകൃത്യങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും തടയുന്നതാകുന്നു (29 : 45) ലുഖ്മാന്റെ ഉപദേശം സകല നന്മയുടെയും അടിത്തറയായത് ഇത് കൊണ്ടത്രെ.

മകനേ, നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തേണം (31 : 17) നമസ്‌കാരത്തിന്റെ സകല പരിധികളും പാലിച്ചുകൊണ്ട് പതിവാക്കുകയും, വ്യവസ്ഥാപിത രൂപത്തില്‍, കൃത്യ സമയങ്ങളില്‍ നിര്‍വഹിക്കുകയും ചെയ്യുന്നതിന്നാണ് മുറപ്രകാരം നില നിറുത്തുകയെന്നതിന്റെ വിവക്ഷ.

സകല നന്മയുടെയും അസ്തിവാരമണ് നമസ്‌കാരം. ഭയഭക്തിയോടും വിനയത്തോടും നമസ്‌കാര സ്ഥലത്ത് പ്രവേശിക്കുകയും, താന്‍ തന്റെ യജമാനന്റെ മുമ്പിലാണെന്നും അവന്റെ നിരീക്ഷണത്തിലാണെന്നും ഓര്‍ക്കുകയും ചെയ്യുന്ന ഒരാള്‍, അതിനാല്‍ തന്നെ, വിനീതനായി തീരുന്നു. ആത്മാവ് മെച്ചപ്പെട്ടവനായി തീരുന്നു. ഭയഭക്തി നിറഞ്ഞവനാകുന്നു. മറ്റൊരു നമസ്‌കാരമാകുന്നത് വരെ, ഈ വികാരം അയാളില്‍ വിജ്രംബിതമായി തീരുന്നു. അപ്പോഴും, അതിമഹത്തായ  ഒരു മാനസികാവസ്ഥയിലേക്ക് മടങ്ങുകയാണല്ലോ അയാള്‍.  ഇങ്ങനെയായിരിക്കണം ഒരു മുസ്‌ലിമിന്റെ നമസ്‌കാരം.

അബുല്‍ ആലിയ പറയുന്നു: ‘നമസ്‌കാരത്തില്‍ മൂന്നു കാര്യങ്ങളുണ്ട്. അവയില്ലാത്ത നമസ്‌കാരമില്ല. ആത്മാര്‍ത്ഥത, ഭയഭക്തി, ദൈവസ്മരണ എന്നിവയാണത്.’

ആത്മാര്‍ത്ഥത അയാളോട് നന്മ കല്‍പിക്കുന്നു. ഭയഭക്തിയാകട്ടെ നിഷിദ്ധങ്ങളില്‍ നിന്ന് തടയുന്നു. ദൈവ സ്മരണ ആജ്ഞാ നിരോധങ്ങള്‍ നടത്തുകയും ചെയ്യുന്നു. നമസ്‌കാരം ദൈവധിക്കാരത്തിന്റെ അന്ത്യവും തടയലും ഉള്‍ക്കൊള്ളുന്നുവെന്ന് ഇബ്‌നു അബ്ബാസ് പറഞ്ഞത് ഇത് കൊണ്ടത്രെ.

കൂടുതല്‍ നമസ്‌കരിക്കുന്നവനാണെന്ന് ഒരാളെ കുറിച്ച് പറഞ്ഞപ്പോള്‍, നമസ്‌കാരത്തെ അല്ലാഹു വിന്ന് അധീനപ്പെടുത്തിയെങ്കിലേ അതിന്റെ ഫലം ലഭിക്കുകയുള്ളുവെന്നാണ് അബ്ദ്ല്ലാ ബിന്‍ മസ്ഊദ് പറഞ്ഞത്. അതിനെ അല്ലാഹുവിന്ന് അധീനപ്പെടുത്താത്തവന്ന് നമസ്‌കാരമില്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അല്ലാഹുവിന്ന് അധീനപ്പെടുത്തുക എന്നാല്‍, മ്ലേച്ഛതകളില്‍ നിന്നും നിഷിദ്ധങ്ങളില്‍ നിന്നും തടയുക എന്നര്‍ത്ഥം.

സംസ്‌കാരവും സംസ്‌കരണവും

‘ധര്‍മം കല്‍പിക്കേണം, അധര്‍മം വിലക്കേണം.’ (31: 17)

യജമാനന്റെ മുമ്പില്‍, ഭീതിയടെയും പ്രതീക്ഷയുടെയും ഇരു ചിറകുകള്‍ക്കിടയില്‍ മാറി മറിഞ്ഞുകൊണ്ട് നമസ്‌കരിച്ചു നില്‍ക്കുന്ന ദാസന്‍, ദൈവധിക്കാരികളോടുള്ള കാരുണ്യത്തിലേക്കും, അവരെ സംസ്‌കരിച്ചെടുത്തുകൊണ്ട്, ഭൗതിക ലോകത്ത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ആസ്വദ്യതയായ ദൈവ സാമീപ്യവും ദൈവത്തോടുള്ള മുഖാമുഖവും അവരെ ആസ്വദിപ്പിക്കാനുള്ള അദമ്യമായ ആഗ്രഹത്തിലേക്കും നയിക്കപ്പെടും.  ചുറ്റുപാടുകളില്‍ നിന്ന് നിഷിദ്ധങ്ങള്‍ മാറ്റാനും തദ്ഫലമായുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളില്‍ സഹനം കൈകൊള്ളാനും അയാള്‍ ശ്രമിക്കും. നിഷിദ്ധം കണ്ടവര്‍ കൈകൊണ്ട് അത് മാറ്റണമെന്നും, അതിന്നു കഴിഞ്ഞില്ലെങ്കില്‍ നാവു കൊണ്ടും, അതിന്നും കഴിഞ്ഞില്ലെങ്കില്‍ ഹൃദയം കൊണ്ടും മാറ്റണമെന്നും അവസാനം പറഞ്ഞത് വിശ്വാസത്തില്‍ ഏറ്റവും ദുര്‍ബ്ബലമാണെന്നും നബി(സ) പറഞ്ഞിരിക്കുന്നുവല്ലോ. (മുസ്‌ലിം)

അല്ലാഹുവെ ഓര്‍ത്തുകൊണ്ട്, അവന്റെ മുമ്പില്‍ നമസ്‌കരിച്ചു കൊണ്ടിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, ഇക്കാര്യത്തില്‍ ശ്രദ്ധിക്കാതിരിക്കാനാവില്ല. തന്റെ പരമാവധി കഴിവുപയോഗിച്ചു അതിനെ മാറ്റുവാന്‍ അയാള്‍ ബാധ്യസ്ഥനാണ്. തന്മൂലം, അതിലും വലിയ നിഷിദ്ധം വന്നുകൂടരുതെന്നു മാത്രം. ആത്മസംസ്‌കരണം നടത്താനും മറ്റുള്ളവരെ സംസ്‌കരിക്കാന്‍ ശ്രമിക്കാനും ലുഖ്മാന്‍ പുത്രനെ ഉപദേശിച്ചിരുന്നു. അദ്ദേഹം പറയുകയാണ്:

‘മകനേ, നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം.’ (31: 17)  മറ്റുള്ളവരെ സംസ്‌കരിക്കുക വിശ്വാസികളുടെ പതിവാണ്. പക്ഷെ, സ്വയം സംസ്‌കരിച്ചെങ്കിലേ അത് സാധ്യമാവുകയുള്ളു. അതിന്നു ശേഷം കുടുംബത്തെ, പിന്നെ സമൂഹത്തെ, സംസ്‌കരിക്കണം.

പ്രബോധനത്തിലെ മഹത്തായ ഒരിനം

സംസ്‌കരണം പ്രബോധനത്തിന്റെ ഒരു മഹത്തായ ഇനമാണ്. അത് പല തരമുണ്ട്. നിഷിദ്ധം കണ്ടാല്‍   മനസാ വെറുക്കുകയാണ് അതിലേറ്റവും താഴ്ന്നത്.
‘അല്ലാഹു ആരെയും അവരുടെ കഴിവിന്നതീതമായ ചുമതലഭാരം വഹിപ്പിക്കുകയില്ല.’ എന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്.

ഇക്കാര്യത്തില്‍, ആളുകള്‍ക്കിടയില്‍ വ്യത്യാസമുണ്ടായിരിക്കും. പണ്ഡിതന്ന് നിര്‍ബന്ധമായത് സാധാരണക്കാരന്ന് നിര്‍ബന്ധമായിക്കൊള്ളണമെന്നില്ല. സാധാരണക്കാരന്റേതിനേക്കാള്‍ വലുതായിരിക്കും ഭരണാധികാരിയുടെ ബാധ്യത. ഉത്തരവാതിത്തമനുസരിച്ച് ബാധ്യതയിലും വ്യത്യാസമുണ്ടായിരിക്കും.

രോഗം പോലുള്ള ആപത്തുകള്‍ക്ക് പരാജിതനായി കീഴടങ്ങുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല. അതിന്നുള്ള ഔഷധം കൈവശമുണ്ടായിരിക്കെ പ്രത്യേകിച്ചും. പ്രബോധനത്തിന്റെ കാര്യവും തഥൈവ. അല്ലാഹു പറയുന്നു: ‘പ്രവാചകാ, യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക.’ (31: 125)

അല്ലാഹുവിന്റെ ദാസരെ അങ്ങേയറ്റം ഇഷടപ്പെടുകയും, അവരുടെ പാപ വ്രണങ്ങളെ കാരുണ്യം കൊണ്ട് തടവുകയും, രോഗങ്ങളെ സഹനം കൊണ്ട് ചികിത്സിക്കുകയും ചെയ്യുന്ന ഹൃദ്രോഗ വിദഗ്ദ്ധരെ സംബന്ധിച്ചിടത്തോളം ഇതാവശ്യമത്രെ. പാരുഷ്യമില്ലാതെ, മൃദുവായി അവരെ ക്ഷണിക്കണം. ഫറവോന്റെയടുക്കലേക്കയച്ചപ്പോള്‍, മൂസയോടും ഹാറൂനോടും അല്ലാഹു കല്‍പിച്ചു:
‘ഇരുവരും ഫറവോന്റെ അടുക്കലേക്കു പോകുവിന്‍. അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോട് മയത്തില്‍ സംസാരിക്കേണം. അവന്‍ ഉപദേശം സ്വീകരിക്കുകയോ ഭയപ്പെടുകയോ ചെയ്‌തെങ്കിലോ!’ (20: 44)

ഇനി, ചില ഹൃദയങ്ങള്‍, ഈ ഉപദേശങ്ങള്‍ തള്ളിക്കളയുകയും ചികിത്സ നിരസിക്കുകയും ചെയ്തുവെന്നിരിക്കട്ട, സാരമില്ല. ‘നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം. ഇവ വളരെ ഉറച്ച കാര്യങ്ങളത്രെ.’ (31: 17)

ഇനി, അവര്‍ പീഡിപ്പിക്കുന്നുവെങ്കില്‍ അസ്വസ്ഥനാകരുത്. വിഷമങ്ങളില്‍ സഹനം കൈകൊള്ളുക യഥാര്‍ത്ഥ വിശ്വാസത്തില്‍ പെടുന്നു. നമസ്‌കാരം നിലനിറുത്തുക, സദ്കര്‍മോപദേശം, ദുഷ്‌കര്‍മ നിരോധനം നടത്തുക എന്നിവ ദൈവികമായ ഉദ്ദേശ്യങ്ങളിലും കല്‍പനകളിലും വിജയമാര്‍ഗത്തില്‍ പ്രവേശിക്കുന്നവരുടെ ഉറച്ച കാര്യങ്ങളിലും ഉള്‍പ്പെട്ടതാണ്.

ജന നന്മയിലുള്ള താല്‍പര്യം

നീ ആളുകളില്‍നി്ന്ന് മുഖംതിരിച്ചു സംസാരിക്കരുത്. (31: 18) തന്റെ നാഥനുമായി സുദൃഢ ബന്ധവും, നാട്ടില്‍ സ്വാധീനവുമുള്ള, ജനന്മയാഗ്രഹിച്ചു സദ്കര്‍മോപദേശം, ദുഷ്‌കര്‍മ നിരോധനം എന്നിവ നടത്തുന്ന ഒരാള്‍ വിനയാന്വിതനും സൗമ്യനും ആയിത്തീരുക തന്നെ ചെയ്യും. സഹജീവികളോട് അഹങ്കരിക്കുകയോ അഹന്ത കാണിക്കുകയോ ചെയ്യില്ല. ഇതെല്ലാം, ജനങ്ങളുമായുള്ള ഉത്തമ സഹവാസത്തില്‍ പെട്ടവയാണ്.  അതിനാല്‍ തന്നെ, പുത്രനോടുള്ള ഉപദേശത്തില്‍, ലുഖ്മാന്‍ ഈ വശം വിട്ടു കളഞ്ഞില്ല. അദ്ദേഹം പറയുകയാണ്:

‘നീ ആളുകളില്‍നി്ന്ന് മുഖംതിരിച്ചു സംസാരിക്കരുത്. (31: 18) ജനങ്ങളോടുള്ള പെരുമാറ്റത്തില്‍ ഉത്തമമായൊരു സ്വഭാവമത്രെ ഇത്. അതെ, അഹങ്കാരം  നിമിത്തം, ജനങ്ങളില്‍ നിന്ന് നീ മുഖം തിരിച്ചു കളയരുത്. ഒരാളെ കുറിച്ച് നിന്നോടു പറയുമ്പോള്‍, അയാളെ നിസ്സാരനാക്കും വിധം തിരിഞ്ഞു കളയരുത്. അവര്‍ നിന്നോടോ, നീ അവരോടോ സംസാരിക്കുമ്പോള്‍, അവരെ നിസ്സാരമായി കണക്കാക്കരുത്. പ്രത്യുത, സൗഹാര്‍ദ്ദ ഭാവത്തില്‍, വിനയത്തോടെയാണവരെ അഭിമുഖീകരിക്കേണ്ടത്. അവരില്‍ ഏറ്റവും ചെറിയവന്‍ സംസാരിക്കുമ്പോള്‍, സംസാരം പൂര്‍ത്തിയാകുന്നത് വരെ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള സ്വഭാവം മുറുകെ പിടിക്കുക വഴി, ജനങ്ങള്‍ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് പ്രവഹിച്ച വസ്തുത അനിഷേധ്യമാണല്ലോ. ഉത്തമ സംസ്‌കാരത്തിന്റെ പൂര്‍ത്തീകരണത്തിന്നു വേണ്ടി മാത്രമാണ് താന്‍ നിയുക്തനായിരിക്കുന്നതെന്നാണല്ലോ, പ്രവാചകന്‍(സ) അരുളിയിരിക്കുന്നത്.(ജാമിഉസ്സഗീര്‍) ‘ഒരു നന്മയെയും നിസ്സാരമായി കാണരുത്, പ്രസന്നവദനനായി സ്വസഹോദരനെ കാണുന്നത് പോലും’ (മുസ്‌ലിം) എന്ന് പ്രവാചകന്‍(സ) പറഞ്ഞത് അത് കൊണ്ടാണ്.   ‘സഹോരനോടുള്ള നിന്റെ പുഞ്ചിരി പോലും ധര്‍മമാ’ണെന്നാണ് അവിടുന്ന് പ്രസ്താവിച്ചത്. മടങ്ങി വരേണ്ട പവിത്രവും സുന്ദരവുമായ മൂല്യങ്ങള്‍!

അഹങ്കാരത്തിന്റെ ഭവിഷ്യത്ത്

‘ഭൂമിയില്‍ നിഗളിച്ചു നടക്കയുമരുത്.'(31: 18) അഹങ്കാരത്തിന്റെ ഭവിഷ്യത്തുകളും അടയാളങ്ങളും വിവരിച്ചു കൊണ്ട് ലുഖ്മാന്‍ പറയുകയാണ്: പെരുമയും അഹങ്കാരവും നടിച്ചു നടക്കരുതെന്നര്‍ത്ഥം.

‘അഹന്ത കാണിക്കുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്‌നേഹിക്കുകയില്ല'(31: 18)

ദാതാവിനോട് കൃതജ്ഞത പ്രകാശിപ്പിക്കാതെ, കിട്ടിയത് എണ്ണിപ്പറഞ്ഞു നടക്കുന്നവനാണ് മൂലവാക്യത്തിലെ ‘ഫഖൂര്‍’. തറവാട്, സ്ഥാനമാനങ്ങള്‍, സമ്പത്ത്, ജോലി, വസ്ത്രം, സൗന്ദര്യം എന്നിത്യാദി കാര്യങ്ങളില്‍ ഇതുണ്ടാകാം.

നബി(സ) പറഞ്ഞു: ‘അഹങ്കാരത്തോടെ, വസ്ത്രം നിലത്തിട്ട് വലിക്കുന്നവനെ, അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല.’ (ബുഖാരി)

അവിടുന്ന് പറഞ്ഞു: ‘നിങ്ങളെല്ലാം ആദമിന്റെ മക്കള്‍! ആദമാകട്ടെ, സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നും! പൂര്‍വികരുടെ പേരില്‍ അഭിമാനം കൊള്ളുന്നത് നിറുത്തണം. അല്ലെങ്കില്‍, അല്ലാഹുവിന്റെ വീക്ഷണത്തില്‍ കരിവണ്ടിനേക്കാള്‍ അധമരായിരിക്കും അവര്‍.’

നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുക. വേഗത കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ, മിതമായി നടക്കുകയെന്നര്‍ത്ഥം.

‘നിന്റെ നടത്തത്തില്‍ മിതത്വം പാലിക്കുക. ഒച്ച കുറക്കുക. അരോചകമായ ശബ്ദം കഴുതയുടെ ശബ്ദം തന്നെ.'(31: 19)

അപ്പോള്‍, ആവശ്യത്തിലധികം ശബ്ദമുയര്‍ത്തുന്നത് പീഢനമാണ്. ‘അരോചകമായ ശബ്ദം കഴുതയുടെ ശബ്ദം തന്നെ.'(31: 19)’ അത് ഏറ്റവും വിരസവും ചീത്തയുമാണല്ലോ.

ആളുകളെ നിസ്സാരമാക്കുക എന്ന നിലയിലോ, അല്ലെങ്കില്‍ മൊത്തത്തില്‍ തന്നെയോ, ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് ഒഴിവാക്കണമാന്നാണ് ഈ സൂക്തത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്.

അങ്ങേയറ്റത്തെ ആക്ഷേപാര്‍ഹമായി ഉപമിക്കപ്പെടുന്ന ഒന്നാണല്ലോ കഴുത. അതിന്റെ ശബ്ദവും തഥൈവ. ശബ്ദമാണ് പേടിക്ക് ആധാരമെങ്കില്‍, കഴുതയെയാണ് ഏറ്റവും പേടിക്കേണ്ടത്. ‘കഴുതയുടെ ശബ്ദം കേട്ടാല്‍, പിശാചില്‍ നിന്നും ശരണം തേടണമെന്നും കാരണം, അത് പിശാചിനെ കണ്ടിരിക്കുന്നു’വെന്നും തിരുമേനി(സ) കല്‍പിച്ചത് ഇത് കൊണ്ടത്രെ.

മകനെ, ഒരു സദസ്സില്‍ ചെന്നാല്‍, ആദ്യമായി, അവര്‍ക്ക് അഭിവാദ്യം – സലാം – പറയുക; പിന്നെ, അവരോടൊപ്പം ഇരിക്കുക; അവര്‍ സംസാരിക്കുന്നത് കണ്ടാല്‍ മാത്രം സംസാരിക്കുക; അവര്‍ ദൈവസ്മരണയില്‍ പ്രവേശിക്കുകയാണെങ്കില്‍, അവരോട് പങ്കു ചേരുക; മറ്റു കാര്യങ്ങളിലാണ് പ്രവേശിക്കുന്നതെങ്കില്‍ മാറിപ്പോവുക.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Post