വിധി നിർണ്ണയ രാവ്
ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്നു തീര്‍ത്തു പറയാന്‍ കഴിയുന്ന ഒരു തെളിവും നമ്മുടെ പക്കലില്ല. പ്രവാചകനില്‍ നിന്നും അതിനു പറ്റിയ ഒരു വിവരവും നാം കണ്ടില്ല. തീര്‍ത്തും സ്വഹീഹായ ഹദീസുകളില്‍ തന്നെ പല ദിവസങ്ങളും വന്നിട്ടുണ്ട്. അതിനെ പണ്ഡിത ലോകം ഇങ്ങിനെയും വായിച്ചു എന്ന് വേണം മനസ്സിലാക്കാന്‍ ‘ലൈലത്തുല്‍ ഖദ്ര്‍ എല്ലാ വര്‍ഷവും ഒരു പ്രത്യേക ദിവസത്തിലല്ല. അത് മാറിമാറി വരുന്നു എന്ന് വേണം മനസ്സിലാക്കാന്‍’ പ്രവാചകന്‍ റമദാനിലെ അവസാന പത്തിന് പ്രത്യേക പരിഗണന നല്‍കിയിരുന്നു എന്നതിനാല്‍ അവസാന പത്തിലാണ് ഇത് സംഭവിക്കാന്‍ സാധ്യത എന്നും ചര്‍ച്ച ചെയ്യപ്പെടുന്നു.
ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്നയാള്‍ എന്ത് ചെയ്യണം എന്നതും പ്രവാചകന്‍ പറഞ്ഞു ‘പ്രതിഫലം ഉദ്ദേശിച്ചു കൊണ്ട് രാത്രി നമസ്‌കാരം വര്‍ധിപ്പിക്കുക, ദിക്‌റുകളും പ്രാര്‍ത്ഥനകളും വര്‍ധിപ്പിക്കുക, പള്ളിയുമായി ബന്ധം വര്‍ധിപ്പിക്കുക, ദാന ധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക’ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു.
താന്‍ ജീവിച്ചിരിക്കുന്ന കാലത്ത് പ്രവാചകന്‍ സഹാബത്തിനെ വിളിച്ചു കൂട്ടി ഈ രാത്രികളില്‍ എന്തെങ്കിലും തരത്തിലുള്ള ആരാധന രീതികള്‍ ചെയ്തതായി കാണുക സാധ്യമല്ല. ഓരോരുത്തരും അവരും റബ്ബും തമ്മിലുള്ള ഇടപാടായി ലൈലത്തുല്‍ ഖദറിനെ മനസ്സിലാക്കി. ശേഷം സഹാബിക ളുടെ കാലത്തും അങ്ങിനെ ഉണ്ടായതായി കാണുക വയ്യ.
ഉമറുല്‍ ഫാറൂഖിന്റെ ഭരണ കാലത്തു രാത്രി നമസ്‌കാരം ഒരു നേതാവിന്റെ കീഴിലേക്ക് കൊണ്ട് വന്നതിനു ശേഷം മുസ്ലിം ലോകം ഈ നമസ്‌കാരം അങ്ങിനെ കൊണ്ട് നടക്കുന്നു. പ്രവാചകന്‍ റമദാനിലെ രാത്രി നമസ്‌കാരം വളരെ കുറച്ചു മാത്രമാണ് സംഘടിതമായി നിര്‍വഹിച്ചത്. സമുദായത്തിന്റെ മേല്‍ അതൊരു ബാധ്യതയായി വരുമോ എന്ന ആശങ്കയാണ് പ്രവാചകനെ അതില്‍ നിന്നും പിന്തിരിപ്പിച്ചത് എന്നൊക്കെ നമുക്ക് വായിക്കാം. ആളുകളെ ഇമാമായി നമസ്‌കരിക്കാന്‍ പ്രേരിപ്പിച്ച ഉമര്‍ (റ) രാത്രി നമസ്‌കാരം ഒറ്റക്കായിരുന്നു നമസ്‌കരിച്ചിരുന്നത് എന്ന് കാണുന്നു.
എന്റെ ചെറുപ്പത്തില്‍ ഈ രാത്രിയില്‍ പ്രത്യേകിച്ചൊന്നും കണ്ടിട്ടില്ല. പകല്‍ സമയത്തു ആളുകള്‍ സമ്പന്നന്റെ വീട്ടു പടിക്കല്‍ കൈകാട്ടി നില്‍ക്കും. വൈകുന്നേരം പുണ്യം ഉദ്ദേശിച്ചു ആളുകള്‍ പള്ളിയിലേക്ക് പലഹാരങ്ങള്‍ കൊണ്ട് വരും. ഇന്ന് സ്വഭാവം മാറിയിരിക്കുന്നു.
ലൈലത്തുല്‍ ഖദ്ര്‍ ഒരു ആഘോഷമാണ്. പള്ളികളില്‍ നിന്നും ആളുകളെ പറമ്പുകളിലേക്കു കൊണ്ട് പോകുന്ന ദിനമായി ഇത് മാറിയിരിക്കുന്നു. പുതിയ രീതിയില്‍ പല ദിക്ര്‍ സര്‍ക്കസുകളും നാട്ടില്‍ കണ്ടു വരുന്നു. പേപ്പട്ടി കടിയേറ്റവന്റെ ചേഷ്ടകളും ശബ്ദങ്ങളും ഇത്തരം കൂടിച്ചേരലുകളെ വര്‍ണാഭമാക്കുന്നു. ഷോക്കടിച്ചതു പോലുള്ള ഈ ചാട്ടവും ആട്ടവും ഒരിക്കല്‍ ഇമാം ഹുസ്സൈന്‍ അവര്‍കളുടെ ഒരു ഭാഗം മറവു ചെയ്തു എന്ന് പറയപ്പെടുന്ന പള്ളിയില്‍ വെച്ച് കണ്ടിരുന്നു.
ശിയാക്കളുടെ വേലയാണ് മതത്തില്‍ നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നത്. ഷിയാ എന്നത് തന്നെ ഒരു നൂതന മാര്‍ഗം എന്ന് വേണം മനസ്സിലാക്കാന്‍.
രക്ഷയും സമാധാനവും കൊണ്ട് ആകാശ ലോകത്തു നിന്നും മാലാഖമാര്‍ ഭൂമിയില്‍ വരുന്ന രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍. സ്ഥിരമായി അല്ലാഹുവിനെ അംഗീകരിക്കുന്നവര്‍ക്കുള്ള ഒരു പ്രൊമോഷന്‍ എന്ന് പറയാം. ഇന്ന് നിറയുന്ന പള്ളികള്‍ മറ്റുള്ള ദിവസന്തങ്ങളില്‍ എന്ത് കൊണ്ട് ശൂന്യമാകുന്നു എന്നതും കൂടി ഓര്‍മ്മവേണം. മതം എളുപ്പമാണ്. എന്ന് പറഞ്ഞാല്‍ മതം കൊണ്ട് നടക്കാന്‍ എളുപ്പമാണ്.
തെറ്റ് കുറ്റങ്ങളില്‍ നിന്നും സ്വയം മാറി നില്‍ക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. പക്ഷെ ചുളുവില്‍ അടിച്ചെടുക്കാന്‍ കഴിയുന്നതല്ല മതത്തിലെ പ്രതിഫലം. അതിനു അതീവ ത്യാഗം ആവശ്യമാണ്. ത്യാഗ പൂര്‍ണമായ അനുസരണത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ആരാധനകളാണ് ദൈവം ആഗ്രഹിക്കുന്നത്.
അത് ഒരിക്കലും ഒരു ദിവസമോ മാസമോ കൊണ്ട് പൂര്‍ത്തിയാകില്ല. അത് നിലപാടിന്റെ കൂടി പേരാണ്. മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ ആ പുണ്യം നേടാന്‍ മതിയാകില്ല.
മരണ വീടുകളിലും ഖബറിന്റെ അരികിലും ദിക്‌റുകളിലും എല്ലാം പുതിയ രീതികള്‍ വര്‍ധിച്ചു വരുന്നു. ബിദ്അത്തുകള്‍ വര്‍ധിച്ചു വരുമ്പോള്‍ അതൊരു വിഷമമായി ആര്‍ക്കും അനുഭവപ്പെടുന്നില്ല. നല്ല കാലം എന്ന് പറഞ്ഞ ആദ്യത്തെ മൂന്നു നൂറ്റാണ്ടില്‍ കാണാതെയും കേള്‍ക്കാതയും പോയ പലതുമാണ് ഇന്ന് ദീനിന്റെ പേരില്‍ നാം കേള്‍ക്കുന്നതും കാണുന്നതും.