ഇസ്ലാം പഠിപ്പിക്കുന്ന സാഹോദര്യം
മുസ്‌ലിം അല്ലാത്ത ഒരാളെ കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ മനോമുകുരത്തില്‍ ഉണ്ടായിരിക്കുക ? അയാള്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന പരിഗണന എന്തായിരിക്കും ? അതിനുള്ള ഉത്തരം നിങ്ങളുടെ ഈമാനിന്റെ അളവുകോലായിരിക്കും.
അയാളെ കാണുമ്പോള്‍ എന്റെ മനസ്സില്‍ വരുന്ന ചിത്രം ?
‘നരകാവകാശി’
അയാളെപ്പറ്റിയുള്ള വിചാരം ?
‘അയാള്‍ക്ക് ഒന്നുമറിയില്ല. അയാളെക്കാള്‍ എത്രയോ ഉത്തമനാണ് താന്‍. ഞാന്‍ സ്വര്‍ഗാവകാശിയാണ്. അയാള്‍ എന്നില്‍നിന്ന് തീര്‍ത്തുംവ്യത്യസ്തമാണ്.
എത്രത്തോളമെന്ന് പറഞ്ഞാല്‍ അന്യഗ്രഹജീവിയെന്നൊന്നുണ്ടെങ്കില്‍ അതിനെക്കാള്‍ വിചിത്രമാണ് അയാള്‍.’
അയാളെ എങ്ങനെയാണ് പരിഗണിക്കുന്നത്?
‘വളരെ മോശം.’
തീര്‍ച്ചയായും മേല്‍വിവരിച്ച മട്ടിലുള്ള വിധിയെഴുത്ത് തികഞ്ഞ വിവരമില്ലായ്മയെയാണ് കുറിക്കുന്നത്. അങ്ങനെയെങ്കില്‍ ശരിയായ ഉത്തരമെന്താണ് ? ഈ ചോദ്യങ്ങള്‍ പ്രവാചകന്‍മാരോടാണ് ഉന്നയിക്കുന്നതെങ്കില്‍ അല്ലെങ്കില്‍ അവരുടെ സഹചാരികളോട് എന്തിന് മുഹമ്മദ് നബിയോടുതന്നെയാണെങ്കില്‍ എന്തായിരിക്കും പ്രതികരണം ?
മുഹമ്മദ് നബി(സ) തന്റെ കാലത്തെ ഇതരസമുദായാംഗങ്ങളെ കണ്ടതെങ്ങനെയെന്നത് നമുക്ക് പരിശോധിക്കാം. അത്തരത്തില്‍ 3 പേരുടെ ഉദാഹരണം നമുക്ക് പരിശോധിക്കാം.
മുത്ഇമുബ്‌നു അദിയ്യ് : ഖുറൈശി അവിശ്വാസി
പ്രവാചകന്‍ തന്റെ പ്രബോധനകാലത്ത് കടന്നുപോയ ഏറ്റവും പ്രയാസമേറിയ ഘട്ടം. പ്രവാചകന്‍ സംരക്ഷണവും സഹായവും പ്രതീക്ഷിച്ച് മാതാവിന്റെ നാടായ ത്വാഇഫില്‍ പോവുകയുണ്ടായി. എന്നാല്‍ അവിടെനിന്ന് പിള്ളേരുടെ കല്ലേറും പരിഹാസവും കൂക്കുവിളിയും മാത്രമാണുണ്ടായത്. അങ്ങനെ ശരീരമാകെ ചോരയൊലിപ്പിച്ച് മക്കയിലേക്ക് തിരിച്ചുപോന്നു. അദ്ദേഹത്തിന്റെ പിതൃവ്യന്‍ അബൂത്വാലിബ് മരിച്ചിട്ട് അധികം നാളുകളായിരുന്നില്ല. നബിതിരുമേനിയെ കണ്ടാല്‍ ആക്രമിക്കാന്‍ തയ്യാറായി ആയുധധാരികളായ സത്യനിഷേധികള്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന മക്കയില്‍ അതുകൊണ്ടുതന്നെ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.
അത്തരമൊരു ഘട്ടത്തില്‍ മക്കയില്‍ പ്രവേശിക്കുന്നത് തികച്ചും ആത്മഹത്യാപരമായിരുന്നു. ആ സമയത്ത് തന്റെ ചില പ്രതിനിധികളെ മക്കയിലെ പ്രമാണിമാരുടെ അടുത്തേക്കയച്ച് അദ്ദേഹം സംരക്ഷണമാവശ്യപ്പെട്ടു. അക്കൂട്ടത്തില്‍ മുത്ഇമുബ്‌നു അദിയ്യ് മാത്രമാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥനയോട് പ്രതികരിച്ചത്. നബിയുടെ പ്രവാചകത്വത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ നബിയെയും ഗോത്രക്കാരെയും ശിഅ്ബ് അബീത്വാലിബില്‍ 3 വര്‍ഷത്തോളം പട്ടിണിക്കിട്ട് ബഹിഷ്‌കരിച്ച ഘട്ടത്തില്‍ ആ ബഹിഷ്‌കരണത്തിന് അന്ത്യംകുറിച്ചവരില്‍ ഒരാള്‍ ഈ മുത്ഇം ആയിരുന്നു. അദ്ദേഹം തന്റെ മക്കളെ വിളിച്ച് പറഞ്ഞു: ‘നിങ്ങള്‍ ആയുധമണിയുക. എന്നിട്ട് കഅ്ബയില്‍ചെന്ന് അതിന് ചുറ്റും നിലകൊള്ളുക. തീര്‍ച്ചയായും ഞാന്‍ മുഹമ്മദിന് സംരക്ഷണം നല്‍കിയിരിക്കുന്നു.’
അതോടെ മുഹമ്മദ് നബി മക്കയിലേക്ക് പ്രവേശിച്ചു. നബിയെ മുത്ഇമിന്റെ ആയുധധാരികളായ മക്കള്‍ വലയം ചെയ്ത് അനുഗമിച്ചു. അവര്‍ കഅ്ബയിലേക്ക് നീങ്ങി. മുത്ഇം കഅ്ബയുടെ പുറത്ത് കയറിനിന്ന് പ്രഖ്യാപിച്ചു:’അല്ലയോ ഖുറൈശികളേ, തീര്‍ച്ചയായും മുഹമ്മദിന്റെ സുരക്ഷ എന്റെ ഉത്തരവാദിത്വത്തിലാണ്. അതിനാല്‍ നിങ്ങളാരും അദ്ദേഹത്തെ അക്രമിക്കാന്‍ ഒരുമ്പെടേണ്ടതില്ല.’ തിരുമേനി കഅ്ബയില്‍ പ്രവേശിച്ച് രണ്ട് റക്അത്ത് നമസ്‌കരിച്ചു. അവിടെനിന്നിറങ്ങി തന്റെ വീട്ടിലേക്ക് തിരിച്ച നബിയോടൊപ്പം വീടുവരെ മുത്ഇമും മക്കളും അനുഗമിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം ബദ്ര്‍ യുദ്ധവേളയില്‍ വിജയശ്രീലാളിതരായ മുസ്‌ലിംകള്‍ മക്കാഖുറൈശികളെയും തടവുകാരായിപ്പിടിച്ചു. അവരെ അഭിമുഖീകരിച്ച് നബിതിരുമേനി(സ) പറഞ്ഞു: ‘ഇക്കൂട്ടത്തിലെങ്ങാനും മുത്ഇമുബ്‌നു അദിയ്യ് ജീവനോടെയുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അക്കാരണത്താല്‍ തന്നെ ഈ തടവുകാര്‍ക്കെല്ലാം ഞാന്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തി മാപ്പുകൊടുക്കുമായിരുന്നു'(ബുഖാരി 4023).
ജൂതറബ്ബിയായ മുഖൈരിഖ്
ഹിജ്‌റയുടെ 3- ാം വര്‍ഷം. മദീനയിലെ മുസ്‌ലിംകളെ നേരിടാനായി മക്കയില്‍നിന്ന് ഖുറൈശികളുടെ വന്‍പട വരുന്ന വിവരം നബിക്ക് കിട്ടി. അവരെ നേരിടാനായി നബിയും അനുയായികളും ഉഹുദ് മലയുടെ താഴ്‌വാരത്തില്‍ വന്ന് തമ്പടിച്ചു. മുസ്‌ലിംകളുടെ സൈനികബലം ശത്രുവിന്റെതുമായി താരതമ്യംചെയ്യുമ്പോള്‍ മൂന്നിലൊന്ന് മാത്രമായിരുന്നു.
മദീനയിലെത്തിയ കാലത്ത് നബിതിരുമേനി അവിടെയുള്ള ജൂതഗോത്രങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. അതനുസരിച്ച് മദീനയ്ക്കുനേരെ ആക്രമണമുണ്ടായാല്‍ എല്ലാവരും ഒത്തുചേര്‍ന്ന് അതിനെ പ്രതിരോധിക്കുമെന്നായിരുന്നു കരാറിലെ ഒരു വ്യവസ്ഥ. എന്നാല്‍ ആ ജൂതഗോത്രത്തില്‍ ഒരാള്‍ മാത്രമായിരുന്നു പ്രസ്തുത കരാര്‍ പാലിക്കാന്‍തയ്യാറായത്. അത് മുഖൈരിഖ് എന്ന ജൂതപുരോഹിതനായിരുന്നു.
ചരിത്രകാരനായ ഇസ്ഹാഖ് അതിനെ ഉദ്ധരിക്കുന്നത് കാണുക: മുഖൈരിഖ് തന്റെ ഗോത്രത്തിലെ ആളുകളെ കരാറിന്റെ കാര്യം ഓര്‍മിപ്പിച്ചു : ‘അല്ലയോ യഹൂദരേ, മുഹമ്മദിന്റെയും കൂട്ടരുടെയും വിജയത്തിന് നാം ഒരുമിക്കണമെന്ന് നിങ്ങള്‍ക്കറിയാമല്ലോ’. അതുകേട്ടപ്പോള്‍ അവര്‍ പറഞ്ഞു:’പക്ഷേ, ഇന്ന് ശാബത് ദിവസമാണല്ലോ.’ ‘ഒരു ശാബത്തുമില്ല ‘ എന്ന് പറഞ്ഞ് അദ്ദേഹം തന്റെ വാളുമെടുത്ത് മുന്നോട്ടുനീങ്ങി. തദവസരത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു:’ഞാന്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടാല്‍ എന്റെ സകലസമ്പത്തും മുഹമ്മദിനുള്ളതാണ്. അദ്ദേഹത്തിന് അത് തന്നിഷ്ടപ്രകാരം ചെലവഴിക്കാവുന്നതാണ്.’
ഉഹുദ് രണാങ്കണവേദിയില്‍ അദ്ദേഹം കൊല്ലപ്പെടും വരെ ധീരധീരം പൊരുതി. അദ്ദേഹത്തിന്റെ മൃതദേഹത്തിനരികിലെത്തിയ മുഹമ്മദ് നബി(സ) ഇപ്രകാരം പറഞ്ഞു: ‘യഹൂദസഹോദരങ്ങളില്‍ ഏറ്റവും ഉത്തമനായിരുന്നു മുഖൈരിഖ്’.
ക്രൈസ്തവ രാജാവ് നേഗസ്(നജ്ജാശി)
നബിതിരുമേനിയുടെ പ്രബോധനത്തിന് തുടക്കം കുറിച്ച കാലഘട്ടം. നബിയുടെ അനുയായികളായി വിരലിലെണ്ണാവുന്ന ആളുകളേ ഉണ്ടായിരുന്നുള്ളൂ. അവരാകട്ടെ, സമൂഹത്തിലെ പിന്നാക്ക-ദുര്‍ബല വിഭാഗത്തില്‍പെട്ടവരായിരുന്നു. തന്‍മൂലം ഖുറൈശികളുടെ പീഡനം അവര്‍ക്ക് ഏല്‍ക്കേണ്ടിവന്നു. അവരില്‍ പലരും ക്രൂരമായ ഭേദ്യങ്ങള്‍ക്ക് വിധേയരായി. തടവിലടക്കപ്പെട്ടു. ആ ഘട്ടത്തില്‍ അതിനെതിരെ യുദ്ധത്തിനൊരുങ്ങാന്‍ അല്ലാഹു അനുവാദം നല്‍കിയില്ല. അതിനാല്‍ മുസ്‌ലിംകള്‍ക്ക് മറ്റേതെങ്കിലും നാട്ടിലേക്ക് പലായനം ചെയ്യാന്‍ അനുവാദം നല്‍കപ്പെട്ടു. പക്ഷേ, അവരെവിടേക്കാണ് പോവുക? ആരാണ് അവര്‍ക്ക് സംരക്ഷണം നല്‍കുക? ഒരിടത്തും ഖുറൈശികള്‍ അവരെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലല്ലോ. എന്നാല്‍ മുഹമ്മദ് നബിക്ക് ഒരുത്തരമേ ഉണ്ടായുള്ളൂ, അബ്‌സീനിയയിലെ (ഇന്നത്തെ ഏത്യോപ്യ)നജ്ജാശി(നേഗസ് രാജാവ്).
നജ്ജാശി എന്നത് അബ്‌സീനിയന്‍ രാജാവിന്റെ സ്ഥാനപ്പേരാണ്. അദ്ദേഹത്തിന്റെ യഥാര്‍ഥനാമം അശാമഃ എന്നാണ്.’അശാമഃ വളരെ നീതിമാനായ രാജാവായതുകൊണ്ട് തന്റെ അനുയായികള്‍ക്ക് ആ നാട്ടില്‍ യാതൊരു ദ്രോഹവും നേരിടേണ്ടിവരില്ല എന്ന് നബി(സ) മനസ്സിലാക്കി. അതിനാല്‍ അബ്‌സീനിയയിലേക്ക് പലായനംചെയ്യാന്‍ അദ്ദേഹം അനുയായികള്‍ക്ക് അനുവാദംകൊടുത്തു'(മുബാറക്പുരി78).
ആദ്യം ഏതാനും ആളുകള്‍ അബ്‌സീനിയയിലേക്ക് പോയി. ശേഷം 83 പുരുഷന്‍മാരും 19 സ്ത്രീകളും അടങ്ങിയ രണ്ടാമത്തെ സംഘം പുറപ്പെട്ടു. അബ്‌സീനിയയിലെ രാജാവ് അവരെ ഇരുകയ്യുംനീട്ടി സ്വീകരിച്ചു. മുസ്‌ലിംകള്‍ക്കെതിരെ രാജാവിനെ ഇളക്കിവിടാന്‍ പ്രതിനിധി സംഘത്തെ അയച്ച ഖുറൈശികളുടെ നടപടികളോട് നീതിപൂര്‍വമാണ് രാജാവ് സമീപിച്ചത്. രാജാവ് മുസ്‌ലിംകളെ രാജസന്നിധിയിലേക്ക് വിളിപ്പിച്ചു. മുസ്‌ലിംകളുടെയും ഖുറൈശികളുടെയും വാദമുഖങ്ങള്‍ കേട്ടു.
‘ഖുറൈശികള്‍ രണ്ട് പ്രതിനിധികളെ അയച്ചു. രാജാവിനായി വിലപിടിപ്പുള്ള സമ്മാനങ്ങളും കൂട്ടത്തില്‍ കൊടുത്തുവിട്ടു. മുസ്‌ലിംകളെ രാജ്യത്തുനിന്ന് ആട്ടിയോടിക്കാന്‍ രാജാവിനെ നിര്‍ബന്ധിതനാക്കുംവിധം കാര്യങ്ങള്‍ ധരിപ്പിക്കാന്‍ അവരെ ചട്ടംകെട്ടി. എന്നാല്‍ ഇസ് ലാമിന്റെ മഹിതാശയങ്ങളും യേശുവിനെയും മര്‍യമിനെയും കുറിച്ച വീക്ഷണങ്ങളും കേട്ട് സംതൃപ്നായ രാജാവ് ഖുറൈശിപ്രതിനിധികള്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ തിരിച്ചുനല്‍കി മുസ്‌ലിംകള്‍ എന്നെന്നും തന്റെ നാട്ടിലെ അതിഥികളായിരിക്കുമെന്ന് പറഞ്ഞ് അവരെ പറഞ്ഞുവിട്ടു'(അല്‍ഖഹ്താനി).
നജ്ജാശി പിന്നീട് മുസ്‌ലിമാവുകയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ ഇസ്‌ലാംസ്വീകരണത്തെക്കുറിച്ച് പ്രവാചകന് വിവരം കിട്ടുന്നതിന് മുമ്പാണ് തിരുമേനി മുസ്‌ലിംകളെ മറ്റേതൊരു നാട്ടിലേക്കും വിടാതെ അബ്‌സീനിയയിലേക്ക് പറഞ്ഞയച്ചത്.
മുസ്‌ലിംകള്‍ ആഗ്രഹിച്ചത്രയുംകാലം അവിടെ കഴിഞ്ഞുകൂടി. തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ച് ജീവിക്കാന്‍ അവര്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും അവിടെയുണ്ടായി. പിന്നീട് മദീനയില്‍ നബിതിരുമേനി സുശക്തമായ ഒരു രാഷ്ട്രം സ്ഥാപിച്ചതിനുശേഷം ഖൈബര്‍ യുദ്ധം നടന്ന വര്‍ഷമാണ് അവര്‍ അബ്‌സീനിയ വിട്ടത്.
നജ്ജാശി മരണപ്പെട്ടപ്പോള്‍ അല്ലാഹുവിന്റെ കല്‍പന പ്രകാരം ആദ്യമായി മറഞ്ഞ മയ്യിത്തിനുവേണ്ടി നബിയും അനുയായികളും നമസ്‌കരിച്ചു. നബി (സ) പറഞ്ഞു: ‘ഇന്ന് ഏത്യോപ്യയയിലെ ഒരു വിശ്വാസി മരണപ്പെട്ടിരിക്കുന്നു'(ബുഖാരി 1320)
ഇതരസമുദായങ്ങളില്‍പെട്ടവരെ തിരുമേനി എങ്ങനെ നോക്കിക്കണ്ടുവെന്ന് നാം മനസ്സിലാക്കി. നേരത്തെ ഉണ്ടായിരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനിയിങ്ങനെയായിരിക്കും.
അയാളെ കാണുമ്പോള്‍ എന്റെ മനസ്സില്‍ വരുന്ന ചിത്രം ?
ഒരു മനുഷ്യന്‍ ,അല്ലാഹു ആദരിച്ച സൃഷ്ടി.
അയാളെപ്പറ്റിയുള്ള വിചാരം?
അയാളെക്കുറിച്ച് അറിയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അയാളുമായി നന്‍മയില്‍ വര്‍ത്തിച്ചുകൊണ്ട് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നു.
അയാളെ എങ്ങനെയാണ് പരിഗണിക്കുന്നത്?
അയാള്‍ എന്റെ സഹോദരനാണ്. ദൈവപ്രീതിക്ക് അര്‍ഹനാവുംവിധം സിദ്ധികള്‍ക്കുടയവന്‍. ദൈവത്തിന് വഴിപ്പെടാന്‍ അയാള്‍ ഒരുക്കമല്ലെങ്കില്‍തന്നെയും എന്റെ ആദരവുകള്‍ക്കര്‍ഹന്‍.