ഒരു സ്ലൊവാക്യന്‍ വനിതയുടെ ഇസ് ലാം സ്വീകരണം)
ചരിത്രാതീതകാലം മുതലേ മനുഷ്യനെ വിഭ്രമിപ്പിച്ച ചില സംഗതികളുണ്ട്. താന്‍ എവിടെനിന്നുവന്നു, എന്തുകൊണ്ടിവിടെ,എന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ അവനെ മഥിച്ചുകൊണ്ടിരുന്നവയാണ്.
1989 ല്‍ മധ്യസ്ലൊവാക്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. എല്ലാവര്‍ക്കും പരസ്പരമറിയാമായിരുന്നു. വേറിട്ട വ്യക്തിത്വം അവര്‍ക്ക് പരിചിതമായിരുന്നില്ല. എന്റെ മമ്മിയും ഡാഡിയും ക്രിസ്ത്യാനികളായിരുന്നു. മമ്മിയും ഡാാഡിയും ആരാവണമെന്ന് തീരുമാനിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമില്ലല്ലോ. എല്ലാവരെയും പോലെ എന്റെയും മാമോദീസ മുക്കപ്പെട്ടു.
പ്രൈമറിവിദ്യാഭ്യാസം ആരംഭിച്ചപ്പോള്‍ തന്നെ സണ്‍ഡേ സ്‌കൂളില്‍ ചേര്‍ത്തു. ദൈവത്തെപ്പറ്റി എനിക്ക് യാതൊരു സങ്കല്‍പങ്ങളുമുണ്ടായിരുന്നില്ല. ഒരു ആന്റിയുമായി നടന്ന കൂടിക്കാഴ്ച എനിക്കിപ്പോഴും ഓര്‍മയുണ്ട്. അവര്‍ക്ക് മക്കളില്ലായിരുന്നു.അതിനാല്‍ അവര്‍ സ്വന്തം മകളെപ്പോലെ എന്നെ വളര്‍ത്തി. ചര്‍ച്ചില്‍ പ്രാര്‍ത്ഥനക്കായി കൊണ്ടുപോകുമായിരുന്നു അവര്‍. കുട്ടിയായതുകൊണ്ട് എനിക്ക് കളികളിലായിരുന്നു കൗതുകം. ആന്റിയെ ഇഷ്ടമായിരുന്നതുകൊണ്ട് പരമാവധി അവരെ പിണക്കുന്നതൊന്നും ചെയ്യാറില്ല. ഞാന്‍ എപ്പോഴും അവരോടൊപ്പംചര്‍ച്ചില്‍ പോയിക്കൊണ്ടിരുന്നു.
ഏതാണ്ട് 7-ാം ക്ലാസ് വരെ സ്ഥിരമായി കുര്‍ബാനയ്ക്കും മറ്റും പങ്കെടുത്തു. ആവശ്യം എന്നതിനേക്കാളേറെ ശീലത്തിന്റെ ഭാഗമായി ഞാനത് തുടര്‍ന്നുവെന്നുമാത്രം. ചര്‍ച്ചില്‍ പ്രാര്‍ഥനയ്ക്കുശേഷം പരസ്പരം പരദൂഷണംപറയുന്ന വയസ്സികളെ എനിക്കിഷ്ടമല്ലായിരുന്നു. മാത്രമല്ല, ആണ്‍കുട്ടികള്‍ അവിടെനിന്ന് നേരെ പുകവലിക്കാനും കുടിക്കാനും മറ്റുമായി പബ്ബിലേക്കാണ് പോകുക. എനിക്കൊന്നും ചെയ്യാനാകുമായിരുന്നില്ല. ആളുകള്‍ ആത്മവഞ്ചന നടത്തുന്നതില്‍ യാതൊരു ലജ്ജയുംകാണിച്ചില്ല. കുറേക്കൂടി വളര്‍ന്നുവലുതായപ്പോള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി ഞാന്‍ പോയി. വിലക്കപ്പെട്ട കനികള്‍ ഭുജിക്കണമെന്ന ആഗ്രഹം കലശലായി.
ഡാഡിയുമായി എന്റെ ബന്ധം സുഖകരമായിരുന്നില്ല. അതെന്നെങ്കിലും ശരിയാകുന്ന പ്രതീക്ഷപോലും അസ്ഥാനത്തായിരുന്നു. ഏറ്റവും നന്നായി പെരുമാറാന്‍ ഞാന്‍ പരിശ്രമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. എന്റെ വ്യക്തിത്വത്തിനുമേല്‍ കറുത്തപാടുകള്‍ വീഴ്ത്തിയ, കണ്ണുനീര്‍ത്തുള്ളികള്‍ വര്‍ഷിച്ച ഒരു കാലഘട്ടമായിരുന്നു അത്. ഉള്ളില്‍ എല്ലാവരോടും എല്ലാറ്റിനോടും പ്രതികാരവാഞ്ച വളര്‍ന്നുവന്നു. ഡാഡിക്ക് എന്നെ വഴക്കുപറയാനും ഭര്‍ത്സിക്കാനും പറ്റിയ കാരണങ്ങള്‍ ഞാന്‍തന്നെ ഉണ്ടാക്കിക്കൊടുത്തു. രാത്രി വൈകുവോളം വീടിനുപുറത്തുകഴിച്ചുകൂട്ടി. ജീവിതത്തില്‍ പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ നടന്നവരായിരുന്നു എന്റെ സുഹൃത്തുക്കള്‍. മദ്യവും മയക്കുമരുന്നും,സിഗരറ്റും മറ്റുമൊക്കെയായി തിന്‍മയുടെ വലയില്‍ കുടുങ്ങിക്കിടന്നു.
എന്നേക്കാള്‍ ആറുവയസിന് മൂപ്പുണ്ടായിരുന്ന സഹോദരിയായിരുന്നു എനിക്ക് ആകെയുണ്ടായിരുന്ന ഒരു ആശ്വാസം. പക്ഷേ, കുറച്ചുകഴിഞ്ഞപ്പോള്‍ അവള്‍ ജോലിയാവശ്യാര്‍ഥം ബ്രാട്ടിസ്ലാവയിലേക്ക് പോയി. മമ്മി കൂടെയുണ്ടായിരുന്നെങ്കിലും ഞാന്‍ ഫലത്തില്‍ തനിച്ചായി. അവരാകട്ടെ, എന്തിനും ഏതിനും കുറ്റംപറയുന്നതില്‍ പിതാവിന് പിന്തുണനല്‍കി. പത്താംതരം പിന്നിട്ടപ്പോള്‍ ഉയര്‍ന്നവിദ്യാഭ്യാസത്തിന് ഹോസ്റ്റല്‍ സൗകര്യമുള്ള സ്‌കൂളില്‍ ചേരണമെന്ന് ഞാന്‍ തീര്‍ച്ചയാക്കി. വീട്ടിലെ അവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ അതുമാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.
നിത്ര എന്ന പട്ടണത്തിലായിരുന്നു പുതിയ ഹയര്‍സെകന്ററി സ്‌കൂള്‍ സ്ഥിതിചെയ്തിരുന്നത്. ശാന്തവും, സംതൃപ്തിദായകവും, സന്തുലിതവുമായ പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു. വീട്ടില്‍ പോകേണ്ടിവരുമല്ലോയെന്നോര്‍ത്ത് വാരാന്ത്യങ്ങളെ ഞാന്‍ ഭയന്നു.2005 ലെ ജനുവരി ആദ്യവാരത്തില്‍ ചേച്ചിയെ ബ്രാട്ടിസ്ലാവയില്‍ പോയി കണ്ടു. ചേച്ചിയുടെ ഒരു മുസ്‌ലിംസുഹൃത്തും ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേര്‍ന്നു. ഇസ്‌ലാമിനെക്കുറിച്ച സംസാരത്തിലൂടെ ആ ചെറുപ്പക്കാരന്‍ എന്റെ ശ്രദ്ധ കവര്‍ന്നു. ഞാന്‍ ചോദിച്ച എല്ലാ സംശയങ്ങള്‍ക്കും അയാള്‍ക്ക് ഉത്തരമുണ്ടായിരുന്നു. അന്നുരാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. കൂടുതല്‍ അറിയാനുള്ള ആകാംക്ഷ എന്നില്‍ തുടിച്ചുനിന്നു. ആ മുസ്‌ലിംചെറുപ്പക്കാരന്‍ എന്താണ് വിശ്വസിക്കുന്നത്? ഞാനുമായി എന്തുവ്യത്യാസമാണ് അയാള്‍ക്കുള്ളത്? വാര്‍ത്താചാനലുകള്‍ എപ്പോഴും ‘അവരെ’ക്കുറിച്ച് പറയുന്നതൊക്കെ എനിക്കറിയാമായിരുന്നു. ഡാഡി അക്കൂട്ടരെക്കുറിച്ച് പറയാറുള്ളതും ഓര്‍ത്തു. ആളുകള്‍ പറയുന്നതല്ല, സ്വന്തം അനുഭവത്തിലൂടെ അവരെപ്പറ്റി മനസ്സിലാക്കണമെന്ന് തീര്‍ച്ചപ്പെടുത്തി.
പിന്നീടൊരിക്കല്‍ വീണ്ടും ചേച്ചിയുടെ അടുത്ത് പോയപ്പോള്‍ അയാളെ ക്കണ്ടു. അന്നും സംസാരവിഷയം ഇസ്‌ലാംതന്നെയായിരുന്നു. ഒട്ടേറെ പുതിയ സംഗതികള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇസ്‌ലാമിനെസംബന്ധിച്ച ഏതാനും പുസ്തകങ്ങള്‍ അയാള്‍ എനിക്ക് കൊണ്ടുതന്നു. അവയെല്ലാം ഒരാഴ്ചകൊണ്ട് വായിച്ചുതീര്‍ത്തു. എന്റെ മനസ്സിനകത്ത് സംഘര്‍ഷമോ ഉത്കണ്ഠയോ എന്നറിയില്ല, അന്ന് കുറേനേരം കരഞ്ഞു. സന്തോഷത്താലോ സന്താപത്താലോ എന്ന് പറയാനാകില്ല; എന്റെ കണ്ണില്‍ വിവരിക്കാനാകത്തവിധം അത് നിറഞ്ഞുതുളുമ്പിയപ്പോള്‍ മാത്രമാണ് എനിക്ക് വിശ്വസിക്കാനായത് ഞാന്‍ കരയുകയാണെന്ന്. ചിന്തകളുടെ വേലിയേറ്റമായിരുന്നു മനസ്സില്‍. ഖുര്‍ആന്റെ സ്ലൊവാക് പരിഭാഷ ആവശ്യപ്പെട്ടപ്പോള്‍ അതെനിക്കെത്തിച്ചുതരാന്‍ അദ്ദേഹത്തിന് ക്ഷമയുണ്ടായി. ഖുര്‍ആന്‍ തുറന്നപ്പോള്‍ എന്റെ കണ്ണിലുടക്കിയ ആ വചനങ്ങള്‍ എനിക്കിപ്പോഴും മറക്കാനാകില്ല.
‘(പ്രവാചകരേ,)സത്യത്തെ നിഷേധിച്ച് തങ്ങളുടെ കൈവശമുള്ള വിഭവങ്ങളില്‍ അഭിരമിക്കുന്നവരെ എനിക്കുവിട്ടേക്കുക. നീ ക്ഷമകൈക്കൊള്ളുക’ ഞാന്‍ അമ്പരന്നുപോയ നിമിഷമായിരുന്നു അത്. ജീവിതത്തിലൊരിക്കലും അത്തരത്തില്‍ അസാധാരണമാം വിധം ഭയന്നിട്ടില്ല. പക്ഷേ ഇതെന്നെ കുലുക്കിക്കളഞ്ഞു. ഞാന്‍ ആരുടെയോ അടിമയാണ് എന്നെനിക്ക് തോന്നി. എന്റെ ആ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ആരുമില്ലല്ലോ എന്നോര്‍ത്ത് ആദ്യമായി ഖേദിച്ചു. അന്നുവരെ വിശ്വസിച്ചിരുന്ന എല്ലാ കാര്യങ്ങളും മനസ്സില്‍നിന്ന് മായ്ച്ചുകളയാന്‍തന്നെ ഞാനുറച്ചു. അതത്ര എളുപ്പമായിരുന്നില്ലെങ്കില്‍ പോലും. ഞാന്‍ തേടിക്കൊണ്ടിരുന്ന സംഗതി കണ്ടെത്തിയതില്‍ ഹൃദയം സന്തുഷ്ടയായിരുന്നു.
ആ ചുരുങ്ങിയ ആയുസ്സിനുള്ളില്‍ ഒട്ടേറെ തിന്‍മകള്‍ ഞാന്‍ ചെയ്തുകൂട്ടിയിരുന്നല്ലോ. ലോകത്ത് നടമാടിയിരുന്ന എല്ലാ കൊള്ളരുതായ്മകളും പരീക്ഷിച്ചറിഞ്ഞിരുന്നു. ഒരാളും എല്ലാം തികഞ്ഞതായിട്ടില്ലല്ലോ, അതുകൊണ്ടുതന്നെ അതില്‍നിന്ന് ഞാനും മാറിനിന്നിരുന്നില്ല. ജീവിതത്തെ സംബന്ധിച്ചിടത്തോളം തന്റെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് അത് തിരുത്തുകയെന്നതാണ് പ്രധാനം. ഞാന്‍ ചെയ്തുപോയ തെറ്റുകളെയോര്‍ത്ത് പശ്ചാത്തപിച്ചു. കഴിഞ്ഞുപോയത് കഴിഞ്ഞു. ഇനി ഭാവി സുരക്ഷിതമാക്കണം. ജീവിതം വൃഥാ അല്ലയെന്നും ഏതോ മഹിതലക്ഷ്യമുണ്ടെന്നും ഹൃദയാന്തരാളങ്ങളില്‍ പലപ്പോഴും ഒരുവികാരം ഉയര്‍ന്നുവന്നിരുന്നു. ആ സവിശേഷസംഗതിയെന്തെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദൈവം ഒന്നേയുള്ളൂവെന്നതായിരുന്നു അത്. എല്ലാ സായാഹ്നത്തിലും ആ ശഹാദത്ത് ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
ജീവിതത്തിന്റെ യഥാര്‍ഥവര്‍ണം കണ്ടത് അപ്പോഴായിരുന്നു. ആ വേനലവധിക്കാലം ഞാന്‍ ബ്രാട്ടിസ്ലാവയില്‍ ചെലവഴിച്ചു. അവിടെ എന്നെ ഒരുപാട് സഹായിച്ച ഒരു മുസ്‌ലിംസഹോദരിയുണ്ടായിരുന്നു. ചെക് റിപബ്ലികില്‍ നടന്ന വിശ്വാസികളുടെ ഒരു സമ്മേളനത്തില്‍ അവരോടൊപ്പം മൂന്നുദിവസം പങ്കെടുത്തു. അതെന്നിലുണ്ടാക്കിയ പ്രഭാവം വളരെ വലുതായിരുന്നു. ആ സഹോദരി എനിക്കെന്നും വെളിച്ചമേകിനിന്നു. അവരെ എനിക്കൊരിക്കലും മറക്കാനാകില്ല. ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളിലാക്കെ എന്നോടൊപ്പം അവര്‍ താങ്ങായി നിന്നു. ഇസ്‌ലാം ഞാന്‍ ആദര്‍ശമായി സ്വീകരിച്ചപ്പോള്‍ ആ തീരുമാനം ശരിയായിരുന്നുവെന്ന് തന്റെ പ്രവര്‍ത്തനത്തിലൂടെ എന്നെ എല്ലാ അര്‍ഥത്തിലും ബോധ്യപ്പെടുത്തിയത് അവരായിരുന്നു.
അങ്ങനെ 8 മാസത്തെ ആ പരിശ്രമത്തിനൊടുവില്‍ ഞാന്‍ ശഹാദത്ത് കലിമചൊല്ലി ഇസ്‌ലാം സ്വീകരിച്ചു. ജീവിതത്തില്‍ സന്തോഷവും,ശാന്തിയും അവബോധവും പകര്‍ന്നുകിട്ടിയ നിമിഷങ്ങളായിരുന്നു അത്. അക്ഷരാര്‍ഥത്തില്‍ പുതിയൊരു ജന്‍മംതന്നെയായിരുന്നു അത്. ചിറകിട്ടടിച്ച് പുറത്തേക്ക് വരാന്‍ വെമ്പുന്ന ചിത്രശലഭത്തിന്റെ വികാരവേലിയേറ്റങ്ങള്‍ എന്റെ ഹൃദയത്തിനകത്ത് ഉണ്ടായി. ഇപ്പോഴിതാ ജീവിതത്തിന് അര്‍ഥം ഉണ്ടായിരിക്കുന്നു. ഈ ജീവിതം ഞാന്‍ എല്ലാവര്‍ക്കും ആശംസിക്കുന്നു. അല്ലാഹുവിനോട് അവന്റെ അനുഗ്രഹം സദാ നമ്മിലെല്ലാവരിലുണ്ടാകണമേയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.