മുസ്‌ലിം പേര്

Originally posted 2014-04-13 10:31:28.

ചോദ്യം: ഞാനൊരു പുതു മുസ്‌ലിമാണ്. ഇസ്‌ലാം സ്വീകരിച്ചിട്ട് ഏറെ നാളുകള്‍ ആയിട്ടില്ല. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഞാന്‍ മുസ്‌ലിം പേര് സ്വീകരിക്കണമോ? എന്റെ പേരിന് വിശ്വാസപരമായി എന്തെങ്കിലും കുഴപ്പങ്ങളില്ലെങ്കില്‍ ആ പേര് തന്നെ നിലനിര്‍ത്തുന്നതില്‍ എന്താണ് കുഴപ്പം?5707288921_40fd171e3f_z

…………………………………………………..

ഉത്തരം:  മുസ്‌ലിമായ താങ്കളുടെ ഇസ്‌ലാമായി ജീവിക്കാനുള്ള താല്‍പ്പര്യം അഭിനന്ദമര്‍ഹിക്കുന്നു. താങ്കള്‍ ഇസ്‌ലാം സ്വീകരിക്കുക മാത്രമല്ല, അതിന്റെ പേരില്‍ ആവശ്യം വന്നാല്‍ പേരുമാറ്റാനും തയ്യാറാണെന്നാണ് താങ്കളുടെ ചോദ്യത്തില്‍ നിന്നു മനസ്സിലാകുന്നത്. ഇസ് ലാമിന്റെ തൗഹീദിന് വിരുദ്ധമാകുന്ന നാമങ്ങള്‍ ഒരു വിശ്വാസിക്ക് അനുയോജ്യമല്ല. എന്നാല്‍ എല്ലാ പേരുകളും അങ്ങനെയല്ല, അര്‍ത്ഥ രഹിതമായോ മോശപ്പെട്ട അര്‍ത്ഥമില്ലാത്തതോ ആയ പേരുകള്‍ ആണ് ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പു തന്നെ ഉള്ളതെങ്കില്‍ ആ പേരു തന്നെ സ്വീകരിക്കുന്നതിന് കുഴപ്പമില്ല.

ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതോടെ പേര് മാറ്റണമെന്നുള്ളത് വിശ്വാസം സ്വീകരിക്കുന്നതിനു മാനദണ്ഡമല്ല, അങ്ങനെ ചെയ്യണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. ഏകനായ അല്ലാഹുവിന് പരിപൂര്‍ണ്ണമായും കീഴൊതുങ്ങുകയെന്നതാണ് ഒരു വിശ്വാസിയുടെ ധര്‍മം. ഒരാള്‍ മുസ്‌ലിമാകുന്നതിന് ഇതുമാത്രമേ ആവശ്യമുള്ളൂ. പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിരവധി സ്വഹാബിമാര്‍ ഇസ്‌ലാം സ്വീകരിച്ച ശേഷവും പഴയ പേരുകള്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. വിശ്വാസത്തിന് എതിരാവുകയോ മോശമായ അര്‍ത്ഥങ്ങളോ ഉള്ള പേരുകള്‍ മാത്രമേ നബി തിരുമേനി മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. മുമ്പുണ്ടായിരുന്ന ചില സംസ്‌കാരങ്ങളില്‍ മോശപ്പെട്ട പേരിട്ടാലേ കുട്ടികള്‍ പൈശാചികശക്തിയില്‍ നിന്ന് രക്ഷപ്പെടുകയുള്ളൂ എന്ന ഒരു വിശ്വാസം നിലനിന്നിരുന്നു.

വിശ്വാസത്തിന്റെ താല്‍പ്പര്യത്തിന് നിരക്കാത്ത പേര് തിരുമേനി മാറ്റിയതിനു ഉദാഹരമാണ് അബൂ ഹുറൈറ എന്ന പ്രമുഖ സ്വഹാബിയുടെ മുന്‍ പേര് തിരുമേനി മാറ്റിയ സംഭവം. അബ്ദുസ്സ്വഖ്‌റ് എന്നായിരുന്നു ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ പേര്. അബ്ദുസ്സ്വഖ്‌റ് എന്നാല്‍ പാറയുടെ അടിമ എന്നാണ്. ഒരാള്‍ മുസ്‌ലിമാകുന്നതോടെ അവന്‍ പരിപൂര്‍ണ്ണമായും അല്ലാഹുവിന്റെ മാത്രം അടിമയായിത്തീരുന്നു. ഇക്കാരണം കൊണ്ട് തിരുമേനി അദ്ദേഹത്തിന് പുതിയ പേര് നല്‍കി. അബ്ദുര്‍ റഹ്മാന്‍ എന്ന പേരാണ് തിരുമേനി അദ്ദേഹത്തിന് നല്‍കിയത്. പിന്നീട് വീണ്ടും കുറെ കാലങ്ങള്‍ക്കു ശേഷമാണ് അബൂ ഹുറൈറ എന്ന പേര് അദ്ദേഹത്തിന് വീണത്. വീട്ടില്‍ ഒരു ചെറിയ പൂച്ചയെ വളര്‍ത്തിയിരുന്നതിനാല്‍ തിരുമേനി (സ) അബ്ദുര്‍ റഹ്മാനെ അബൂ ഹുറൈറ എന്നു വിളിക്കുകയായിരുന്നു.

Related Post