IOS APP

വിദ്യാഭ്യാസത്തിന്റെ അപചയം

 പോ നൂറ്റാണ്ട് വളരെയധികം ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയിട്ടുള്ളeducation_jpg_666709f ഒന്നാണ് വിദ്യാഭ്യാസവും അതിന്റെ മൂല്യവും. വിദ്യാഭ്യാസം എന്നതിന് ഒരു നിര്‍വചനവും ആവശ്യമായി വരുന്നില്ല. അത് സാര്‍വലൗകികവും സുപരിചിതവുമാണ്. താന്‍ ജീവിക്കുന്ന ലോകവും ചുറ്റുപാടും തന്റെ ജ്ഞാനത്തിലൂടെയും അറിവിലൂടെയും മനസ്സിലാക്കുകയും അത് നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ പൂര്‍ണതലം. വിദ്യാഭ്യാസം എന്തിനുവേണ്ടി എന്നത് പ്രസക്തമായ ചോദ്യമാണ്. അതിന് ഉത്തരം കണ്ടെത്തേണ്ടത് ഓരോ മനുഷ്യന്റെയും ബാധ്യതയാണ്. വിദ്യാഭ്യാസം എന്നത് സംസ്‌കാരമുള്ള, മൂല്യബോധമുള്ള, ധാര്‍മിക ബോധമുള്ള ഉത്തമ സമൂഹത്തിന്റെ രൂപവത്കരണത്തിന് അനിവാര്യമായ പ്രക്രിയയാണ്. മനുഷ്യനില്‍ മനുഷ്യത്വം വളര്‍ത്തുന്നത് അല്ലെങ്കില്‍ നിലനിര്‍ത്തുന്നത് വിദ്യാഭ്യാസമാണ്. സമൂഹത്തില്‍ ഒരാളുടെ ഭാഗധേയം നിര്‍ണയിക്കുന്നത് യഥാര്‍ഥത്തില്‍ വിദ്യാഭ്യാസമാണ്. സംസ്‌കാരവും വിദ്യാഭ്യാസവും തോളോട് തോള്‍ ചേര്‍ന്ന് വര്‍ത്തിക്കുന്ന പൂരകങ്ങളാണ്. വിദ്യാഭ്യാസമില്ലാത്ത സമൂഹത്തില്‍ സംസ്‌കരണം തികച്ചും പ്രയാസമാണ്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ആവശ്യകതയും പക്ഷേ ഇന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. പൂര്‍വ കാലങ്ങളിലുണ്ടായിരുന്ന വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ മണ്‍മറഞ്ഞുപോയി. കച്ചവടവത്കരണത്തിന്റെയും വിലപേശലിന്റെയും കരാള ഹസ്തങ്ങളിലാണ് ഇന്ന് വിദ്യാഭ്യാസം. തൊഴില്‍ നേടലും സമ്പാദിക്കലും മാത്രമായി ഇന്ന് അതിന്റെ ഉപയോഗം. മനുഷ്യന്റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വിദ്യയെന്ന സമ്പത്തിനെ ഉപയോഗിക്കുകയും അതിന്റെ യഥാര്‍ഥ മൂല്യത്തെ തിരിച്ചറിയുകയും ചെയ്യാത്ത സമൂഹമായിരിക്കുന്നു നമുക്ക് ചുറ്റും. മോഹവും അതിമോഹവും നിവര്‍ത്തിക്കാനുള്ള ഒരുപാധിയായി വിദ്യാഭ്യാസത്തെ മാറ്റിയിരിക്കുന്നു. സ്വതന്ത്ര ഭാരതത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുര്‍ബലമായ രംഗം കച്ചവടവത്കരിക്കപ്പെട്ട ഈ വിദ്യാഭ്യാസം തന്നെയാണ്. സ്വതന്ത്ര ബുദ്ധിയും അന്വേഷണ ത്വരയുമുള്ള വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്നതിനു പകരം അന്ധമായ അനുകരണം ശീലമാക്കിയ, സ്വതന്ത്ര ചിന്താശക്തി നഷ്ടപ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാരെയാണ് ഇന്നത്തെ വിദ്യാഭ്യാസ രീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

മനുഷ്യനെ മനുഷ്യനാക്കേണ്ട വിദ്യാഭ്യാസം അവനെ മൃഗമാക്കി ക്കൊണ്ടിരിക്കുന്ന കാഴ്ചകളാണ് കാണുന്നത്. സംസ്‌കാര സമ്പന്നനാകേണ്ടതിന് പകരം അവന്‍ സംസ്‌കാര ശൂന്യനാകുന്നു. രാജ്യത്തെ പല കൊള്ളരുതായ്മകള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് പലപ്പോഴും വിദ്യാസമ്പന്നരെന്ന് അറിയപ്പെടുന്നവരാണ്. അഴിമതി നടത്തുന്ന രാഷ്ട്രീയ മേലാളന്മാരും പാവപ്പെട്ട ജനങ്ങളില്‍നിന്ന് വന്‍ തുക കൈക്കൂലി വാങ്ങുന്ന എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും നിയമം ലംഘിക്കുന്ന നിയമപാലകരും ഉത്തരവാദിത്തം നിര്‍വഹിക്കാത്ത അധ്യാപക സമൂഹവും മതനിയമങ്ങള്‍ തന്നിഷ്ടപ്രകാരം മാറ്റിമറിക്കുന്ന മതപുരോഹിതന്മാരും ഇന്നിന്റെ ശാപമാണ്. ഇവരെല്ലാം ആധുനിക വിദ്യാഭ്യാസത്തിന്റെ ഉല്‍പന്നങ്ങളാണല്ലോ. തികച്ചും ലജ്ജാകരം തന്നെ.

വിദ്യാസമ്പന്നരില്‍നിന്ന് സമൂഹം പ്രതീക്ഷിക്കുന്നതിന്റെ നേര്‍വിപരീതമായതാണ് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്‌കാരത്തിന്റെയും ധാര്‍മികബോധത്തിന്റെയും അടിത്തറയായിരിക്കേണ്ട കലാലയ മുറ്റങ്ങള്‍ പക്ഷേ അധാര്‍മികതയുടെയും അസാന്മാര്‍ഗികതയുടെയും കൂത്തരങ്ങായി മാറി. ‘കലാലയം’ എന്നത് മാറ്റി ‘കൊലാലയം’ എന്നവയെ വിളിക്കേണ്ട അവസ്ഥ. മനുഷ്യനെ മനുഷ്യനാക്കേണ്ട വിദ്യാഭ്യാസ നയം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ പരീക്ഷണാലയങ്ങളായിരിക്കുന്നു. തങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്തത് തങ്ങളുടെ മക്കളിലൂടെ സാക്ഷാല്‍ക്കരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അവരെ ഡോക്ടറോ എഞ്ചിനീയറോ ഐ.എ.എസ്‌കാരനോ ഒക്കെ ആക്കിമാറ്റാന്‍ അവരാഗ്രഹിക്കുന്നു. മക്കളെ മനുഷ്യത്വമുള്ളവരാക്കാന്‍ അവര്‍ക്കാഗ്രഹമില്ല. ഇങ്ങനെ സ്വന്തം മക്കളെ വില്‍പനച്ചരക്കാക്കി മാറ്റുന്ന രക്ഷിതാക്കളും വിദ്യാഭ്യാസ മൂല്യതകര്‍ച്ചക്ക് സംഭാവന നല്‍കുന്നുണ്ട്. ഈ രക്ഷിതാക്കള്‍ വില്‍പനച്ചരക്കാക്കി വളര്‍ത്തിയ മക്കള്‍ തന്നെ അവരെ വൃദ്ധസദനങ്ങളിലാക്കുന്ന സംസ്‌കാരശൂന്യതയാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്.

 

നമുക്ക് വേണ്ടത് ബ്രോയിലര്‍ കോഴിക്കൂട്ടങ്ങളെയല്ല. സംവദിക്കാനും പ്രാവര്‍ത്തികമാക്കാനും ചിന്തിക്കാനും ഇടപെടാനും കഴിയുന്ന പ്രതിഭകളെയാണ്. മാനവനെ സദാചാരനിഷ്ഠയിലും ധാര്‍മികബോധത്തിലും ഉറപ്പിച്ചുനിര്‍ത്തുന്ന, അവനെ മനുഷ്യനാക്കുന്ന ഒരു പുതിയ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ഥികളില്‍ ലക്ഷ്യബോധം വളര്‍ത്താനുതകുന്ന, പ്രവര്‍ത്തനത്തിലധിഷ്ഠിതമായ, മത-ധാര്‍മിക അധ്യാപനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഒരു പാഠ്യപദ്ധതിയാണ് നമുക്കാവശ്യം. വിശുദ്ധ ഖുര്‍ആനിലെ ആദ്യ വചനം ”നീ വായിക്കുക, നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍” എന്നാണ്. രക്ഷിതാവിന്റെ നാമത്തിലുള്ള വായന ഇന്നിന്റെ ആവശ്യമാണ്. ശാസ്ത്രം പഠിക്കുമ്പോള്‍ ഈ ശാസ്ത്രത്തിന്റെ അടിത്തറയെ, ഈ ലോകത്തെ തന്നെ സൃഷ്ടിച്ച ശക്തിയെകൂടി മനസ്സിലാക്കാന്‍ സാധിക്കണം. ഈ പ്രപഞ്ചമെന്ന അത്ഭുതത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തെയും ദൈവിക നിര്‍ദേശങ്ങളെയും ഉള്‍ക്കൊള്ളാന്‍ സാധിക്കണം. ഈ രീതിയിലുള്ള വിദ്യാഭ്യാസ നയവും മാര്‍ഗങ്ങളുമാണ് നമുക്കാവശ്യം. ഇതിലൂടെ മാത്രമേ വിദ്യാഭ്യാസം കൊണ്ട് നാം പ്രതീക്ഷിക്കുന്ന ഫലം ലഭ്യമാവൂ. അപ്പോള്‍ മാത്രമേ വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യവും ഉദ്ദേശ്യവും പൂര്‍ത്തിയാകൂ.education21

ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ നയത്തിലൂടെ സമൂഹത്തോട് കടപ്പാടുള്ള, പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാം. അഴിമതിക്കാരും കള്ളന്മാരും കൊള്ളക്കാരും നിറഞ്ഞ ഈ ലോകത്ത് മനുഷ്യത്വമുള്ള ഒരു കൂട്ടം ജനങ്ങളെ വാര്‍ത്തെടുക്കാന്‍ ഈ പുതിയ നയത്തിനാവും.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.