പരിസ്ഥിതിയുടെ മനംമടുപ്പിക്കുന്ന മാലിന്യകൂമ്പാരങ്ങള്‍

Originally posted 2014-06-05 12:57:44.

പരിസ്ഥിതിയെ അസന്തുലിതമാക്കിക്കൊണ്ട് സംസ്ഥാനത്ത് മാലിന്യകൂമ്പാരങ്ങള്‍ പെരുകുകയാണ്. ഇത്തരം മാലിന്യ നിക്ഷേപങ്ങള്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ലാതിരിക്കെ സംസ്കരണത്തിന്റെ ഉത്തരവാദിത്വം സംബന്ധിച്ച് അധികൃതര്‍ തമ്മിലുള്ള വാക്പോരിന് അന്ത്യമില്ല. സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ അടിയന്തര പരിഹാരമുണ്ടായിട്ടില്ലെങ്കില്‍ കേരളം ആരോഗ്യമേഖലയില്‍ വലിയൊരു ദുരന്തത്തിനായിരിക്കും സാക്ഷ്യം വഹിക്കേണ്ടി വരിക.

ആസൂത്രണത്തിലെ പി‍ഴവും തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ ആത്മാര്‍ത്ഥതയില്ലായ്മയുമാണ് മാലിന്യ സംസ്കരണത്തെ പ്രതിസന്ധിയിലാക്കുന്നതെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. മാലിന്യ നിര്‍മാര്‍ജനത്തിന് ക‍ഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച മാലിന്യമുക്ത കേരളം പദ്ധതി ഈ സര്‍ക്കാര്‍ വന്നതോടെ അനശ്ചിതത്വത്തിലായി. തിരുവനന്തപുരത്തെ വിളപ്പില്‍ശാല, കൊച്ചിയിലെ ബ്രഹ്മപുരം, തൃശൂരിലെ ലാലൂര്‍, കോ‍ഴിക്കോട്ടെ ഞളിയന്‍ പറമ്പ്, കണ്ണൂരിലെ ചേലോറ തുടങ്ങിയ പതിവ് പേരുകള്‍ക്ക്‌ പുറമെ ഒട്ടേറെ ചെറുതും വലുതുമായ മാലിന്യ കേന്ദ്രങ്ങള്‍ പെരുകുകയാണ്. ഈ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളൊക്കെ സാമ്പത്തികമായും സമൂഹ്യമായും പിന്നോക്കം നില്‍ക്കുന്നവരുടെ താമസസ്ഥലങ്ങള്‍ക്ക്‌ സമീപമാണെന്നതും വിഷയത്തിന് സാമൂഹ്യമാനം നല്‍കുന്നു.

അന്യരുടെ മാലിന്യങ്ങള്‍ക്ക്‌ നടുവില്‍ ജീവിക്കേണ്ടി വരുന്ന ഇവരുടെ ഗതികേട് കാണാനോ പരിഹാരമുണ്ടാക്കാനോ ആരുമില്ല. മാലിന്യ സംസ്കരണത്തിന് പുതുവ‍ഴി തേടിയുള്ള ഗവേഷണങ്ങളും നടപടികളും സര്‍ക്കാര്‍ ഖജനാവിന് ബാധ്യതയാവുന്നതല്ലാതെ ഫലപ്രദമാവുന്നില്ല. കോടിക്കണക്കിന് രൂപ മുടക്കി വാങ്ങിയ മാലിന്യ സംസ്കരണ യന്ത്രങ്ങള്‍ തുരുമ്പെടുക്കുകയാണ്. ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കാനുള്ള കൂടുതല്‍ സംവിധാനമൊരുക്കിയാല്‍ മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.IMG_5819-2-1

Related Post