അവസാനത്തെ ആണി

Originally posted 2014-05-13 19:37:07.

മതേതരത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി

ഒ. അബ്ദുര്‍റഹ്മാന്‍
election14
പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള തിരശ്ശീല ഉയര്‍ന്നു. ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന അഭിപ്രായ വോട്ടെടുപ്പ് നിഗമനങ്ങളെ വിശ്വസിക്കാമെങ്കില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ കേവല ഭൂരിപക്ഷത്തിന്റെ അടുത്തത്തെുകയെങ്കിലും ചെയ്യും. ഇപ്പോള്‍ എന്‍.ഡി.എക്ക് പുറത്തുനില്‍ക്കുന്ന ഏതാനും പ്രാദേശിക പാര്‍ട്ടികളുടെ കൂടി പിന്തുണ ലഭിച്ചാല്‍ ഒരിക്കല്‍കൂടി ദേശീയ ജനാധിപത്യ സഖ്യം ഇന്ത്യയുടെ ഭരണം സ്വന്തമാക്കും. സാരഥ്യം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കോ എല്‍.കെ. അദ്വാനി, സുഷമ സ്വരാജ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരില്‍ ഒരാള്‍ക്കോ എന്നത് ബി.ജെ.പിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തെയും ഘടകകക്ഷികളുടെ താല്‍പര്യത്തെയും ആശ്രയിച്ചിരിക്കുന്നു. മോദിതന്നെ പ്രധാനമന്ത്രിയാവണം എന്ന ശാഠ്യത്തോടെയാണ് അദ്ദേഹവും ആര്‍.എസ്.എസും പ്രചാരണ രംഗം കൊഴുപ്പിക്കുന്നതെന്നത് ശരി. ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ സമ്പൂര്‍ണമായി സഹകരിക്കുന്നുവെന്നതും നേര്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കുമേല്‍ അഭൂതപൂര്‍വമായി പിടിമുറുക്കിയ കോര്‍പറേറ്റുകള്‍ മാനസപുത്രനായി മോദിയെ കാണുന്നുവെന്നതും അനിഷേധ്യം. ഇലക്ഷന്‍ കാമ്പയിനിലുടനീളം കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മുഴങ്ങുന്ന മുദ്രാവാക്യം ഗുജറാത്ത് മോഡല്‍ വികസനം എന്നതാണല്ലോ. ഗുജറാത്തിന്റെ മാതൃകയില്‍ ഇന്ത്യയെയാകെ വികസിപ്പിക്കാന്‍ ശേഷിയും ത്രാണിയുമുള്ളത് നരേന്ദ്ര മോദിക്കല്ലെങ്കില്‍ പിന്നെയാര്‍ക്ക്? അങ്ങനെയൊക്കെയാണെങ്കിലും ചരിത്രത്തിലാദ്യമായി ഒരു പ്രകടന പത്രികപോലും യഥാസമയം പുറത്തിറക്കാനാവാതെ പ്രചാരണം നടത്തേണ്ട ഗതികേടില്‍ കാവിപ്പട അകപ്പെട്ടത് ഇത്തവണയാണ്. ഒരു സിംഗ്ള്‍ സീറ്റുപോലും രാജ്യത്തൊരിടത്തും നേടുകയില്ലെന്ന് ദൃഢബോധ്യമുള്ള നവജാത രാഷ്ട്രീയ പാര്‍ട്ടികള്‍പോലും പ്രൗഢഗംഭീരമായ മാനിഫെസ്‌റ്റോ പുറത്തിറക്കി മത്സരരംഗത്തിറങ്ങിയ സന്ദര്‍ഭമാണിത്. എന്നിട്ടും രാജ്യം ഭരിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ചിറങ്ങിയവര്‍ എങ്ങനെ ഭരിക്കും, എങ്ങോട്ട് നയിക്കും, എത്രമേല്‍ വികസിപ്പിക്കും എന്ന് ജനങ്ങളോട് പറയാന്‍ ഏറെ വൈകിയതെന്തിന്? ഇവിടെയാണ് കായ പഴുത്തപ്പോള്‍ കാക്കക്ക് വായ്പുണ്ണ് എന്ന പ്രയോഗം സാര്‍ഥകമാവുന്നത്. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ മോദിയുടെ നാമനിര്‍ദേശം മുതല്‍ രൂപപ്പെട്ട പടലപ്പിണക്കം ആര്‍.എസ്.എസിന്റെ നിരന്തര ഇടപെടലിനും ശ്രമങ്ങള്‍ക്കും ശേഷവും അപരിഹാര്യമായി തുടരുന്നു. പ്രത്യക്ഷത്തില്‍ അദ്വാനി ഒതുങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ജന്മാഭിലാഷം ഇപ്പോഴും ഒടുങ്ങാതെ കിടക്കുന്നു. മുരളീ മനോഹര്‍ ജോഷിയെ ഇഷ്ടതാവളമായ വാരാണസിയില്‍നിന്ന് മോദിക്ക് വേണ്ടി ബലംപ്രയോഗിച്ച് സ്ഥലംമാറ്റിയതോടെ പ്രകടനപത്രിക തയാറാക്കുന്ന പണിക്ക് വേറെ ആളെ നോക്കണം എന്നായി. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി ഇത്രയുംകാലം തിളങ്ങിയ തനിക്ക് പ്രധാനമന്ത്രി പദം ഇതാ എത്തിപ്പിടിക്കാനായി എന്നുറപ്പിച്ച നേരം, വെറും ഒരു സംസ്ഥാന മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അത് തട്ടിപ്പറിച്ചെടുക്കുന്ന കാഴ്ച സുഷമ സ്വരാജിന് സഹിക്കാനാവുന്നില്ല. ജസ്വന്ത് സിങ്ങാകട്ടെ കലഹിച്ചു കൂടുവിട്ടുപോയി. എന്‍.ഡി.എ വീണ്ടും അധികാരമുറപ്പിച്ചാലും ഈവക പ്രശ്‌നങ്ങള്‍ വെല്ലുവിളിയായി അവശേഷിക്കും എന്ന് കരുതുന്നവരാണേറെ. ഒപ്പംതന്നെ മോദിയിലെ ഏകാധിപതി ഇമ്മാതിരി തടസ്സങ്ങള്‍ വെട്ടിനീക്കാന്‍ പ്രാപ്തനാണെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

നടേ പറഞ്ഞതത്രയും സര്‍വേകളെയും പ്രവചനങ്ങളേയും മുഖവിലക്കെടുത്തുകൊണ്ടുള്ള നിഗമനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. മുമ്പ് പലപ്പോഴും പലേടത്തും സംഭവിച്ചപോലെ സര്‍വേകളും പ്രവചനങ്ങളും തെറ്റായിക്കൂടേ? തീര്‍ച്ചയായും അതെ. എന്‍.ഡി.എയുടെതന്നെ ഒന്നാമൂഴം കഴിഞ്ഞപ്പോള്‍ ഇന്ത്യ തിളങ്ങുന്നു എന്ന പ്രചണ്ഡമായ പ്രചാരണത്തിലൂടെ രണ്ടാമൂഴം തരപ്പെടുത്താനൊരുങ്ങിയപ്പോഴാണല്ലോ വന്‍ തിരിച്ചടി നേരിട്ട് 10 കൊല്ലം പ്രതിപക്ഷത്തിരിക്കേണ്ടിവന്നത്. ഇപ്പോള്‍ ശാപമോക്ഷം കിട്ടി എന്നുറപ്പിക്കാന്‍ സാധാരണഗതിയില്‍ സാധ്യമല്ല. പക്ഷേ, അല്ലെങ്കില്‍ ബദലെന്ത്? യു.പി.എ, വിശിഷ്യാ കോണ്‍ഗ്രസ്, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിന് കാതോര്‍ക്കണം എന്നതിലേക്കാണ് സര്‍വേകള്‍ മുഴുവന്‍ വിരല്‍ ചൂണ്ടുന്നത്. കേരളവും പഞ്ചാബും ഒഴിച്ച് ഒരു സംസ്ഥാനവും കോണ്‍ഗ്രസിനെ തുണക്കില്ലെന്ന വിലയിരുത്തല്‍ വരുമ്പോള്‍ അതിന് വസ്തുതകളുടെ പിന്‍ബലമുണ്ട്. ടിക്കറ്റിനുവേണ്ടിയുള്ള കടിപിടി ഹൈകമാന്‍ഡിന് എക്കാലത്തേയും തലവേദനയായിരുന്ന കോണ്‍ഗ്രസില്‍ ഇത്തവണ കടിപിടിയില്ല, വിലപേശലില്ല, സമ്മര്‍ദങ്ങളില്ല. മരണാനന്തര ജീവിതത്തിലെ ‘മഹ്ശറ’യെ ഓര്‍മിപ്പിക്കുന്നവിധം നേതാക്കള്‍ മത്സരിക്കാന്‍ മനസ്സില്ലാതെ ഓടിയൊളിക്കുന്നതാണ് രാജ്യം കാണേണ്ടിവരുന്നത്. പലതവണ പ്രഖ്യാപനം മാറ്റിവെച്ചിട്ടും നരേന്ദ്ര മോദി വാരാണസിയില്‍ അഴിച്ചുവിട്ട യാഗാശ്വത്തെ പിടിച്ചുകെട്ടാനാളില്ലാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ്! നേതാക്കളില്‍ പലരും മുങ്ങുന്ന കപ്പലില്‍നിന്ന് ചാടി താമരത്തണലില്‍ അഭയം തേടി. മധ്യപ്രദേശിലെ ഒരു മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രചാരണത്തിനിറങ്ങിയശേഷമാണ് ഒരു ഖദര്‍ധാരി എല്ലാമുപേക്ഷിച്ച് കാവിയുടുക്കാന്‍ വഴിതേടിയത്. യു.പി.എയിലെ ഘടകകക്ഷികള്‍ ഓരോന്നായി പിന്മാറി. അവശേഷിക്കുന്നവരുടെ ഒഴിച്ചുപോക്കും സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്നാണ് അവരുടെതന്നെ മൊഴികള്‍ നല്‍കുന്ന സൂചന. കേരളത്തിലെ യു.ഡി.എഫിലെ രണ്ടാം കക്ഷിയെപ്പറ്റിപോലും പ്രചരിക്കുന്നത് വെറും കിംവദന്തികളല്ല എന്നാളുകള്‍ വിശ്വസിക്കുന്നു. എല്ലാറ്റിനും പുറമെ പതിറ്റാണ്ടുകാലം പ്രധാനമന്ത്രിയായി വാണ ധനകാര്യ വിദഗ്ധനും ഉദാരീകരണത്തിന്റെ നായകനുമായ ദേഹം മാളത്തിലൊളിച്ചമട്ടാണ്. കല്ലേറ് കൊള്ളില്ലെന്നുറപ്പുള്ള രണ്ടോ മൂന്നോ സ്ഥലങ്ങളിലേ സര്‍ദാര്‍ജി മുഖം കാണിക്കാന്‍ ധൈര്യപ്പെടുന്നുള്ളൂ. ആഗോളീകരണത്തിന്റെ ഫലമായ വികസനവും മഹാനേട്ടമായെണ്ണുന്ന അമേരിക്കന്‍ ബാന്ധവവും ലോക്പാല്‍പോലുള്ള നിയമനിര്‍മാണവും അഭിമാനാര്‍ഹമാണെങ്കില്‍ എന്തുകൊണ്ട് അതിനൊക്കെ ചുക്കാന്‍ പിടിച്ചയാള്‍ക്ക് ജനങ്ങളോട് കാര്യം ഉറക്കെ പറഞ്ഞ് വോട്ടിനഭ്യര്‍ഥിച്ചുകൂടാ? പതിറ്റാണ്ടുനീണ്ട ഭരണമാണ് പാര്‍ട്ടിയെ തീര്‍ത്തും പ്രതിരോധത്തിലാക്കിയതെങ്കില്‍ മറ്റാരെയും കുറ്റപ്പെടുത്തിയിട്ടൊരു പ്രയോജനവുമില്ല. കോര്‍പറേറ്റുകള്‍ക്കുള്ള ദാസ്യവൃത്തിയും അതിന്റെതന്നെ ഫലമായ ഭീകര കുംഭകോണങ്ങളും മതന്യൂനപക്ഷ വേട്ടയും തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വംകൊണ്ട് നേരിടാമെന്ന മിഥ്യാധാരണയുമാണ് കോണ്‍ഗ്രസിനെ വെറും 100 സീറ്റുകളുടെ പരിസരത്തത്തെിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ കാണാനാവും. പാവം, രാഹുല്‍ ഗാന്ധി! മന്‍മോഹന്‍ചിദംബരം, അഹ്‌ലുവാലിയ ടീം കുളിപ്പിച്ചു വെള്ളപുതപ്പിച്ച് കിടത്താന്‍ പോകുന്ന ദേശീയപ്രസ്ഥാനത്തിന്റെ അന്ത്യകൂദാശ നടത്താനുള്ള നിയോഗമാവുമോ ചരിത്രം അദ്ദേഹത്തെ ഏല്‍പിക്കാന്‍ പോകുന്നത്? മതേതരത്വവും വര്‍ഗീയതയും തമ്മിലെ നിര്‍ണായക ഏറ്റുമുട്ടലാണീ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ ഫാഷിസം രാജ്യത്തെ വിഴുങ്ങുമെന്നും വൈകിയവേളയില്‍ ദേശവ്യാപകമായി ബോധവത്കരിക്കാനിറങ്ങിയ സോണിയരാഹുല്‍ ടീം ഒരല്‍പം നേരത്തേ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു മഹാവിപത്ത് ഒഴിവാക്കാന്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ചിത്രം വ്യത്യസ്തമായേനെ.

അധികാര നഷ്ടം യാഥാര്‍ഥ്യമായി മനസ്സിലാക്കുന്ന കോണ്‍ഗ്രസ് മേയ് 16നുശേഷം രൂപപ്പെടുന്ന രാഷ്ട്രീയാനിശ്ചിതത്വം മുന്നില്‍കണ്ട് എന്‍.ഡി.എക്ക് പുറത്തുള്ള പാര്‍ട്ടികളുടെ കൂട്ടായ്മയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പ്രേരിപ്പിക്കുകയും പുറമെനിന്ന് പിന്തുണ നല്‍കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നതത്രെ. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ, മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, മുലായം സിങ് യാദവിന്റെ എസ്.പി, മായാവതിയുടെ ബി.എസ്.പി, നിതീഷ്‌കുമാറിന്റെ ജനതാദള്‍ യു, നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍ എന്നിവയും ഇടതു പാര്‍ട്ടികളുമാണ് തല്‍ക്കാലം പുറത്തുനില്‍ക്കുന്ന പാര്‍ട്ടികള്‍. ഇവയില്‍ പലതും മുമ്പ് എന്‍.ഡി.എയോടൊപ്പം നിന്നവരാണെന്നതിനാല്‍ ചരിത്രമാവര്‍ത്തിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. പ്രധാനമന്ത്രി ആരാവുമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കം പ്രാദേശിക പാര്‍ട്ടികളുടെ ഭരണ സഖ്യ സാധ്യതയെ അട്ടിമറിച്ചെന്നും വരാം. പക്ഷേ, ഇത്തരമൊരു തട്ടിക്കൂട്ട് മുന്നണിയിലാണ് സി.പി.എം പ്രതീക്ഷയര്‍പ്പിക്കുന്നതും പ്രതീക്ഷ വളര്‍ത്താന്‍ ശ്രമിക്കുന്നതും. പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടിക്ക് പ്രധാനമന്ത്രിപദം എന്ന ഫോര്‍മുലയാണ് പ്രകാശ് കാരാട്ട് അവതരിപ്പിക്കുന്നത്. അപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അത്തരമൊരു മുന്നണിയുടെ ഭാഗമായാല്‍ ഇടതുപാര്‍ട്ടികള്‍ എന്ത് ചെയ്യുമെന്ന ചോദ്യം ഉയരുന്നു. 25 സീറ്റുകളിലധികം നേടാനിടയില്ലാത്ത ഇടതുമുന്നണിക്കുവേണ്ടി തൃണമൂലിനെ കൈവിടാന്‍ ജയലളിത പ്രഭൃതികള്‍ തയാറാവില്ല. ത്രിശങ്കു പാര്‍ലമെന്റ് അധികം നീട്ടിക്കൊണ്ടുപോകാനും വകുപ്പില്ലാത്ത സാഹചര്യത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പാവും രക്ഷാമാര്‍ഗം. അത്തരമൊരവസ്ഥ തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് കോണ്‍ഗ്രസ് സ്വപ്നംകാണുന്നതെങ്കിലും ഉറച്ച ഭരണം ഉറപ്പുനല്‍കി നരേന്ദ്ര മോദിയും കൂട്ടുകാരും ദേശീയ രാഷ്ട്രീയത്തെ ഹൈജാക് ചെയ്യുക വിദൂരസാധ്യതയല്ല.

പശ്ചാത്തലം വളരെ വ്യക്തമാണ്. സുദീര്‍ഘകാലമായി ഭൂരിപക്ഷ സമുദായത്തില്‍ വലിയൊരു വിഭാഗത്തില്‍ ശക്തമായ ഹിന്ദു ഇന്ത്യയെക്കുറിച്ച സ്വപ്നം നട്ടുപിടിപ്പിക്കുന്നതില്‍ സംഘ്പരിവാര്‍ വിജയിച്ചുകഴിഞ്ഞിരിക്കുന്നു. പാകിസ്താനുമായുള്ള ബന്ധങ്ങള്‍ ഒരിക്കലും സാധാരണ നിലയിലാവാത്തതും ഇരു രാജ്യങ്ങളും തമ്മിലെ അവിശ്വാസം രാജ്യരക്ഷയെക്കുറിച്ച് ഉത്കണ്ഠ നിരന്തരം തീക്ഷ്ണമാക്കി നിലനിര്‍ത്തുന്നതും ഏറ്റവും വലിയ മതന്യൂനപക്ഷത്തിന്റെ രാജ്യസ്‌നേഹവും കൂറും ചോദ്യംചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ട്. പിന്നാക്കക്കാരില്‍ പിന്നാക്കമായി മുസ്‌ലിം ന്യൂനപക്ഷത്തെ അടയാളപ്പെടുത്തിയ സച്ചാര്‍ സമിതി, അവരെ വേട്ടയാടുന്ന അരക്ഷിതബോധമാണ് അതിന്റെ പ്രാഥമിക കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വീണ്ടെടുപ്പിനുള്ള സമിതി ശിപാര്‍ശകള്‍ യഥോചിതം പ്രയോഗവത്കരിക്കുന്നതിലുള്ള മുഖ്യതടസ്സം ന്യൂനപക്ഷ പ്രീണനാരോപണം ഭയക്കുന്ന യു.പി.എ സര്‍ക്കാറിന്റെയും മതേതര പാര്‍ട്ടികളുടെയും അര്‍ധ മനസ്സാണ്. എന്നിട്ടും ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ബി.ജെ.പി തുറുപ്പുശീട്ട് മന്‍മോഹന്‍ സര്‍ക്കാറിന്റെ ന്യൂനപക്ഷ പ്രീണനാരോപണംതന്നെ. പുറമെ, സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ആഗോള വ്യാപകമായി ‘ഇസ്‌ലാമിക ഭീകരത’ക്കെതിരെ അമേരിക്കയും നാറ്റോയും ആരംഭിച്ച കുരിശുയുദ്ധം ഇന്ത്യയിലെ ന്യൂനപക്ഷ വിരോധികള്‍ക്ക് ഒന്നാന്തരം അവസരമാണൊരുക്കിയത്. ദുര്‍ബല മതേതര സര്‍ക്കാറുകള്‍ക്ക് അവരുടെ മുറവിളികളെ അവഗണിക്കാനായില്ല. രാഷ്ട്രാന്തരീയതലത്തില്‍ അമേരിക്കയോടും ഇസ്രായേലിനോടുമുള്ള ബാന്ധവം മുന്‍വിധിയോടെയുള്ള അന്വേഷണങ്ങള്‍ക്കും നീതിരഹിതമായ നടപടികള്‍ക്കും ആക്കംകൂട്ടുകയും ചെയ്തു. തീവ്രദേശീയതയില്‍ വാര്‍ത്തെടുത്ത ബ്യൂറോക്രസിയും അന്വേഷണ ഏജന്‍സികളും രാജാവിനെക്കാള്‍ കനത്ത രാജഭക്തിയോടെ കരിനിയമങ്ങള്‍ കൈയിലെടുക്കുകയും ചെയ്തപ്പോള്‍ അനേകായിരം നിരപരാധികള്‍ ഇരുമ്പഴികള്‍ക്ക് പിന്നിലായി. വ്യാജ ഏറ്റുമുട്ടലുകളും സ്‌ഫോടനങ്ങളും നിത്യസംഭവങ്ങളായി. ഇതിനെതിരെ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും നടത്തിയ നിവേദനങ്ങളും ഉയര്‍ത്തിയ പ്രതിഷേധങ്ങളും കേവലം വനരോദനവുമായി. കോണ്‍ഗ്രസ് പാര്‍ട്ടിക്കും സര്‍ക്കാറുകള്‍ക്കും എക്കാലത്തെയും നിര്‍ണായക പിന്‍ബലമായിരുന്ന ന്യൂനപക്ഷ സമൂഹം രണ്ടില്‍നിന്നുമകലാന്‍ വഴിയൊരുക്കിയ സാഹചര്യമതാണ്. സച്ചാര്‍ സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നുവെന്ന പേരില്‍ ബജറ്റുകളിലും പദ്ധതികളിലും നീക്കിവെച്ച കോടികള്‍ മൗലിക പ്രശ്‌നപരിഹാരമായില്ലെന്നാണ് ഒടുവിലും വായിക്കാന്‍ കഴിയുന്ന ന്യൂനപക്ഷ മനസ്സ്. അതേയവസരത്തില്‍, ഭൂരിപക്ഷ മനസ്സിനെ തൃപ്തിപ്പെടുത്താനോ സ്വാധീനിക്കാനോ മൃദു ഹിന്ദുത്വ സമീപനം സഹായിച്ചതുമില്ല. നരേന്ദ്ര മോദിയെ മുന്നില്‍നിര്‍ത്തി സംഘ്പരിവാര്‍ നടത്തുന്ന രണോത്സുക പ്രചാരണങ്ങള്‍ക്ക് മീഡിയയുടെയും കോര്‍പറേറ്റുകളുടെയും പൂര്‍ണ പിന്തുണ ലഭിക്കുന്നതിനാല്‍ അധീര മതേതരത്വത്തിന്റെ ദുര്‍ബലസ്വരം ശൂന്യതയില്‍ ലയിക്കുകയാണ്. വൈകിയെങ്കിലും ഫാഷിസ്റ്റ് ഭീഷണിയുടെ ആഴവും വ്യാപ്തിയും തിരിച്ചറിഞ്ഞ് കരുത്തുറ്റ മതേതര പ്രതിരോധം തീര്‍ക്കുന്നതില്‍ സെക്കുലര്‍ പാര്‍ട്ടികളുടെ ശൈഥില്യം വന്‍ തടസ്സമായിനില്‍ക്കുകയും ചെയ്യുന്നു. ആം ആദ്മി പാര്‍ട്ടിയുടെ വൈകിയ അരങ്ങേറ്റം അഴിമതിക്കെതിരായ പോരാട്ടത്തിന് വീര്യം പകരുന്നുവെങ്കിലും മതേതരത്വ പ്രതിരോധത്തില്‍ അതും ബലഹീനമാണ്. ദിശാബോധം നഷ്ടപ്പെട്ട മതന്യൂനപക്ഷങ്ങള്‍ ക്ഷണികനേട്ടങ്ങളുടെ മരീചികക്ക് പിന്നാലെ അലയുക കൂടി ചെയ്യുന്നതോടെ ഉയരുന്ന ചോദ്യം ഇതാണ്: മതേതരത്വത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി അടിക്കാനാവുമോ 16ാം ലോക്‌സഭ ഇലക്ഷനില്‍ സമ്മതിദായകര്‍ പോളിങ് ബൂത്തിലേക്ക് മാര്‍ച്ച് ചെയ്യുന്നത്? കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും സോളാര്‍ തട്ടിപ്പും ടി.പി. ചന്ദ്രശേഖരന്‍ വധവും പരനാറി പ്രയോഗവും പ്രചാരണ യുദ്ധത്തിലുടനീളം നിറഞ്ഞുനിന്ന പ്രബുദ്ധ കേരളത്തില്‍ ഈ ചോദ്യം മൗലിക ഇഷ്യു പോലും ആയില്ലെന്നതാണ് ഏറ്റവും പരിതാപകരം.

കടപ്പാട് : മാധ്യമം

Related Post