സാമൂഹിക തിന്മകളും ഇസ്‌ലാമും

afhmn016

ഇന്ത്യന്‍ സമൂഹത്തില്‍ പൊതുവിലും കേരളത്തില്‍ പ്രത്യേകിച്ചും ഈയടുത്ത കാലത്തായി ധാരാളം ചര്‍ച്ച ചെയ്യപ്പെട്ട ചില സാമൂഹിക തിന്‍മകളും അവക്കെതിരായ ഭരണതല നടപടികളും ഇസ്‌ലാമിക ദര്‍ശനത്തിന്റെ അന്തസത്തയെ കൃത്യമായി പ്രകാശിപ്പിക്കുന്നതായിരുന്നു. സമൂഹത്തിന്റെ കെട്ടുറപ്പിനും സുരക്ഷിതത്വത്തിനും പോറലേല്‍ക്കാതിരിക്കാന്‍ ചില നിയമങ്ങളും നിരോധനങ്ങളും മതിയായേ തീരൂ എന്ന് നമ്മുടെ ഭരണകൂടവും പോലീസും കോടതിയുമെല്ലാം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മാനവിക വിരുദ്ധമായ ഇത്തരം ഏത് തിന്മകളെടുത്താലും ഇസ്‌ലാം അതെല്ലാം തന്നെ കര്‍ശനമായി വിലക്കുകയെ നിയന്ത്രിക്കുകയോ ചെയ്തതായി കാണാം. ഇത്തരത്തില്‍ കേരളത്തില്‍ സര്‍ക്കാര്‍ തലത്തിലും മറ്റും ആദ്യമായി ചര്‍ച്ചക്ക് വന്ന ഒരു വിഷയം ചൂതാട്ടമായിരുന്നു. ഭൂട്ടാന്‍, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുടെ പേരില്‍ ലോട്ടറി മാഫിയ കേരളത്തിന്റെ മുക്കും മൂലയും അടക്കി ഭരിച്ച് കോടികള്‍ ഇവിടന്ന് കടത്തികൊണ്ടു പോയത് ഈയടുത്ത കാലത്താണ്. ഒരുപാട് കുടുംബങ്ങളുടെ കൂട്ട ആത്മഹത്യയിലും വഴിയാധാരമാക്കലിലുമാണ് അത് കലാശിച്ചത്. ഇങ്ങനെ പോയാല്‍ മനുഷ്യന്‍ ധനാര്‍ത്തി നിമിത്തം സര്‍വനാശത്തിലേക്ക് കൂപ്പ്കുത്തും എന്ന് മനസ്സിലാക്കിയ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഒറ്റ നമ്പര്‍ അന്യസംസ്ഥാന ലോട്ടറി നിരോധിക്കുകയായിരുന്നു.

ലോട്ടറിക്ക് ശേഷം മണിചെയിന്‍ തട്ടിപ്പുകളായിരുന്നു കേരളം ചര്‍ച്ച ചെയ്തത്. ഇവിടെയും ധനാര്‍ത്തി തന്നെയായിരുന്നു വില്ലന്‍. വന്‍കിട മണിചെയിന്‍ തട്ടിപ്പ് കമ്പനികളും ഉദ്യോഗസ്ഥ തലത്തില്‍ കോടികള്‍ വാരിയെറിഞ്ഞ് കേരളത്തില്‍ ചുവടുറപ്പിച്ചിട്ടും ജനകീയ സമ്മര്‍ദം കാരണം ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങള്‍ക്ക് നേരെ സര്‍ക്കാറിന് തിരിയേണ്ടി വന്നു. തുടക്കത്തില്‍ പേരിന് ചില നടപടികളെടുത്ത് ഇപ്പോഴും അത്തരം കമ്പനികളെ സംരക്ഷിക്കുന്ന നിലപാടാണ് നമ്മുടെ ഭരണകൂടം തുടര്‍ന്നു പോരുന്നത്.

ലോട്ടറി, മണിചെയിന്‍ തുടങ്ങിയ സാമ്പത്തിക അര്‍ബുദങ്ങള്‍ക്ക് പിന്നാലെ വട്ടിപ്പലിശക്കാരും ഗോള്‍ഡ് ലോണ്‍ പണമിടപാട് സ്ഥാപനങ്ങളും ജനങ്ങളുടെ കഴുത്തില്‍ വലിയ കുരുക്കിടാന്‍ ശ്രമിച്ചു. ‘ഓപറേഷന്‍ കുബേര’ എന്ന പേരില്‍ ആഭ്യന്തര മന്ത്രാലയം റെയ്ഡുകള്‍ നടത്തി. പ്രവാചകന്‍ മുഹമ്മദിന്റെ പലിശക്കെതിരായ നിലപാടാണ് ഈ വിഷയത്തില്‍ തനിക്ക് പ്രചോദനം എന്ന് ആഭ്യന്തര മന്ത്രി പ്രസ്താവിക്കുകയും ചെയ്തു. പക്ഷെ, കൊമ്പന്‍ സ്രാവുകളുടെ രോമത്തില്‍ ഒന്നു തൊടാന്‍ പോലുമാകാതെ പകച്ചു നില്‍ക്കുകയാണ് നമ്മുടെ ‘കുബേര’.

ഏറ്റവും അവസാനമായി ‘സുധീര യജ്ഞത്തിന്റെ’ ഫലമായി സമ്പൂര്‍ണ മദ്യനിരോധനം എന്ന ‘വീര്യ’മേറിയ വിഷയമാണ് ചര്‍ച്ചക്ക് വന്നിരിക്കുന്നത്. അടച്ച ബാറുകള്‍ തുറക്കില്ലെന്ന് തീരുമാനവും ക്രമപ്രവൃദ്ധമായി കേരളത്തിലെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ അതിന്റെ തുടര്‍ച്ചയായി വന്നു. മദ്യ ലോബിയും മദ്യപാനികളും അവര്‍ക്ക് ചൂട്ട് പിടിക്കുന്ന ചില ‘സാംസ്‌കാരിക ബുദ്ധിജീവികളും’ നിയമ വിശാരദരും ഈ തീരുമാനങ്ങളില്‍ ഹാലിളകി നില്‍ക്കുകയാണ്. ഉദാര ലൈംഗികതയെ നേരത്തെ പിന്തുണച്ചിരുന്ന സകറിയയും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും മദ്യനിരോധനം എന്ന ആശയത്തിനെതിരെ രംഗത്ത് വന്നു.

മറ്റൊരു വിഷയം സ്ത്രീ പീഡനമാണ്. മാനഭംഗം, ബലാല്‍സംഗം, ലൈംഗിക അരാജകത്വം തുടങ്ങിയവ ഇന്ത്യന്‍ പൊതുസമൂഹത്തില്‍ സാര്‍വത്രികമായത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് തന്നെ വഴിവെച്ചു. പക്ഷെ, അതിന്റെ കാരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനോ കൃത്യമായ പരിഹാരം കാണാനോ ഉള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ഇപ്പോഴുമില്ല. പകരം പുരുഷ രാഷ്ട്രീയ കേസരികള്‍ ആണുങ്ങളുള്ളിടത്തെല്ലാം ബലാല്‍സംഗം നടക്കുമെന്നും, സ്ത്രീ പുരോഗമന വാദികള്‍ പെണ്‍കുട്ടികള്‍ ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുമെന്നും അതും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന ധാര്‍ഷ്ട്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

മുകളില്‍ സൂചിപ്പിച്ച എല്ലാ സാമൂഹിക തിന്മകളും ഇസ്‌ലാമിക നിയമ പുസ്തകങ്ങളില്‍ കാര്‍ക്കശ്യത്തോടെ വിലക്കിയ കാര്യങ്ങളാണ്. കാരണം ആ നിയമങ്ങള്‍ ദൈവികമാണ്. മനുഷ്യനെ അറിയുന്ന സ്രഷ്ടാവാണ് അവ അവതരിപ്പിച്ചത്. അതിനാല്‍ തന്നെ അത് കാലാതിവര്‍ത്തിയും നിത്യഹരതവുമാണ്. ഏത് കാലത്തിനും ദേശത്തിനും അനുഗുണമായ മൗലിക തത്വങ്ങളാണ് അത് മുന്നോട്ട് വെക്കുന്നത്. ‘അപകടം, വഴിതിരിഞ്ഞ് പോവുക’ എന്ന അപായ സൂചകങ്ങള്‍ കാണാറില്ലേ? അത് പോലെ ഖുര്‍ആന്‍ പറഞ്ഞ അപായ മേഖലകളാണിവയെല്ലാം. കാലം അത് തെളിയിച്ച് കൊണ്ടേയിരിക്കുന്നു. പക്ഷെ പൈശാചിക ശക്തികള്‍ അത് പൊറുപ്പിക്കില്ല. കാരണം സമൂഹത്തിന്റെ സര്‍വനാശമാണ് പിശാചിന്റെ ആത്യന്തിക ലക്ഷ്യം.

Related Post