യുദ്ധങ്ങള്‍ മതം മാറ്റാനായിരുന്നുവോ?

പ്രവാചകന്‍ മുഹമ്മദ് നയിച്ച യുദ്ധങ്ങള്‍ എന്തിനു വേണ്ടിയായിരുന്നു ? ജനങ്ങളെ നിര്‍ബന്ധപൂര്‍വം മതം മാറ്റാനായിരുന്നുവോ ആ യുദ്ധങ്ങള്‍ ? അതോ ജനങ്ങളെ കൊന്നൊടുക്കാനോ ?  ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അങ്ങനെയൊക്കെ എഴുതിയിരിക്കുന്നത് കണ്ടു. ക്രിസ്ത്യാനിസത്തിന്റെ ചരിത്രം രക്തരഹിതവും സമാധാനപൂര്‍ണവുമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ആ എഴുത്തുകളില്‍. അങ്ങനെയാണ് ഞാന്‍ ആ വെബ്‌സൈറ്റ് കണ്ടെത്തുന്നതും പരിശോധിക്കുന്നതും. മറ്റൊരു ചോദ്യം കുരിശുയുദ്ധവുമായി ബന്ധപ്പെട്ടതാണ്. കുരിശു യുദ്ധം നടക്കേണ്ടത് ഒരാവശ്യമായിരുന്നുവെന്നും അത്തരം ഒരു യുദ്ധം നടന്നില്ലായിരുന്നുവെങ്കില്‍ ലോകം മുഴുവന്‍ മുസ്‌ലിംകള്‍ യുദ്ധം നടത്തി ഇസ്‌ലാമിനുകീഴിലാക്കുമായിരുന്നുവെന്നാണ് പ്രചാരണം. ഇസ്‌ലാം സ്വീകരിക്കാത്ത എല്ലാ മനുഷ്യരെയും മുസ്‌ലിംകള്‍ കൊല്ലുമായിരുന്നുവേ്രത. അതിനാല്‍ കുരിശുയുദ്ധം ജനങ്ങളെ മോചിപ്പിക്കാനുള്ളതായിരുന്നു. ഞാനൊരു മതവിശ്വാസിയല്ല. എന്നാല്‍ ഇസ്‌ലാമിനെ സംബന്ധിച്ച് പഠിക്കാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്. കാരണം ഞാന്‍ ഇസ്‌ലാമിനെ കുറിച്ചു നേരത്തെ കേട്ടതെല്ലാം ശരിയല്ലെന്നും അവ ചില ക്രിസ്ത്യന്‍ തീവ്രവാദികളുടെ പ്രചാരണം മാത്രമായിരുന്നുവെന്നും ഇപ്പോള്‍ തോന്നുന്നു.

………………………………………………………..

ഉത്തരം: ലോകത്ത് നടന്ന യുദ്ധങ്ങളുടെ ലക്ഷ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയെല്ലാം വളരെ സങ്കീര്‍ണ്ണ വിഷയങ്ങളാണെന്നുകാണാനാകും. മനുഷ്യരാശിയുടെ ചരിത്രം വിശകലനംചെയ്താല്‍ യുദ്ധമില്ലാത്ത ഒരു ലോകത്തെ ദിവാസ്വപ്നംകാണാനേ  നമുക്കു സാധിക്കൂ. അതിനാല്‍ യുദ്ധങ്ങള്‍ക്ക് പൊതുവായ ചില നിയമങ്ങളും മൂല്യങ്ങളും ചട്ടക്കൂടുകളുമുണ്ടായിരിക്കുക എന്നുവെക്കാനേ നമുക്ക് കഴിയൂ.

ഇസ്‌ലാം യുദ്ധത്തിന് വ്യക്തവും കൃത്യവുമായ ലക്ഷ്യങ്ങളും മൂല്യങ്ങളും നിയമങ്ങളും കൊണ്ടു വന്നു. ഏറ്റവും വസ്തുനിഷ്ഠവും  മാന്യവുമായ നിയമങ്ങളാണ് അവ. സമാധാനവേളയിലെന്ന പോലെ, യുദ്ധസന്ദര്‍ഭങ്ങളിലും ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ വളരെ കണിശമായി പാലിക്കപ്പെടേണ്ടതുണ്ട്. യുദ്ധംകൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍പോലും നമസ്‌കാരത്തില്‍ നിന്നു വിട്ടു നില്‍ക്കാന്‍ സത്യവിശ്വാസിക്ക് അനുവാദമില്ല. സമാധാനകാലത്ത് നിരോധിക്കപ്പെട്ട കാര്യങ്ങള്‍ യുദ്ധത്തിലും നിരോധിക്കപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്. 

അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു:

‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുവിന്‍. എന്നാല്‍ അതിക്രമം പ്രവര്‍ത്തിച്ചുകൂടാ. എന്തെന്നാല്‍ അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.'(അല്‍ ബഖറ: 190)

മേല്‍ പറഞ്ഞ സൂക്തം സൂചിപ്പിക്കുന്നത് (1) അതിക്രമം കാണിക്കരുത് എന്നും യുദ്ധം അനുവദിക്കപ്പെട്ടിരിക്കുന്നത് പ്രതിരോധിക്കാന്‍ വേണ്ടിയാണെന്നുമാണ്. (2) യുദ്ധം തങ്ങളോടു യുദ്ധം ചെയ്യുന്നവരോടു മാത്രമാണ്. യുദ്ധത്തില്‍ ഏര്‍പ്പെടാത്ത കക്ഷികളുമായി യുദ്ധംചെയ്യാന്‍ പാടില്ല.

യുദ്ധത്തിന് പോകുന്ന അനുചരന്‍മാര്‍ക്ക് പ്രവാചകന്‍ തിരുമേനി പല ഉപദേശങ്ങളും നല്‍കിയതായി കാണാം. യുദ്ധത്തില്‍ ചതിപ്രയോഗം നടത്തരുതെന്നായിരുന്നു അതില്‍ ഒന്നാമത്തേത്. നമ്മളുമായി യുദ്ധത്തില്‍ ഏര്‍പ്പെടാതെ മാറി നില്‍ക്കുന്നരെ ഒരിക്കലും ഉപദ്രവിക്കരുതെwarന്ന് അവിടുന്നു ഉപദേശിച്ചു. വിശിഷ്യാ, സ്ത്രീകളെയും കുട്ടികളെയും സംന്യാസിമാരെയും. തിരുമേനി (സ) യുടെ ഈ ഉപദേശം പിന്‍പറ്റി അബൂബക്ര്‍ (റ) സിറിയയിലേക്ക് അയച്ച സൈന്യത്തിന് നല്‍കിയ നിര്‍ദേശങ്ങള്‍ ചരിത്രത്തില്‍ വിശ്രുതമാണ്. 

യുദ്ധത്തില്‍ ചതിപ്രയോഗം നടത്തരുത്. അംഗവിച്ഛേദം നടത്തരുത്. കുട്ടികള്‍ പ്രായമായവര്‍ സ്ത്രീകള്‍ എന്നിവരെ വധിക്കരുത്. ഫലം നല്‍കുന്ന വൃക്ഷങ്ങളും ഈന്തപ്പനകളും വെട്ടിനശിപ്പിക്കരുത്. ആട്, പശു, ഒട്ടകം പോലുള്ളവയെ നിങ്ങളുടെ ഭക്ഷണ ആവശ്യത്തിനു വേണ്ടിയല്ലാതെ കശാപ്പുചെയ്യരുത്. സംന്യാസി മഠങ്ങളുടെ സമീപത്തു കൂടെ സഞ്ചരിക്കേണ്ടി വന്നാല്‍ അവരെ ഉപദ്രവിക്കാവതല്ല. അവരെ അവരുടെ പാട്ടിനു വിട്ടേക്കുക.

നീതി ഏതു വിധേനയും നടപ്പാക്കപ്പെടുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. യുദ്ധസന്ദര്‍ഭത്തില്‍ ഏറ്റവും കടുത്ത ശത്രുവിനോടു പോലും നീതിവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൂടാ എന്നു ശഠിക്കുന്ന മതമാണ് ഇസ്‌ലാം. പ്രവാചകലബ്ധിയുടെ തുടക്കത്തില്‍ , യുദ്ധത്തില്‍ പരിക്കു പറ്റിയവരെ ചികിത്സിക്കാന്‍ എത്തുന്ന ആതുരാശ്രുശ്രൂക സംഘം പരിക്കേറ്റ മുസ്‌ലിംകളെ മാത്രമല്ല ശത്രു സൈന്യത്തിലുള്ളവരെയും പരിചരിച്ചിരുന്നു. ആ നിലയില്‍ ആതുരശ്രുശ്രൂഷ എല്ലാവിഭാഗം ജനങ്ങള്‍ക്കും നല്‍കണമെന്ന് ഇസ്‌ലാം പഠിപ്പിച്ചു.

ഇസ്‌ലാമിന്റെ ധ്വജവാഹകരില്‍ ഒരാളായ സ്വലാഹുദ്ദീന്‍ അയ്യൂബി അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. കുരിശുയുദ്ധത്തില്‍ അദ്ദേഹവുമായി ഏറ്റുമുട്ടി പരിക്കുപറ്റിയ ‘ഇംഗ്ലണ്ടിലെ സിംഹഹൃദയന്‍’ എന്നറിയപ്പെട്ട റിച്ചാഡിന്  സ്വലാഹുദ്ദീന്‍ അയ്യൂബി ചികിത്സാസഹായം നല്‍കി. തന്റെ സ്വന്തം വൈദ്യനെ റിചാര്‍ഡിനെ ചികിത്സിക്കാനായി അയക്കുകയും അയാള്‍ പരിക്കില്‍ നിന്ന് മോചിതനാകുംവരെ ചികിത്സക്ക് മേല്‍ നോട്ടം വഹിക്കുകയും ചെയ്തു.

മുസ്‌ലിംകള്‍ക്കു നേരെ അതിക്രമങ്ങള്‍ അഴിച്ചുവിട്ട കുരിശു പടയുടെ ചെയ്തി എന്നാല്‍ മുസ്‌ലിം സേനയുടേതില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരുന്നു. 1099 ജൂലായ് 15 ന് അവര്‍ ജറുസലേമില്‍ പ്രവേശിക്കുമ്പോള്‍ 70000 മുസ്‌ലിംകളെയാണ് അവര്‍ വധിച്ചുകളഞ്ഞത്. അക്കൂട്ടത്തില്‍ കുട്ടികളും സ്ത്രികളും പ്രായമായവരുമുണ്ടായിരുന്നു . കുട്ടികളെ അവരുടെ തല ഭിത്തിയില്‍ ഇടിച്ചുടച്ചാണ്് അവര്‍ വധിച്ചത്. കുഞ്ഞുങ്ങളെ വീടിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞാണ് കൊലപ്പെടുത്തിയത്. പുരുഷന്‍മാരെ ജീവനോടെ ചുട്ടെരിക്കുകയും വല്ല സ്വര്‍ണ്ണാഭരണങ്ങളും  വിഴുങ്ങിയിട്ടുണ്ടോയെന്ന് സ്ത്രീകളുടെ വയറു കുത്തിക്കീറി പരിശോധിക്കുകയും ചെയ്തു അവര്‍.

ഈ വിവരണങ്ങള്‍ നല്‍കുന്നത് പ്രഗല്‍ഭ ചരിത്രകാരനായ എഡ്വേഡ് ഗിബ്ബണാണ്. കുരിശുയുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ മുസ് ലിംകളെ ആക്രമിച്ചില്ലായിരുന്നുവെങ്കില്‍ മുസ്‌ലിംകള്‍ ലോകരെ കൊന്നൊടുക്കുമായിരുന്നുവെന്നുള്ള വിചിത്ര വാദം ശരിയാണോ അല്ലയോ എന്ന് ഈ ചരിത്ര സത്യങ്ങളില്‍ നിന്ന് താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടാകും. ആധുനിക ലോകത്തും ഇത്തരം അക്രമണങ്ങള്‍ മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ബോസ്‌നിയയില്‍ സെര്‍ബുകള്‍ മുസ്‌ലിംകളോടു കാണിച്ചതും സമാനക്രൂരതയായിരുന്നു.

പ്രവാചകന്‍ മുഹമ്മദ് നബി (സ) നയിച്ച എല്ലാ യുദ്ധങ്ങളും സ്വരക്ഷക്കുവേണ്ടിയും സ്വതന്ത്രമായി ഇസ്‌ലാം രാജ്യത്ത് അനുധാവനം ചെയ്യാനും വേണ്ടിയുള്ളതായിരുന്നു. ഇസ്‌ലാമിനെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനായി പ്രവാചകന്‍ ഒരൊറ്റ യുദ്ധവും ചെയ്തിട്ടില്ല. 

ഇസ്‌ലാം സ്വീകരിക്കാന്‍ വേണ്ടി ഒരാളെയും നിര്‍ബന്ധിക്കരുതെന്നാണ് അല്ലാഹു കല്‍പ്പിക്കുന്നത്. ഖുര്‍ആനും തിരുവാക്യവും അങ്ങനെയാണ് കല്‍പ്പിച്ചിട്ടുള്ളത്. കാരണം ഇസ്‌ലാം പഠിപ്പിക്കുന്ന തത്ത്വത്തിന് എതിരാണ് ബലപ്രയോഗം. ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നത് സ്വമേധയാ ഇഷ്ടപ്പെട്ടും മനസ്സിലാക്കിയുമായിരിക്കണം. മനസ്സ് ഉള്‍ക്കൊള്ളാതെ ആളുകളെ ബോധ്യപ്പെടുത്താന്‍ മാത്രമായി ഇസ് ലാം സ്വീകരിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.

അതു പോലെ കോളനിവല്‍ക്കരണത്തിനും അധിനിവേശത്തിനു വേണ്ടിയുള്ള എല്ലാ തരം യുദ്ധങ്ങള്‍ക്കും എതിരാണ് ഇസ്‌ലാം. അധിനിവേശകര്‍ക്കും അടിച്ചമര്‍ത്തുന്നവര്‍ക്കുമെതിരില്‍ അവരില്‍ നിന്നുള്ള വിമോചനത്തിനു വേണ്ടിയുള്ള യുദ്ധങ്ങളെ അത് പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ മനുഷ്യര്‍ ഇത്തരം സേച്ഛാധിപതികളില്‍ നിന്നും അധിനിവേശകരില്‍ നിന്നും മോചിതരായാല്‍ ഏതു മതം സ്വീകരിക്കണമെന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. ആവശ്യം വന്നാല്‍ ഈ സ്വാതന്ത്രത്തിനു വേണ്ടിയും ഒരു മുസ്‌ലിമിനു യുദ്ധം ചെയ്യേണ്ടി വന്നേക്കാം. മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടിയാണ് ഇസ്‌ലാമിന്റെ യുദ്ധം. അല്ലാതെ മതപരിവര്‍ത്തനത്തിനല്ല.

Related Post