പ്രകൃതിനിയമം

Originally posted 2014-04-21 16:12:25.

സച്ചിദാനന്ദന്‍

മനുഷ്യര്‍ രണ്ടു തരം:
പ്രവര്‍ത്തിക്കുന്നവരും
നോക്കിയിരിക്കുന്നവരും.

kavitha758

പ്രവര്‍ത്തിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നു,
ഭവിഷ്യത്തുകളെ ഭയപ്പെടാതെ,
ഫലത്തെക്കുറിച്ച് ആശങ്കപ്പെടാതെ.
അവര്‍ക്ക് തെറ്റുകള്‍ പറ്റിയേക്കാം
എന്ന് അവര്‍ക്ക് അറിയാം, അവ തിരുത്തി
പിന്നെയും പ്രവര്‍ത്തിക്കാനും.

പ്രവര്‍ത്തിക്കുന്ന ഓരോ ആളുടെയും ഒപ്പം
അയാളെ നോക്കിയിരിക്കുന്ന ആളും ജനിക്കുന്നു
നോക്കിയിരിക്കുന്നവന് പ്രവര്‍ത്തിക്കേണ്ടതില്ല,
അഥവാ അയാളുടെ പ്രവൃത്തി നോക്കി ഇരിക്കലാണ്.
ജീര്‍ണതയാണ്  പ്രകൃതിനിയമം
എന്ന് അയാള്‍ വിശ്വസിക്കുന്നു.

പ്രവര്‍ത്തിക്കുന്നവരുടെ ഓരോ വീഴ്ചയിലും
നോക്കിയിരിപ്പുകാരന്‍    പൊട്ടിച്ചിരിക്കുന്നു,
നഗരത്തില്‍ പ്ളേഗ് പരന്നപ്പോള്‍ തുള്ളിച്ചാടിയ,
നോവലിലെ ഡോക്ടറെപ്പോലെ.
അയാള്‍ നോക്കിയിരിക്കുന്നതുതന്നെ
കുറ്റങ്ങള്‍ കണ്ടെത്താനാണ്,
കുറ്റങ്ങള്‍ കണ്ടെത്താത്ത  ദിവസം
അയാള്‍ക്ക് ഉറങ്ങാന്‍ ആവില്ല.
അയാളുടെ   നായകന്‍ ഇയാഗോ ആണ്,
ദൈവം അലസരുടെ രാജാവായ സാത്താനും.

പൂവ് കാണാത്ത അയാള്‍
അതിനകത്തെ പുഴുവിനെ കാണുന്നു
അയാള്‍ ശ്വസിക്കുന്നതുതന്നെ
വായുവില്‍ ദുര്‍ഗന്ധമുണ്ടെന്നു ഉറപ്പുവരുത്താനാണ്.
അയാളുടെ നിയോഗം പ്രവര്‍ത്തിക്കുന്നവരെ
വിമര്‍ശിച്ചു പ്രവര്‍ത്തിക്കാതാക്കുകയാണ്,
അങ്ങനെ അവരെയും
സ്വന്തം മതത്തില്‍ ചേര്‍ക്കുകയും.
വിശ്വാസിയെ വിശാസി ആയതുകൊണ്ട്
അയാള്‍ വെറുക്കുന്നു,
സംശയാലുവിനെ  സംശയിക്കുന്നതുകൊണ്ട്,
കലാകാരനെ കലാകാരന്‍ ആയതുകൊണ്ട്.
നീ നിന്‍െറ അയല്‍ക്കാരനെയും
മറ്റേ അയല്‍ക്കാരനെപ്പോലെതന്നെ വെറുക്കുക
എന്നാണ് അയാളുടെ ആദ്യകല്‍പന.

പ്രവര്‍ത്തിക്കുന്നവന്‍ സ്നേഹിക്കപ്പെടുന്നത്
നോക്കിയിരിക്കുന്നവനില്‍ വിദ്വേഷം നിറയ്ക്കുന്നു
അയാളുടെ ഓരോ വിജയവും തന്‍െറ
ഓരോ പരാജയമായി അയാള്‍ കാണുന്നു.
വ്യവസ്ഥയല്ല അവരെ അസ്വസ്ഥര്‍ ആക്കുന്നത്,
വ്യക്തികള്‍ ആണ്:
ചിലപ്പോള്‍ തങ്ങള്‍ വിമര്‍ശിക്കുന്നത്
വ്യവസ്ഥയെ ആണെന്ന് അവര്‍ ഭാവിക്കുമെങ്കിലും.
തങ്ങള്‍ എപ്പോളും ശരി ആണെന്ന് അവര്‍ കരുതുന്നു,
പ്രവര്‍ത്തിക്കാത്തതുകൊണ്ട്
അവര്‍ക്ക് തെറ്റും പറ്റാറില്ല.
നിങ്ങള്‍ ഈ  ധര്‍മാധികാരികളെ കണ്ടിരിക്കും:
പാഠശാലകളില്‍, തൊഴിലിടങ്ങളില്‍,
തെരുവുകളില്‍, കലയില്‍, രാഷ്ട്രീയത്തില്‍,
സുഹൃത്തെന്നു ഭാവിക്കുന്നവരില്‍,
എന്തിന്, സ്വന്തം വീട്ടില്‍പോലും.

നോക്കിയിരിക്കുന്നവര്‍ക്ക്
സ്വന്തം സംഘങ്ങള്‍ ഉണ്ട്:
ഒരാള്‍ കാണാതെ പോകുന്ന കുറ്റം
മറ്റെയാള്‍ കണ്ടുപിടിക്കുന്നു.

പ്രവര്‍ത്തിക്കുന്നവര്‍ വിശ്വസിക്കുന്നത്
വളര്‍ച്ചയാണ് പ്രകൃതിനിയമം എന്നാണ്,
വീണും തകര്‍ന്നും മനുഷ്യര്‍ മുന്നോട്ടുതന്നെ
പോകുമെന്ന് അവര്‍ക്കറിയാം.
അവര്‍ നോക്കിയിരിക്കുന്നവരെ അവഗണിക്കുന്നു,
അത് അക്കൂട്ടരെ കൂടുതല്‍ പ്രകോപിപ്പിക്കുന്നു.
സ്വന്തം വിഷം തിരിച്ചുവന്നു
തങ്ങളെത്തന്നെ കൊല്ലുമോ എന്നാണ്
അപ്പോള്‍ അവരുടെ പേടി.
അവര്‍ സ്വന്തം  ജീവിതത്തിലേക്ക് ഒരിക്കല്‍പോലും
നോക്കുന്നില്ല, തങ്ങള്‍ എന്ത് ചെയ്തു
എന്ന് ചോദിക്കുന്നതെ ഇല്ല;
അതാണ് അവരുടെ ശക്തി.
ചില രാത്രിജീവികളെപ്പോലെ ആണ് അവര്‍:
ഇരുട്ട് ഇല്ലാതായാല്‍ അവര്‍ക്ക് കണ്ണ് കാണില്ല.
നുണയും വെറുപ്പും ആണ് അവരുടെ പോഷകം.

മരിക്കുമ്പോഴും അവരുടെ ആശങ്ക
പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളെ
അതിജീവിക്കുമോ എന്നാണ്.
എങ്കില്‍ പിന്നെ ആരുണ്ടാവും
അവരുടെ കുറ്റങ്ങള്‍ കണ്ടെത്താന്‍?
അതുകൊണ്ടു മരണശയ്യയില്‍നിന്ന്
അവര്‍ കൂട്ടുകാരോട് പറയുന്നു:
സ്വന്തം ശവത്തിന്‍െറ നെഞ്ചില്‍
പ്രവര്‍ത്തിക്കുന്നവന്‍െറ പേര്‍ കൊത്തിയ
ഒരു കഠാരി തറച്ചുവെക്കുവാന്‍.
തിന്മ മാത്രമേ മരണത്തെ അതിജീവിക്കൂ
എന്നാണല്ലോ  അവരുടെ പുണ്യഗ്രന്ഥം പറയുന്നത്.

പ്രവര്‍ത്തിക്കുന്നവരോ,
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു,
അവര്‍ക്ക് മരണത്തെ ഭയമില്ല,
സ്വന്തം പ്രവൃത്തി തങ്ങള്‍ അവസാനിച്ചാലും
പിന്നാലെ വരുന്നവര്‍
ഏറ്റെടുക്കുമെന്ന് അവര്‍ക്കറിയാം,
ചൈനീസ് കഥയിലെ പര്‍വതങ്ങളെ നീക്കംചെയ്ത
വിഡ്ഢി  ആയ വൃദ്ധനെപ്പോലെ.

അവര്‍ക്ക് മുന്നിലും കാണും
ദോഷൈകദൃക്കുകള്‍, പക്ഷേ സാരമില്ല:
അവര്‍ ഉള്ളതുകൊണ്ടുകൂടിയാണ്
പ്രവര്‍ത്തിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നത്:
കുത്തിവെക്കപ്പെട്ട രോഗാണുക്കള്‍
ശരീരത്തെ രോഗത്തില്‍നിന്ന് കാക്കുംപോലെ.

Related Post