ലൗ ജിഹാദ്

ന്യൂഡല്‍ഹി: വര്‍ഗീയാടിസ്ഥാനത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ സംഘപരിവാരസംഘടനകളും ചില ക്രിസ്ത്യന്‍സഭകളും നടത്തുന്ന 66Hകെട്ടുകഥാ പ്രചാരണത്തിനെതിരേ വനിതാസംഘടനകള്‍ രംഗത്തെത്തി. ഇഷ്ടമുള്ളവരെ ജീവിതപങ്കാളിയാക്കി മാറ്റാന്‍ സ്ത്രീക്കും പുരുഷനും അവകാശമുണ്ടെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ജഗമതിസങ്‌വാനും എന്‍.എഫ്.ഐ.ഡബ്ല്യു. നേതാവ് ആനി രാജയും പ്രമുഖ അഭിഭാഷക വൃന്ദാഗ്രോവറും സമൂഹിക പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സാമൂഹികപ്രവര്‍ത്തക ഷബ്‌നം ഹഷ്മി നേതൃത്വം നല്‍കുന്ന അന്‍ഹദാണ് വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത്. പ്രായപൂര്‍ത്തിയായ ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രിംകോടതി നിരവധി തവണ ഉത്തരവിട്ടിട്ടുണ്ട്. യുവതിയുടെയോ യുവാവിന്റെയോ കുടുംബം അംഗീകരിച്ചില്ലെങ്കില്‍പ്പോലും ജാതിമതഭേദമെന്യേ വിവാഹം കഴിക്കാം. ഇങ്ങനെ വിവാഹം കഴിക്കുന്നവരെ ഉപദ്രവിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ക്കേസെടുക്കണമെന്നാണു വ്യവസ്ഥ. സ്ത്രീകളെ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ മുസ്‌ലിം പുരുഷന്‍മാര്‍ ഹിന്ദുയുവതികളെ വിവാഹം കഴിക്കുന്നൂവെന്നാണ് ഹിന്ദുത്വര്‍ പ്രചരിപ്പിക്കുന്നത്. മുസ്‌ലിം സ്ത്രീകളെ മറ്റു മതക്കാരും ധാരാളമായി വിവാഹംകഴിക്കുന്നുണ്ടെന്നതാണു വസ്തുത. 

ബോളിവുഡ് താരമായ സുനില്‍ദത്ത് നര്‍ഗീസിനെയും ആദിത്യ പഞ്ചോളി സറീനാ വഹാബിനെയും ക്രിക്കറ്റ് താരം അജിത് അഗാര്‍ക്കര്‍ ഫാത്വിമയെയും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ഫാറൂഖ് അബ്ദുല്ലയുടെ മകളെയും രാഷ്ട്രീയനേതാവ് അരുണ്‍ ഗാവ്‌ലി ആയിശയെയും സി.പി.എം. നേതാവ് സീതാറാം യെച്ചൂരി സീമാ ചിസ്തിയെയും സാഹിത്യകാരന്‍ വി എസ് നെയ്‌പോള്‍ നാദിയയെയും വിവാഹം കഴിച്ച് ജീവിക്കുന്നത് എല്ലാവര്‍ക്കുമറിയാവുന്നതാണ്. 

വോട്ട് ലക്ഷ്യമിട്ട് ബി.ജെ.പിയും സംഘപരിവാര സംഘടനകളും കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് വൃന്ദാ ഗ്രോവര്‍ കുറ്റപ്പെടുത്തി. മിശ്രവിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വരുമ്പോള്‍ സമൂഹം സൂക്ഷ്മത പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ അന്യമതസ്ഥരെ വിവാഹം കഴിക്കുന്നത് മതംമാറ്റാനും ജനസംഖ്യ വര്‍ധിപ്പിക്കാനുമാണെന്നാണ് പ്രചരിപ്പിക്കുന്നത്. മുസ്‌ലിംകളെ പിശാചുവല്‍ക്കരിക്കണമെന്ന ലക്ഷ്യത്തോടെയാണ് കുടിലബുദ്ധികള്‍ ലൗ ജിഹാദ് എന്ന വാക്ക് രൂപീകരിച്ചത്. 1920കളിലും ഹിന്ദുത്വര്‍ ഇത്തരത്തിലുള്ള പ്രചാരണം നടത്തിയിരുന്നു. കര്‍ണാടകയിലും കേരളത്തിലുമാണ് ഈ പ്രചാരണം വീണ്ടും പ്രത്യക്ഷപ്പെട്ടത്. 

ഹിന്ദുസ്ത്രീകള്‍ക്ക് സ്വന്തം ജീവിതം എന്തായിരിക്കണമെന്നു തീരുമാനിക്കാന്‍ കഴിയാത്ത ഒരു സ്ഥിതിവിശേഷം രൂപപ്പെട്ടിട്ടുണ്ട്. ഗുജറാത്ത്, കാണ്ഡമാല്‍, മുസഫര്‍നഗര്‍ തുടങ്ങി വിവിധ വര്‍ഗീയ കലാപങ്ങളിലും വംശഹത്യകളിലും ന്യൂനപക്ഷ സ്ത്രീകളെ സംഘടിതമായി ബലാല്‍സംഗം ചെയ്തവരാണ് ഈ പ്രചാരണം അഴിച്ചുവിടുന്നത്. ലൗ ജിഹാദ് നുണപ്രചാരണം മാത്രമാണെന്നാണ് കേരള, കര്‍ണാടക പോലിസുകള്‍ കണ്ടെത്തിയിട്ടുള്ളതെന്നും സംഘാടകര്‍ പറഞ്ഞു.

 

Related Post