Main Menu
أكاديمية سبيلي Sabeeli Academy

പ്രവാചകന്‍മാര്‍

Originally posted 2019-02-16 16:47:18.

blue-mosque-sultan-ahmed

താന്‍ അവതരിപ്പിച്ച വേദവും മറ്റു വെളിപാടുകളും ഏറ്റുവാങ്ങി ജനങ്ങളെ പഠിപ്പിക്കാനും അതനുസരിച്ചുള്ള ജീവിതരീതി അവരെ പരിശീലിപ്പിക്കാനും അല്ലാഹു ചില മനുഷ്യരെ തന്റെ ദൂതന്മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. മലകുകളിലൂടെയാണ് വേദവും വെളിപാടും പ്രവാചകന്മാരിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. ഈ പ്രതിഭാസത്തിന് വഹ്‌യ് (വെളിപാട്, ദിവ്യബോധനം) എന്നാണ് പറയുക. ജനങ്ങളെ മാര്‍ഗദര്‍ശനം ചെയ്യാനുള്ള ദിവ്യബോധനം ലഭിച്ചവരെല്ലാം പ്രവാചകന്മാര്‍ (അന്‍ബിയാ)ആകുന്നു. എല്ലാ പ്രവാചകന്മാരും ഒരേ സന്ദേശം തന്നെയാണ് പ്രബോധനം ചെയ്തുവന്നത്. ഒരു സമൂഹത്തില്‍തന്നെ പല കാലങ്ങളിലായി അനേകം പ്രവാചകന്‍മാര്‍ വരാറുണ്ടായിരുന്നു. ഒരു കാലത്തുതന്നെ ഒരേ സമൂഹത്തിലും വ്യത്യസ്ത സമൂഹങ്ങളിലുമായി പല പ്രവാചകന്മാര്‍ ആഗതരായ ചരിത്രവുമുണ്ട്. മുന്‍ പ്രവാചകന്റെ പാരമ്പര്യവും അദ്ദേഹത്തിനവതരിച്ച വേദവും നിലനിര്‍ത്താനായിരുന്നു അധിക പ്രവാചകന്മാരും ആഗതരായിരുന്നത്. മുന്‍ പ്രവാചകന്റെ പാരമ്പര്യവും വേദവും ജനങ്ങള്‍ തീരെ വിസ്മരിച്ചു കഴിഞ്ഞ സാഹചര്യങ്ങളില്‍ ആഗതരാകുന്ന പ്രവാചകരോടൊപ്പം പുതിയ വേദവും ശരീഅതും അവതരിച്ചിരുന്നു. അങ്ങനെയുള്ള പ്രവാചകന്മാരെ സാങ്കേതികമായി റസൂല്‍ എന്നാണ് വിളിക്കുക. (ദൈവ) ദൂതന്‍ എന്നാണ് റസൂലിന്റെ അര്‍ഥം. നബിമാരും റസൂലുകളുമായി ലോകത്ത് ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാര്‍ ആഗതരായിട്ടുണ്ടെന്നാണ് ചരിത്രം.
25-ഓളം പ്രവാചകന്മാരുടെ പേരേ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ളൂ. അവരെ സത്യപ്രവാചകന്മാരായി അംഗീകരിക്കേണ്ടതും ആദരിക്കേണ്ടതും ഓരോ മുസ്ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാകുന്നു. ഖുര്‍ആനോ മുഹമ്മദ്‌നബിയോ പ്രവാചകനാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ലാത്ത അനേകായിരം പ്രവാചകന്മാരുണ്ടായിരുന്നുവെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. എന്നാല്‍ വിവിധ സമൂഹങ്ങള്‍ പല ചരിത്ര പുരുഷന്മാരെയും പ്രവാചകന്മാരായി അംഗീകരിക്കുന്നുണ്ട്. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍, ആ ചരിത്രപുരുഷന്മാര്‍ പ്രവാചകന്‍മാര്‍ തന്നെയായിരുന്നുവെന്ന് വിശ്വസിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരല്ല. അവരെ നിഷേധിക്കേണ്ട കാര്യവും അവര്‍ക്കില്ല. അത്തരക്കാരെ അവഹേളിക്കുന്നത് അനുവദനീയവുമല്ല.

Related Post