IOS APP

ജീവിതവീക്ഷണം

ജീവിതവീക്ഷണം

മണ്ണും വിണ്ണും ഒന്നിച്ച സങ്കരജീവിയാണ് മനുഷ്യന്‍. രണ്ടിന്റെയും ലക്ഷണം അവന്‍ കാണിക്കും. മൃഗത്തേക്കാള്‍ താഴാനും മാലാഖയേക്കാള്‍ ഉയരാനും അവന് സാധിക്കും. ആത്മീയതയും ഭൌതികതയും കൂടിച്ചേര്‍ന്നപ്പോഴുണ്ടായ മനോജ്ഞ സംഗീതമാണ് മനുഷ്യന്‍. ‘മനുഷ്യന്‍, എത്ര സുന്ദരമായ പദം’ എന്ന് ഗോര്‍ക്കി പറഞ്ഞിട്ടുണ്ട്. ബുദ്ധിയും ഭാവനയും ഇതരജീവികളില്‍ നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്നു. ആദിമ മനുഷ്യനെ മുതല്‍ ആധുനിക മനുഷ്യനെ വരെ അമ്പരപ്പിച്ചു ഭൂമിയും വാനവും. പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവിന്റെ ഭാരംകൊണ്ട് വിനയാന്വിതനായി ശിരസ്സ് നമിച്ചത് ന്യൂട്ടനാണ്. ഐന്‍സ്റൈനും അതുതന്നെ ചെയ്തു. ജിനോം രഹസ്യങ്ങള്‍ നമ്മെ കൂടുതല്‍ നമ്രശിരസ്കരാക്കുന്നു. ദൈവമേ എന്ന വിളി വേറെ എവിടെ നിന്നുമല്ല, നമ്മുടെ ഉള്ളില്‍ നിന്നുതന്നെയാണ്.ദൈവവും പ്രപഞ്ചവും തമ്മിലും മനുഷ്യനും ദൈവവും തമ്മിലും മനുഷ്യനും പ്രപഞ്ചവും തമ്മിലുമുള്ള ബന്ധത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ഇസ്ലാമിന്റെ ജീവിതവീക്ഷണം. ‘ഇഹലോകത്തിലും സമൃദ്ധി ,പരലോകത്തിലും സമൃദ്ധി’എന്ന ഖുര്‍ആനിക വചനങ്ങളിലടങ്ങിയിരിക്കുന്നു ഇതിന്റെ കാതല്‍. ജീവിതത്തെയും പ്രപഞ്ചത്തെയും പറ്റി ഇസ്ലാമിന് സ്വന്തമായ വീക്ഷണമുണ്ട്. അത് കലാസാഹിത്യദര്‍ശനങ്ങളില്‍ നിന്നു വ്യത്യ സ്തമാണ്. ശാസ്ത്രം കാണുന്നതിനപ്പുറവുമാണ്.
മതം ശാസ്ത്രത്തിനു പിന്നിലല്ല ,മുന്നിലാണ്. ‘ദൈവം എവിടെ’ എന്നു ചോദിച്ചവരോട് അവന്‍ ആവശ്യപ്പെട്ടത് പ്രപഞ്ചത്തിലേക്കു നോക്കാനാണ്.ഇസ്ലാമിക ജീവിത വീക്ഷണത്തിന്റെ അടിസ്ഥാനങ്ങള്‍ മൂന്നാണ്. ദൈവത്തെ സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാടാണ് ഇതില്‍ പ്രഥമവും പ്രധാനവും. ആരാണ് ദൈവം? ആരെയും ഉത്തരം മുട്ടിക്കുന്ന ചോദ്യം. ദൈവം ദൈവമാണ് എന്നു പറയുന്നതാകും ശരി. ഉപമയില്ലാത്തവന്‍, അവന് മാതൃകയില്ല, മനുഷ്യന്റെ ഒരു പരിമിതിയും ദൈവത്തിനില്ല., അവന്‍ സര്‍വശക്തന്‍, സര്‍വജ്ഞന്‍. ‘ലാഇലാഹഇല്ലല്ലാഹു’ എന്ന അറബിവാക്യം ഇസ്ലാമിലെ ദൈവവിശ്വാസത്തെ കൃത്യമായി വ്യക്തമാക്കുന്നു.‘അല്ലാഹു’ എന്ന അറബി പദത്തിന് മറ്റൊരു ഭാഷയിലും തുല്യമായ പദമില്ല. ദൈവത്തിന്റെ എല്ലാ ഗുണങ്ങളും ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള സാരസമ്പൂര്‍ണത ഈ പദത്തിനുണ്ട്.
പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്, രക്ഷിതാവ്, നിയന്താവ്, ആരാധ്യന്‍, പരമാധികാരി, നിരുപാധികം അനുസരിക്കപ്പെടേണ്ടവന്‍ തുടങ്ങി ദൈവം എന്തെല്ലാമാണോ അതെല്ലാം ഈ പദം ധ്വനിപ്പിക്കുന്നു. ദൈവത്തിന്റെ ഒരു ഗുണവും വേറെ ആര്‍ക്കുമില്ല. അവയെല്ലാം അല്ലാഹുവിനു മാത്രമേ ഉള്ളൂ എന്നതാണ് ‘ലാഇലാഹഇല്ലല്ലാഹു’ എന്ന വാക്യത്തിന്റെ രത്നചുരുക്കം.ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചത് മനുഷ്യനു വേണ്ടിയാണ്. മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിനു വേണ്ടിയും. അതിനാല്‍ സ്രഷ്ടാവായ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയാണ് മനുഷ്യന്‍. ദൈവവും പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഇവ്വിധമാണ് ദൈവം നിര്‍ണയിച്ചു തന്നിട്ടുള്ളത്.
ദൈവം പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് മാത്രമല്ല; പരമാധികാരികൂടിയാണ്. ആരാധ്യന്‍ മാത്രമല്ല; ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനുസരിക്കപ്പെടേണ്ടവനുമാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ദൈവത്തെ അനുസരിക്കുന്നുണ്ട്. അനുസരണം പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. അനുസരണത്തിലാണ് അതിന്റെ നിലനില്‍പ്പ്. അനുസരണം മനുഷ്യന്റെയും ഗുണമാണ്. എന്നാല്‍ ധിക്കരിക്കാനുള്ള സ്വാതന്ത്യ്രം കൂടി ജീവിതത്തിന്റെ ചില പ്രത്യേക മേഖലകളില്‍ അവന് നല്‍കിയിരിക്കുന്നു. ഇത് ഒരേ സമയം അവന്റെ മഹത്ത്വവും അധമത്വവും വിളംബരം ചെയ്യുന്നു.
സ്വാതന്ത്യ്രം അവന്റെ മഹത്ത്വവും ആ സ്വാതന്ത്യ്രം ദുരുപയോഗം ചെയ്തുകൊണ്ടുള്ള ധിക്കാരം അവന്റെ അധമത്വവും സൂചിപ്പിക്കുന്നു. സ്വാതന്ത്യ്രം നല്‍കപ്പെട്ട മേഖലകളില്‍ സര്‍വാത്മനാ ദൈവത്തെ അനുസരിക്കുമ്പോഴാണ് ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി എന്ന പദവി അര്‍ഥപൂര്‍ണമാവുക. ഈ അനുസരണത്തിനാണ് ഇസ്ലാം എന്നു പറയുക. ജീവിതം മുഴുവന്‍, മരണംപോലും ദൈവത്തിന് സമര്‍പ്പിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. എന്നുവെച്ചാല്‍ പള്ളിയും പാര്‍ലമെന്റും ദൈവത്തിനു വഴങ്ങണമെന്നും ആരാധനയും അദ്ധ്വാനവും ദൈവത്തിനു വേണ്ടിയായിരിക്കണമെന്നും.
ഈ ആശയമാണ് ഇസ്ലാമിന്റെ ജീവിതവീക്ഷണം ഉള്‍ക്കൊള്ളുന്നത്.ഇസ്ലാമിന്റെ ജീവിതവീക്ഷണം ഒരേ സമയം ദൈവത്തിന്റെ പരമാധികാരവും മനുഷ്യന്റെ വിമോചനവും ഉദ്ഘോഷിക്കുന്നു. പരമാധികാരം ദൈവത്തിനു മാത്രം. അവന്‍ സര്‍വാധിപതിയും സര്‍വശക്തനുമാണ് നിസ്സംശയം. അവന്റെ അറിവും അനുവാദവും ഇല്ലാതെ ഒരിലപോലും പൊഴിയുന്നില്ല. രഹസ്യവും പരസ്യവും അവന്‍ അറിയുന്നു. ഭൂതവും ഭാവിയും അവന്‍ അറിയുന്നു. എന്തുകൊണ്ട് ഇങ്ങനെ? ഉത്തരം ലളിതമാണ്. ദൈവം ആരുടെയും സൃഷ്ടിയല്ല; എല്ലാറ്റിന്റെയും സ്രഷ്ടാവാണ്; സംരക്ഷകനും സംഹാരകനുമാണ്. പ്രവാചകനോട് ദൈവം പ്രഖ്യാപിക്കാനാവശ്യപ്പെട്ടത് ഇങ്ങനെ: “പറയുക, അവന്‍ ദൈവം, ഏകന്‍. ആരെയും ആശ്രയിക്കാത്തവന്‍, എല്ലാവരും ആശ്രയിക്കുന്നവന്‍, അവന് സന്താനങ്ങളില്ല, അവന്‍ ആരുടെയും സന്തതിയുമല്ല.
അവന്‍ അതുല്യന്‍’. മനുഷ്യരെല്ലാം അവന്റെ ദാസന്മാര്‍, അവര്‍ക്കിടയില്‍ അടിമയുംഉടമയുമില്ല, എല്ലാവരും തുല്യര്‍, ചീര്‍പ്പിന്റെ പല്ലുകള്‍പോലെ. അടിമത്തത്തിന്റെ അടിവേരറുക്കുന്നു ഈ ദര്‍ശനം. ദൈവം കഴിഞ്ഞാല്‍ മനുഷ്യന്‍, മനുഷ്യന് ബന്ധം ദൈവവുമായി. പുരോഹിതന്മാരും തന്നിഷ്ടം നടപ്പാക്കുന്ന ഭൂമിയിലെ രാജാക്കന്മാരും മുതലാളിത്ത ദുഷ്പ്രഭുക്കന്മാരും സാമൂഹ്യദ്രോഹികളും സ്വാര്‍ഥംഭരികളും അതിന്റെ ശത്രുക്കളാണ്.വെളിപാടിലുള്ള വിശ്വാസമാണ് ഇസ്ലാമിക ജീവിതവീക്ഷണത്തെ രൂപപ്പെടുത്തുന്ന രണ്ടാമത്തെ അടിസ്ഥാനം. ഏറ്റവും ആധികാരികമായ ഉറവിടവും അതുതന്നെ. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതി ഭേദിക്കാന്‍ മനുഷ്യനെ സഹായിച്ചത് വെളിപാടിന്റെ ഈ വെളിച്ചമാണ്. അതിഭൌതിക ജ്ഞാനമാണ് അതിലൂടെ നമുക്ക് ലഭിച്ചത്. വെളിപാട് നല്‍കാന്‍ മനുഷ്യരില്‍നിന്ന് ദൈവം പ്രത്യേകം തെരഞ്ഞെടുത്ത മഹാമനീഷികളാണ് പ്രവാചകന്മാര്‍. പ്രവാചകശൃംഖലയിലെ ആദ്യകണ്ണി ആദമും അവസാനത്തെത് മുഹമ്മദുമാണ്. മുഹമ്മദിനുശേഷം പ്രവാചകന്മാര്‍ വന്നിട്ടില്ല. മനുഷ്യന്റെ പ്രതിഭയും നാഗരികതയും പൂര്‍ണ വളര്‍ച്ചയുടെ ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ പ്രവാചകനിയോഗം അവസാനിപ്പിക്കുകയും മുഹമ്മദിന്റെ സന്ദേശം ലോകാന്ത്യം വരെ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു ദൈവം.
മുഹമ്മദിന്റെ സന്ദേശം തീര്‍ത്തും പുതിയതല്ല. ആദം മുതല്‍ യേശു വരെ പ്രബോധനം ചെയ്ത ദിവ്യസന്ദേശത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണത്. മുന്‍ പ്രവാചകന്മാരുടെ അധ്യാപനങ്ങളെ അതു ശരിവെച്ചു. എന്നാല്‍ അതില്‍ മനുഷ്യബുദ്ധി കൂട്ടിച്ചേര്‍ത്തത് തിരുത്തുകയും ചെയ്തു. മുഹമ്മദ് ദൈവമല്ല. ദൈവത്തിന്റെ ദൂതന്‍ മാത്രം. അദ്ദേഹം മനുഷ്യനാണ്. മനുഷ്യര്‍ക്ക് സന്ദേശം നല്‍കാന്‍ വേണ്ടി ദൈവം അവരില്‍ നിന്ന് തെരഞ്ഞെടുത്ത പ്രത്യേക മനുഷ്യന്‍. തന്റെ പദവിക്കനുസരിച്ച ജീവിതമാണ് അദ്ദേഹം നയിച്ചത്. അദ്ദേഹം കേവല സൈദ്ധാന്തികനായിരുന്നില്ല; പ്രയോക്താവുകൂടിയായിരുന്നു.
ഇസ്ലാമിന്റെ ജീവിക്കുന്ന മാതൃകയായിരുന്നു. ആരാധനാലയത്തിന്റെ അകത്തളത്തിലിരുന്ന് അനുയായികളോട് ആജ്ഞാപിക്കുകയായിരുന്നില്ല അദ്ദേഹം. ജീവിതത്തിന്റെ നടുമുറ്റത്താണ് അദ്ദേഹം നിലയുറപ്പിച്ചത്. കച്ചവടത്തില്‍, കൃഷിയില്‍, പള്ളിയില്‍, പാര്‍ലമെന്റില്‍, യുദ്ധക്കളത്തില്‍പോലും അദ്ദേഹം ഉണ്ടായിരുന്നു. ദൈവത്തിന്റെ വെളിപാടനുസരിച്ചാണ് അദ്ദേഹം ജീവിച്ചത്.ദൈവം മുഹമ്മദിനെ അറിയിച്ച വെളിപാടുകളാണ് ഖുര്‍ആന്റെ ഉള്ളടക്കം. ഖുര്‍ആന്‍ മുഹമ്മദിന്റെ വചനങ്ങളല്ല; ദൈവത്തിന്റെ വചനങ്ങള്‍. ദൈവ വചനങ്ങളുടെ വിശദീകരണമാണ് മുഹമ്മദിന്റെ ജീവിതം. മുഹമ്മദിന്റെ വാക്കും പ്രവൃത്തിയും ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ ഹദീസ് എന്ന് വിളിക്കുന്നു. ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമാണ് ഹദീസ്. ആദ്യത്തെത് ഖുര്‍ആന്‍. ഖുര്‍ആനും ഹദീസുമാണ് ഇസ്ലാമിക ജീവിത വീക്ഷണത്തിന്റെ ആധികാരിക രേഖകള്‍.സിനായ് മലക്കുമുകളില്‍ മോസസ് വെളിച്ചം കണ്ടു, ഹിറാഗുഹയില്‍ മുഹമ്മദ്നബിയും. ബോധി വൃക്ഷച്ചുവട്ടിലും വെളിച്ചമുണ്ടായിരുന്നു. വെളിച്ചം തേടിയുള്ള യാത്ര നമ്മെ പ്രവാചകസന്നിധികളിലെത്തിക്കുന്നു. അവിടെ തണലുണ്ട്, തെളിനീരുണ്ട്, ജീവിതത്തിന്റെ സാരവും സൌന്ദര്യവുമുണ്ട്, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട്. എല്ലാ ഭാരങ്ങളും ഇറക്കിവെക്കാനുള്ള അത്താണിയും.ദൈവം പ്രവാചകന്മാരോട് സംവദിച്ചു.
പ്രവാചകന്മാര്‍ ജനങ്ങളോടും. അറിവിന്റെ പുതിയൊരു വഴി അവരിലൂടെ നമുക്ക് തുറന്നുകിട്ടി. ഈ അറിവ് ശാസ്ത്രത്തിനും യുക്തിക്കുമെതിരല്ല. അവയ്ക്കതീതമാണ്. പഞ്ചേന്ദ്രിയങ്ങളുടെ പരിമിതികള്‍ ഭേദിക്കുന്ന പരമജ്ഞാനം. കാലങ്ങളെ അതിജീവിക്കുന്ന ശാശ്വതജ്ഞാനം.പ്രവാചകന്മാര്‍ പിറക്കുമ്പോള്‍ മരുഭൂമികള്‍ പൂക്കുന്നു. അവിടെ മൂല്യങ്ങളുടെ റോസാദളങ്ങള്‍ വിടരുന്നു. ആകാശം ഭൂമിയെ ചുംബിക്കുന്ന അനര്‍ഘനിമിഷം. ഹൃദയങ്ങള്‍ കരുണാദ്രമാവുകയും മസ്തിഷ്കം ഏകാഗ്രമാവുകയും ചെയ്യുന്ന കാലം. സംസ്കാരവും നാഗരികതയും ഒപ്പത്തിനൊപ്പം അവിടെ ചുവട്വെക്കുന്നു. വികസനത്തിന്റെ സന്തുലിതാവസ്ഥ. ഒരു സംഗീതം പോലെ അപ്പോള്‍ ലോകം. പ്രവാചക യുഗങ്ങളിലല്ലാതെ വികസനത്തിന്റെ ഈ ലയം സംഭവിച്ചിട്ടില്ല. വെളിപാടുകള്‍ കൊണ്ടല്ലാതെ ജീവിതത്തിന്റെ നിഗൂഢതകള്‍ നീക്കാനാവില്ല.
ദൈവദൂതന്മാര്‍ വിളംബരം ചെയ്ത അറിവുകള്‍ ഗൌരവപൂര്‍വം പരിശോധിക്കപ്പെടേണ്ടതുണ്ട്. പാരമ്പര്യമായി പകര്‍ന്നുകിട്ടേണ്ടതല്ല ദൈവവിശ്വാസം, പ്രപഞ്ചത്തെയും ജീവിതത്തെയും സംബന്ധിച്ച അഗാധജ്ഞാനത്തില്‍ നിന്ന് ഉറവയെടുക്കേണ്ടതാണത്.മരണാനന്തരജീവിതത്തിലുള്ള വിശ്വാസമാണ് ഇസ്ലാമിക ജീവിതവീക്ഷണത്തിന്റെ മൂന്നാമത്തെ അടിസ്ഥാനം. മരണം എന്നും മനുഷ്യനെ അലോസരപ്പെടുത്തിയിട്ടുള്ള വിഷയമാണ്. മരണശേഷം എന്ത് എന്നതിനെപ്പറ്റി വ്യത്യസ്ത വീക്ഷണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നിലവിലുണ്ട്. ജീവിതത്തിന്റെ ക്ഷണഭംഗുരതക്കും അപൂര്‍ണതക്കും തൃപ്തികരമായ വിശദീകരണമാണ് ഇസ്ലാം നല്‍കുന്നത്. ജീവിതം മരണത്തോടുകൂടി അവസാനിക്കുന്നില്ല;
road-trip
ഇഹലോകജീവിതത്തിന്റെ നിഷ്കൃഷ്ടമായ വിചാരണയുടെ അടിസ്ഥാനത്തില്‍ പരലോകത്ത് അത് തുടരും. മരിച്ചവരാരും തിരിച്ചുവരുന്നില്ല; ലോകം ഇതുവരെ അവസാനിച്ചില്ല എന്നതൊന്നും മരണാനന്തരം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നതിന് തെളിവാകുന്നില്ല. ഇഹലോകത്തിന്റെ സര്‍വനാശവും പരലോകജീവിതവും സംഭവിക്കാനിരിക്കുന്നതേയുള്ളൂ. എന്തുകൊണ്ട് അന്ത്യദിനം സംഭവിക്കുന്നില്ല എന്ന് മുഹമ്മദ്നബിയോടും അന്നത്തെ ജനങ്ങള്‍ ചോദിച്ചിരുന്നു. അതിന്റെ സമയമാകുമ്പോള്‍ അത് സംഭവിക്കുമെന്ന് മാത്രമാണ് അന്ന് ദൈവം അതിനോട് പ്രതികരിച്ചത്.
മരിച്ച് മണ്ണായതിനു ശേഷം പുനരുജ്ജീവിപ്പിക്കപ്പെടുകയോ എന്നും അന്നത്തെ ആളുകള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇല്ലായ്മയില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് അത് ആവര്‍ത്തിക്കാന്‍ പ്രയാസമില്ല എന്നാണ് അന്ന് നല്‍കിയ സമാധാനം. ഇതിനപ്പുറം യുക്തിബോധത്തെ ഞെക്കിപ്പിഴിയാനൊന്നും ദൈവം ശ്രമിച്ചിട്ടില്ല. പരലോകം സാമാന്യ യുക്തിയുടെ തേട്ടമായത്കൊണ്ടാകാം ഇത്. എന്താണ് ഈ സാമാന്യയുക്തി? സുകൃതം ചെയ്തവന് ഉചിതമായ പ്രതിഫലം കിട്ടണം. പാപം ചെയ്തവന് ശിക്ഷയും. രണ്ടുപേരുടെയും പര്യവസാനമൊരുപോലെയായാല്‍ പറ്റില്ല. ഇഹലോകത്ത് ഇതിനൊന്നും സംവിധാനമില്ല. പരലോകത്തിന്റെ അഭാവത്തില്‍ ഇഹലോകജീവിതം തീര്‍ത്തും അസംബന്ധമായിത്തീരും. ലോകാവസാനത്തെപ്പറ്റിയും പുനരുജ്ജീവനത്തെപ്പറ്റിയും ശാസ്ത്രം പഴയപോലെ അന്ധമല്ല ഇന്ന്.
പുതിയ കണ്ടെത്തലുകള്‍ അവയുടെ സാധ്യതയിലേക്ക് സൂചനകള്‍ നല്‍കിയിട്ടുണ്ട്. നിഷേധത്തെ ഒരു നിലക്കും അനുകൂലിക്കുന്നില്ല ഈ പുതിയ കണ്ടെത്തലുകള്‍. എന്നാലും മരണാനന്തര ജീവിതം ശാസ്ത്രത്തിന് പുറത്തുള്ള ഒരു വിഷയമായി അവശേഷിക്കുകയാണ്. വിശ്വാസമേഖലയിലാണ് ഇപ്പോഴും അതിന്റെ സ്ഥാനം. ഇത് മരണാനന്തരജീവിതത്തിന്റെ മാത്രം പ്രശ്നമല്ല; ദൈവവിശ്വാസം പോലും ഒരര്‍ഥത്തില്‍ അങ്ങനെയാണ്. ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നില്ല ദൈവവും. ഇതൊക്കെ ഇങ്ങനെത്തന്നെയാണ് വേണ്ടത് എന്നാണ് ഇതിന്റെ യുക്തിസഹമായ മറുവശം. ചിന്തയുടെയും അന്വേഷണത്തിന്റെയും മാനവ പുരോഗതിയുടെയും നിമിത്തങ്ങളായി ഈ നിഗൂഢതകള്‍ നിലനില്‍ക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരിക്കണം. അതുകൊണ്ട് അതിഭൌതിക മേഖലയിലാണ് ഈ വിഷയങ്ങളുടെ സ്ഥാനം. അതിഭൌതികജ്ഞാനം ദൈവത്തിനു മാത്രമേയുള്ളൂ. ശാസ്ത്രത്തിന്റെയോ യുക്തിചിന്തയുടെയോ പരിധിയില്‍ വരുന്നില്ല അത്.ഭൌതികജീവിതത്തില്‍ മനുഷ്യബുദ്ധി പക്വതയാര്‍ജിക്കുകയും വിവേകം പ്രസരിപ്പിക്കുകയും ചെയ്യുന്ന നാള്‍ മുതല്‍ക്കുള്ള ഒരു മനുഷ്യന്റെ ജീവിതത്തിലെ സര്‍വ അടക്കങ്ങളും അനക്കങ്ങളും വിചാരങ്ങളും വികാരങ്ങളും മരണാനന്തരം ദൈവികസന്നിധിയില്‍ വിചാരണചെയ്യപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മരണാനന്തരമുള്ള ശാശ്വതജീവിതത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുകയും ചെയ്യുമെന്നതാണ് പരലോകവിശ്വാസത്തിന്റെ കാതല്‍. ഇതിനെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിന്റെ ജീവിതവീക്ഷണം സദാചാര ധാര്‍മിക മാനുഷിക മൂല്യങ്ങളിലധിഷ്ഠിതമായ ഒരു സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും സൃഷ്ടിപ്പിന് കാരണമാകുന്നു.ദൈവം, പ്രവാചകന്‍, പരലോകം ഇവയാണ് ഇസ്ലാമിക ജീവിത വീക്ഷണത്തിന്റെ മൂലശിലകള്‍. ഇതിനെ അടിസ്ഥാനമാക്കി ബൃഹത്തായ ഒരു ജീവിതപദ്ധതിയും ഇസ്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. മനുഷ്യജീവിതത്തെ ഒരു ഏകകമായാണ് ഇസ്ലാം കാണുന്നത്. അതിനെ വിഭജിക്കുന്ന എല്ലാറ്റിനോടും ഇസ്ലാം കലഹിക്കുന്നു. ആത്മീയതയെയും ഭൌതികതയെയും സമന്വയിപ്പിക്കുന്നു എന്നതാണ് ഇസ്ലാമികജീവിതവീക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇസ്ലാമിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒരു പ്രത്യേകതയാണിത്. മറ്റു ദര്‍ശനങ്ങള്‍ ഒന്നുകില്‍ ആത്മീയതയിലേക്ക് അല്ലെങ്കില്‍ ഭൌതികതയിലേക്കു ചാഞ്ഞ് കിടക്കുന്നു.സമഗ്രവും സമ്പൂര്‍ണവുമാണ് ഇസ്ലാമിന്റെ ജീവിതവീക്ഷണം. ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് സ്പര്‍ശിക്കുന്നു.
വ്യക്തി, സമൂഹം, ആത്മീയം, ഭൌതികം, സാമ്പത്തികം, രാഷ്ട്രീയം എല്ലാം. ദൈവത്തിന്റെ പരമാധികാരമാണ് എല്ലാ മേഖലയിലും അത് ഉദ്ഘോഷിക്കുന്നത്. ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടനുസരിച്ച് ഭരണാധികാരി വെറും സേവകനാണ്. സാധാരണ പ്രജകള്‍ക്കില്ലാത്ത ആനുകൂല്യങ്ങളോ അവകാശങ്ങളോ അയാള്‍ക്കുണ്ടാവില്ല. ഏകാധിപത്യമോ സര്‍വാധിപത്യമോ നിരുപാധിക ജനാധിപത്യമോ ഇസ്ലാം അംഗീകരിക്കുന്നില്ല. ദൈവത്തിന്റെ പരമാധികാരം അംഗീകരിച്ച് ദൈവകല്‍പനകള്‍ അനുസരിച്ചു ഭരിക്കുന്നതിനുള്ള ജനപ്രാതിനിധ്യ വ്യവസ്ഥയാണ് ഇസ്ലാമിന്റെ രാഷ്ട്ര സങ്കല്‍പത്തിലുള്ളത്. ഇത് തിയോക്രസിയില്‍ നിന്നും ഡെമോക്രസിയില്‍ നിന്നും ഭിന്നമാണ്. ഇസ്ലാമിക സമ്പദ്വ്യവസ്ഥയില്‍ സ്വത്തുടമ വ്യക്തിയോ സമൂഹമോ രാഷ്ട്രമോ അല്ല; ദൈവമാണ്. സൂക്ഷിപ്പുകാരന്റെ ചുമതലയാണ് മനുഷ്യനു നിര്‍വഹിക്കാനുള്ളത്. മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസത്തില്‍ നിന്നും ഭിന്നമാണ് ഈ വീക്ഷണം.
വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്യ്രം ഇസ്ലാം തടഞ്ഞിട്ടില്ല. എന്നാല്‍, അത് സമൂഹത്തിന്റെ വിശാല താല്‍പര്യത്തിനു എതിരാവരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. സ്വത്തില്‍ ദരിദ്രര്‍ക്ക് പ്രത്യേക അവകാശവും നിശ്ചയിച്ചിട്ടുണ്ട്. ചൂഷണത്തിന്റെ എല്ലാ വഴികളും കൊട്ടിയടച്ചിട്ടുണ്ട്. സമ്പത്തിന്റെ പ്രയോജനം അവകാശത്തിലൂടെയും അനുകമ്പയിലൂടെയും എല്ലാവര്‍ക്കും ഉറപ്പുവരുത്താന്‍ ഇസ്ലാമിക സമ്പദ്വ്യവസ്ഥക്കു സാധിച്ചിട്ടുണ്ട്.ഇസ്ലാമിനെ ഏറ്റവും ജനപ്രിയമാക്കിയത് അതിന്റെ സാമൂഹ്യ വ്യവസ്ഥയാണ്. മനുഷ്യസമത്വം പൂര്‍ണമായ അളവില്‍ ഉറപ്പുവരുത്തുന്ന മറ്റൊരു വ്യവസ്ഥ ലോകത്തില്ല. സമ്പൂര്‍ണ സമത്വം ഇസ്ലാം വിളംബരം ചെയ്തു; നടപ്പിലാക്കുകയും ചെയ്തു. ജന്മംകൊണ്ടും വര്‍ണംകൊണ്ടും ഉച്ചനീചത്വം കല്‍പിച്ചുപോരുന്ന ലോകത്ത് ഇസ്ലാമിക സമൂഹം ഒരു വിസ്മയമാണ്. സമ്പത്ത്, വിദ്യാഭ്യാസം, അധികാരം ഒന്നും ഉച്ചനീചത്വത്തിന് പരിഹാരമായില്ല. നിയമവും അതിന്റെ മുമ്പില്‍ തോറ്റു. എല്ലാവരും തോറ്റിടത്ത് ഒറ്റ പ്രഖ്യാപനംകൊണ്ട് ഇസ്ലാം സമത്വം സാധിച്ചു. “മനുഷ്യരേ, ഒരേ മാതാപിതാക്കളുടെ മക്കളാണ് നിങ്ങള്‍”. ഇപ്പോള്‍ രാജാവിനും അടിമക്കും തോളോട്തോള്‍ ചേര്‍ന്ന് നില്‍ക്കാമെന്നായി. രാജാവും അടിമയും തന്നെ ഇല്ലാതായി. രണ്ടുപേരും തുല്യാവകാശങ്ങളുള്ള മനുഷ്യരായി. സമത്വം മാത്രമല്ല ഇസ്ലാം ലഭ്യമാക്കിയത്. അടിച്ചമര്‍ത്തപ്പെട്ടവരും നിരാലംബരുമായ ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും അത് ഉറപ്പുവരുത്തി. മര്‍ദിതരും പീഡിതരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗത്തിന്റെ വിമോചനത്തിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായി പോരാടാന്‍ ഇസ്ലാം അനുയായികളോട് കല്‍പിച്ചു. അത് പുണ്യകര്‍മമാണെന്ന് പഠിപ്പിച്ചു.സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍, രോഗികള്‍, ദരിദ്രര്‍, അനാഥര്‍,അഭയാര്‍ഥികള്‍-ഇവരുടെ മേല്‍ ഇസ്ലാം കാരുണ്യം ചൊരിയുന്നു. കണിശമാണ് ഇസ്ലാമിന്റെ നീതിന്യായവ്യവസ്ഥ. നിയമലംഘനത്തിനും കുറ്റകൃത്യങ്ങള്‍ക്കുമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ഇസ്ലാമികനിയമങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാന ധര്‍മം. ശിക്ഷിക്കുവാനല്ല; ശിക്ഷ ഒഴിവാക്കാനാണ് ഇസ്ലാമിന് താല്‍പര്യം. എന്നാല്‍, സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും തെറ്റ് ഒഴിവാക്കാന്‍ മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും മനഃപൂര്‍വം അത് ചെയ്യുന്നവരെ ഇസ്ലാമിക നീതിപീഠം ശിക്ഷിക്കുക തന്നെ ചെയ്യും. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന ശിക്ഷ മാതൃകാപരമായിരിക്കുകയും ചെയ്യും. കുറ്റം ചെയ്തവനെ ശിക്ഷിക്കുക, നീതി നിഷേധിക്കപ്പെട്ടവന് അത് ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങളിലൊന്നും ഇസ്ലാം ഇളവ് അനുവദിക്കുന്നില്ല. കാരണം, അത് സമൂഹത്തിന് ദോഷം ചെയ്യും. മുഖംനോക്കാതെ നീതി നടപ്പാക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്.
ഇസ്ലാമിക വ്യവസ്ഥിതിയെക്കുറിച്ച് വിശിഷ്യാ, അതിലെ നിയമങ്ങളെക്കുറിച്ച് അധിക പേര്‍ക്കും അറിയാത്ത ഒരു വസ്തുതയുണ്ട്. ഇസ്ലാമിക വ്യവസ്ഥിതിയുടെ വികാസക്ഷമതയും നവീകരണസിദ്ധിയുമാണത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക നിയമങ്ങള്‍ പുതിയ ലോകവുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന് ചിന്തിക്കുന്ന ധാരാളം പേരുണ്ട്. ഇസ്ലാമിക നിയമ വ്യവസ്ഥയുടെ നവീകരണ ശേഷി അറിയാതെ പോയതാണ് ഈ തെറ്റിദ്ധാരണയുടെ ഹേതു.
ഇസ്ലാമിക വ്യവസ്ഥിതിയുടെ മൌലിക തത്ത്വങ്ങള്‍ മാത്രമാണ് ദൈവം നിശ്ചയിച്ചിരിക്കുന്നത്. ഈ മൌലിക തത്ത്വങ്ങളില്‍ നിന്നുകൊണ്ട് വ്യവസ്ഥയെ കാലോചിതമായി വികസിപ്പിക്കേണ്ട ചുമതല മനുഷ്യന്റെ ഗവേഷണ ബുദ്ധിക്കാണ്. മനുഷ്യനു ലഭിച്ച മഹത്തായ അംഗീകാരം കൂടിയാണിത്.ഇസ്ലാമിക വ്യവസ്ഥിതിയുടെ ഈ വികാസക്ഷമതയാണ് ഇസ്ലാമിക ജീവിതവീക്ഷണത്തെ നിത്യനൂതനമായി നിലനിര്‍ത്തുന്നത്.
1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.