ഇസ്‌ലാമിക ലോകത്തെ സുപ്രധാനമായ ഒരു ബൗദ്ധിക സംഭാവനയാണ് ഇസ്‌ലാമിക ദര്‍ശനം. അറബിയില്‍ അല്‍ഹിക്മഃ അല്ലെങ്കില്‍ അല്‍ഫല്‍സഫഃ എന്നറിയപ്പെടുന്നു. മതം എന്ന പദംകൊണ്ട് സാധാരണ വ്യവഹരിക്കപ്പെടുന്നതിനപ്പുറമുള്ള ഒരു ജീവിത ദര്‍ശനവും ജീവിതരീതിയും സാമൂഹിക -രാഷ്ട്രീയ- സാമ്പത്തിക വ്യവസ്ഥിതിയുമാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ ആറ് വിശ്വാസ പ്രമാണങ്ങളും (അല്ലാഹു, മലക്, ദൈവദൂതന്മാര്‍, വേദഗ്രന്ഥം, പരലോകം, വിധി എന്നിവയിലുള്ള വിശ്വാസം) പഞ്ചസ്തംഭങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ച് കര്‍മരീതികളും (സത്യസാക്ഷ്യ പ്രഖ്യാപനം, നമസ്‌കാരം, സകാത്, നോമ്പ്, ഹജ്ജ്) ആണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിത്തറ. തത്ത്വചിന്ത ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഇസ്‌ലാമിന്റെ ഉത്തരം കണിശവും വ്യക്തവുമാണ്. ദര്‍ശനം അഥവാ ഫിലോസഫി എന്ന വാക്കിന് അറിവിനെ സ്‌നേഹിക്കുക (Philos: സ്‌നേഹം, Sophia: ജ്ഞാനം) എന്നാണര്‍ഥം. അനുഭവങ്ങളുടെയും പരീക്ഷണ-നിരീക്ഷണങ്ങളുടെയും മാത്രം അടിസ്ഥാനത്തില്‍ ലഭിക്കുന്ന അറിവിലൊതുങ്ങുന്നില്ല ദര്‍ശനപരമായ ജ്ഞാനം. ജീവിതത്തിന്റെ ഉദാത്ത മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണത്. പ്രസിദ്ധരായ ദാര്‍ശനികരെല്ലാം ഈ ആശയം വ്യക്തമാക്കിയിട്ടുണ്ട്. സത്യാന്വേഷണമാണ് ദര്‍ശനത്തിന്റെ ലക്ഷ്യം. പ്രപഞ്ചത്തെയും ജീവിതത്തെയും സം ന്ധിക്കുന്ന സത്യം പൂര്‍ണമായി അല്ലാഹു തന്റെ ദൂതന്മാര്‍ മുഖേന വെളിപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഇസ്‌ലാമിന്റെ തത്ത്വം. അതിനാല്‍ മനുഷ്യന്‍ അത് സ്വയം ചിന്തിച്ചു കണ്ടുപിടിക്കേണ്ടതില്ല. എന്നാല്‍ ദൈവിക യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതിന് പ്രപഞ്ച നിരീക്ഷണവും ചിന്തയുമാണ് മാര്‍ഗമെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധം വ്യക്തമാക്കുന്നുണ്ട്. ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയുള്ള ബൗദ്ധികാന്വേഷണങ്ങളാണ് ഇസ്‌ലാമിക ദര്‍ശനം എന്നര്‍ഥം.
തത്ത്വചിന്ത ജീവിതത്തെ സംബന്ധിക്കുന്നതാകയാല്‍ ജീവിതവുമായി ബന്ധപ്പെടുന്ന സമസ്ത പ്രശ്‌നങ്ങളും ഇസ്‌ലാമിക ദര്‍ശനത്തിന്റെ പരിധിയില്‍ വരും. ഇവയോരോന്നും വ്യത്യസ്ത വിജ്ഞാനശാഖകളായി വികാസം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസത്തെ സംബന്ധിക്കുന്ന ശാസ്ത്രം അല്‍അഖാഇദ് എന്നും കര്‍മാനുഷ്ഠാനങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രം ഫിഖ്ഹ് എന്നും ധര്‍മശാസ്ത്രം അഖ്‌ലാഖ് എന്നും വ്യവഹരിക്കപ്പെടുന്നു. ദര്‍ശനത്തിന്റെ പഠന മേഖലയായ സത്താമീമാംസ ഇതില്‍ വിശ്വാസ ശാസ്ത്രവുമായാണ് ബന്ധപ്പെടുന്നത്. മൂല്യ മീമാംസയും സൗര്യ ദര്‍ശനവും സ്വതന്ത്ര പഠന ശാഖകളായി വികസിച്ചിട്ടില്ല. എന്നാല്‍ ഖുര്‍ആനില്‍നിന്നും ഹദീഥുകളില്‍നിന്നും തദ്‌സംന്ധമായ ഇസ്‌ലാമിക വീക്ഷണങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കും. ജ്ഞാന മീമാംസയില്‍ വഹ്‌യ് (ദിവ്യബോധനം) അറിവിന്റെ ദൈവിക ഉറവിടമായി അംഗീകരിക്കപ്പെടുന്നു. സംവേദനേന്ദ്രിയങ്ങള്‍ വഴിയും യുക്തിചിന്തയിലൂടെയും മനുഷ്യന്‍ ആര്‍ജിക്കുന്ന അറിവ് അതിന് താഴെയാണ് വരുന്നത്. അറിവുകളുടെയെല്ലാം സ്രോതസ്സ് സര്‍വജ്ഞനായ അല്ലാഹുവാണെന്നതാണ് ഇസ്‌ലാമിക ജ്ഞാന മീമാംസയുടെ കാതലായ തത്ത്വം. പരലോക വിശ്വാസത്തിലധിഷ്ഠിതമാണ് ഇസ്‌ലാമിന്റെ ധര്‍മമീമാംസ. മനുഷ്യന്‍ തന്റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഉത്തരവാദിയാകുന്നു. ദൈവത്തിനു മുമ്പാകെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പുനരുത്ഥാനത്തിനു ശേഷമുള്ള അന്തിമ വിചാരണാ വേളയില്‍ ഉത്തരം ബോധിപ്പിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. അല്ലാഹു സൗന്ദര്യം ഇഷ്ടപ്പെടുന്നു എന്നതാണ് ഇസ്‌ലാമിന്റെ സൗന്ദര്യ ദര്‍ശനത്തിന്റെ അടിസ്ഥാനം. ഈ തത്ത്വത്തിന്റെ സമൂര്‍ത്താവിഷ്‌കാരങ്ങളാണ് ഇസ്‌ലാമിക കലകള്‍.
മേല്‍പറഞ്ഞ തത്ത്വങ്ങള്‍ ഇസ്‌ലാമിക ലോകത്ത് ദര്‍ശനത്തിന്റെ ഭാഷയില്‍ ആവിഷ്‌കരിക്കപ്പെട്ടു തുടങ്ങിയത് ഗ്രീക്കോ-അലക്‌സാണ്ട്രിയന്‍ ദര്‍ശന പദ്ധതികളുമായി അറബ് – മുസ്‌ലിം പണ്ഡിതന്‍മാര്‍ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ്. മൂന്നാം/ഒമ്പതാം ശതകത്തിലാണ് യവന ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുന്നത്. യവന ചിന്തയെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വായിക്കാനാണ് പ്രമുഖരായ മുസ്‌ലിം ദാര്‍ശനികര്‍ ശ്രമിച്ചത്. ഇത് ദര്‍ശന ചരിത്രത്തില്‍ പുതിയൊരു വഴിത്തിരിവിന് തുടക്കം കുറിച്ചു. എന്നാല്‍ ഇസ്‌ലാമിന്റെ അംഗീകൃത തത്ത്വങ്ങളില്‍നിന്ന് വ്യതിചലിച്ചവരും ഇക്കൂട്ടത്തിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മതമീമാംസാ വിശാരദര്‍ ഇവര്‍ക്കെതിരെ പ്രതിരോധനിര സൃഷ്ടിച്ചു. സ്വൂഫികളും ശീഇകളും പൊതുവേ തത്ത്വചിന്തയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പ്രസിദ്ധ ദാര്‍ശനികനായമുല്ലാ സ്വദ്‌റ(സ്വദ്‌റുദ്ദീന്‍ ശീറാസി)യുടെ രചനകളില്‍ ശീഈ സ്വാധീനം പ്രകടമാണ്. ഇമാം ഗസ്സാലി ഇസ്‌ലാമിക ദൈവശാസ്ത്രത്തെയും തത്ത്വചിന്തയെയും ആത്മീയതയെയും അസാമാന്യമായ പ്രാഗല്ഭ്യത്തോടെ സമന്വയിപ്പിച്ചു. ഫാറാബി, ഇബ്‌നുസീനാ, ഇബ്‌നുറുശ്ദ് തുടങ്ങിയവര്‍ ദര്‍ശനത്തിന് പ്രഥമ സ്ഥാനം കല്പിച്ചവരാണ്. മതമീമാംസകരും തത്ത്വചിന്തകരും തമ്മില്‍ നടന്ന ഖണ്ഡന മണ്ഡനങ്ങള്‍ ഇസ്‌ലാമിക ധൈഷണിക ജീവിതത്തെ ഉന്‍മിഷത്താക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.
ഇസ്‌ലാമിലെ വിവിധ വിശ്വാസ ധാരകളെ പ്രതിനിധീകരിക്കുന്ന ആദ്യകാല അവാന്തര വിഭാഗങ്ങളുടെ ആവിര്‍ഭാവവും ദാര്‍ശനിക പദ്ധതികളുടെ പ്രചാരവും തമ്മില്‍ ബന്ധമുണ്ട്.
ഖുര്‍ആന്‍ സൃഷ്ടിയാണോ, പാപികള്‍ക്ക് നരകമോക്ഷമുണ്ടോ, വിധി ബന്ധിതമായ മനുഷ്യന്ന് സ്വതന്ത്രമായ ഇഛാശക്തിയുണ്ടോ, മതനിയമങ്ങള്‍ക്കടിസ്ഥാനമായി യുക്തിയെ സ്വീകരിക്കാമോ തുടങ്ങിയ തര്‍ക്കങ്ങളാണ് വിവിധ മതചിന്താപ്രസ്ഥാനങ്ങള്‍ക്ക് വഴിയൊരുക്കിയത്. വിധിവാദികള്‍, വിധിനിഷേധികള്‍, സൃഷ്ടിവാദികള്‍, മുര്‍ജിഅഃ, മുഅ്തസിലഃ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഇങ്ങനെ ഉദയം ചെയ്തു. ശീഈ പ്രസ്ഥാനത്തില്‍നിന്നുടലെടുത്ത ഇസ്മാഈലികള്‍ തുടങ്ങിയ പ്രസ്ഥാനങ്ങളും തങ്ങളുടെ ആശയങ്ങള്‍ക്ക് ദര്‍ശനത്തിന്റെ വര്‍ണവും ഛായയും നല്കിയവരാണ്. ഉമവീ, അബ്ബാസീ കൊട്ടാരങ്ങളിലെ ക്രൈസ്തവ-യഹൂദ ഭിഷഗ്വരന്‍മാരും അറബ്‌ലോകത്തെ തത്ത്വചിന്തയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചവരാണ്. മുആവിയഃയുടെ ചികിത്സകനായിരുന്ന ഇബ്‌നുഅഥാല്‍ നെസ്റ്റോറിയ ക്രിസ്ത്യാനിയായിരുന്നു. പിന്നീട് ഇസ്‌ലാം സ്വീകരിച്ച അലക്‌സാണ്ട്രിയന്‍ സ്വദേശിയായ ഭിഷഗ്വരന്‍ അബ്ദുല്‍ മലികിബ്‌നു അബ്ഹാന്‍ അല്‍കിനാനി, ബസ്വ്‌റഃക്കാരനായ യഹൂദ വൈദ്യന്‍ മാസര്‍ജവൈഹ് തുടങ്ങിയവര്‍ അറബ് ഗ്രന്ഥലോകത്തേക്ക് തത്ത്വചിന്ത കൊണ്ടുവന്നവരില്‍ പെടുന്നു. ഇസ്‌ലാം മത പണ്ഡിതന്മാര്‍ ക്രൈസ്തവരുമായുള്ള സംവാദങ്ങളില്‍ ഖുര്‍ആന്നും നബിവചനങ്ങള്‍ക്കും പുറമേ ദാര്‍ശനിക കൃതികളെയും അവലം മാക്കി. അതിനാല്‍ ആദ്യകാല ഇസ്‌ലാമിക ദാര്‍ശനികരില്‍ മൂന്ന് വ്യത്യസ്ത സ്വാധീനങ്ങള്‍ പ്രകടമായി കാണാവുന്നതാണ്. ഒന്ന് അരിസ്റ്റോട്ടലിയന്‍ തത്ത്വചിന്ത; രണ്ട്, നിയോപ്ലാറ്റോണിക് ചിന്ത; മൂന്ന്, ഇസ്‌ലാമിക ചിന്ത.
അവലംബം : ഇസ്‌ലാമിക വിജ്ഞാന കോശം