നഷ്ടഭയമില്ലാത്ത കച്ചവടക്കാരന്‍

നഷ്ടഭയമില്ലാത്ത കച്ചവടക്കാരന്‍
 

മുഹമ്മദ് ബിന്‍ സീരീന്‍
ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ

പകലിരവുകളില്‍ അങ്ങാടിയിലൂടെ കൊടുക്കല്‍ വാങ്ങലുകളുമായി കറങ്ങിനടക്കുമ്പോളും മുഹമ്മദ് ബിന്‍ സീരീന്‍ ജനങ്ങളോട് പരലോകത്തെ സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തി… ഇഹലോകത്തെ സംബന്ധിച്ച് കാഴ്ചപ്പാടുളവാക്കി… അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പിച്ചു… വിഷമിക്കുന്ന മനസ്സുകളുടെ മനസ്താപം നീക്കാനുതകുന്ന തമാശകള്‍, തന്റെ ഗാംഭീര്യത്തിനോ മഹത്വത്തിനോ കോട്ടംതട്ടാത്ത വിധത്തില്‍ പലപ്പോഴും പറഞ്ഞു…

അര്‍ഹിക്കുന്ന നിലയിലുള്ള ബഹുമാനവും ബഹുമതിയും സ്വീകാര്യതയും സ്വാധീനവും അല്ലാഹു അദ്ദേഹത്തിന് നല്‍കി. അങ്ങാടിയില്‍ അലസരായി നിഷ്ഫലമായ പ്രവൃത്തിയില്‍ കഴിയുന്നവര്‍ അദ്ദേഹത്തെ കാണുന്ന മാത്രയില്‍ ദിക്‌റും തഹ്‌ലീലും തക്ബീറും ഉരുവിട്ടുതുടങ്ങും. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ചരിത്രം തന്നെ ജനതയുടെ ഒരു നല്ല മാര്‍ഗ്ഗദര്‍ശി എന്ന നിലയിലായിരുന്നു. കച്ചവടത്തില്‍ രണ്ടാലൊന്ന് സ്വീകരിക്കേണ്ടി വരുമ്പോള്‍, ഭൗതികമായി നഷ്ടമുളവാക്കുന്നതാണെങ്കിലും ദീനില്‍ ഉറപ്പുള്ളതേ സ്വീകരിക്കുകയുള്ളൂ. മതവിജ്ഞാനീയങ്ങളിലെ സൂക്ഷ്മജ്ഞാനവും ഹലാല്‍ ഹറാമുകളെ സംബന്ധിച്ചുള്ള ശരിയായ നീരീക്ഷണവും, അസാധാരണമായ ചില നിലപാടുകളെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നു.

ഒരിക്കല്‍ ഒരാള്‍ ഇബ്‌നു സീരീന്‍ തനിക്ക് രണ്ട് ദിര്‍ഹം നല്‍കാനുണ്ടെന്ന് കളവ് പറഞ്ഞു. അദ്ദേഹം അത് നല്‍കാന്‍ തയ്യാറായില്ല. സത്യം ചെയ്യാന്‍ ഒരുക്കമാണോയെന്ന് അയാള്‍ അയാള്‍ ചോദിച്ചു. വെറും രണ്ട് ദിര്‍ഹമിന് വേണ്ടി അദ്ദേഹം സത്യം ചെയ്യുകയില്ലെന്നാണ് അയാള്‍ കരുതിയത്. അദ്ദേഹം സത്യം ചെയ്തു. ജനങ്ങള്‍ ചോദിച്ചു: അബൂബക്ര്‍, രണ്ട് ദിര്‍ഹമിന് വേണ്ടി താങ്കള്‍ സത്യം ചെയ്യുന്നുവോ? സംശയത്തിന്റെ പേരില്‍ ഇന്നലെയല്ലേ താങ്കള്‍ നാല്‍പതിനായിരം ദിര്‍ഹം വിട്ടു കൊടുത്തത്, അത് താങ്കളുടേത് തന്നെയായിരുന്നുവെന്ന് മറ്റാര്‍ക്കും സംശയമില്ലായിരുന്നു. അദ്ദേഹം പറഞ്ഞു: അതേ, ഞാന്‍ സത്യം ചെയ്യും, എനിക്കറിയാം അയാള്‍ക്ക് അത് ഹറാമാണെന്ന്, അയാളെ ഞാന്‍ ഹറാം തീറ്റിക്കുകയില്ല.

നന്മയുടെയും ഗുണഗണങ്ങളുടെയും സദുപദേശത്തിന്റെയും സദസ്സായിരുന്നു ഇബ്‌നു സീരീനിന്റേത്. ആരെയെങ്കിലും സംബന്ധിച്ച് അദ്ദേഹത്തിന്റെ സദസ്സില്‍ വെച്ച് ദുഷിച്ചു പറയപ്പെട്ടാല്‍, അയാളെ സംബന്ധിച്ച് അറിയപ്പെട്ട ഏറ്റവും നല്ല കാര്യം അദ്ദേഹം അവിടെ പരാമര്‍ശിക്കും. ബനൂ ഉമയ്യ വംശത്തിലെ പരുക്കനും കാര്‍ക്കശ്യക്കാരനുമായ ഗവര്‍ണര്‍ ഹജ്ജാജ് ബിന്‍ യൂസുഫ് ഥഖഫിയെ മരണാനന്തരം ഒരാള്‍ ചീത്തവിളിച്ചു. അദ്ദേഹത്തിന്റെ ഊക്കും ക്രൂരതയും ധാര്‍ഷ്ട്യവും ചരിത്രകാരന്മാര്‍ എമ്പാടും വിശദീകരിച്ചിട്ടുള്ളതാണ്. ഇബ്‌നു സീരീന്‍ പറഞ്ഞു: ‘സഹോദരപുത്രാ, മതിയാക്കൂ. ഹജ്ജാജ് രക്ഷിതാവിങ്കലേക്ക് പോയിക്കഴിഞ്ഞു. ഹജ്ജാജ് ചെയ്തുകൂട്ടിയ മഹാപാപത്തെക്കാള്‍, അല്ലാഹുവിന്റെ സമക്ഷത്തില്‍ എത്തുമ്പോള്‍ നിനക്ക് ഗൗരവതരമായി അനുഭവപ്പെടുന്നത് ഇവിടെ നീ ചെയ്ത നിസ്സാര പാപങ്ങളായിരിക്കും. അന്നേദിനം നിങ്ങള്‍ രണ്ടാള്‍ക്കും അവരുടേതായ തിരക്കുണ്ടായിരിക്കും. സഹോദരപുത്രാ, ഹജ്ജാജിനാല്‍ അക്രമിക്കപ്പെട്ടവരുടെ പ്രതിക്രിയ അല്ലാഹു ചെയ്യുന്നത് പോലെ ഹജ്ജാജിനെ ദ്രോഹിച്ചവരുടെ പ്രതിക്രിയയും അല്ലാഹു ചെയ്യുന്നതാണ്. അതിനാല്‍ ഇന്ന് മുതല്‍ ആരെയും ചീത്തവിളിക്കരുത്.’

കച്ചവടാവശ്യാര്‍ത്ഥം യാത്ര പറയാന്‍ ആരെങ്കിലും വന്നാല്‍ അവനോട് പറയും, സഹോദരപുത്രാ, മഹോന്നതനും പ്രതാപശാലിയുമായ അല്ലാഹുവിനെ സൂക്ഷിക്കണേ, നിനക്ക് കണക്കാക്കപ്പെട്ടത് അനുവദനീയമായ വഴിയിലൂടെ അന്വേഷിക്കൂ, അറിയുക, അനുവദിക്കപ്പെടാത്തത് തെരഞ്ഞുനടന്നാലും കണക്കാക്കപ്പെടാത്തത് കിട്ടുകയില്ല.
ബനൂ ഉമയ്യ ഗവര്‍ണര്‍മാരോട് മുഹമ്മദ് ബിന്‍ സീരീന്‍ സത്യം വിളിച്ചുപറഞ്ഞു. അല്ലാഹുവിനോടും അവന്റെ ദൂതനോടും മുസ്‌ലിം സമൂഹ നേതൃത്വത്തോടുമുള്ള ആത്മാര്‍ത്ഥത കാണിച്ചു. ഒരിക്കല്‍ ഇറാഖിലെ ബനൂ ഉമയ്യ ഗവര്‍ണറും പ്രമുഖനുമായ ഉമര്‍ ബിന്‍ ഹുബൈറ ഫസാരി തന്നെ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തിനടുത്തേക്ക് ആളയച്ചു. സഹോദരപുത്രനേയും കൂട്ടി അദ്ദേഹം യാത്രതിരിച്ചു. ഗവര്‍ണര്‍ അദ്ദേഹത്തെ ബഹുമാനിച്ചിരുത്തി, ഇഹപര വിഷയങ്ങളെ സംബന്ധിച്ച് അന്വേഷിച്ചറിഞ്ഞു. ഗവര്‍ണര്‍ ചോദിച്ചു: അബൂബക്ര്‍, ഈജിപ്തുകാര്‍ എങ്ങിനെ?

അദ്ദേഹം പറഞ്ഞു: അക്രമം സര്‍വ്വ വ്യാപിയായിരിക്കുന്നു, താങ്കള്‍ അത് ശ്രദ്ധിക്കുന്നതേയില്ല. അപ്പോള്‍ സഹോദരപുത്രന്‍ തോളുകൊണ്ട് അദ്ദേഹത്തെ തൊട്ടു. തിരിഞ്ഞു നോക്കിയ അദ്ദേഹം പറഞ്ഞു : ചോദിച്ചിരിക്കുന്നത് നിന്നോടല്ലല്ലോ, എന്നോടാണ് ചോദിച്ചിരിക്കുന്നത്. ഇത് സാക്ഷ്യമാണ്, ‘മറച്ചുവെയ്ക്കുന്നവന്‍ ഹൃദയം കൊണ്ട് പാപിയാണ്.’ (അല്‍ബഖറ 283)

സ്വീകരിച്ച് ആനയിച്ചത് പോലെ തന്നെ, സദസ്സ് പിരിഞ്ഞപ്പോള്‍ ബഹുമാനാദരവുകളോടെ ഉമര്‍ ബിന്‍ ഹുബൈറ അദ്ദേഹത്തെ യാത്രയയച്ചു. മൂവായിരം ദീനാര്‍ ഒരു സഞ്ചിയിലാക്കി കൊടുത്തുവിട്ടെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. അപ്പോള്‍ സഹോദരപുത്രന്‍ ചോദിച്ചു: അമീറിന്റെ സമ്മാനം സ്വീകരിച്ചുകൂടായിരുന്നോ?. അദ്ദേഹം പറഞ്ഞു: എന്നെ സംബന്ധിച്ച ഏതോ നല്ല വിചാരത്തിലാണ് അദ്ദേഹം അത് നല്‍കിയത്. അദ്ദേഹം നിനച്ചത് പോലെ നല്ലവനാണ് ഞാനെങ്കില്‍ എനിക്ക് അതിന്റെ ആവശ്യമില്ല. അദ്ദേഹം കരുതിയത് പോലെയല്ല ഞാനെങ്കില്‍ അത് സ്വീകരിക്കാതിരിക്കലാണ് എനിക്ക് കരണീയം.

മുഹമ്മദ് ബിന്‍ സീരീനിന്റെ സത്യസന്ധതയും ക്ഷമയും പരിശോധിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചു, വിശ്വാസികള്‍ നേരിടാറുള്ള പരീക്ഷങ്ങള്‍ക്ക് അല്ലാഹു അദ്ദേഹത്തെയും വിധേയമാക്കി. ഒരിക്കല്‍ നാല്‍പതിനായിരത്തിനുള്ള എണ്ണ കടമായി വാങ്ങി. തോല്‍പാത്രങ്ങളിലൊന്ന് തുറന്നപ്പോള്‍ അതില്‍ ഒരു എലി ചത്ത് അഴുകി കിടക്കുന്നു. അദ്ദേഹം സ്വയം പറഞ്ഞു: എല്ലാ എണ്ണയും ഒരേ സ്ഥലത്തെ ചക്കില്‍ നിന്നായിരിക്കും. മാലിന്യം ഒരു പാത്രത്തില്‍ മാത്രമായിരിക്കില്ല. ഇത് മടക്കിയയക്കുന്ന പക്ഷം കച്ചവടക്കാരന്‍ മറ്റാര്‍ക്കെങ്കിലും ന്യൂനതയുള്ള ഈ വസ്തു വിറ്റേക്കാം. അങ്ങിനെ അദ്ദേഹം അതത്രയും ഒഴിച്ചു കളഞ്ഞു. അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഇത് വരുത്തിവെച്ചത്. കടം കയറി, എണ്ണ നല്‍കിയ ആള്‍ അതിന്റെ വില ആവശ്യപ്പെട്ടു, അത് കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഗവര്‍ണറുടെ അടുക്കല്‍ കേസെത്തി. ബാധ്യത കൊടുത്തു വീട്ടുന്നത് വരെ അദ്ദേഹത്തെ ജയിലിലിടാന്‍ ഉത്തരവായി. ജയില്‍വാസം നീണ്ടപ്പോള്‍, അദ്ദേഹത്തിന്റെ കടത്തിന്റെ സ്വഭാവവും സൂക്ഷമതയും നിരന്തര ഇബാദത്തും കണ്ട ജയിലധികൃതര്‍ അനുകമ്പയോടെ പറഞ്ഞു: ശൈഖ്, മോചനം ലഭിക്കുന്നത് വരെ രാത്രി വീട്ടുകാരോടൊപ്പം പാര്‍ത്തോളൂ, പ്രഭാതത്തില്‍ തിരിച്ചെത്തിയാല്‍ മതി. അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ, ഞാനത് ചെയ്യുകയില്ല. ജയിലധികൃകര്‍ ചോദിച്ചു: അല്ലാഹു താങ്കളെ സന്മാര്‍ഗത്തിലാക്കട്ടെ, എന്ത്‌കൊണ്ട് അങ്ങിനെ ചെയ്തുകൂടാ? അദ്ദേഹം പറഞ്ഞു: ഭരണാധികാരിയെ വഞ്ചിക്കാന്‍ ഞാന്‍ താങ്കളുടെ സഹായം തേടുകയില്ല.
അനസ് ബിന്‍ മാലിക് (റ) മരണാസന്നനായിരിക്കുമ്പോള്‍ മുഹമ്മദ് ബിന്‍ സീരീന്‍ ജയിലിലാണ്. തന്റെ മയ്യിത്ത് കുളിപ്പിക്കേണ്ടതും നമസ്‌കരിപ്പിക്കേണ്ടതും മുഹമ്മദ് ബിന്‍ സീരീന്‍ ആയിരിക്കണമെന്ന് അദ്ദേഹം വസിയ്യത്ത് ചെയ്തിരുന്നു. മരണപ്പെട്ടപ്പോള്‍ ജനങ്ങള്‍ ഗവര്‍ണറുടെ അടുത്തെത്തി പ്രവാചക സഖാവും സേവകനുമായ അദ്ദേഹത്തിന്റെ വസിയ്യത്ത് നടപ്പിലാക്കാനായി മുഹമ്മദ് ബിന്‍ സീരീനിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു. ഗവര്‍ണര്‍ അതനുവദിക്കുകയും ചെയ്തു. എന്നാല്‍ മുഹമ്മദ് ബിന്‍ സീരീന്‍ പ്രതിവചിച്ചു : കടക്കാരന്‍ അനുമതി നല്‍കുന്നത് വരെ ഞാന്‍ വരികയില്ല, എന്റെ മേലുള്ള ചില ബാധ്യതകളുടെ പേരിലാണ് ഞാന്‍ തടവറയിലായത്. അങ്ങിനെ കടക്കാരുടെ അനുമതിയോടെ അദ്ദേഹം അനസിനെ കുളിപ്പിച്ചു, കഫന്‍ പുടവ ധരിപ്പിച്ചു, ജനാസ നമസ്‌കരിപ്പിച്ചു, തന്റെ വീട്ടുകാരെ പോലും കാണാന്‍ കൂട്ടാക്കാതെ ജയിലിലേക്ക് തന്നെ മടങ്ങി.

എഴുപത്തയേഴ് വയസ്സ് വരെ മുഹമ്മദ് ബിന്‍ സീരീന്‍ ജീവിച്ചു. മരണം എത്തുമെന്നായപ്പോള്‍ ദുന്‍യാവിന്റെ ചരക്കുകള്‍ കുറക്കുകയും മരണാനന്തരത്തിന് വേണ്ടിയുള്ളത് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഉപാസകയായ ഹഫ്‌സ ബിന്‍ത് റാഷിദ് പറയുന്നു: ഞങ്ങളുടെ അയല്‍ക്കാരനായിരുന്ന മര്‍വാന്‍ ഹംലിയ്യ് ആരാധനയില്‍ നിമഗ്നനും അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവനുമായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഞങ്ങള്‍ വല്ലാതെ വ്യസനിച്ചു. ഞാന്‍ അദ്ദേഹത്തെ സ്വപ്നത്തില്‍ ദര്‍ശിച്ചു, ഞാന്‍ ചോദിച്ചു: അബൂ അബ്ദില്ലാ, അല്ലാഹു താങ്കളോട് എന്ത് ചെയ്തു?
മര്‍വാന്‍ : എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു.
ഹഫ്‌സ : പിന്നെ എന്തുണ്ടായി?
മര്‍വാന്‍ : പിന്നീട് എന്നെ അസ്ഹാബുല്‍ യമീന്‍ (സ്വര്‍ഗത്തിലെ ഒരിടം) ലേക്ക് ഉയര്‍ത്തപ്പെട്ടു.
ഹഫ്‌സ : പിന്നെ എന്തുണ്ടായി?
മര്‍വാന്‍ : പിന്നീട് സ്വര്‍ഗത്തിലെ മുന്‍നിരക്കാരുടെ കൂട്ടത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.
ഹഫ്‌സ : അവിടെ ആരെയൊക്കെ കണ്ടു?
മര്‍വാന്‍ : ഹസന്‍ ബസ്വരി, മുഹമ്മദ് ബിന്‍ സീരീന്‍ എന്നിവരെയൊക്കെ കണ്ടിരുന്നു.

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട
العدلالعدل

Related Post