ഖുര്‍ആന്‍ അറബികള്‍ക്ക് മാത്രമുള്ളതോ?

quraan

വളരെ കൃത്യമായ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായാണ് ഈ പ്രപഞ്ചത്തില്‍ ഓരോ കാര്യവും നടക്കുന്നത്.

 

പ്രസ്തുത വ്യവസ്ഥയുടെ ഭാഗമാണ് വ്യത്യസ്ത ഭാഷകളും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും. ആ വൈവിധ്യങ്ങളെവും വ്യത്യസ്തതകളെയും നിലനിര്‍ത്തികൊണ്ട് തന്നെ തന്റെ മാര്‍ഗദര്‍ശനം ജനങ്ങളിലേക്ക് എത്തിക്കാനാണ് അല്ലാഹു തീരുമാനിച്ചത്.

ഒരിക്കല്‍ ഒരു സിഖ് സുഹൃത്ത് എനിക്ക് വായിക്കാനായി കുറച്ച് പുസ്തകങ്ങള്‍ തന്നു. ഞാനത് വായിച്ചു കൊണ്ടിരിക്കെ അദ്ദേഹം ചോദിക്കുന്നു : അല്ലാഹു പ്രവാചകന്‍മാരോട് സംസാരിക്കുമെന്നും പ്രപഞ്ചത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനം ചെയ്യുന്നതിന് പ്രത്യേകം തെരെഞ്ഞെടുത്തവരെ അയക്കുമെന്നും നിങ്ങള്‍ പറയുന്നു. ചോദ്യം ഇതാണ്, എന്തുകൊണ്ട് ഇത്രത്തോളം പ്രാധാന്യമുള്ള ഒരു ജീവിത മാര്‍ഗരേഖ ഒരു പ്രത്യേക ഭാഷയില്‍ മാത്രം ഇറക്കി? ഒരു പ്രത്യേക ഭൂപ്രദേശത്ത് മാത്രം സംസാരിക്കുന്ന ഭാഷയില്‍ എന്തുകൊണ്ടിത് ഇറക്കി? എല്ലാമനുഷ്യര്‍ക്കും ഒരു പോലെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ഒരു ആഗോള ഭാഷ എന്തുകൊണ്ട് അല്ലാഹു സൃഷ്ടിച്ചില്ല? അറബി ഭാഷയിലുള്ള ഖുര്‍ആന്‍ അറബി അറിയുന്നവര്‍ക്ക് മാത്രമേ ഉപയോഗപ്പെടുത്താനാവൂ.

ഭാവന കുറച്ചു കൂടി വികസിച്ചിരുന്നുവെങ്കില്‍ എന്തുകൊണ്ട് ദൈവം ഓരോ മനുഷ്യര്‍ക്കും ഖുര്‍ആനിന്റെ കോപ്പി നേരിട്ട് എത്തിച്ചു കൊടുത്തില്ല? എല്ലാറ്റിനും കഴിവുള്ളവനാണല്ലോ അവന്‍. എന്നുകൂടി സിഖ് സുഹൃത്ത് ചോദിക്കുമായിരുന്നു. ഇത്തരക്കാര്‍ അടിസ്ഥാനപരമായ വസ്തുത മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മനുഷ്യകുലത്തിന് മാര്‍ഗദര്‍ശനം ചെയ്യാന്‍ പ്രാപഞ്ചിക വ്യവസ്ഥയിലും സംവിധാനത്തിലും മാറ്റം വരുത്തുന്ന ഒരു രീതിയല്ല അല്ലാഹു സ്വീകരിക്കുന്നത്. ഭാഷകളിലെയും വര്‍ഗങ്ങളിലെയും വൈവിധ്യം അല്ലാഹുവിന്റെ ചര്യയുടെ ഭാഗമാണ്. അതുകൊണ്ട് ധാരാളം നന്മകളും ഫലങ്ങളുമുണ്ട്. അത് ഇല്ലാതാക്കാന്‍ അല്ലാഹു ആഗ്രഹിക്കുന്നില്ല. അവന്‍ എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ, അതോടൊപ്പം അങ്ങേയറ്റം യുക്തിജ്ഞനും.

വളരെ കൃത്യമായ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായാണ് ഈ പ്രപഞ്ചത്തില്‍ ഓരോ കാര്യവും നടക്കുന്നത്. പ്രസ്തുത വ്യവസ്ഥയുടെ ഭാഗമാണ് വ്യത്യസ്ത ഭാഷകളും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും. ആ വൈവിധ്യങ്ങളെവും വ്യത്യസ്തതകളെയും നിലനിര്‍ത്തികൊണ്ട് തന്നെ തന്റെ മാര്‍ഗദര്‍ശനം ജനങ്ങളിലേക്ക് എത്തിക്കാനാണ് അല്ലാഹു തീരുമാനിച്ചത്.

അല്ലാഹു ഖുര്‍ആന്‍ എന്ന ഗ്രന്ഥം മാത്രമാണ് അയച്ചിരുന്നത് എങ്കില്‍ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ അറബികള്‍ക്ക് മാത്രമുള്ളതാണെന്ന വാദത്തിന് ശരിയുണ്ടാവുമായിരുന്നു. എന്നാല്‍ ഗ്രന്ഥത്തോടൊപ്പം അത് വിശദീകരിക്കാന്‍ ഒരു മാര്‍ഗദര്‍ശിയെ കൂടി അവന്‍ നിയോഗിച്ചു. അയക്കപ്പെട്ട മാര്‍ഗദര്‍ശി ആദ്യം ആ ഗ്രന്ഥത്തിന്റെ ഭാഷക്കാരായ പ്രത്യേക വിഭാഗത്തെ അഭിസംബോധന ചെയ്തു. അദ്ദേഹം ആ ഗ്രന്ഥത്തില്‍ പറഞ്ഞത് പ്രകാരം അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും സംസ്‌കരിക്കുകയും പ്രായോഗിക മാതൃകള്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. ഒരു സാമൂഹ്യ വിപ്ലവത്തിലൂടെ അവരുടെ ജീവിതം തന്നെ അദ്ദേഹം മാറ്റിയെടുത്തു. തുടര്‍ന്ന് പ്രസ്തുത അധ്യാപനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കുകയെന്ന ദൗത്യം അവരെ ഏല്‍പിച്ചു. തങ്ങള്‍ പഠിപ്പിക്കപ്പെടുകയും സംസ്‌കരിക്കപ്പെടുകയും ചെയ്തത് പോലെ അവരെ സംസ്‌കരിച്ച് അവരുടെ ജീവിതം മാറ്റിവരക്കുകയെന്ന് ദൗത്യമാണ് അവരെ ഏല്‍പ്പിച്ചത്. ഇങ്ങനെ ഈ സന്ദേശം പകര്‍ന്ന് കിട്ടിയവരുടെ ബാധ്യതയായി മാറി അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയെന്നത്. പ്രസ്തുത അധ്യാപനങ്ങളും മാര്‍ഗദര്‍ശനവും സാര്‍വലൗകികമാക്കുന്നതിനുള്ള പ്രകൃതിപരമായ മാര്‍ഗം ഇതാണ്. ഓരോ നിമിഷത്തിലും ഈ മാര്‍ഗത്തിലൂടെ പ്രസ്തുത അധ്യാപനങ്ങള്‍ സാര്‍വലൗകികമാവുകയാണ് ചെയ്യുന്നത്.

ഒരു പുസ്തകം അത് രചിക്കപ്പെട്ട ഭാഷയിലുള്ളവര്‍ക്ക് മാത്രമുള്ളതാണെന്ന് ഒരാള്‍ വാദിക്കുന്നുവെങ്കില്‍, ലോകത്തെ എല്ലാ ശാസ്ത്രങ്ങളുടെയും ചരിത്രം തെറ്റാണെന്നയാള്‍ പറയേണ്ടി വരും. ലോകത്തെ എല്ലാ ഗ്രന്ഥങ്ങളും അവ രചിക്കപ്പെട്ട ഭാഷക്കനുസരിച്ച് വീതം വെച്ച് കൊടുക്കേണ്ടതായും വരും. എല്ലാത്തരം വിവര്‍ത്തനങ്ങളും അന്താരാഷ്ട്ര തലത്തില്‍ സംവദിക്കാനുള്ള വിവിധ മാധ്യമങ്ങളും നിഷേധിക്കപ്പെടും. ഇന്ന് ലോകത്തിലെ ശ്രദ്ധേയമായ ചലനങ്ങളും ലോകനേതാക്കളുടെ വാക്കുകളും ലോകത്തിന്റെ മുക്കുമൂലകളില്‍ പോലും എത്തുന്നത് അതിലൂടെയാണെന്നത് നാം വിസ്മരിച്ചു കൂടാ. അങ്ങനെയെങ്കില്‍ മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ ഈ ഗ്രന്ഥം മാത്രം അറബികളില്‍ പരിമിതപ്പെടുത്താന്‍ എന്ത് തെറ്റാണത് ചെയ്തത്?

ഇതൊക്കെ പറഞ്ഞിട്ടും ഒരാള്‍ക്ക് ബോധ്യപ്പെടുന്നില്ലെങ്കില്‍ അയാള്‍ക്ക് അയാളുടെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് ഈ ഗ്രന്ഥത്തെയും അതിന്റെ സന്ദേശത്തെയും ഉപയോഗപ്പെടുത്തുന്നില്ലെങ്കില്‍ അതിന്റെ നഷ്ടം ആര്‍ക്കാണ്? സത്യാന്വേഷികളുടെ നയമല്ല ഇത്. എല്ലായിടത്തും എല്ലാ സ്രോതസ്സുകളില്‍ നിന്നുമുള്ള പ്രകാശ കിരണത്തെ തേടുന്നവരാണവര്‍. ഇത്തരത്തില്‍ എല്ലാ ഗ്രന്ഥങ്ങള്‍ക്കും അധ്യാപനങ്ങള്‍ക്കും നേരെ കണ്ണടക്കുന്നയാള്‍ക്ക് സത്യത്തിന്റെ പാതയില്‍ ഒരു കാല്‍പോലും മുന്നോട്ട് വെക്കാന്‍ സാധിക്കില്ല.

മുശ്ഫിഖുര്‍റഹ്മാന്‍

Related Post