IOS APP

‘ഖുര്‍ആന്‍ ഒരു അത്ഭുതമാണ്!

Largest-Quran-in-World-Islamic-Images-2‘ഖുര്‍ആന്‍ ഒരു അത്ഭുതമാണ്

ഖുര്‍ആന്‍ – വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും വഴങ്ങാത്ത വിസ്മയം. ‘ഖുര്‍ആന്‍ ഒരു അത്ഭുതമാണ്; അത്ഭുതങ്ങളുടെ അത്ഭുതം’ റോയ്സ്റന്‍പൈകിന്റെ വാക്കുകളില്‍ ഈ നിസ്സഹായത പ്രകടമാണ്. ത്വാഹാ ഹുസൈനും അതുതന്നെയാണ് പറഞ്ഞത്- ‘ഖുര്‍ആന് തുല്യം ഖുര്‍ആന്‍ മാത്രം’

മനുഷ്യനെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ ദൈവം അന്ത്യപ്രവാചകന്‍ വഴി ലോകത്തിന് നല്‍കിയ സന്ദേശമാണത്. ആശയസമ്പന്നതയിലും ഭാഷാസൌന്ദര്യത്തിലും എല്ലാ ഗ്രന്ഥങ്ങളെയും അത് അതിശയിക്കുന്നു. ദൈവം വെളിപ്പെടുത്തിയ വെള്ളിവെളിച്ചമാണത്. ഇരുട്ടിനെ കീറിമുറിച്ച് നാഗരികതകളെ തേജോമയമാക്കുന്ന പ്രകാശഗോപുരം. ദര്‍ശനവും ശാസ്ത്രവും കലയും സാഹി ത്യവും ചിന്തയും ഭാവനയും പൂത്തുലഞ്ഞ് പരിമളം പരത്തുന്ന പൂങ്കാവനം.

ഖുര്‍ആന്‍ ചരിത്രമല്ല; ശാസ്ത്രമല്ല; നിയമാവലിയല്ല; കഥയല്ല; കവിതയല്ല; ഗദ്യമോ പദ്യമോ അല്ല. എന്നാല്‍ എല്ലാം ആണ് താനും! ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ നിര്‍വചനങ്ങള്‍ക്കും വര്‍ഗീകരണത്തി നും അതീതമാണത്. ജീവിതം നിറഞ്ഞ് കിടക്കുകയും ജീവിതത്തിലേക്ക് പരന്നൊഴുകുകയും ചെയ്യുന്ന മഹാസാഗരം. ഉള്ളം സ്നേ ഹം കൊണ്ട് തുടിക്കുകയും വാക്കുകള്‍ കാരുണ്യം കൊണ്ട് പ്രകാശിക്കുകയും ചെയ്യുന്ന ദൈവ വചനങ്ങള്‍. ശാസനങ്ങളും ശുഭവാര്‍ത്തകളുമുണ്ടതില്‍; സാന്ത്വനങ്ങളും താക്കീതുകളുമുണ്ട്. കാര്‍ലൈല്‍ പറഞ്ഞതുപോലെ എല്ലാം ആത്മാര്‍ഥത മുറ്റിയത്. ചിലപ്പോള്‍ ശാന്തം; ചിലപ്പോള്‍ രുദ്രം. എന്നാല്‍ എപ്പോഴും പ്രൌഢോജ്ജ്വലം. ഹൃദയത്തിന്റെ ആഴിയിലേക്ക് കുത്തിയൊഴുകുന്ന ദിവ്യ സംഗീതമാണത്; തലച്ചോറിന്റെ കൊടുമുടിയിലേക്ക് കുതിച്ചുയരുന്ന ദിവ്യചിന്ത. വായിക്കുമ്പോള്‍ മനസ്സ് കാരുണ്യത്തിന്റെ പേമാരിയില്‍ കുതിരുകയും മസ്തിഷ്കം സൂര്യതേജസ്സ് പോലെ ജ്വലിക്കുകയും ചെയ്യുന്ന അനുഭൂതി.

ചിന്തിക്കുന്നില്ലേ നിങ്ങള്‍’? ഖുര്‍ആന്റെ ഒരു ചോദ്യം മതി ആയിരം വര്‍ഷത്തെ പഠന ഗവേഷണങ്ങള്‍ക്ക്. ഇങ്ങനെ എത്രയെത്ര ചോദ്യങ്ങള്‍; ഉപമകള്‍; ദൃഷ്ടാന്തങ്ങള്‍; സംഭവവിവരണങ്ങള്‍. സപ്തസാഗരങ്ങള്‍ മഷിയായുപയോഗിച്ചാലും തീരില്ല ദൈവവചനങ്ങളുടെ അപഗ്രഥനം. ഭാവനയില്‍ നിന്ന് ഭാവനയിലേക്കും ചിന്തയില്‍ നിന്ന് ചിന്തയിലേക്കും അത് കത്തിപ്പടര്‍ന്ന് കൊണ്ടിരിക്കും. അറിവിന്റെ മഹാ പ്രപഞ്ചമാണ് ഖുര്‍ആനില്‍ ഇതള്‍ വിരിയുന്നത്. ജീവിതത്തിലെ നിഗൂഢതകളെല്ലാം ഖുര്‍ആന്റെ ദിവ്യവെളിച്ചത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. ജീവിതം, മരണം; സുഖം, ദുഃഖം; – എല്ലാറ്റിന്റെയും അകപ്പൊരുള്‍ ഖുര്‍ആനിലുണ്ട്. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന അതിഭൌതിക ജ്ഞാനമുണ്ടതില്‍. രോഗിക്ക് സാന്ത്വനവും അശാന്തന് സമാധാനവും അക്രമിക്ക് താക്കീതും സുകൃ തവാന് സുവിശേഷവുമാണത്. വിശ്വ സാഹോദര്യത്തിന്റെ ന്യായപ്രമാണവും വിമോചനത്തിന്റെ നേര്‍വഴിയുമാണത്.

സംശയങ്ങളേതുമില്ലാത്ത മാര്‍ഗദര്‍ശന മാണത്; മുസ്ലിംകള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ജീവിതത്തിന്റെ സര്‍വ വേദികളിലും അത് വെളിച്ചം വിതറുന്നു. കച്ചവടം, കൃഷി, രാഷ്ട്രീയം, നീതിന്യായം, കല, ശാസ്ത്രം, വിനോദം – ഖുര്‍ആന്റെ വെളിച്ചം വീഴാത്ത ഒരിടവുമില്ല. വ്യക്തി, കുടുംബം, രാഷ്ട്രം, ലോകം- ഒന്നും ഒഴിവാക്കപ്പെടുന്നില്ല. മഞ്ഞുതുള്ളിയുടെ വിശുദ്ധിയും റോസാപൂവിന്റെ സൌന്ദര്യവുമുള്ള ലളിതമായ ഭാഷയില്‍ ഖുര്‍ആന്‍ കൈകാര്യംചെയ്യുന്ന വിഷയങ്ങള്‍ നിരവധി- ദൈവം, പ്രപഞ്ചം, മനുഷ്യന്‍, സമത്വം, സാഹോദര്യം, നീതി, യുദ്ധം, സമാധാനം, സ്നേഹം, കാരുണ്യം – മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, അയല്‍ക്കാര്‍, അഗതികള്‍, അനാഥര്‍, ജന്തുക്കള്‍, സസ്യങ്ങള്‍ മുതല്‍ ജീവിതം, മരണം, മരണാനന്തരജീവിതം, സ്വര്‍ഗം, നരകം വരെ നീളുന്നു അതിന്റെ ഉള്ളടക്കം. ഇതാണ് ഗ്രന്ഥം! കൃത്യമായ ശരിയിലേക്ക് നയിക്കുന്ന വിശുദ്ധഖുര്‍ആന്‍. സംസ്കാരങ്ങളെയും നാഗരികതകളെയും പുഷ്ക്കലമാക്കി, കാലാതിവര്‍ത്തിയായി വിരാജിക്കുന്ന ദിവ്യഗ്രന്ഥം.

Largest-Quran-in-World-Islamic-Images-2

വായിക്കുക, നിന്റെ നാഥന്റെ നാമത്തില്‍ – ഖുര്‍ആന്റെ തന്നെ ആഹ്വാനമാണിത്. വായിച്ചുനോക്കൂ ഒരു പ്രാവശ്യമെങ്കിലും. ഗെഥെ അഭിപ്രായപ്പെട്ടതുപോലെ, അത് നിങ്ങളെ ആകര്‍ഷിക്കും; അതിശയിപ്പിക്കും; അവസാനം നിങ്ങളുടെ ആദരവ് പിടിച്ചുപറ്റും. ആദ്യന്തം ഉദാത്തവും മനോഹരവുമാണത്.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.