മതചിഹ്നങ്ങളുടെ പൊരുള്‍ ?

Originally posted 2014-08-05 20:07:18.

പല 15629761-religious-symbolsതങ്ങള്‍ക്കും ചിഹ്നങ്ങളുണ്ട്. ക്രിസ്തുമതത്തന് കുരിശും ജൂതമതത്തിന് ഡേവിഡിന്റെ നക്ഷത്രവും ഇസ്‌ലാം മതത്തിന് ചന്ദ്രക്കലയും നക്ഷത്രവും ഒക്കെയായി വ്യത്യസ്തപ്രതിനിധാനങ്ങളുണ്ട്. എന്താണ് ഇതിന്റെ പൊരുള്‍? എവിടെ നിന്നു വന്നു ഈ ചിഹ്നങ്ങള്‍?
………………………………………………………………
ഓരോ മത ചിഹ്നങ്ങളെയും കുറിച്ചും ചുരുക്കി വിവരിക്കാം. ക്രസ്തുമതത്തിന്റെ മതചിഹ്നമായി ഇന്ന് അറിയപ്പെടുന്നത് കുരിശാണ്. തങ്ങളുടെ വിമോചനത്തിന്റെ ചിഹ്നമായി അവര്‍ അതിനെ കാണുന്നു. സെന്റ് പോള്‍സ് പറഞ്ഞു.’എനിക്കോ ,നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിലല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത്; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു'(ഗലാത്യര്‍ 6:14)

ക്രിസ്തു മതത്തിനു മുമ്പുതന്നെ കുരിശ് പല രാജ്യങ്ങളുടെയും ചിഹ്നമായിരുന്നിട്ടുണ്ട്. പൗരാണിക കാലത്തെ പല സമൂഹങ്ങളും വ്യത്യസ്ത രീതികളിലുള്ള കുരിശുകളെ വിശുദ്ധമായി കണ്ടിരുന്നു. ക്രിസ്ത്യാനിസം വിഗ്രഹാരാധകരില്‍ നിന്നും പല ചിഹ്നങ്ങളെയും സ്വീകരിച്ച കൂട്ടത്തില്‍ കുരിശ് കടന്നുവരികയായിരുന്നു.

ക്രിസ്താബ്ദം 707 ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സിലാണ് യേശു തറക്കപ്പെട്ട കുരിശിനെ ക്രിസ്ത്യാനിസത്തിന്റെ മത ചിഹ്നമായി ഗണിക്കാന്‍ തീരുമാനമെടുത്തത്. അതു വരെ കുരിശില്‍ തറക്കപ്പെട്ട യേശുവെന്നത് മോശപ്പെട്ട ഒരുകാര്യമായാണ് ക്രിസ്തു മതം കരുതിപ്പോന്നത്.

ക്രിസ്തുവിന്റെ കുരിശിനെ കുറിച്ചുപറയുമ്പോള്‍ പോള്‍ ഒരു അവസരവാദിയെ പോലെ സംസാരിക്കുന്നതു കാണാം. കാരണം അദ്ദേഹത്തിനറിയാമായിരുന്നു കുരിശിനെ ഒരു ചിഹ്നമായി സ്വീകരിക്കുന്നത് യേശുവിന്റെ മതത്തിന്റെ അന്തസ്സത്ത നിരക്കുന്നതല്ലെന്ന്. കുരിശിലേറ്റപ്പെട്ടതിനെ ആരാധിക്കുന്നത് വിഗ്രഹാരാധനയുടെ ഭാഗമായിഗണിക്കുമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. പോളിന്റെ ക്രിസ്ത്യാനിസത്തിന്റെ എത്രയോ മുമ്പുതന്നെ കുരിശ് ആരാധന ബഹുദൈവവിശ്വാസികളുടെ ചടങ്ങുകളില്‍ പെട്ടതായിരുന്നു.
കുരിശിന്റെ രൂപം മനുഷ്യരൂപ സമാനമായതിനാല്‍  ജനങ്ങള്‍ക്ക് അതിനോട് മാനസിക അടുപ്പമുണ്ടാകുമെന്ന് പണ്ഡിതന്‍മാര്‍ നിരീക്ഷിക്കുന്നു.

ദാവീദിന്റെ നക്ഷത്രം
ഹെക്‌സഗന്‍, മാഗെന്‍ ഡേവിഡ് എന്നും ഇത് അറിയപ്പെടുന്നു.  ദാവൂദിന്റെ പരിച എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ജൂതായിസത്തിന്റെ ഏറ്റവും സാര്‍വത്രികമായ ചിഹ്നമാണിത്. എന്നാല്‍ ജൂത സമൂഹത്തിനകത്തും പുറത്തും ഇത് പ്രചരിക്കപ്പെട്ടിട്ട് ഇരുനൂറു വര്‍ഷമേ ആയിട്ടുള്ളൂ. അതിനു മുമ്പു ഈ ചിഹ്നം ചില പ്രത്യേക കുടുംബവൃത്തങ്ങളില്‍ മാത്രം പരിമിതമായിരുന്നു.

രണ്ട് തുല്യമായ ത്രികോണങ്ങള്‍ ചേര്‍ന്നതാണ് ഹെക്‌സാഗ്രാം. ജൂതരുടെ സിനഗോഗുകളിലും വിശുദ്ധ പാത്രങ്ങളിലും മറ്റും ഈ ചിഹ്നം കാണാം.
ദൈവത്തിന് രൂപം കല്‍പ്പിക്കുന്നതിനു എതിരാണ് യഥാര്‍ത്ഥത്തില്‍ ജൂതമതം. അതിനെ ഏതെങ്കിലും ചിഹ്നങ്ങളിലും അടയാളങ്ങളിലും പ്രതിനിധീകരിക്കുന്നതിനെ ജുതായിസം എന്നും വിലക്കിയിട്ടുണ്ട്. തൗറാത്തും തല്‍മൂദും അത്തരം പ്രതിനിധാനത്തെ അംഗീകരിക്കുന്നില്ല. എന്നു മാത്രമല്ല, ജൂതറബ്ബിമാരുടെ ഗ്രന്ഥങ്ങളില്‍ ദാവൂദിന്റെ നക്ഷത്രം എന്ന ചിഹ്നം കാണാന്‍ സാധ്യമല്ല. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പു രൂപപ്പെട്ട ജൂതപുരോഹിതരുടെ മതത്തില്‍ നിന്നു രൂപപ്പെട്ടതല്ല ഏതായാലും ഈ ചിഹ്നം.

ജുത സാഹിത്യങ്ങളും പൗരാണിക ഗ്രന്ഥങ്ങളും ഈ ചിഹ്നത്തെ ദാവൂദുമായി ബന്ധപ്പെടുത്തുന്നതിനെ അംഗീകിരക്കുന്നില്ല. മാത്രമല്ല ലഭ്യമായ സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നത് ഈ ചിഹ്നം അവരുടെ മതചടങ്ങായ കബ്ബാലയില്‍  ഒരു തരം മന്ത്രവാദത്തെ കുറിക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്. അതാകട്ടെ ക്രിസ്താബ്ദം ആറാം നൂറ്റാണ്ടുവരെയേ നില നിന്നുള്ളൂ.

കിംഗ് സോളമന്റെ സീലായിരുന്നു ഇതെന്നും ഒരു അഭിപ്രായമുണ്ട്. കിംഗ് സോളമന്‍ പിശാചുക്കളെയും ആത്മാക്കളെയും വശീകരിക്കാന്‍ അതുപയോഗിച്ചിരുന്നുവെന്നു പറയപ്പെടുന്നു. എന്നാല്‍ സോളമന്റെ സീല്‍ അഞ്ചു വശങ്ങളുള്ള പെന്റാഗ്രാം(നക്ഷത്രാകൃതിയില്‍)ആയിരുന്നു.  ഇങ്ങനെയുള്ള ചിഹ്നങ്ങള്‍ ഏലസ്സിലും ഉറുക്കിലും പഴയ കാലജനത ഉപയോഗിച്ചിരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സെമിറ്റിക് മതത്തില്‍ നിന്നാണോ അതിന്റെ ഉദ്ഭവം എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഫ്രഞ്ചു വിപ്ലവാനന്തരം യൂറോപില്‍ വളരെയേറെ  സ്വാതന്ത്ര്യം ലഭിച്ച ജൂതര്‍, തങ്ങള്‍ക്കും ക്രിസ്ത്യാനികളുടേതു പോലെ, ഒരു ചിഹ്നം വീണമെന്ന് തീരുമാനിക്കുകയും അതിനായി അവര്‍ തിരച്ചിലാരംഭിക്കുകയും ചെയ്തു. ഇതാണ് അവരെ ആറു വശങ്ങളുള്ള നക്ഷത്രത്തിലേക്ക് കൊണ്ടെത്തിച്ചത്.    മതപരമായ പിന്‍ബലമില്ലെങ്കിലും ഇന്ന് ഇത് ജൂതരുടെ ചിഹ്നമായി അറിയപ്പെടുന്നു. സയണിസത്തിന്റെ പിതാവ് തിയോഡര്‍ ഹെര്‍സല്‍ തന്റെ പ്രസ്ഥാനമാരംഭിച്ചപ്പോള്‍ തന്റെ പ്രസ്ഥാനത്തിനു വേണ്ടി ഒരു ലോഗോ തിരഞ്ഞു. അദ്ദേഹം ഡേവിഡിന്റെ സ്റ്റാറാണ് ഇതിനു വേണ്ടി തെരഞ്ഞെടുത്തത്. കാരണം അന്നേ അതു ജൂതമതത്തിന്റെ ചിഹ്നമായി പ്രചാരം നേടിയിരുന്നു. പിന്നീട് കാലങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍ എന്ന രാജ്യം അവര്‍ ഫലസ്തീനില്‍നിന്ന് വെട്ടിപ്പിടിച്ചപ്പോള്‍ ജൂതരാജ്യത്തിന്റെ പതാകയുടെ മധ്യ ഭാഗത്ത് അവര്‍ ഈ ചിഹ്നവും ചേര്‍ത്തു. ഇന്ന് ജൂതസമൂഹം സാര്‍വത്രികമായി ഉപയോഗിക്കുന്ന ചിഹ്നമാണ് ദാവൂദിന്റെ നക്ഷത്രം.

ചന്ദ്രക്കലയും നക്ഷത്രവും
ചന്ദ്രക്കലക്കും നക്ഷത്രത്തിനും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ പല മുസ്‌ലിം രാജ്യങ്ങളുടെയും പതാകകളില്‍ ഈ ചിഹ്നം കാണാമെങ്കിലും അതിന് ഇസ്‌ലാമികപ്രമാണങ്ങളുടെയൊന്നും പിന്‍ബലമില്ലെന്നതാണ് വാസ്തവം. ചന്ദ്രക്കലയും ചന്ദ്രനും പ്രവാചകകാലത്തിന് മുമ്പേതന്നെ  മതചിഹ്നങ്ങളാണ്. മുന്‍കാല സുമേറിയന്‍ നാഗരികതയിലെ ഒരു മത ചിഹ്നമായിരുന്നു അത്. പ്രവാചകന്റെ കാലശേഷം ഉസ്മാനികളാണ് അവരുടെ യുദ്ധ ചിഹ്നമായി ചന്ദ്രക്കലയെ ഉപയോഗിച്ചത്.

ഇസ്‌ലാമിന്റെ പ്രാമാണിക സ്രോതസ്സുകളായ ഖുര്‍ആനും സുന്നതും ഇത്തരം ഒരു ചിഹ്നത്തെയും നമുക്ക് പരിചയപ്പെടുത്തി തന്നിട്ടില്ല. യുദ്ധത്തില്‍ തിരുമേനിയുടെ സൈന്യത്തിന്‍രെ പതാകയുടെ നിറം കറുപ്പും വെളുപ്പുമായിരുന്നു. അതില്‍ എഴുതിയിരുന്നതാകട്ടെ നസ്‌റൂന്‍ മിനല്ലാഹ് (സഹായം അല്ലാഹുവില്‍ നിന്നാണ്) എന്നു മാത്രമാണ്.

ഉസ്മാനികളുടെ ഭരണ കാലമായപ്പോഴേക്കും ചന്ദ്രക്കലയും നക്ഷത്രവും ഇസ്‌ലാമിന്റെ ചിഹ്നം തന്നെയാണെന്ന് ജനങ്ങള്‍ തെറ്റുധരിക്കാന്‍ മാത്രം പ്രചാരം നേടിയിരുന്നു . അങ്ങനെ മുസ്‌ലിംകളുടെ അലങ്കാര വസ്തുക്കളിലും വാസ്തുവിദ്യയിലും, ആഭരണങ്ങളിലുമെല്ലാം ഈ ചിഹ്നം ഉപയോഗിക്കപ്പെട്ടു. ഇന്ത്യയിലെയും പാകിസ്ഥാനിലെയുമൊക്കെ പള്ളിയുടെ മിനാരങ്ങള്‍ക്കും ഖുബ്ബകള്‍ക്കും മീതെ ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടാക്കിയിരിക്കുന്നതുകാണാം. എന്നാല്‍ അത്തരം ചിഹ്നങ്ങള്‍ ഇസ്‌ലാമിന്റെ ചിഹ്നങ്ങളായി പരിചയപ്പെടുത്തുന്നതിനെ പണ്ഡിതന്‍മാര്‍ വിലക്കിയിട്ടുണ്ട്. കാരണം ഇസ്‌ലാം അത്തരം ഒരു ചിഹ്നവും ഉണ്ടാക്കിയിട്ടില്ല എന്നതുതന്നെ.

പ്രവാചകന്‍ തിരുമേനിയുടെ ആഗമനത്തിന് 400 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെകഅ്ബയുടെ മേല്‍ ചന്ദ്രക്കലയും നക്ഷത്രവുമുണ്ടായിരുന്നുവെന്നു ചില വിമര്‍ശകര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയുണ്ടായിരുന്നുവെന്നതിന് ഒരു തെളിവും അവര്‍ നല്‍കുന്നില്ല. അത്തരമൊരു സംഗതി ചെയ്യാന്‍ നബി അനുവാദം നല്‍കിയിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. മക്കാവിജയ വേളയില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) മക്കയില്‍ പ്രവേശിച്ചപ്പോള്‍, ആദ്യം ചെയ്ത കാര്യം കഅ്ബയിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയായിരുന്നു വിശിഷ്യാ ഹുബല്‍ വിഗ്രഹത്തെ. ഹുബല്‍ വിഗ്രഹം ചന്ദ്രനെ പ്രതിനിധീകരിക്കുന്ന ഒന്നായിരുന്നു.

ഏകനായ അല്ലാഹുവിന് ആരാധിക്കുന്നതില്‍ നിന്ന് തടയുന്ന വിഗ്രഹങ്ങളെയും ബിംബങ്ങളെയും അത്തരത്തിലുള്ള പ്രതിനിധാനങ്ങളെയും ഇസ്‌ലാം അതിശക്തിയായി നിരാകരിച്ചിട്ടുണ്ട്. ചന്ദ്രക്കലയും നക്ഷത്രങ്ങളുമെല്ലാം ഇസ്‌ലാമിനു കാലങ്ങള്‍ക്കു മുമ്പുള്ള സമൂഹങ്ങളില്‍ നില നിന്നിരുന്നു. ചന്ദ്രന്‍, സൂര്യന്‍, അതു പോലുള്ള ഖഗോളങ്ങളെ ദേവന്‍മാരായി ആരാധിച്ചിരുന്ന സമൂഹം മധ്യേഷ്യയില്‍ ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഗ്രീക്കുകാരുടെ ദേവതയായ ഡയാനയെ സൂചിപ്പിക്കാന്‍ ഗ്രീക്കുകാര്‍ ഉപയോഗിച്ചതും ചന്ദ്രക്കലയെയായിരുന്നു.

കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരവാസികള്‍ ചന്ദ്രക്കലയെ തങ്ങളുടെ ചിഹ്നമായി സ്വീകരിച്ചത് ഡയാന ദേവതയെ പ്രതിനിധീകരിച്ചുകൊണ്ടാണെന്നു പറയാറുണ്ട്. എന്തു തന്നെയായിരുന്നാലും കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരത്തിന്റെ പതാകയില്‍ ചന്ദ്രക്കല കടന്നുവന്നത് ക്രിസ്തുവിനും എത്രയോ മുമ്പാണെന്നതിന് തെളിവുകളുണ്ട്.

പ്രവാചകന്‍ തിരുമേനിയുടെ കാലത്ത് തിരുമേനി നയിച്ച യുദ്ധങ്ങളില്‍ മുസ്‌ലിം സൈന്യത്തിന്റെ കാലാള്‍പ്പട ഉയര്‍ത്തിപ്പിടിച്ച കൊടിയില്‍ വ്യത്യസ്ത നിറങ്ങളുണ്ടായിരുന്നു. പലപ്പോഴും വെളുപ്പും കറുപ്പും പച്ചയുമായിരുന്നു അവരുടെ കൊടിയുടെ നിറം. എന്നാല്‍ ഇതെല്ലാം തിരിച്ചറിയാനുള്ള മാധ്യമമെന്ന നിലക്കുമാത്രമായിരുന്നു ഉപയോഗിച്ചത്. പിന്നീടു വന്ന മുസ്‌ലിംകളും അടയാളങ്ങളും ചിഹ്നങ്ങളുമില്ലാതെ ഈ നിറങ്ങള്‍ തന്നെ തങ്ങളുടെ പതാകയില്‍ സ്വീകരിച്ചു പോന്നു. ഒട്ടോമന്‍ സാമ്രാജ്യം പരാജയപ്പെടുന്നതുവരെ മുസ്‌ലിം ലോകത്തിന്റെ ചിഹ്നമായി ചന്ദ്രക്കലയും നക്ഷത്രവും നിലനിന്നിരുന്നു. 1453 ല്‍ മുഹമ്മദുല്‍ ഫാതിഹ് കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുമ്പോള്‍ ആ നഗരത്തിന്റെ ചിഹ്നം ചന്ദ്രക്കലയും നക്ഷത്രവും തന്നെയായിരുന്നു. അദ്ദേഹം അത്  നിലനിര്‍ത്തുകയായിരുന്നു. നൂറ്റാണ്ടുകള്‍ക്കു ശേഷം ഓട്ടോമന്‍ സാമ്രാജ്യം 1924 ല്‍ തകര്‍ക്കപ്പെടുന്നതു വരെ അതു തുടര്‍ന്നു പോന്നു.
ഈ നീണ്ട നൂറ്റാണ്ടു കാലത്തെ മുസ്‌ലിം സാമ്രാജ്യത്തിന്റെ ഉപയോഗമാകാം ഇതു മുസ്‌ലിം ചിഹ്നമായി മുസ്‌ലിംകള്‍ക്കിടയിലെന്ന പോലെ അമുസ്‌ലിംകള്‍ക്കിടയിലും തെറ്റുധാരണ പരത്തിയത്.

Related Post