ഇസ്‌ലാം പഠിപ്പിക്കുന്ന സഹിഷ്ണുത

Originally posted 2014-04-11 17:30:42.

 

12

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ ആസൂത്രിതമായി പീഡിപ്പിപ്പിക്കപെടുന്നതിന്റെ ചിത്രങ്ങള്‍ നാമിന്ന് ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെ കാണുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും തുടരുന്നുണ്ടെന്നാണ് പത്രമാധ്യമങ്ങള്‍ നമ്മോട് പറയുന്നത്. പാശ്ചാത്യസൈനിക ശക്തിയുടെ ഉദയത്തോടെ ഇതാരംഭിച്ചിട്ടുണ്ട്. ഉസ്മാനി ഖിലാഫത്തിനെതിരെയുള്ള ഗൂഢാലോചന മുതല്‍ അത് വെളിവാകുന്നുണ്ട്. ഖിലാഫത്തിനെ ദുര്‍ബലപ്പെടുത്തി പരാജയപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു അത്. മുസ്‌ലിംകള്‍ പീഢനത്തിനിരയായ കാലഘട്ടം എന്ന് അക്കാലത്തെ വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. സ്വാതന്ത്ര്യം ജനാധിപത്യം മനുഷ്യാവകാശം പോലുള്ള ചിഹ്നങ്ങള്‍ ലോകത്തിന് മുമ്പില്‍ ഉയര്‍ത്തി കാട്ടിയായിരുന്നു അവര്‍ ഇതെല്ലാം ചെയ്തത്.

മധ്യആഫ്രിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ നമ്മോട് പറയുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ നിരവധി മുസ്‌ലിംകള്‍ അവിടെ കൊല്ലപ്പെട്ടു എന്നാണ്. ക്രിസ്ത്യന്‍ ഗ്രൂപ്പുകളാണ് അവിടെ മുസ്‌ലിംകള്‍ക്കെതിരെ നിലകൊള്ളുന്നത്. മുസ്‌ലിംകള്‍ക്കെതിരെയുള്ള വര്‍ഗീയ ആക്രമണങ്ങളെ അപലപിച്ച പാര്‍ലമെന്റ് അംഗം ജോണ്‍ ഇമ്മാനുവല്‍ വരെ കൊല്ലപ്പെട്ടിരിക്കുന്നു എന്നത് എത്രത്തോളമാണ് മുസ്‌ലിം വിരോധമെന്നതിലേക്കാണ് വെളിച്ചം വീശുന്നത്. മധ്യആഫ്രിക്കയിലെ വംശീയ ആക്രമണങ്ങള്‍ കാരണം നിരവധി മുസ്‌ലിംകള്‍ നാടുവിട്ടിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ അടിയന്തിര വിഭാഗം തലവന്‍ പീറ്റര്‍ ബോര്‍ഗാറ്റ് ബി.ബി.സിക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള അതിക്രമം മധ്യആഫ്രിക്കയില്‍ മാത്രം പരിമിതമല്ല. അവിടെയുള്ള മിക്ക നാടുകളിലും ഇത് സംഭവിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള നൈജീരിയയില്‍ പോലും മുസ്‌ലിംകള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. മറ്റ് ഭൂഖണ്ഡങ്ങളിലും സ്ഥിതി വിഭിന്നമല്ല. ഏഷ്യയിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം മുസ്‌ലിംകള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്.

ഇസ്‌ലാമിക രാഷ്ട്രത്തില്‍ ജൂതന്‍മാരും ക്രിസ്ത്യാനികളും എല്ലാ വിധത്തിലുള്ള സമാധാനവും പ്രതാപവും സ്വാതന്ത്ര്യവും അനുഭവിച്ചിരുന്നു എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. സാമൂഹികവും മതപരവും സാമ്പത്തികവുമായ എല്ലാ അവകാശങ്ങളും അവര്‍ അതില്‍ അനുഭവിച്ചിരുന്നു. അവര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത രാഷ്ട്രീയ സ്വാതന്ത്ര്യം വരെ അനുവദിച്ചിരുന്നു. മുസ്‌ലിംകള്‍ ദീനിന്റെ കല്‍പനകളെയും അധ്യാപനങ്ങളെയും മുറുകെ പിടിച്ചതിന്റെ ഫലമായിരുന്നു അത്.

മുസ്‌ലിംകളല്ലാത്തവരോട് ഇസ്‌ലാം കാണിച്ച സഹിഷ്ണുതയുടെയും വിട്ടുവീഴ്ച്ചയുടെയും ഏറ്റവും ശ്രദ്ദേയമായ അടയാളമാണ് മദീനയില്‍ പ്രവാചകന്‍(സ) നടപ്പാക്കിയ നയനിലപാടുകള്‍. അവരുടെ അവകാശങ്ങളെ ആദരിക്കാന്‍ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ആവശ്യപ്പെടുന്നുണ്ട് എന്ന് മാത്രമല്ല അവരുടെ അവകാശങ്ങള്‍ക്കെതിരെ നടത്തുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പും നല്‍കുന്നുണ്ട്. അവര്‍ക്കിടയില്‍ നീതി നടപ്പാക്കാനാണ് അവ കല്‍പ്പിക്കുന്നത്. അല്ലാഹു പറയുന്നു : ‘മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു.’ (അല്‍-മുംതഹിന : 8) ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘മുസ്‌ലിം രാഷ്ട്രത്തിലെ അമുസ്‌ലിമിനെ കൊലപ്പെടുത്തിയവന് സ്വര്‍ഗത്തിന്റെ പരിമളം പോലും ലഭിക്കുകയില്ല, നാല്‍പത് വര്‍ഷത്തെ യാത്രാദൂരം അകലെയായിരിക്കും അതിന്റെ പരിമളം.’ (ബുഖാരി)

ഖുലഫാഉ റാശിദുകളുടെ കാലത്തും വേദക്കാര്‍ എല്ലാ വിധത്തിലുള്ള സ്വാതന്ത്ര്യവും അനുഭവിച്ചിരുന്നു. അവരുടെ രക്തത്തിലോ അഭിമാനത്തിലോ അക്രമം നടത്തുന്ന് പോയിട്ട് ഒരു ദീനാറിന്റെയോ ദിര്‍ഹമിന്റെയോ കാര്യത്തില്‍ പോലും അവരോട് അക്രമം പ്രവര്‍ത്തിച്ചിട്ടില്ല. ദിമ്മികളില്‍ പെട്ട വൃദ്ധനായ ഒരാള്‍ ജനങ്ങളോട് യാചിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഉമര്‍ ബിന്‍ ഖത്താബ്(റ) അദ്ദേഹത്തെ ഖജനാവ് സൂക്ഷിപ്പുകാരന്റെ അടുത്തേക്ക് അയക്കുകയാണ് ചെയ്തത്. അല്ലാഹുവാണ് സത്യം ഇദ്ദേഹത്തെയും ഇതുപോലുള്ളവരോടും നാം നീതി കാണിച്ചിട്ടില്ല, അവരുടെ യൗവനം നാം ഭക്ഷിക്കുകയും അവരുടെ വാര്‍ധക്യത്തില്‍ നാമവരെ ഉപേക്ഷിക്കുകയും ചെയ്തതിനാല്‍ എന്ന ഉമര്‍(റ) വാക്കുകള്‍ ഏറെ പ്രസിദ്ധമാണ്. പിന്നീട് പ്രായമായ ആളുകളില്‍ നിന്ന് ജിസ്‌യ വാങ്ങരുതെന്നും അവര്‍ക്ക് വേണ്ട പരിചരണം നല്‍കണമെന്ന് നിശ്ചയിക്കുകയും ചെയ്തു. അമവികളുടെയും അബ്ബാസികളുടെയും ഭരണത്തിലും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. റോമന്‍ സാമ്രാജ്യത്തില്‍ നിന്ന് അവര്‍ നേരിട്ട പീഡനങ്ങള്‍ക്ക് വിരുദ്ധമായി അവര്‍ക്ക് കൂടുതല്‍ ആദരവും പരിഗണനയും നല്‍കുകയാണ് ചെയ്തത്. ഉസ്മാനി ഭരണകാലത്ത് കോണ്‍സ്റ്റാന്റിനോപ്പില്‍ ജയിച്ചടക്കിയപ്പോള്‍ അവിടത്തെ ചര്‍ച്ചിനോട് തുല്ല്യതയില്ലാത്ത വിട്ടുവീഴ്ച്ചയാണ് കാണിച്ചിട്ടുള്ളത്. സുല്‍ത്താന്‍ മുഹമ്മദ് അല്‍-ഫാതിഹ് പുതിയ പാത്രിയര്‍ക്കീസിനെ തെരെഞ്ഞെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കല്‍പിച്ചു. ജോര്‍ജിയസ് സ്‌കൊളാരിയോസിനെ അവര്‍ തെരെഞ്ഞെടുത്തപ്പോള്‍ ക്രിസ്ത്യാനികളുടെ എല്ലാ ആത്മീയ കാര്യങ്ങളും കയ്യാളാനുള്ള അവകാശം അദ്ദേഹത്തിന് വിട്ടുകൊടുക്കുകയും ചെയ്തു. ഉസ്മാനി ഭരണകൂടത്തിലെ ഒരു മന്ത്രിക്ക് നല്‍കുന്നതിന് തുല്ല്യമായ സ്ഥാനവും പദവിയും വരെ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടായിരുന്നു. ഉസ്മാനി രാഷ്ട്രത്തില്‍ റോമന്‍ ഓര്‍ത്തഡോക്‌സുകാര്‍ക്ക് ഈ അധികാരങ്ങളെല്ലാം പരമ്പരാഗതമായി കൈമാറി വന്നു. അവരുടെ സ്‌കൂളുകള്‍ നടത്തുന്നതിനും ഉദ്ദേശിക്കുന്ന സമയത്ത് ഭരണാധികാരിയെ കാണാനുമെല്ലാം പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഉസ്മാനി രാഷ്ട്രത്തിനകത്തുള്ള ഒരു കൊച്ചു രാഷ്ട്രമായി വരെ അവര്‍ മാറി. ബൈസാന്റിയന്‍ കാലത്ത് കിട്ടാത്തത്ര സ്വാധീനവും അധികാരവും അവര്‍ക്ക് ലഭിച്ചത് ഉസ്മാനി ഭരണത്തിലായിരുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ വിശാലതയെല്ലാം കാഴ്ച്ച വെച്ച ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അവര്‍ കാണിക്കുന്നതെന്താണ്? ദൈവിക ദീനിന്റെ സഹിഷ്ണുതക്കും പാശ്ചാത്യരുടെ പ്രവര്‍ത്തനങ്ങള്‍ക്കുമിടയിലെ വലിയ അന്തരമാണിത് വിളിച്ചോതുന്നത്.

Related Post