Main Menu
أكاديمية سبيلي Sabeeli Academy

‘ഇസ്ലാമും പെര്‍മാകള്‍ചറും

Originally posted 2019-02-16 16:48:04.

പ്രകൃതി

പ്രകൃതിസൗഹൃദ സാങ്കേതികവിദ്യയും ഇസ്ലാമും:
ഭൗതികസമ്പത്തും സാങ്കേതികപുരോഗതിയും കൈമുതലായുണ്ടെങ്കില്‍ എല്ലാമായി എന്ന ചിന്ത മനുഷ്യകുലത്തിലെ ബഹുഭൂരിപക്ഷത്തിനുമുണ്ട്.

 

സാമ്പത്തികഭൗതികവാദത്തിന്റെ ദര്‍ശനമാണ് നമുക്കുചുറ്റും അതിര്‍കെട്ടുന്ന സാങ്കേതികപുരോഗതിയുടെയും നാഗരികഎടുപ്പുകളുടെയും രൂപഭാവങ്ങളെ സൃഷ്ടിക്കുന്നത്. തികച്ചും മത്സരോത്സുകവും പ്രതിലോമകരവുമായ വികസനരീതിശാസ്ത്രത്തെ അത് വളര്‍ത്തിയെടുക്കുന്നു. മനുഷ്യരാശിയുടെ മൊത്തം പ്രവര്‍ത്തനങ്ങളെ അത് നിര്‍ണയിക്കുന്നു. അതാകട്ടെ, ഇന്നുനാംകാണുന്നതുപോലെ അസന്തുലതിതവും മനുഷ്യര്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുംവിധം വളര്‍ന്നുകൊണ്ടുമിരിക്കുന്നു. ഇതെല്ലാംതന്നെ പരിസ്ഥിതിക്കേല്‍പിക്കുന്ന പരിക്കുകള്‍ നിസ്സാരമല്ലെന്ന് ആധുനികയുഗത്തിലെ പ്രതിസന്ധികള്‍ നമ്മെ അറിയിക്കുന്നു. മുസ് ലിംകളെന്ന നിലക്ക് ഇത്തരം പ്രശ്‌നങ്ങള്‍ എന്തുകൊണ്ടുണ്ടാകുന്നു എന്ന് മനസ്സിലാക്കി അതിനെ നേരിടേണ്ടതുണ്ട്. ആധുനികസാങ്കേതികലോകം നമുക്കുനല്‍കുന്ന എല്ലാ ‘വികസനപ്രക്രിയ’കളെയും സൂക്ഷ്മമായി വിലയിരുത്തിമാത്രമേ നാം അത് സ്വീകരിക്കാന്‍ പാടുള്ളൂ.

മനുഷ്യരാശിക്ക് ശാന്തിയും സമാധാനവും പ്രധാനംചെയ്യാന്‍ പര്യാപ്തമല്ല ആധുനികസാമ്പത്തികക്രമം എന്ന് നമുക്കറിയാം. എന്നല്ല, ആ സാമ്പത്തികക്രമം പ്രകൃതിയെ ഒന്നാകെത്തന്നെ പരിക്കേല്‍പിക്കുന്നതെങ്ങനെയെന്ന് തിരിച്ചറിഞ്ഞ് അതിനെക്കുറിച്ച് മുന്നറിയിപ്പുനല്‍കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നവരാണ് നാം.

സാങ്കേതികവിദ്യകള്‍ എങ്ങനെയായിരിക്കണം എന്നതിന് പ്രത്യേകകാഴ്ചപ്പാട് നമുക്ക് വേറെ തന്നെ രൂപപ്പെടുത്തേണ്ട ആവശ്യംതന്നെയില്ല. കാരണം, നാമൊക്കെ വിധേയപ്പെട്ടുനില്‍ക്കുന്ന ഇസ് ലാം അതിനാവശ്യമായ അടിസ്ഥാനനിയമങ്ങളും കാഴ്ചപ്പാടുകളും നമുക്ക് പകര്‍ന്നുതന്നിട്ടുണ്ട്. ആ കാഴ്ചപ്പാടും തത്ത്വശാസ്ത്രത്തിനും അനുഗുണമായ രീതിയില്‍ ഒരു പ്രായോഗികരീതി കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തമേ നമ്മുടെ മേലുള്ളൂ. ഈ ലേഖനത്തില്‍ അത്തരമൊരു രീതിശാസ്ത്രത്തിന്റെ സാധ്യതകള്‍ എത്രത്തോളമുണ്ടെന്ന് പ്രതിപാദിക്കുകയല്ല, മറിച്ച്, എത്രത്തോളം ദൂഷ്യവിമുക്തമായ, ഈമാനികോത്തേജനമായ, ഉത്തരവാദിത്തബോധം പകര്‍ന്നുനല്‍കുന്നതാണ് എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.

പെര്‍മാകള്‍ചര്‍ ഡിസൈന്‍(കൃഷിസൗഹൃദസംസ്‌കാരം)

പെര്‍മാകള്‍ചര്‍ രൂപകല്‍പന വളരെ വിശാലാര്‍ഥത്തില്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ്. ഭൂമിയെ,പ്രകൃതിയെ ദ്രോഹിക്കാതെ, ചൂഷണംചെയ്യാതെ, അവ നമുക്ക് നല്‍കുന്ന വിഭവങ്ങളെ സൗമ്യമായും സൗഹൃദപരമായും ഉപയോഗിച്ച് പരിപോഷിപ്പിക്കുന്ന ഉത്പാദനപരമായ ജീവിതസംസ്‌കാരമാണ് പെര്‍മാകള്‍ചര്‍. അത്തരമൊരു സംസ്‌കാരത്തില്‍നിന്നുത്ഭൂതമാകുന്ന സാങ്കേതികവിദ്യകള്‍ പ്രകൃതിക്ക് പരിക്കേല്‍പിക്കില്ല. ഈ പെര്‍മാകള്‍ചര്‍ രൂപകല്‍പനയ്ക്ക് 3 അടിസ്ഥാനഘടകങ്ങളുണ്ട്. 1. ധാര്‍മികവശം: ഭൗമപരിപാലനം, മാനവപരിപാലനം, നീതിപൂര്‍വമായ പങ്കുവെപ്പ് എന്നിവയിലൂന്നിയതാണ് അതിന്റെ ധാര്‍മികവശം.

2. പ്രായോഗികവശം: മേല്‍പറഞ്ഞ ധാര്‍മികവശങ്ങള്‍ പരിഗണിച്ചുകൊണ്ട് പ്രകൃതിയെ സമീപിക്കാമെന്നും അതില്‍നിന്ന് സദ്ഫലങ്ങള്‍ ഉപയോഗിക്കാമെന്നും നമ്മെ വഴികാണിക്കുന്നതാണ് പ്രായോഗികവശം. പ്രകൃതിനിരീക്ഷണത്തിലൂടെയാണ് അത് സാധ്യമാകുന്നത്. പരമ്പരാഗതരീതികളെയും ആധുനികരീതികളെയും തമ്മില്‍ താരതമ്യംചെയ്ത് അതിന്റെ നല്ലവശങ്ങള്‍ സ്വാംശീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. 3. സാങ്കേതികവശം: മേല്‍പറഞ്ഞ രണ്ടുവശങ്ങളെയും ഒന്നിച്ചുചേര്‍ത്ത് അത് പ്രാവര്‍ത്തികമാക്കുന്ന, നീതിയുക്തമായ സാങ്കേതികവിദ്യകള്‍ ആവിഷ്‌കരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇത്.

പെര്‍മാകള്‍ചര്‍ രീതിശാസ്ത്രം ഇസ്‌ലാമിന് എതിരല്ല. നിലവില്‍ ആ രീതിശാസ്ത്രത്തിലെ പ്രായോഗികരീതികള്‍ക്ക് ഇസ്‌ലാമിന്റെ ദര്‍ശനങ്ങളിലൂന്നിയുള്ള ചില മാര്‍ഗദര്‍ശനങ്ങള്‍ നല്‍കിയാല്‍ മാത്രം മതിയാകും. നിലവിലുള്ള ആധുനികസാങ്കേതികവിദ്യ ആമൂലാഗ്രം ആര്‍ത്തിയില്‍ അധിഷ്ഠിതമായ സാമ്പത്തികവീക്ഷണത്തില്‍നിന്ന് ഉണ്ടായതെന്ന തീവ്രവാദമൊന്നും നാം വെച്ചുപുലര്‍ത്തേണ്ടതില്ല.

സന്തുലിതത്വം

അവന്‍ ആകാശത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു. നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍.(അര്‍റഹ് മാന്‍ 7,8).

സൈതൂന കോളേജിലെ ഇമാം ദാവൂദ് യാസീന്‍ പറയുന്നത് പെര്‍മാകള്‍ചര്‍ എന്നത് സന്തുലിതരീതിയാണെന്നാണ്. ‘ഇസ് ലാമും പെര്‍മാകള്‍ചറും വീണ്ടെടുപ്പിനെയും സന്തുലിതത്വത്തെയും കുറിച്ച് സംസാരിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാം സന്തുലിതമായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അത് സൂചിപ്പിക്കുന്നത് സാഹോദര്യത്തെയും ഏകത്വത്തെയും ആണ്. ഇസ്‌ലാമികപാരമ്പര്യത്തിലാകട്ടെ, മനുഷ്യന്റെ ശാരീരികപ്രകൃതിയില്‍തന്നെ ഈ സന്തുലനവും ഏകതാബോധവും കാണാനാകുമല്ലോ. ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ, ഈ ഗുണങ്ങളെയെല്ലാം നശിപ്പിക്കുംവിധമുള്ള പ്രവര്‍ത്തനങ്ങളിലാണ് നാം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ ഹൃദയത്തിനും ആത്മാവിനും ഏറ്റ പരിക്കുകള്‍ പരിഹരിക്കുന്ന വികസനമാതൃകകള്‍ നാം സ്വീകരിക്കേണ്ടതുണ്ട്.’

മുസ് ലിംകള്‍ അതുകൊണ്ടുതന്നെ പെര്‍മാകള്‍ചര്‍ രീതികളെ അടുത്തറിയേണ്ടതുണ്ട്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ അതിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട് വളരെ ചൈതന്യവത്തായ വികസനമാതൃക ലോകത്തിനുമുമ്പില്‍ സമര്‍പ്പിക്കേണ്ടതായിരിക്കുന്നു. സമാനാശയക്കാരായ സഹോദരങ്ങള്‍ പരസ്പരം ആശയങ്ങള്‍ പങ്കുവെക്കുകയും നവീനമായ സാങ്കേതികവിദ്യകള്‍ ആവിഷ്‌കരിക്കുകയും വേണം. ലോകത്തിന് വികസനത്തിന്റെ തലതിരിഞ്ഞ മാതൃകകള്‍ക്കുപകരം അനുകരണമീയ പ്രകൃതിസൗഹൃദവികസനം കാഴ്ചവെക്കാനായിരിക്കണം നമ്മുടെ ശ്രമം. അല്ലാതെ നിലവിലെ വികസനപദ്ധതികളെ തത്ത്വദീക്ഷയില്ലാതെ വിമര്‍ശിച്ച് വീടകങ്ങളിലൊതുങ്ങുകയല്ല വേണ്ടത്.

Related Post