ഖുര്‍ആനില്‍ സ്ത്രീ

ഖുര്‍ആനില്‍ സ്ത്രീ

സ്ത്രീക്ക് ഖുര്‍ആന്‍ എന്ത് സ്ഥാനമാണ് കല്‍പ്പിച്ചുനല്‍കുന്നത്? അവളര്‍ഹിക്കുന്ന രീതിയില്‍ പുരുഷനെപ്പോലെ തന്നെ ആദരവും അന്തസ്സും അതുറപ്പ് നല്‍കുന്നുണ്ടോ? അല്ലെങ്കില്‍ ഒരു അധസ്ഥിതജീവിയാണ് അവളെന്ന കാഴ്ച്ചപ്പാട് അത് പ്രസരിപ്പിക്കുന്നുണ്ടോ?
25E90D13-8A3E-4980-AA98-9A9510C19887_mw1024_s_n

കുടുംബത്തിലെ സ്ത്രീ:
കുടുംബത്തില്‍ സ്ത്രീ പുരുഷ ദൗത്യത്തെ സംബന്ധിച്ച ഇസ്്‌ലാമിക വീക്ഷണം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി തുടര്‍ന്ന് പോരുന്ന കാഴ്ച്ചപ്പാടുകള്‍ക്ക് വിരുദ്ധമായ ഒന്നാണ് . ആധുനിക പരിഷ്‌കൃത സമൂഹത്തിന്റെ കാഴ്ചപ്പാടിനും അതെതിരാണ്. എല്ലായ്‌പ്പോഴും ഒരേ സ്വഭാവത്തിലുള്ള അവകാശവും ഉത്തരവാദിത്വവും ശിക്ഷയുമല്ല സ്ത്രീ പുരുഷന്മാര്‍ക്ക് അത് നിയതപ്പെടുത്തിയിരിക്കുന്നത്.

പുരുഷന്മാര്‍ക്ക് ഏറ്റവും അനുയോജ്യമായ ഉത്തരവാദിത്വവും അവകാശവും ശിക്ഷയും അത് നിര്‍ണയിച്ച് നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് അവര്‍ക്കനുഗുണമായ അവകാശവും ഉത്തരവാദിത്വങ്ങളും ശിക്ഷാനടപടികളും അത് നിര്‍ദേശിക്കുന്നു. ചില ഘട്ടങ്ങളില്‍ സ്ത്രീ പുരുഷന്മാര്‍ക്ക് ഒരേ നിയമാവലി അത് മുന്നോട്് വെക്കുമ്പോള്‍ മറ്റ് ചിലപ്പോള്‍ സ്ത്രീ പുരുഷന്മാര്‍ക്ക് വെവ്വേറെ തലങ്ങളില്‍ നിന്നുകൊണ്ട് ബാധ്യതാ നിര്‍വഹണത്തില്‍ പ്രമാണങ്ങള്‍ സമര്‍പ്പിക്കുന്നു.
എന്തിനാണിങ്ങനെ വ്യത്യസ്തത, എന്താണ് അതിനടിസ്ഥാനം, അതുകൊണ്ടാണോ മറ്റ് മതങ്ങളെപ്പോലെ സ്ത്രീയെ രണ്ടാംകിടക്കാരിയായി ചിത്രീകരിക്കുന്നത് അതല്ലാ അതിന് അതിന്റേതായ വേറിട്ട ദര്‍ശനം എന്തെങ്കിലുമുണ്ടോ?
മഹര്‍, മത്താഅ്, വിവാഹ മോചനം, ബഹുഭാര്യാത്വം തുടങ്ങി സ്ത്രീ സംബന്ധിയായ ഒട്ടേറെ വിഷയങ്ങളില്‍ ഇസ്്‌ലാം വെറുപ്പുളവാക്കുന്ന, സ്ത്രീയെ അവമതിക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത് എന്ന് പാശ്ചാത്യ അനുകൂലികളായ ഒട്ടേറെ പേര്‍ വിമര്‍ശിക്കാറുണ്ട്.
ഇരുപതാം നൂറ്റാണ്ടിന് മുമ്പുള്ള പ്രസ്തുത നിയമങ്ങള്‍  സ്ത്രീയെ തനിക്ക് വേണ്ടി പടച്ചതാണെന്ന പുരുഷമേധാവിത്വ മനോഭാവത്തില്‍ നിന്നുണ്ടായതാണെന്ന് അവര്‍ ആരോപിക്കുന്നു. ഇസ്്‌ലാമിന്റെ അവകാശ പ്രഖ്യാപനങ്ങളെല്ലാം പുരുഷ കേന്ദ്രീകൃതമാണെന്നും അവര്‍ വാദിക്കുന്നു. ഇസ്്‌ലാം പുരുഷന്മാരുടെ മതമാണ്, അത് സ്ത്രീയെ പൂര്‍ണ മനുഷ്യനായി അംഗീകരിക്കുന്നുപോലുമില്ല, മനുഷ്യനെന്ന നിലക്ക് അവള്‍ അര്‍ഹിക്കുന്ന നിയമ പരിരക്ഷ അവള്‍ക്ക് നല്‍കുന്നുമില്ല… എന്നിങ്ങനെ ആക്ഷേപങ്ങള്‍ അനവധിയാണ്. മനുഷ്യനെന്ന പരിഗണന നല്‍കിയിരുന്നുവെങ്കില്‍ ബഹുഭാര്യാത്വം അനുവദിക്കില്ലായിരുന്നു. പുരുഷന് ത്വലാഖിനുള്ള അവകാശം നല്‍കില്ലായിരുന്നു; സാക്ഷ്യം ഒരു പുരുഷന്റേതിന് തുല്യമാകണമെങ്കില്‍ രണ്ട് സ്ത്രീകളുണ്ടാകണം എന്ന് നിബന്ധന വെക്കില്ലായിരുന്നു; കുടുംബ നാഥന്റെ റോള്‍ പുരുഷനെ ഏല്‍പ്പിക്കില്ലായിരുന്നു; പുരുഷന്റെ അനന്തര സ്വത്തിന് നേര്‍ പകുതി എന്ന് സ്ത്രീക്ക് നിര്‍ണയിക്കില്ലായിരുന്നു; മഹ്‌റിന്റെ പേര് പറഞ്ഞ് സ്ത്രീക്ക് വിലയിടില്ലായിരുന്നു; പുരുഷന്റെ ‘സംരക്ഷണത്തില്‍’ അവന്‍ വെച്ചുനീട്ടുന്നതും വാങ്ങി തൃപ്തി അടയുന്ന ആശ്രിതയാക്കി തരം താഴ്ത്തുമായിരുന്നില്ല; വെറുമൊരു മനുഷ്യോല്‍പ്പാദകയന്ത്രമായി അവളെ ചുരുക്കിക്കെട്ടില്ലായിരുന്നു. എല്ലാ മേഖലയിലും നന്മയും സമത്വവും നടപ്പാക്കിയെങ്കിലും സ്ത്രീ പുരുഷ സങ്കല്‍പ്പങ്ങളില്‍ തനി പിന്തിരിപ്പന്‍ കാഴ്ചപ്പാടാണ് ഇസ്്‌ലാമിന്റേതെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അവരുടെ വിമര്‍ശനങ്ങളുടെ ആകെത്തുക ഇതാണ്:
സ്ത്രീയെ പൂര്‍ണ മനുഷ്യനായി പരിഗണിച്ചിരുന്നുവെങ്കില്‍ മേല്‍പ്പറഞ്ഞ തരത്തില്‍ നിയമങ്ങളുണ്ടാക്കുമായിരുന്നില്ല. ആ നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സ്ത്രീയെ പൂര്‍ണ മനുഷ്യനായി കണക്കാക്കുന്നില്ലെന്നതിന് അത് തെളിവാണ്. വിമര്‍ശകരുടെ ഇത്തരം അരിസ്റ്റോട്ടിലിയന്‍ യുക്തിയെ നമുക്ക് തിരുത്തേണ്ടതുണ്ട്.

സമത്വം അഥവാ തുല്യതാ ഭാവന:
മേല്‍പ്പറഞ്ഞ അവരുടെ ആക്ഷേപത്തിന്റെ അടിസ്ഥാനം ഇതാണ്. സ്ത്രീക്കും പുരുഷനും അവകാശങ്ങള്‍ ഒരേരീതിയില്‍ നിര്‍ണയിച്ച് നല്‍കുമ്പോള്‍ മാത്രമേ അവര്‍ക്ക് തുല്യ ആദരവും പദവിയും നല്‍കിയെന്ന് പറയാനാകൂ. മനുഷ്യന്റെ അന്തസ്സ് നിര്‍ണയിക്കുന്നതില്‍ സ്ത്രീയും പുരുഷനും തുല്യ പങ്കാളിത്തമാണോ വഹിക്കുന്നതെന്നാണ് നമ്മുടെ ചോദ്യം. സമൂഹത്തില്‍ ഒരേ ഉത്തരവാദിത്വ നിര്‍വഹണമാണോ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്?. സ്ത്രീയും പുരുഷനുമെന്ന നിലയില്‍ എല്ലാത്തരം ഉത്തരവാദിത്വങ്ങളും യാതൊരു ലിംഗവ്യത്യാസങ്ങളുമില്ലാതെ ഇരുവര്‍ക്കും ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ ഒരേപോലെ അവര്‍ക്കും അവകാശങ്ങള്‍ വീതിച്ചുനല്‍കേണ്ടതാണ്. മാത്രമല്ല സ്ത്രീക്കും പുരുഷന്നും താന്താങ്ങള്‍ക്ക് എടുത്തുപറയത്തക്ക പ്രത്യേക ഗുണഗണങ്ങള്‍ ഇല്ലാതിരിക്കുമ്പോഴാണ് അവര്‍ക്ക് അവകാശങ്ങള്‍ ഒരേപോലെ നല്‍കാന്‍ കഴിയൂ എന്നതും പ്രത്യേകം നാം മനസ്സിലാക്കേണ്ടതാണ്.
പാശ്ചാത്യന്‍ ദര്‍ശനത്തെ മുഴത്തോട് മുഴം അനുകരിക്കുന്നതിന് പകരം  നമ്മുടെ ചിന്തയെ സ്വതന്ത്രമാക്കിയിടുക. ഒരേ തരത്തിലുള്ള അവകാശങ്ങളിലല്ല തുല്യാവകാശം സാര്‍ത്ഥകമാകുന്നതെന്ന തിരിച്ചറിവ് നമുക്കാദ്യമുണ്ടാകണം. സമത്വം എന്നത് സമാനതയല്ല. സമത്വമെന്നാല്‍ തുല്യപ്പെടുത്തലും തുല്യതക്ക് അര്‍ഹപ്പെടലുമാണ്. സമാനാവസ്ഥയെന്നാല്‍ ഒരേപോലെ തന്നെയാണെന്നാണര്‍ത്ഥം. ഒരു പിതാവിന് തന്റെ മക്കള്‍ക്ക് സമ്പത്ത് തുല്യമായി വീതിക്കാന്‍ കഴിയും. പക്ഷേ ഒരേപോലെതന്നെയുള്ളത് നല്‍കാനാവില്ല. അയാള്‍ക്ക് വാണിജ്യ സമുച്ചയമുണ്ടാകും.കൃഷിഭൂമിയുണ്ടാകും. റിയല്‍എസ്‌റ്റേറ്റ് സംരംഭങ്ങളുണ്ടാകും. തന്റെ സ്വത്ത് വിഭജന വേളയില്‍ മക്കളുടെ അഭിരുചിയും താല്‍പര്യവും അനുസരിച്ച് കൃഷിയില്‍ താല്‍പര്യമുള്ളവന് കൃഷിഭൂമിയും ബിസിനസ്താല്‍പര്യമുള്ളവന് വാണിജ്യ സമുച്ചയവും അവയുടെ മൂല്യം കണക്കാക്കി തുല്യമായി നല്‍കും. അവര്‍ക്കിടയില്‍ വിവേചനം കല്‍പ്പിക്കുകയില്ല.
അളവ് ഗുണപരതയില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. സമത്വമെന്നത് ഒരേ പോലിരിക്കുന്നതാവുകയെന്ന ആശയമല്ല ഇസ്്‌ലാം ഒരുപോലുള്ള അവകാശങ്ങളല്ല സ്ത്രീ പുരുഷന്മാര്‍ക്ക് നല്‍കിയത്. പക്ഷേ അതൊരിക്കലും സ്ത്രീയേക്കാള്‍ പുരുഷന് മേന്മ കല്‍പ്പിച്ചുനല്‍കിയിട്ടില്ല. സ്ത്രീ പുരുഷ സമത്വത്തിന് അത് അടിസ്ഥാന തത്ത്വം മുന്നോട്ടുവെക്കുന്നുണ്ട്. ഇസ്്‌ലാം സമത്വത്തിന് എതിരല്ല. അതേസമയം അത് സ്ത്രീ പുരുഷ സമവല്‍ക്കരണത്തിന് എതിരാണ്.
വിവേചനത്തെ തള്ളിക്കളഞ്ഞുകൊണ്ട് സമൂഹത്തില്‍ സമത്വം, രാഷ്ട്രീയ സാമൂഹിക സമത്വം തുടങ്ങിയ വാക്കുകള്‍ സമഭാവനയുടെ ആശയം ഉല്‍ക്കൊള്ളുന്നുവെന്ന അര്‍ത്ഥത്തില്‍ വേദവാക്യം പോലെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അവകാശങ്ങളുമായി ചേര്‍ത്ത് പറയുന്നതിനാല്‍ വളരെ ആകര്‍ഷകവും കേള്‍വിക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതുമാണ്. ‘ അവകാശ സമത്വം’ എത്രമനോഹരവും പരിപാവനവുമായ വാക്ദ്വയം വിവേകവും ധാര്‍മിക ബോധവുമുള്ള ആര്‍ക്കെങ്കിലും ഇതിനെ പുറകോട്ട് നയിക്കാനാകുമോ?
ഒരുകാലത്ത് വിജ്ഞാനത്തിന്റെയും യുക്തി ചിന്തയുടെയും തത്ത്വദര്‍ശനത്തിന്റെ വക്താക്കളായിരുന്ന നമുക്ക് നേരെ മറ്റുള്ളവര്‍ അവകാശ സമത്വമെന്ന വിശുദ്ധ വാക്യം ഉരുവിട്ട് സ്ത്രീക്കും പുരുഷനും ഒരേ അവകാശങ്ങള്‍ നല്‍കണമെന്ന് ഒച്ചയിടുന്നത് എന്തുകൊണ്ടാണ്?. കാക്കയെ കാണിച്ച് കുയിലാണെന്ന്  ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഇക്കൂട്ടര്‍. യാഥാര്‍ത്ഥ്യമിതാണ്: ഇസ്്‌ലാം പുരുഷന് നല്‍കിയ അതേ അവകാശങ്ങള്‍ സ്ത്രീക്ക് നല്‍കിയില്ല. അതേപോലെതന്നെ പുരുഷന്റെ മേല്‍ ചുമതലപ്പെടുത്തിയ ഉത്തരവാദിത്വങ്ങള്‍ സ്ത്രീക്ക് നിര്‍ബന്ധമാക്കിയില്ല. വീഴ്ച വരുത്തിയാല്‍ അതിന് ഒരേ പോലെയുള്ള ശിക്ഷ വിധിച്ചുമില്ല. അതിനര്‍ത്ഥം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളുടെ ആകത്തുക പുരുഷന്റേതിനേക്കാള്‍ കുറവാണെന്നുമല്ല.
ഇവിടെ ഒരു ചോദ്യമുയരുന്നു. എന്തുകൊണ്ടാണ് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ സത്രീക്കും പുരുഷനും വ്യത്യസ്ത രീതിയില്‍ അവകാശങ്ങള്‍ നിര്‍ണയിച്ചുകൊടുത്തത്? അവര്‍ക്ക് അവകാശങ്ങള്‍ ഒരേപോലെ എന്തുകൊണ്ട് നല്‍കിയില്ല. സ്ത്രീക്കും പുരുഷനും തുല്യവും സദൃശ്യവുമായ അവകാശങ്ങള്‍ നല്‍കുന്നത് അനുചിതമാണെന്നതാണോ കാരണം?. അവകാശങ്ങള്‍ ഒന്നുതന്നെ വേണമെന്ന് വെക്കാതെ പ്രസ്തു വിഷയത്തില്‍ തുല്യനീതി ഉറപ്പുവരുത്താന്‍ കഴിയുമെങ്കില്‍ അത് സ്വീകരിക്കുന്നതിന് വിമുഖത കാണിക്കേണ്ടതുണ്ടോ. ഈ വിഷയങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ് മൂന്ന് തലത്തില്‍ ഇവ ചര്‍ച്ചക്കെടുക്കേണ്ടതുണ്ട്.
1. സ്ത്രീയുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് അവള്‍ക്ക് ഇസ്്‌ലാം നല്‍കിയിരിക്കുന്ന പദവിയെന്ത്?
2. പുരുഷന്റെയും സ്ത്രീയുടെയും സൃഷ്ടിപ്പിലുള്ള വൈജാത്യത്തിന് കാരണമെന്ത്? സ്വാഭാവികമായുള്ള അവരുടെ അവകാശങ്ങള്‍ വ്യത്യാസപ്പെടാന്‍ സൃഷ്ടിപ്പിലുള്ള വ്യതിരിക്തത കാരണമായിട്ടുണ്ടോ?.
3. സ്ത്രീയെയും പുരുഷനെയും പലപ്പോഴും വ്യത്യസ്ഥ തലങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ഇസ്്‌ലാമികദര്‍ശനം ഇപ്പോഴും നീതീകരിക്കാനാകുമോ? അതില്‍ നന്മയുണ്ടോ?

സ്ത്രീയുടെ പദവി ഇസ്്‌ലാമിക വീക്ഷണത്തില്‍
ഒന്നാമതായി ഖുര്‍ആന്‍ എന്നുപറയുന്നത് നിയമങ്ങളുടെ മാത്രം സമാഹാരമല്ല. വിശദീകരണങ്ങളൊന്നുമില്ലാത്ത വരണ്ട ആജ്ഞാ നിര്‍ദേശങ്ങളൊന്നും  അതിലില്ല. അതില്‍ നിയമത്തോടൊപ്പം ചരിത്രവുമുണ്ട്. സൃഷ്ടിപ്പിനെപ്പറ്റിയുള്ള വ്യാഖ്യാനങ്ങളോടൊപ്പം കല്‍പനകളുമുണ്ട്. അതോടൊപ്പം എണ്ണമറ്റ വിഷയങ്ങളുമുണ്ട്. അനുവര്‍ത്തിക്കേണ്ട കര്‍മങ്ങളെ നിയമമെന്നോണം ഖുര്‍ആന്‍ ചിലയിടത്ത് പരാമര്‍ശിക്കുമ്പോള്‍, മനുഷ്യന്റെ അസ്തിത്വത്തെയും നിലനില്‍പ്പിനെയും അത് മറ്റൊരിടത്ത് വിശദീകരിക്കുന്നുണ്ട് പ്രപഞ്ചത്തിലെ ആകാശ ഭൂമികളെയുംജീവസസ്യലതാദികളെപ്പറ്റിയും അവയുടെ സൃഷ്ടി രഹസ്യങ്ങളെപ്പറ്റിയും പറയുന്നു. ജനി-മൃതികളുടെയും വിജയ-പരാജയങ്ങളുടെയും പീഢനങ്ങളുടെയും വളര്‍ച്ച-തളര്‍ച്ചയുടെയും സമ്പന്നതയുടെയും ദാരിദ്രത്തിന്റെയും പിന്നാമ്പുറങ്ങളെയും അത് വിവരിക്കുന്നു.
ഖുര്‍ആന്‍ തത്ത്വചിന്തകളുടെ കരട് രൂപമല്ല. പക്ഷേ, പ്രപഞ്ചം മനുഷ്യരാശി സമൂഹം എന്നിങ്ങനെ തത്വചിന്തയുടെ മൂന്ന് പ്രധാന തലങ്ങളില്‍ ഊന്നിനിന്നുകൊണ്ട് അതിന്റെ കാഴ്ചപ്പാട് വിശദീകരിച്ചിട്ടുണ്ട്. അതിന്റെ അനുയായികളെ നിയമങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല പ്രസ്തുത നിയമങ്ങള്‍ക്കനുസരിച്ച് ജീവിതം നയിക്കണമെന്ന് ഉപദേശിക്കുന്നതോടൊപ്പം നിയത രൂപത്തില്‍ അതായത്, സൃഷ്ടിപ്പിന്റെ വ്യാഖ്യാന വിശകലനങ്ങള്‍ക്കനുസരിച്ച് ചിന്താഗതിയെ രൂപപ്പെടുത്തുന്നുമുണ്ട്. ഉദാഹരണത്തിന് ഉടമസ്ഥത, ഭരണകൂടം, കുടുംബാവകാശങ്ങള്‍ ഇങ്ങനെ പലതിന്റെയും ഘടനയെയും അവയുടെ രൂപവല്‍ക്കരണത്തെയും പറ്റിയൊക്കെ ഖുര്‍ആന്‍ അതിന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്നുവെന്നര്‍ത്ഥം.
ഇത്തരത്തില്‍ ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന ഒരു കാഴ്ചപ്പാട് സ്ത്രീ-പുരുഷ ദ്വയത്തെപ്പറ്റിയാണ്. മനുഷ്യന്‍ തന്റെ അജ്ഞതയാല്‍ അതുമിതും വിളിച്ച് കൂവും എന്നതുകൊണ്ടാണ് സ്ത്രീ-പുരുഷ അസ്തിത്വത്തിന്റെ രഹസ്യങ്ങളെപ്പറ്റി അത് സംസാരിക്കുന്നത്. തികഞ്ഞ വഴികേടില്‍പ്പെട്ട തത്ത്വചിന്തകളുടെയും ദര്‍ശനങ്ങളുടെയും ഇറ ചാരി ഇസ്്‌ലാം സ്ത്രീയെ ഇകഴ്ത്തിക്കാണിക്കുന്നു എന്നവര്‍ ഉച്ചയിടുന്നതും പ്രസ്തുത അജ്ഞതയാലാണ്. സ്ത്രീയെ സംബന്ധിച്ച  യാഥാര്‍ത്ഥ്യം ആദ്യമേ ഖുര്‍ആന്‍ സമര്‍പ്പിച്ചിരിക്കുന്നു. സ്ത്രീ പുരുഷന്മാരുടെ സൃഷ്ടിപ്പിനെ സംബന്ധിച്ച ഖുര്‍ആനിക കാഴ്ചപ്പാട് അറിയുവാന്‍ പ്രസ്തുത വിഷയത്തില്‍ സഹോദര മതഗ്രന്ഥങ്ങള്‍ എന്ത് പറയുന്നുവെന്ന് കൂടി മനസ്സിലാക്കണം. ഖുര്‍ആന്‍ സ്ത്രീ പുരുഷന്മാരെ ഒരു സത്തയില്‍ നിന്നാണോ സൃഷ്ടിച്ചത് അതല്ല രണ്ടും വെവ്വേറെയാണോ?
ഖുര്‍ആനില്‍ പലയിടത്തും ഇപ്രകാരം പറഞ്ഞതായി കാണാം. ‘ നാം  പുരുഷനെ സൃഷ്ടിച്ച അതേ സത്ത കൊണ്ടാണ് സ്ത്രീയെ സൃഷ്ടിച്ചിട്ടുള്ളത്. ആദമിനെപ്പറ്റി പരാമര്‍ശിക്കുന്നിടത്ത് ഖുര്‍ആന്‍ ‘ ഒരൊറ്റ സത്തയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണ് അവന്‍ അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു’ (അന്നിസാഅ്: 1) എന്ന് പറയുന്നു. മനുഷ്യസാകല്യത്തെപ്പറ്റിയാകുമ്പോള്‍ ഖുര്‍ആനിന്റെ പരാമര്‍ശം ഇങ്ങനെ: ‘ അല്ലാഹു നിങ്ങളില്‍ നിന്നുതന്നെയുള്ള ഇണകളെ സൃഷ്ടിച്ചു’.
മറ്റ് വേദഗ്രന്ഥങ്ങളില്‍ കാണുന്നത് പോലെയുള്ള പരാമര്‍ശം ഖുര്‍ആനില്‍ എങ്ങുമില്ല. അതായത്. പുരുഷനെ സൃഷ്ടിച്ചതിനെക്കാള്‍ മോശമായ വസ്തുകൊണ്ടാണ് സ്ത്രീയെ സൃഷ്ടിച്ചതെന്ന പരാമര്‍ശം അവയിലൊക്കെ കാണാം. മാത്രമല്ല. അവളെ പുരുഷന്റെ പരാന്നഭോജിയാണെന്നും അവന്റെ വാമഭാഗത്തുനിന്ന് സൃഷ്ടിക്കപ്പെട്ടവളാണെന്നും മറ്റും  ഇകഴ്ത്തുന്നു.
സ്ത്രീയെപ്പറ്റിയുള്ള വളരെ നിന്ദാഗര്‍ഭമായ പരാര്‍ശമാണ്  ആദിപാപത്തിന് ഉത്തരവാദിയാണവളെന്നത് . ഈ ആധുനിക യുഗത്തിലെ മൗലിക സാഹിത്യ രചനകള്‍ ഇന്നും അത് ഊട്ടിയുറപ്പിക്കുന്നു. അവള്‍ പാപത്തില്‍ നിന്ന് ഉല്‍ഭവിച്ചവളും പ്രലോഭനത്തിന്റെ സ്രോതസ്സുമാണത്രെ. ചെറുപിശാചായ അവള്‍ ഏതുകുറ്റവാളിയായ പുരുഷന്റെയും പിന്നിലെ കറുത്ത കൈകളാണ്. പുരുഷന്‍ എന്നും നിരപരാധിയാണ്. സ്ത്രീയാണ് അവനെ പ്രലോഭിപ്പിക്കുന്നത്. പുരുഷനെ നേരിട്ട് തെറ്റിലേക്ക് നയിക്കാന്‍ പിശാചിന് ആവില്ല. സ്ത്രീയിലൂടെ വഞ്ചനാത്മകമായാണ് പിശാച് തന്റെ ലക്ഷ്യം നേടിയെടുക്കുന്നത്. സന്തോഷത്തിന്റെ സ്വര്‍ഗത്തില്‍ നിന്ന് ആദമിനെ പിശാച് പുറത്താക്കിയത് സ്ത്രീയിലൂടെയാണ്. പിശാച് ഹവ്വയെ പ്രലോഭിപ്പിച്ചു. ഹവ്വ ആദമിനെയും. ഇവ്വിധം അവരുടെ ദര്‍ശനങ്ങള്‍ വ്യതിചലിച്ചുപോകുന്നു.
സ്വര്‍ഗത്തില്‍ നിന്നുള്ള ആദമിന്റെയും ഹവ്വയുടെയും പുറത്താകലിനെ ഖുര്‍ആന്‍ വിശദീകരിക്കുന്നിടത്ത് പിശാചോ സര്‍പ്പമോ ഹവ്വയെ പ്രലോഭിപ്പിച്ചതായോ തുടര്‍ന്ന് ഹവ്വ ആദമിനെ തെറ്റിലേക്ക് നയിച്ചതായോ പറയുന്നില്ല. ഹവ്വയുടെ മേല്‍ എല്ലാ കുറ്റവും ചാര്‍ത്തുകയോ ഹവ്വയെ കുറ്റവിമുക്തയാക്കുകയോ ചെയ്യുന്നില്ല. ഖുര്‍ആന്‍ പറയുന്നു: ‘ അല്ലയോ ആദം, നീയും നിന്റെ ഭാര്യയും ഈ തോട്ടത്തില്‍ താമസിക്കുകയും ഇഷ്ടമുള്ളിടത്തുനിന്ന് ആഹരിച്ചുകൊള്ളുകയും ചെയ്യുക.’ (അല്‍ അഅ്‌റാഫ്: 19) പിശാചിന്റെ പ്രലോഭനത്തെപ്പറ്റി പറയുമ്പോള്‍ ആദമിനെയും ഹവ്വയെയും തുല്യപ്രാധാന്യത്തോടെയാണ് പരാമര്‍ശിക്കുന്നത്. ദിവചന പ്രയോഗമാണ് ഖുര്‍ആന്‍ അതിന് ഉപയോഗിച്ചിരിക്കുന്നത്.
‘പിശാച് ഇരുവരോടും ദുര്‍മന്ത്രണം നടത്തി.’ (അല്‍ അഅ്‌റാഫ്: 20) ‘ അവന്‍ അവരോട് ആണയിട്ടുപറഞ്ഞു: ‘ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷി മാത്രമാണ്. അങ്ങനെ ഇവര്‍ ഇരുവരെയും അവന്‍ വഞ്ചനയിലൂടെ വശപ്പെടുത്തി. ‘ (അഅ്‌റാഫ്: 21,22) ഈ വെളിപ്പെടുത്തതിലൂടെ സ്ത്രീ എല്ലാ പാപങ്ങളുടെയും പ്രലോഭനങ്ങളുടെയും സ്രോതസ്സാണെന്ന പക്ഷപാതപരമായ വീക്ഷണത്തെ ഇസ്്‌ലാം ചോദ്യം ചെയ്തു.
സ്ത്രീക്ക് അവളുടെ ആത്മീയോത്ക്കര്‍ഷം സാധ്യമല്ലെന്ന അവഹേളനാപരമായ കാഴ്ച്ചപ്പാട് ലോകം വെച്ചുപുലര്‍ത്തിയിരുന്നു. അവള്‍ക്ക് സ്വര്‍ഗപ്രവേശം സാധ്യമല്ലെന്നവര്‍ വിശ്വസിച്ചു; ആത്മീയമായ ഉണര്‍വ്വ് അവള്‍ക്ക് അസാധ്യമാണ്; ഒരു പുരുഷന് ലഭ്യമാകുന്നത്ര ദൈവസാമിപ്യം സ്ത്രീക്ക് നേടാനാവില്ല എന്നുതുടങ്ങി വളരെ മോശപ്പെട്ട ചിത്രീകരണമാണ് സ്ത്രീയെക്കുറിച്ച് അവര്‍ നടത്തുന്നത്. ഖുര്‍ആന്‍ ദൈവസാമിപ്യത്തിനുള്ള മാനദണ്ഡം ലിംഗഭേദമല്ലെന്നും മറിച്ച് ദൈവഭക്തിയും തദനുസൃതകര്‍മങ്ങളുമാണെന്നും ഊന്നിപ്പറയുന്നു. ദൈവഭയമുള്ളവനെ പരാമര്‍ശിക്കുന്നതോടൊപ്പം. ദൈവ ഭയമുള്ളവളെയും പരാമര്‍ശിക്കുന്നു. ആദമിന്റെയും ഇബ്‌റാഹീമിന്റെയും ഭാര്യമാരെയും മൂസായുടെയും ഈസായുടെയും മാതാക്കളെയും ആദരവോടെ ഓര്‍മിക്കുന്നു. നൂഹ്, ലൂത്ത്വ് എന്നീ പ്രവാചകന്മാരുടെ ഭാര്യമാരെ, ഭര്‍ത്താക്കന്മാരെ നിഷേധിച്ചവരായി എടുത്ത് പറയുമ്പോള്‍ കടുത്ത നിഷേധിയായിരുന്ന ഫറോവക്ക് കീഴില്‍ പീഢനം അനുഭവിച്ചിരുന്ന വിശ്വാസിനിയായ പത്‌നിയെ വിശ്വാസികള്‍ക്ക് ഉദാഹരണമായി എടുത്തുദ്ധരിക്കുന്നു. മൂസാ (അ)യുടെ മാതാവിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘ നാം മൂസായുടെ മാതാവിന് സന്ദേശം നല്‍കി: ‘ അവനെ മുലയൂട്ടുക അഥവാ അവന്റെ കാര്യത്തില്‍ നിനക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ അവനെ നീ പുഴയിലിടുക. പേടിക്കേണ്ട. ദുഖിക്കുകയും വേണ്ട. തീര്‍ച്ചയായും നാം അവനെ നിന്റെയടുത്ത് തിരിച്ചെത്തിക്കും.’ (അല്‍ ഖസസ്: 7)

ഈസായുടെ മാതാവ് മര്‍യം മിഹ്‌റാബില്‍ പ്രാര്‍ത്ഥനാ വേളയിലായിരിക്കെ, മാലാഖമാര്‍ അവരുമായി സംഭാഷണം നടത്തിയതിനെപ്പറ്റി ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അവര്‍ക്ക് ദൈവത്തില്‍ നിന്ന് ഭക്ഷിക്കാനുള്ള വിഭവം ലഭിച്ചതുകണ്ട് അത്ഭുത പരതന്ത്രനായ അക്കാലത്തെ പ്രവാചകന്‍ സക്കരിയയെയും ഖുര്‍ആന്‍ വരച്ചുകാണിക്കുന്നു. മുഹമ്മദ് നബി(സ)യുടെ പ്രവാചകകാലഘട്ടത്തില്‍ ഖദീജയോളം ഔന്നത്യം നേടിയ പുരുഷന്മാരുണ്ടായിരുന്നില്ല. പുരുഷനോടൊപ്പം സ്ത്രീക്കും ദൈവസാമിപ്യം കരസ്ഥമാക്കാനാകുമെന്ന് അത് തെളിയിച്ചു.
ലൈംഗികതയുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. കുടുംബ വ്യവസ്ഥയെ നിരാകരിച്ച് ബ്രഹ്മചര്യം പ്രോത്സാഹിപ്പിക്കുന്ന മത ദര്‍ശനങ്ങള്‍ ലൈംഗിക ബന്ധത്തെ അശുദ്ധിയായി വ്യവഹരിക്കുന്നു. ബ്രഹ്മചര്യയിലൂടെ മാത്രമേ ദൈവിക മോക്ഷം പ്രാപ്യമാകൂ എന്ന് അവര്‍ ബോധനം ചെയ്യുന്നു. ലോക പ്രശസ്തനായ മതാചാര്യന്‍ പറഞ്ഞത് ഇങ്ങനെ. ‘ചാരിത്രത്തിന്റെ മണ്‍വെട്ടിയാല്‍ ദാമ്പത്യ വൃക്ഷത്തെ വേരോടെ പിഴുതുകളയുക’.
വ്യഭിചാരത്തിന്റെയും അപഥസഞ്ചാരത്തിന്റെയും ദുരന്തം ഭയക്കുന്നതിനാലാണ് ഇക്കൂട്ടര്‍ വൈവാഹിക ജീവിതത്തെ അനുവദിക്കുന്നത്. മാത്രമല്ല. അധികമാളുകള്‍ക്കും പ്രലോഭനങ്ങളെ ചെറുത്ത് നിന്നുകൊണ്ടുള്ള ബ്രഹ്മചര്യം സാധ്യമല്ലെന്നും അവര്‍ മനസ്സിലാക്കുന്നു. സ്ത്രീയുമായുള്ള ലൈംഗിക ബന്ധം ആത്മീയ സാക്ഷാത്ക്കാരത്തിന് വിഘാതമാണെന്ന മൂഢധാരണ അവര്‍ വെച്ചുപുലര്‍ത്തുന്നു.
സ്ത്രീസംസര്‍ഗം വിലക്കുന്ന ബ്രഹ്മചര്യത്തെക്കുറിച്ച അന്ധവിശ്വാസങ്ങളെ ഇസ്്‌ലാം നിരാകരിക്കുന്നു. വിവാഹത്തെ പവിത്രവും ബ്രഹ്മചര്യത്തെ അശുദ്ധവുമായി കാണുന്നു. പ്രവാചക ധാര്‍മിക മൂല്യത്തിന്റെ സവിശേഷ സ്വഭാവമായ സ്ത്രീയോടുള്ള സ്‌നേഹത്തെ അത് സവിശേഷം പ്രതിപാദിക്കുന്നു. മുഹമ്മദ് നബി(സ) പറയാറുണ്ടായിരുന്നു:’ മൂന്ന് സംഗതികള്‍ എനിക്ക് പ്രിയങ്കരമാണ്. സുഗന്ധം, സ്ത്രീകള്‍, നമസ്‌ക്കാരം എന്നിവയാണവ’.
ബര്‍ട്രാന്റ് റസല്‍ പറയുന്നു: ‘ എല്ലാ സനാതന മത ധാര്‍മിക മൂല്യങ്ങളിലും ലൈംഗികത അസ്പൃശ്യതയോടെ വീക്ഷിക്കപ്പെടുന്നു . സമൂഹനന്മയ്ക്കായി അതിര്‍വരമ്പുകള്‍ നിശ്ചയിച്ചുകൊണ്ട് സ്ത്രീ-പുരുഷ ബന്ധത്തെ ഇസ്്‌ലാം അനുവദിക്കുന്നു. അതിനെ ഒരിക്കലും വര്‍ജ്യമോ വൃത്തികേടോ ആയ ഒന്നായി കണക്കാക്കിയിട്ടില്ല’.
സ്ത്രീ മനുഷ്യവംശാവലിയുടെ നൈരന്തര്യം ഉറപ്പുവരുത്തുന്നതിന് പുരുഷന് വേണ്ടി സജ്ജീകരിക്കപ്പെട്ട ഒന്നാണെന്ന വികല ധാരണ വെച്ചുപുലര്‍ത്തുന്നവര്‍ ഇപ്പോഴുമുണ്ട്. ഇത്തരം അബദ്ധ ധാരണകള്‍ ഇസ്്‌ലാമില്‍ കാണാന്‍ കഴിയില്ല. ആകാശ ഭൂമിയും അതിനിടയിലുള്ളതെല്ലാം മനുഷ്യ വര്‍ഗത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് ഖുര്‍ആന്‍ പറയുന്നു. സ്ത്രീക്ക് വേണ്ടി പുരുഷനെയും പുരുഷനുവേണ്ടി സ്ത്രീയെയും സജ്ജീകരിച്ചുവെന്ന് അത് വെളിപ്പെടുത്തി. ‘ അവര്‍ (സ്ത്രീകള്‍) നിങ്ങള്‍ (പുരുഷന്മാര്‍)ക്കുള്ള വസ്ത്രമാണ് നിങ്ങള്‍ അവര്‍ക്കും’ (അല്‍ ബഖറ: 187) ആണുങ്ങളെ വംശവര്‍ദ്ധനവിലൂടെ പെരുപ്പിക്കാനും അവര്‍ക്ക് പശ്ചാത്തല സൗകര്യമൊരുക്കാനുമാണ് സ്ത്രീകളെങ്കില്‍ വിശ്വാസി സമൂഹത്തിന് ഖുര്‍ആന്‍ അത് ദാര്‍ശനികമായി സമര്‍പ്പിക്കുമായിരുന്നു . സ്ത്രീകളെ പുരുഷന്മാര്‍ക്ക് ഒഴിച്ച് കൂടാനാകാത്ത അനിവാര്യ തിന്മയായി മുന്‍കാലങ്ങളില്‍ കണക്കാക്കിയിരുന്നു. തങ്ങളുടെ ഐശ്വര്യ സൗഭാഗ്യങ്ങള്‍ക്ക് നിമിത്തമായ ഒട്ടേറെ സ്ത്രീകളെ നിന്ദിച്ചുകൊണ്ടാണ് പുരുഷന്മാര്‍ അവരെ ദൗര്‍ഭാഗ്യത്തിന്റെയും ദുരിതത്തിന്റെയും പാതാളമായി വിശേഷിപ്പിക്കാന്‍ ധൃഷ്ടരാകുന്നത്. അതേസമയം ഹൃദയങ്ങള്‍ക്ക്  ശാന്തിയും ആശ്വാസവുമായാണ് സ്ത്രീകള്‍ വര്‍ത്തിക്കുന്നതെന്ന് ഖുര്‍ആന്‍ പ്രത്യേകം ഓര്‍മപ്പെടുത്തുന്നു.
സന്താനങ്ങള്‍ക്ക് ജന്മം കൊടുക്കുന്നതില്‍ പുരുഷനാണ് പങ്കെന്നും സ്ത്രീകള്‍ അത് വഹിക്കുന്ന ഒരു പാത്രമാണെന്നും വളരെ പുച്ഛിച്ച് കാണുന്ന പുരുഷ മേല്‍ക്കോയ്മാ വാദം അറബിനാഗരികതയ്ക്ക് മുമ്പുമുണ്ടായിരുന്നു. തങ്ങള്‍ നിക്ഷേപിക്കുന്ന ബീജത്തെ സൂക്ഷിച്ച് പരിപാലിച്ച് വളര്‍ത്തിയെടുക്കുന്ന പണിമാത്രമേ സ്ത്രീക്കുള്ളൂ എന്നവര്‍ വിശ്വസിച്ചു. അതിനെ ഖുര്‍ആന്‍ ഖണ്ഡിച്ചു: ‘ നിങ്ങള്‍ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.’
മേല്‍ വിവരണങ്ങളില്‍ നിന്ന് ദാര്‍ശനികമായും സൃഷ്ടി സത്താവാദപരമായും സ്ത്രീയെ ആദരിക്കുകയും ബഹുമാനിക്കുകയുമാണ് ഇസ്്‌ലാം ചെയ്യുന്നതെന്ന് സുതരാം വ്യക്തമാണ്.
മുഹമ്മദ് ഖാസിം സമാന്‍

Related Post