ജാതിവ്യവസ്ഥ

                                                                                             ജാതിവ്യവസ്ഥ

സിനിമാ നടനും ബി.ജെ.പിയുടെ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി പുനര്‍ ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നടത്തിയ പ്രസ്താവനയും അടുത്ത ജന്മത്തില്‍ പട്ടിയായി ജനിച്ചാല്‍ മതിയെന്ന പാലക്കാട്ടുകാരനായ ദലിത് പൂജാരി ബിജു നാരായണന്റെ പ്രസ്ഥാവനയും ജാതിയെ കുറിച്ചുള്ള ചില ചോദ്യങ്ങളിലേക്ക് നമ്മുടെ ചിന്തയെ കൊണ്ടു പോവുന്നു.

വേദങ്ങള്‍ പഠിച്ച് അമ്പലത്തില്‍ പൂജാദി കര്‍മ്മങ്ങള്‍ ചെയ്യാന്‍ തന്ത്രിയാവണമെന്ന സുരേഷ് ഗോപിയുടെ ആഗ്രഹം തീര്‍ച്ചയായും നല്ലതും സദുദ്ദേശ്യപരവുമാണെന്ന് നമുക്ക് വിശ്വസിക്കാം. കാരണം ആത്മീയമായ കര്‍മങ്ങള്‍ ചെയ്യുവാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനും ഒരു മനുഷ്യന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റായ ഒരു സംഗതിയല്ല. മറിച്ച് ഏറെ നന്മയുള്ളതും ഒരു മനുഷ്യന്‍ എന്ന നിലയില്‍ ആത്മീയമായ ഉല്‍കര്‍ഷ ലഭിക്കുന്നതുമാണ്. പക്ഷെ അദ്ദേഹത്തിന്റെ പ്രസ്താവന അത്ര നിഷ്‌കളങ്കമല്ലാതായി തീരുന്നത് അതിലടങ്ങിയ സവര്‍ണാധിപത്യ ബോധവും ജാതീയതയെ അരക്കിട്ടുറപ്പിക്കുവാനുമുള്ള ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ ഒരു ശ്രമം അടങ്ങിയതിനാലാണ്. തൊട്ടപ്പുറത്ത് ബിജു നാരായണന്‍ എന്ന ദലിതന്‍ വേദം പഠിച്ചതിന്റെയും പഠിപ്പിച്ചതിന്റെയും പേരില്‍, താന്ത്രിക വിദ്യകരസ്ഥമാക്കി അമ്പലത്തില്‍ ശാന്തിക്കാരനായതിന്റെ പേരില്‍ വെട്ടി പെരിക്കേല്‍പിക്കപ്പെട്ട് മാരകമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഭയത്തിന്റെ പാതാളത്തിലേക്ക് വീണ ആ മനുഷ്യന്‍ ആക്രമികളെ പറഞ്ഞ് കൊടുക്കാന്‍ കഴിയാത്ത നിസ്സഹായവസ്ഥയിലാണ്. ഇനിയൊരു ജന്മമുണ്ടെങ്കിലൊരിക്കലും ദലിതനായി ജനിക്കരുത് പകരം പട്ടിയായി ജനിക്കണം കാരണം ദലിതനേക്കാള്‍ പരിഗണന പട്ടിക്ക് സമൂഹം നല്‍കുന്നുണ്ട് എന്ന് ബിജു നാരായണന്‍ എന്ന ദളിത് ശാന്തിക്കാരന് വിലപിക്കേണ്ടി വരുന്നു. അത്രമാത്രം കെട്ട ഒരു ജാതി ബോധത്തില്‍ ജീവിക്കുന്ന സാമൂഹ്യ പരിതസ്ഥിതിയില്‍ നിന്ന് കൊണ്ട് സുരേഷ് ഗോപി നടത്തുന്ന പ്രസ്ഥാവനയുടെ അന്തക്കേട് എത്ര വലുതാണ്. മാത്രമല്ല പട്ടിയേക്കാള്‍ തരം താണ ജീവിയായി മനുഷ്യരിലെ ഒരു വിഭാഗത്തെ കാണാന്‍ മാത്രം ജാതീയത പഠിപ്പിക്കുന്നുവെങ്കില്‍ ആ ജാതീയത നിലനില്‍ക്കണമെന്നാണൊ സുരേഷ് ഗോപി ആഗ്രഹിക്കുന്നത്.

ചരിത്രത്തില്‍ കടന്ന് പോയ മഹാരഥന്‍മാര്‍ കേരളീയ നവോത്ഥാനത്തിന്റെ മുമ്പേ നടന്നവര്‍ അഥവാ ശ്രീ നാരായണ ഗുരുവും വി.ടി ഭട്ടതിരിപ്പാടും അടങ്ങിയ മഹാ മനീഷികള്‍ ഏത് ജാതി വ്യവസ്ഥക്കെതിരെയാണൊ പോരാടിയത് ആ ജാതി വ്യവസ്ഥ തുടരണം എന്ന ആഗ്രഹം വെച്ച് പുലര്‍ത്താന്‍ മാത്രം ഇടുങ്ങിയ ഒരു മനസ്സിന്റെ ഉടമയായി ഈ സിനിമാ നടന്‍ മാറരുതായിരുന്നു. മാനവിക വിരുദ്ധമായ ഒരാശയത്തെ അഥവാ ജാതീയമായ കാഴ്ചപ്പാടുകളെ ചരിത്രത്തിന്റെ ചവറ്റ് കൊട്ടയിലേക്ക് എറിഞ്ഞ് ഉയര്‍ന്ന സാംസ്‌കാരിക ബോധം പുലര്‍ത്തുന്ന മനുഷ്യനിലേക്ക് വികസിക്കുന്നതിന് പകരം തീര്‍ത്തും പ്രതിലോമപരവും അമാനവികവുമായ ഒരു ആശയത്തില്‍ ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതിന്റെ മാനസിക നിലവാരം അദ്ദേഹം ഇപ്പോള്‍ എത്തിപ്പെട്ട കൂടാരത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ആശയ പ്രകാശനത്തിനനുസൃതമാണ്.

ശ്രീ നാരായണ ഗുരുവിന്റെ ജയന്തി ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മനുഷ്യരായ മുഴുവന്‍ മനുഷ്യരും ജാതി വിരുദ്ധ നിലപാട് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുകയാണ്. അങ്ങിനെ ചരിത്രത്തില്‍ അപമാനിക്കപ്പെട്ട മനുഷ്യന് വേണ്ടി നാരായണ ഗുരു നടത്തിയ ഐതിഹാസിക ജാതി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പിന്‍തുടര്‍ച്ച സംഭവിക്കുന്നതിന് പകരം മനുഷ്യനെ വിഭജനത്തിന്റെ മതില്‍ കെട്ടുകളില്‍ ഒതുക്കിയിടുന്ന ജാതി ബോധത്തെ വാരിപ്പുണരുന്നത് അത്യന്തം ദൗര്‍ഭാഗ്യകരമായ ഒരു പ്രവൃത്തിയാണ്.

മനുഷ്യനെ നഗ്‌നമായ വിഭജനത്തിന് വിധേയമാക്കുന്ന ഒരു തത്വസംഹിതയാണ് ജാതീയത. ജാതീയതയും വിഭാഗീയതയും ചരിത്രത്തില്‍ അടിഞ്ഞുകൂടിയ ജീര്‍ണതകളാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അത് കൊണ്ട് തന്നെ ഈ ജീര്‍ണതയെ തച്ചുടക്കാന്‍ ചരിത്രത്തില്‍ ഇടപെട്ട മഹാരഥന്മാരെ ഇകഴ്ത്തുന്നതായി തീരുകയാണ് പുനര്‍ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന പ്രസ്താവനയിലൂടെ സംഭവിക്കുന്നത്.

പന്തിഭോജനത്തിലൂടെ ജാതിരഹിത ജീവിതത്തിന്റെ മാനിഫെസ്റ്റോയുടെ പ്രകാശനമായിരുന്നു നാരായണ ഗുരു നടത്തിയത്. മാത്രമല്ല അരുവിപ്പുറത്തെ ശിവ പ്രതിഷ്ഠ കേവലം ദൈവശാസ്ത്ര പരമായ ഒരു പ്രവൃത്തി ആയിരുന്നില്ല, മറിച്ച് ഒരു അധികാര കേന്ദ്രത്തെ തുടച്ചു നീക്കലായിരുന്നു. ഈയര്‍ഥത്തില്‍ കൂടുതല്‍ പുരോഗമിച്ച മനുഷ്യനെ വിഭാവന ചെയ്ത ഗുരുവിന്റെ ദര്‍ശനത്തെ ഏറ്റെടുക്കുന്നതിന് പകരം മനുഷ്യത്വ വിരുദ്ധമായ ഒരു പിന്തിരിപ്പന്‍ ദര്‍ശനത്തെ ആഗ്രഹിക്കുന്നത് മനുഷ്യത്വത്തിലും ഉയര്‍ന്ന മാനവികതയിലും വിശ്വസിക്കുന്നവര്‍ക്ക് യോജിച്ചതല്ല.

യഥാര്‍ത്ഥ മതമൂല്യങ്ങളെ തള്ളിക്കളയുകയും വംശീയതയെ മൂല്യ ദര്‍ശനമായി ഉയര്‍ത്തി കൊണ്ട് വരികയും ചെയ്യുന്ന ഒരു ആശയമാണ് ജാതീയത. ജാതിക്കതീതമായി മനുഷ്യരെ കാണാന്‍ കഴിയുമ്പോഴാണ് മനുഷ്യന്‍ നന്മയുള്ളവനാകുന്നത്. ഭൂതകാല യാഥാസ്ഥിതികത്തിലേക്കുള്ള തിരിച്ച് പോക്കിന്റെ യുക്തിയെ ചോദ്യം ചെയത് മനുഷ്യനെ വിഭജിക്കുന്ന കാടത്തത്തിനെതിരെ ഉയരേണ്ടത് മാനവികമായ ആശയമാണ്. ഒരു വലിയ കാര്യം താന്‍ പറഞ്ഞു എന്ന മട്ടില്‍ അദ്ദേഹം നടത്തിയ പ്രസ്ഥാവനയിലൂടെ സത്യത്തില്‍ സംഭവിക്കുന്നത് ഭൂതകാല യാഥാസ്ഥിതികത്വത്തിന്റെ മിഥ്യാബോധത്തെ പേറുകയാണ്.

ജാതി ഒളിവിലാണെന്നും അത് അപ്രത്യക്ഷമായി എന്നും നമുക്ക് വിശ്വസിക്കാന്‍ പാകത്തിലുള്ള ഒരു സാമൂഹിക ക്രമം സ്വപ്നം കാണുന്നതിന് പകരം ജാതി ബോധത്തിന്റെ സങ്കുചിതത്വത്തിലേക്ക് വഴുതി വീഴുന്നത് അത്യന്തം അപകടകരമാണ്. അത് നാം വളര്‍ത്തിയെടുത്ത ജാതിരഹിതമായ സമൂഹത്തെ കുറിച്ചുള്ള സങ്കല്‍പത്തിനെതിരാണ്. ജാതി അപ്രസക്തമാവുന്ന, എല്ലാ മനുഷ്യരെയും ഒരു പോലെ കാണുന്ന ഒരു ലോകത്തിലേക്കുള്ള പ്രയാണമാണ് നാം വിഭാവന ചെയ്യേണ്ടത്. കണ്ണാടി പ്രതിഷ്ഠയിലൂടെ പൗരോഹിത്യത്തെ ഒഴിവാക്കിയ ശ്രീ നാരായണ ഗുരു ആരാധന സമ്പ്രദായത്തെ ലളിതവല്‍കരിക്കുകയാണ് ചെയതത്.

ഫ്യൂഡല്‍ സമ്പ്രദായത്തിലെ മൂല്യവ്യവസ്ഥകളെ താങ്ങി നിര്‍ത്തുന്ന പ്രസ്ഥാവനകള്‍ ഉപേക്ഷിച്ച് അതിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പുതിയൊരു ആശയമായിരുന്നു സുരേഷ് ഗോപി മൂന്നാട്ട് വച്ചതെങ്കില്‍ മനുഷ്യര്‍ പാര്‍ക്കുന്ന ഒരു ലോകത്തിലേക്ക് അത് വികസിക്കുമായിരുന്നു. അബ്രാഹ്മണനായി ജനിച്ചവര്‍ക്ക് പൂജാതി കര്‍മങ്ങള്‍ ചെയ്യുവാന്‍ ഈ ജന്മത്തില്‍ സാഫല്യം കിട്ടാന്‍ പടപൊരുതുന്നതിന് പകരം അടുത്ത ജനത്തില്‍ പൗരോഹിത്യത്തിലെ കുത്തക ലോകത്തില്‍ ജനിക്കണമെന്ന് ആഗ്രഹിക്കുന്നത് എത്ര പിന്തിരിപ്പനും പ്രതിലോമപരമായ നിലപാടുകളാണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവില്ല. പപ്പടം ഒന്നിച്ച് പൊടിച്ച് പുതിയൊരു പന്തിഭോജനം ഇനിയും ചരിത്രത്തില്‍ സൃഷ്ടിക്കേണ്ടവര്‍ യാഥാസ്ഥിക പൗരോഹിത്യം ഊട്ടി വളര്‍ത്തിയ അസ്പൃശ്യതയുടെ തത്വശാസ്ത്രം നെഞ്ചേറ്റുകയല്ല വേണ്ടത്.

മനുഷ്യത്വത്തിന്റെ സൗന്ദര്യത്തെ ഉയര്‍ത്തി പിടിക്കാന്‍ കഴിയുന്നത് നിഷ്ടൂരമായ ജാതി സങ്കല്‍പത്തില്‍ നിന്ന് കുതറി മാറുമ്പോഴാണ് എന്ന ബോധ്യത്തിലേക്ക് എത്തിച്ചേരാന്‍ നാം ഇനിയും എത്ര വികസിക്കണം. ഇവിടെ ഒരാള്‍ അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കണമെന്ന് പറയുന്നത് ആ മനുഷ്യന്‍ എത്തിപ്പെട്ട നിസ്സഹായതയുടെ ആഴക്കടലില്‍ നിന്നുള്ള നിലവിളിയാണ്. ഈ നിലവിളി ഒരു വേള ഒരു വിമോചന ആശയമായി വികസിച്ച് എല്ലാ മനുഷ്യര്‍ക്കും തുല്ല്യതയോടെ ജീവിക്കാന്‍ കഴിയുന്ന ഒരു ലോകത്തിനുള്ള മുറവിളിയായി പരിണമിക്കാം. അപ്പുറത്ത് ബ്രാഹ്മണ ജന്മത്തെ ആഗ്രഹിക്കുന്നയാള്‍ ദൗതിക ലോകത്തിലെ സുഖാസ്വദനത്തിന്റെ മടുപ്പില്‍ നിന്ന് വിമുക്കി നേടി ആലസ്യ പൂര്‍ണമായ സവര്‍ണാധിപത്യ ലോകത്തേക്കുള്ള പ്രയാണത്തെ കാത്തിരിക്കുന്നു.

Related Post