ദേശീയതയുടെ മറവില്‍ കവര്‍ന്നെടുക്കപ്പെടുന്ന സ്വാതന്ത്ര്യം
വലിയ ത്യാഗങ്ങളുടെയും സമര്‍പ്പണങ്ങളുടെയും ഫലമായി കിട്ടിയ സ്വാതന്ത്ര്യം രാജ്യത്തെ വര്‍ഗീയ ശക്തികളില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന വര്‍ത്തമാന കാലത്ത് സ്വാതന്ത്ര്യത്തിന് വേണ്ടി പണിയെടുത്ത പൂര്‍വികരുടെ ഓര്‍മകള്‍ പുതുക്കി കൊണ്ട് ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോവുകയാണ്.
ന്യൂനപക്ഷങ്ങളുടെയും സമൂഹത്തിലെ അടിത്തട്ടിലുള്ളവരുടെയും മൗലികാവകാശങ്ങളും പൗരാവകാശങ്ങളും നിരന്തരം ഹനിക്കപ്പെടുമ്പോള്‍ അവക്കുള്ള വാര്‍ത്താ പ്രാധാന്യം പോലും ദിനേനെ കുറഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് നമുക്ക് മുന്നിലുള്ളത്.
നിസ്സാരമായ കാരണങ്ങള്‍ ഉയര്‍ത്തി, പലപ്പോഴും ഊഹങ്ങളുടെയും തെറ്റിധാരണകളുടെയും മാത്രം പിന്‍ബലത്തില്‍ വര്‍ഗീയ വിഷം പേറുന്ന ആള്‍ക്കൂട്ടങ്ങള്‍ നിയമം കൈയ്യിലെടുത്ത് ദലിതുകളെയും മുസ്‌ലിംകളെയും അക്രമിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുമ്പോള്‍ അത് തടയാന്‍ ബാധ്യസ്ഥരായ രാജ്യത്തെ നിയമസംവിധാനങ്ങള്‍ പോലും ഇരകളുടെ രക്ഷക്ക് എത്തുന്നില്ല. മാത്രമല്ല, പലപ്പോഴും ഇരകള്‍ക്കെതിരെ വേട്ടക്കാരന്റെ പക്ഷത്താണ് അവ നിലയുറപ്പിക്കുന്നത്.
പല സംസ്ഥാനങ്ങളിലും നടന്ന ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളിലും മര്‍ദനങ്ങളിലും കൊലപാതകത്തേക്കാളും നിയമം കൈയ്യിലെടുത്തതിനേക്കാളും വലിയ കുറ്റമായി ചാര്‍ത്തപ്പെട്ടത് ബീഫ് കൈവശം വെച്ചു എന്നതായിരുന്നു.
പ്രത്യക്ഷത്തില്‍ ന്യൂനപക്ഷങ്ങളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും സ്വാതന്ത്ര്യവും അവകാശങ്ങളുമാണ് ഹനിക്കപ്പെടുന്നതെങ്കിലും അതൊരു മറ മാത്രമാണെന്നതാണ് വസ്തുത. ആ മറക്ക് പിന്നില്‍ രാജ്യത്തെ തന്നെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുകയാണ് ദേശസ്‌നേഹത്തെയും ദേശീയതയെയും കുറിച്ച് വാചാലരാവുന്ന നേതാക്കള്‍ ചെയ്യുന്നത്.
വര്‍ഗീയ ഫാഷിസ്റ്റുകള്‍ ഇന്ന് അവരുടെ ഏറ്റവും ശക്തമായ ആയുധമായിട്ടാണ് ദേശീയതയെ കാണുന്നത്. അവരുടെ താല്‍പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരെല്ലാം അവര്‍ക്ക് രാജ്യദ്രോഹികളും ദേശവിരുദ്ധരുമാണ്.
തങ്ങളെ എതിര്‍ക്കുന്നവരെ ദേശദ്രോഹികളും ദേശവിരുദ്ധരുമായി മുദ്രകുത്തി തങ്ങളുടെ കൊള്ളരുതായ്മകള്‍ക്കും തങ്ങളനുഭവിക്കുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും മറയിടാനാണ് അവര്‍ എപ്പോഴും ശ്രമിക്കുന്നത്. അതിനായി സൈന്യം അടക്കമുള്ള ദേശത്തിന്റെ പ്രതീകങ്ങളും ചിഹ്നങ്ങളും വരെ ഉപയോഗപ്പെടുത്തപ്പെടുന്നു.
ജനാധിപത്യ സംവിധാനത്തിലെ സുപ്രധാന അവകാശമായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം പോലും ഹനിക്കുകയാണ് ദേശീയതയുടെ കുത്തകയേറ്റെടുത്ത വര്‍ഗീയ ഫാഷിസ്റ്റുകള്‍.
ഭരണകൂടത്തോടും അതിന്റെ നയങ്ങളോടുമുള്ള സ്‌നേഹമാണ് ഇന്ന് ദേശീയതയും ദേശസ്‌നേഹവുമായി അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ അതില്‍ നിന്നുണ്ടാവുന്ന ഏത് കൊള്ളരുതായ്മകളും ദേശീയതയുടെ മുഖംമൂടിക്കുള്ളില്‍ മറക്കപ്പെടുന്നു. അതിനെ എതിര്‍ക്കുന്നവര്‍ ദേശദ്രോഹികളും.
അതുകൊണ്ടാണ് ബ്രിട്ടീഷ് ഭരണകൂടത്തെ സംബന്ധിച്ചടത്തോളം ബാലഗംഗാധര തിലകനും ഗാന്ധിയും സുഭാഷ് ചന്ദ്രബോസും മൗലാനാ മുഹമ്മദലിയും മൗലാനാ ആസാദും ദേശദ്രോഹികളായി മാറിയത്.
എന്നാല്‍ ഇന്ത്യന്‍ ജനതയെ സംബന്ധിച്ചടത്തോളം അവരാണ് യഥാര്‍ത്ഥ രാജ്യ സ്‌നേഹികള്‍. ഇതിന് സമാനമായ മറ്റൊരവസ്ഥയാണ് ഇന്നും നിലനില്‍ക്കുന്നത്. യഥാര്‍ഥ ദേശസ്‌നേഹികള്‍ ദേശത്തെയും ദേശവാസികളെയും സ്‌നേഹിക്കുകയും അവര്‍ക്ക് നന്മ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്.
ഈയൊരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഇക്കാലത്തെ ദേശീയതയുടെ കുത്തകാവകാശം പേറിനടക്കുന്നവരെയും നാം അളക്കേണ്ടത്. രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാന്‍ കാത്തിരിക്കുന്ന അത്തരക്കാരെ തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്.
അവര്‍ കൊണ്ടു നടക്കുന്ന ദേശീയതയുടെ കപട മുഖംമൂടി പിച്ചിചീന്തിയെറിയാന്‍ സാധിക്കാത്ത പക്ഷം നമുക്ക് നഷ്ടപ്പെടുന്നത് പൂര്‍വികരുടെ വലിയ പ്രയത്‌നങ്ങളുടെ ഫലമായി നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം തന്നെയായിരിക്കും.
അഹ്മദ് നസീഫ്