വിദ്യാഭ്യാസത്തിന്റെ നിര്‍വചനം ഇന്ന് വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. തൊഴില്‍ സമ്പാദനത്തിന് വേണ്ടിയാണ് വിദ്യാഭ്യാസം അല്ലെങ്കില്‍ തൊഴില്‍ നേടിക്കൊടുക്കാനുള്ളതാണ് വിദ്യാഭ്യാസം എന്ന പരിമിത സ്വഭാവത്തിലുള്ള നിര്‍വചനത്തോട് സാമൂഹിക ബോധമുള്ളവര്‍ യോജിക്കുന്നില്ല. നല്ലൊരു വ്യക്തിയെ രൂപപ്പെടുത്തുന്ന, മെച്ചപ്പെട്ടതും അന്തസ്സാര്‍ന്നതുമായൊരു ജീവിതത്തിന് സാഹചര്യമൊരുക്കുന്ന, ചിന്താപരവും , മനോഭാവപരവും, കര്‍മപരവുമായ മാറ്റത്തിന് സമൂഹത്തെ സജ്ജമാക്കുന്ന അനുസ്യൂതവും അനര്‍ഗളവുമായ സാംസ്‌കാരികപ്രക്രിയയാണ് വിദ്യാഭ്യാസം എന്ന ആശയം മേല്‍ക്കൈ നേടിക്കഴിഞ്ഞിട്ടുണ്ട്.
ഇതിന്റെ അര്‍ഥം വിദ്യാഭ്യാസത്തിന്റെ കമ്പോളവത്കരണം അവസാനിച്ചു എന്നല്ല. കമ്പോളശക്തികള്‍ ഉള്ളിടത്തോളം കാലം വിദ്യാഭ്യാസവും കമ്പോളവത്കരിക്കപ്പെട്ടുകൊണ്ടിരിക്കും. പക്ഷേ, അതുയര്‍ത്തുന്ന സാമൂഹികപ്രശ്‌നങ്ങളോട് ഗൗരവമായി സംവദിക്കുന്ന അക്കാദമിക്കുകളുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇരകളെ ആകര്‍ഷിക്കാന്‍ എന്നോണം കൊണ്ടാടപ്പെടുന്ന കാമ്പസ് റിക്രൂട്ടുമെന്റുകളും പ്ലേസ്‌മെന്റുകളും ആ അര്‍ഥത്തില്‍ ആഴമേറിയ വിമര്‍ശനങ്ങള്‍ക്ക് ശരവ്യമായി മാറിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം ലാഭകരമായ തൊഴിലിനെ (Higher Education for Lucrative Career) എന്ന പ്രതിലോമപരമായ സമീപനം അത്യന്തം അപകരടകരമാണെന്ന് തിരിച്ചറിവും വന്നുകഴിഞ്ഞിരിക്കുന്നു.
മുമ്പ് വിദ്യാഭ്യാസ ചര്‍ച്ചയില്‍ R കള്‍ Reading, Writting, Arithmatic രംഗം കൈയ്യടിക്കിയിരുന്നെങ്കില്‍ ഇന്നത് മൂന്ന് D കള്‍ക്ക് Doubt (സംശയിക്കുക) Debate(സംവദിക്കുക) Dissent(വിയോജിക്കുക) വഴിമാറിക്കൊടുത്തിരിക്കുന്നു. കാലം ആവശ്യപ്പെടുന്ന വിദ്യാഭ്യാസം മൂന്ന് D കളിലധിഷ്ഠിതമാകേണ്ടതുണ്ട് എന്ന അന്വേഷണം സമീപകാലത്ത് സജീവമായി ക്കഴിഞ്ഞു എന്ന് വേണമെങ്കില്‍ പറയാം. സാമൂഹികമാറ്റത്തിന് വേണ്ടിയാകണം വിദ്യാഭ്യാസം എന്ന് പറയുമ്പോള്‍ നാം അര്‍ഥമാക്കുന്നത് അതിന് ഒരു സാമൂഹികദൗത്യമുണ്ട് എന്നാണ്.
എങ്കില്‍ ആ സാമൂഹികദൗത്യം എന്താണ്? എന്തായിരിക്കണം?
ഇന്ന് നമ്മുടെ സമൂഹത്തില്‍ നിരവധി തിന്‍മകള്‍ നിലനില്‍ക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിടിമുറുക്കുന്നുണ്ട്. പ്രതിലോമപരമായ ചിന്തകളും നിഷേധാത്മക മനോഭാവങ്ങളും മേല്‍ക്കൈ നേടുന്നുണ്ട്. ആരോഗ്യകരമായൊരു സമൂഹത്തെയല്ല ഇവയൊന്നും പ്രതിനിധീകരിക്കുന്നത്. ഇപ്പറഞ്ഞവയൊക്കെ നേരിടുന്നതില്‍ വിദ്യാഭ്യാസം എന്ന മഹത്തായ സാംസ്‌കാരിക പ്രക്രിയക്ക് യാതൊരു പങ്കുമില്ലേ?
ഇവിടെയാണ് ബോധനത്തിന്റെയും പഠനത്തിന്റെയും രീതിശാസ്ത്രം പരിശോധിക്കപ്പെടേണ്ടത്? അധ്യാപകരുടെയും പഠിതാവിന്റെയും റോളുകള്‍ പുനര്‍നിര്‍വചിക്കപ്പെടേണ്ടത്. സാമൂഹികമാറ്റത്തിന്റെ സാധ്യതകള്‍ പാഠ്യപദ്ധതിയിലും സിലബസ്സിലും പാഠപുസ്തകത്തിലും എത്രത്തോളമുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത്.
കേരളത്തിന്റെ സ്‌കൂളുകളില്‍ വിമര്‍ശനാത്മകപഠനരീതിയാണ് 2008 ജൂണ്‍ മുതല്‍ പിന്തുടര്‍ന്ന് വരുന്നത്. പഠിതാക്കളെ സാമൂഹിക മാറ്റപ്രക്രിയയില്‍ കണ്ണിചേര്‍ക്കാനും അവരില്‍ സാമൂഹികപ്രശ്‌നങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാനും നിലപാടെടുക്കാനും പ്രാപ്തരാക്കുന്ന അനുഭവങ്ങള്‍ ക്ലാസ്സുമുറിക്കകത്ത് സജ്ജമാക്കണം എന്ന ആശയമാണ് പ്രധാനമായും വിമര്‍ശനാത്മകബോധനം(Critical Pedagogy) മുന്നോട്ടുവെക്കുന്നത്.
വിമര്‍ശനാത്മകത എന്ന വാക്ക് പലരും വേണ്ടതുപോലെ ഉള്‍ക്കൊണ്ടിട്ടില്ല എന്നുവേണം കരുതാന്‍. ഇതുപോലുള്ള രീതിശാസ്ത്രങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയം ആരോപിക്കുന്നവരുണ്ട്. കേരളം പോലുള്ള അത്ര അരക്ഷിതമല്ലാത്ത ഒരു സംസ്ഥാനത്ത് ഇത്തരം ബോധനരീതിയുടെ സാംഗത്യമെന്തെന്ന് ചോദിക്കുന്നവരും കുറവല്ല. വിദ്യാഭ്യാസത്തിന്റെ കാലികദൗത്യം ഏറ്റെടുക്കാനും പാഠ്യപദ്ധതി ഉന്നമിടുന്ന ലക്ഷ്യങ്ങള്‍ പഠിതാക്കളില്‍ ഫലപ്രദമായി യാഥാര്‍ഥ്യമാക്കാനും മറ്റുബോധന രീതികളില്‍ നിന്നും വിമര്‍ശനാത്മക ബോധനരീതിക്ക് എത്രത്തോളം സാധിക്കും എന്ന പരിശോധനയാണ് ഇവിടെ നാം നടത്തേണ്ടത്.
കുട്ടികള്‍ ക്ലാസ് മുറികളിലേക്ക് കടന്നുവരുന്നത് ഒഴിഞ്ഞ മനസ്സുമായിട്ടല്ല എന്ന ആശയം ഇന്നാരും നിഷേധിക്കുന്നില്ല. എന്നുവെച്ചാല്‍ എന്തൊക്കെയോ കുറെ ധാരണകളും ആശയങ്ങളും അറിവുകളുമായിട്ടാണ് കുട്ടികള്‍ ക്ലാസ് മുറികളിലെത്തുന്നതെന്ന് എന്ന് ചുരുക്കം. കുടുംബത്തില്‍നിന്നോ സമപ്രായക്കാരില്‍നിന്നോ സാഹചര്യങ്ങളില്‍നിന്നോ ഒക്കെയാകാം ഈ ധാരണകളും ആശയങ്ങളും അറിവുകളും കുട്ടികള്‍ നേടുന്നത്. മുതിര്‍ന്നവരില്‍ നിന്ന് കൈമാറിക്കിട്ടിയവയുമുണ്ടാകും. പക്ഷേ, ഇവയെല്ലാംതന്നെ ചോദ്യംചെയ്യപ്പെടാനാകാത്തവിധം ആധികാരികവും അവലംബനീയവുമാണ് എന്ന് എങ്ങനെ പറയാനാകും? ഒരിക്കല്‍ സ്ഥാപിതമായ അറിവുകളും നിഗമനങ്ങളും പില്‍ക്കാലത്ത് ചോദ്യം ചെയ്യപ്പെടുകയും പുതിയവ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്.
ഭൂമിയുടെ ആകൃതി, സൂര്യന്റെ ചലനം, ഗ്രഹങ്ങളുടെ സ്ഥാനം, ഋതുഭേദങ്ങള്‍, വേലിയേറ്റവും വേലിയിറക്കവും അങ്ങനെ തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ പുതിയ പുതിയ ശാസ്ത്രീയധാരണകള്‍ രൂപപ്പെട്ടത് ഉദാഹരണം. അറിവിന്റെ ഉടമസ്ഥത ചില അധികാരകേന്ദ്രങ്ങളിലും പുരോഹിതരിലും വരേണ്യരിലും ഒതുങ്ങിക്കൂടുകയും തദ്ഫലമായി പ്രതിലോമപരമായ ചൊല്ലുകള്‍ മുതല്‍ കപടമായ ശാസ്ത്രങ്ങള്‍ വരെ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ‘കാക്ക കുളിച്ചാല്‍ കൊക്കാകുമോ?’, ‘ പെണ്‍ബുദ്ധി പിന്‍ബുദ്ധി’ ,’സിംഹം വിശന്നാലും തവളയെ തിന്നില്ല’,’അന്ധന്‍ ആനയെ കണ്ടതുപോലെ’ തുടങ്ങി പഴഞ്ചൊല്ലുകള്‍ വിമര്‍ശനാത്മകമായി പരിശോധിച്ചാല്‍ അവയിലൊക്കെ ഒളിഞ്ഞുകിടക്കുന്ന സാമൂഹികവിരുദ്ധതയുടെ രാഷ്ട്രീയവും ദര്‍ശനവും നമുക്ക് ബോധ്യപ്പെടും. ‘ജ്യോതിഷവും ജീവനകലയും’ ഇതുപോലെ വിലയിരുത്തപ്പെടേണ്ടതാണ്.
സമൂഹം കൊണ്ടുനടക്കുന്നതോ നിലനിര്‍ത്തുന്നതോ ആയ എല്ലാറ്റിനെയും വെല്ലുവിളിക്കുന്ന പ്രവണതയോടും നമുക്ക് യോജിക്കേണ്ടതില്ല. പക്ഷേ, അവയുടെ ഗുണദോഷങ്ങളും യുക്തിഭദ്രതയും ആധികാരികതയും പരിശോധിക്കുന്നതിന് ക്ലാസ് മുറിക്കകത്ത് അവസരമൊരുക്കേണ്ട ദൗത്യം വിദ്യാഭ്യാസം ഏറ്റെടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം കാലികാവസ്ഥകളെ മുന്‍വിധികള്‍ക്കൊണ്ട് നേരിടാന്‍ പഠിതാക്കള്‍ നിര്‍ബന്ധിതരാകും.
അതിനുള്ള ഒന്നാന്തരം ഉദാഹരണമാണ് ജ്യോതിഷം. പത്താംക്ലാസ് പൂര്‍ത്തിയാക്കുന്ന ഒരു വിദ്യാര്‍ഥി ജിയോഗ്രാഫി പഠിക്കുന്നതുവഴി സൗരയൂഥത്തിന്റെ ഉദ്ഭവത്തെയും വളര്‍ച്ചയെയും കുറിച്ചുള്ള ശാസ്ത്രീയവശങ്ങള്‍ അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നിട്ടുമെന്തേ പഠിതാക്കളില്‍ പലരും പില്‍ക്കാലത്ത് ജ്യോതിഷത്തിന്റെ പിന്നാലെ പോവുന്നത്? ജാതകവും മുഹൂര്‍ത്തവും രാഹുകാലവും ഗുളികകാലവും കൃത്യമായി പരിശോധിക്കുന്നത്?
നമുക്ക് നമ്മുടെ കുട്ടികളിലേക്ക് വരാം. പാര്‍ശ്വവത്കരണത്തിന്റെ ദുരിതപര്‍വങ്ങളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത നിരവധി സ്വഹാബികളുടെയും നവോത്ഥാനനായകരുടെയും ചരിത്രം അവര്‍ പഠിക്കുന്നില്ലേ? നമ്മള്‍ പഠിച്ചിട്ടില്ലേ? എന്നിട്ടുമെന്തേ അധമമായ വരേണ്യബോധവും ഉപരിവര്‍ഗ സംസ്‌കാരവും നമ്മില്‍നിന്ന് വിട്ടുപോകാത്തത്? സെക്യുലറിസത്തിന്റെ മേന്‍മകളെ കുറിച്ച് പരീക്ഷയെഴുതി A+ വാങ്ങുന്നവര്‍ പലരും മൂപ്പെത്തുമ്പോള്‍ മുഴുത്ത വര്‍ഗീയവാദികളായി പോകുന്നതിന്റെ കാരണമെന്താണ്? മുന്‍വിധികളും പ്രതിലോമചിന്തകളും പുനഃപരിശോധിക്കപ്പെടാത്തതുതന്നെയാണ് കാരണം. വിദ്യാഭ്യാസം ഒരു സാമൂഹികപ്രക്രിയയാണ് എന്ന അവബോധമാണ് വിമര്‍ശനാത്മകബോധനത്തിന്റെ അടിത്തറ.
വീട്ടിലായാലും നാട്ടിലായാലും സ്‌കൂളിലായാലും കുട്ടികള്‍ ഒരു സാമൂഹികാന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. തങ്ങള്‍ക്ക് കിട്ടിയിട്ടുള്ള ധാരണകളും അറിവുകളും മൂല്യങ്ങളും നൈപുണികളും സാമൂഹികാന്തരീക്ഷത്തില്‍ പരിശോധിക്കാനും അവയുടെ പ്രയോഗഫലം വിലയിരുത്താനും കുട്ടികള്‍ക്ക് അവസരം കിട്ടേണ്ടതുണ്ട്. ഇതിന് ഏറ്റവും അനുയാജോയമായ പരിസരം ക്ലാസ് മുറികള്‍ തന്നെയാണ്. ചര്‍ച്ച , സംവാദം, അഭിമുഖം തുടങ്ങിയവ ക്ലാസ് മുറികളില്‍ നടപ്പിലാക്കാനുള്ള ബൗദ്ധികമായ മുന്നൊരുക്കവും നേതൃത്വവും അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടാകണം. അതിലൂടെ മാത്രമേ കുട്ടികളെ പുതിയ അന്വേഷണങ്ങളിലേക്കും അറിവുകളിലേക്കും നയിക്കാനാവൂ. ഈയൊരു പ്രക്രിയയാണ് വിമര്‍ശനാത്മകബോധനം/ പഠനം എന്നതുകൊണ്ടര്‍ഥമാക്കുന്നത്.
ഒരിക്കല്‍ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പത്താംക്ലാസിലെ ഇംഗ്ലീഷ് ക്ലാസ് നിരീക്ഷിക്കാന്‍ പോയ അനുഭവം ഇത്തരുണത്തില്‍ ഓര്‍മ വരുന്നു. പാഠപുസ്തകത്തിലെ ഒരു കഥ അവതരിപ്പിക്കുകയായിരുന്നു അധ്യാപിക. ചിന്തോദ്ദീപകമായ കഥയായിരുന്നു അത്. പക്ഷേ, യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് അധ്യാപിക വന്നിട്ടുള്ളതെന്ന് ആദ്യവിലയിരുത്തലില്‍ തന്നെ ഈ വിനീതന് ബോധ്യമായി. പാഠപുസ്തകം തുറന്നുപിടിച്ച് ഒരറ്റം മുതല്‍ അധ്യാപിക വായിച്ചു പരിഭാഷപ്പെടുത്തുകയായിരുന്നു. ഒരു തരം നിസ്സംഗതയോടെ കുട്ടികള്‍ കേട്ടിരിക്കുന്നുണ്ടായിരുന്നു അത്.
നിരവധി പഠനപ്രവര്‍ത്തനങ്ങള്‍ക്കും ഭാഷാ പരിശീലനക്രിയകള്‍ക്കും സാധ്യതയും അവസരവും തുറന്നിടുന്ന കഥയായിരുന്നെങ്കിലും ആസൂത്രണത്തില്‍ പരാജയപ്പെട്ടതുകൊണ്ട് പാഠപുസ്തകവിനിമയത്തില്‍ അധ്യാപികയ്ക്ക് വേണ്ടതുപോലെ വിജയിക്കാന്‍ കഴിഞ്ഞില്ല. പ്രാരംഭപ്രവര്‍ത്തനം നടന്നില്ല. കുട്ടികളെ പ്രചോദിപ്പിച്ചില്ല. കഥ കേള്‍ക്കുന്നതിനുതകുന്ന സന്ദര്‍ഭം സൃഷ്ടിക്കപ്പെട്ടില്ല. അപഗ്രഥനചോദ്യങ്ങളോ അനുമാനാത്മക ചോദ്യങ്ങളോ ഉന്നയിച്ചില്ല. ചര്‍ച്ചയോ സംവാദമോ സംഘടിപ്പിച്ചില്ല.
സ്വന്തമായി നിലപാട് രൂപപ്പെടുത്താനും ഒടുവില്‍ ഏതെങ്കിലുമൊരു ഭാഷാവ്യവഹാരത്തിലൂടെ തന്റെ നിലപാട് ആവിഷ്‌കരിക്കാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചില്ല. ആശയങ്ങള്‍ പങ്കുവെക്കുന്നതുവഴിയാകും ആരോഗ്യകരമായ നിലപാടിലേക്ക് കുട്ടി എത്തുക. നിര്‍മിച്ച അറിവിനെ പ്രയോഗിച്ചുനോക്കുമ്പോള്‍ ചില ചിന്തകളും നിലപാടുകളും പുനഃപരിശോധിക്കേണ്ടിവരും. ഈയൊരു പ്രക്രിയയാണ് സാമൂഹികജ്ഞാനനിര്‍മാണം. സാമൂഹികമായി നിര്‍മിച്ചെടുക്കുന്ന അറിവുകള്‍ക്കാണ് ഏകാകിയായി നിര്‍മിച്ചെടുക്കുന്നതിനെക്കാള്‍ സൃഷ്ടിയോന്‍മുഖതയും ഉല്‍പാദനക്ഷമതയുമുണ്ടാകുക.
കുട്ടത്തില്‍ വിമര്‍ശനാത്മകബോധനത്തിന്റെ പരിമിതികള്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമാകും. ഇത് അധ്യാപനത്തിന്റെ ഒരു രാഷ്ട്രീയ രീതിശാസ്ത്രമാണ്(critical Pedagogy is a political method of teaching) എന്ന വിമര്‍ശനത്തെയും കാണാതിരുന്നു കൂടാ. ഇത്തരമൊരു ബോധനരീതി ലോകത്ത് രൂപപ്പെട്ടുവെന്നതിന്റെ പിന്നില്‍ സവിശേഷമായ രാഷ്ട്രീയ സാമൂഹികസാഹചര്യങ്ങള്‍ പങ്കുവഹിച്ചിട്ടുണ്ട്. ബ്രസീലിയന്‍ ദാര്‍ശനികനും വിമോചകനുമായ പൗലോ ഫയ്‌രേ അടക്കമുള്ളവരെ ഇത്തരമൊരു രീതിശാസ്ത്രത്തെക്കുറിച്ച് ചിന്തിപ്പിച്ചതുതന്നെ അടിച്ചമര്‍ത്തപ്പെട്ട സാമൂഹികസാഹചര്യമാണ്.
പ്രശ്‌നമിതാണ്: വിമര്‍ശനാത്മകപഠനം നടക്കുന്ന ഒരു ക്ലാസ് മുറിയില്‍ അധ്യാപികയുടെ ദൗത്യം നിര്‍ണായകമാണ്. സാമൂഹികപ്രശ്‌നത്തെ അവതരിപ്പിക്കുന്നതിലും അധ്യാപികയുടെ നിലപാട് പ്രാധാന്യമര്‍ഹിക്കുന്നു. പക്ഷപാതപരമോ ഏകപക്ഷീയമോ ആയ സമീപനങ്ങള്‍ ഇവിടെ ഗുണത്തേക്കാളേറെ ദോഷങ്ങള്‍ വരുത്താനാണ് കൂടുതല്‍ സാധ്യത. പ്രശ്‌നങ്ങളെ അവധാനയോടെ നോക്കിക്കാണാനുള്ള ചിന്താപരമായ പക്വത വരാത്ത കൗമാരക്കായിരിക്കുമല്ലോ കുട്ടികള്‍. ഒരുദാഹരണത്തിലൂടെ അത് ബോധ്യപ്പെടുത്താം.
കേരളീയ സ്ത്രീകളുടെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ഒരു ചര്‍ച്ച ഒരു സാമൂഹികശാസ്ത്രക്ലാസില്‍ നടക്കുന്നു. അധ്യാപിക ചിലചോദ്യങ്ങള്‍ ഉന്നയിക്കുന്നു. കേരളത്തിലെ സ്ത്രീകള്‍ എല്ലാവരും ഒരേപോലെയുള്ള വസ്ത്രമാണോ ധരിക്കുന്നത്.
ജാതിബോധവും മതബോധവും വസ്ത്രധാരണത്തെ സ്വാധീനിക്കുന്നുണ്ടോ? അടിച്ചേല്‍പിക്കപ്പെടുന്ന വസ്ത്രധാരണ രീതി സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയില്ലേ?
ഒരു ബഹുസ്വരസമൂഹത്തില്‍ സ്ത്രീകള്‍ എല്ലാവരും ഒരേ തരത്തിലുള്ള വസ്ത്രധാരണ രീതി സ്വീകരിക്കുന്നതല്ലേ അഭികാമ്യം?
പ്രത്യക്ഷത്തില്‍ ഈ ചോദ്യങ്ങള്‍ ഒരു പ്രത്യേകസമുദായത്തിലെ സ്ത്രീകളെ ഉന്നം വെച്ചുകൊണ്ടുള്ളതാണോ എന്ന് സംശയിക്കാം. ക്ലാസ് മുറിയില്‍ അതേ സമുദായത്തില്‍പെട്ട കുട്ടികളുണ്ടെങ്കില്‍ പോലും യുക്തിപരമായ ഈ ചോദ്യങ്ങളെ നേരിടാന്‍ വേണ്ട അറിവുകളോ ന്യായങ്ങളോ അവരുടെയടുത്തുണ്ടാകണമെന്നില്ല. ഏകരൂപ വസ്ത്രധാരണ രീതിയില്‍ ശാഠ്യമുള്ളയാളാണ് അധ്യാപികയെങ്കില്‍ ചര്‍ച്ച ഗതിമാറാന്‍ സാധ്യതയുണ്ട്.
എങ്കില്‍പിന്നെ പ്രതിസന്ധിയെ എങ്ങനെയാണ് മറികടക്കുക? ഒരു പരിഹാരമേയുള്ളൂ. ബഹുസ്വരതയെ നിരാകരിക്കുന്നതും സാംസ്‌കാരികസ്വത്വത്തെ മാനിക്കാത്തതും പഠിതാക്കള്‍ക്ക് വഴങ്ങാത്തതുമായ സാമൂഹികപ്രശ്‌നങ്ങളെ ക്ലാസ് മുറിയില്‍നിന്ന് തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തുക. പകരം വിമര്‍ശനാത്മക പഠനത്തിന് സഹായിക്കുന്ന കുട്ടികള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുക.