Main Menu
أكاديمية سبيلي Sabeeli Academy

മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്

evolution-evolution-of-humans

യുഗങ്ങളോളം പരിണാമത്തിന് വിധേയമായി വാല് നഷ്ടപ്പെട്ട ജന്തുവല്ല മനുഷ്യന്‍.

യുഗങ്ങളോളം പരിണാമത്തിന് വിധേയമായി വാല് നഷ്ടപ്പെട്ട ജന്തുവല്ല മനുഷ്യന്‍.

ദൈവത്തിന്റെ സൃഷ്ടിയും ദൈവത്താല്‍ ആദരിക്കപ്പെട്ടവനുമത്രെ മനുഷ്യന്‍.

ഒരു ജന്തുവും വാല് പോയി മറ്റൊരു ജന്തുവാകുന്നതിന്റെ അനുഭവസാക്ഷ്യം ജീവരാശിയില്‍ ഇന്ന് കാണുന്നില്ല. ഒരു ഏകകോശജീവി ബഹുകോശജീവിയായതായി പോലും ആര്‍ക്കും അറിയില്ല. അമീബ അമീബയായിത്തന്നെ തുടരുന്നു. കുരങ്ങ് കുരങ്ങായും മനുഷ്യന്‍ മനുഷ്യനായും തുടരുന്നു.

മനുഷ്യനെ ഇണകളായി സൃഷ്ടിച്ചത് ഒരു ദൃഷ്ടാന്തമായി ഖുര്‍ആന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ‘അല്ലാഹു നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നു. നിങ്ങള്‍ക്ക് സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവുമുണ്ടാക്കി. ഇതൊക്കെയും ദൈവിക ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല, ചിന്തിക്കുന്ന ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.’ (30:21)

ആണ്‍ ശരീരത്തെ കണ്ടുകൊണ്ടാണ് പെണ്‍ ശരീരവും പെണ്‍ ശരീരത്തെ കണ്ടുകൊണ്ടാണ് ആണ്‍ ശരീരവും സൃഷ്ടിച്ചിരിക്കുന്നത്. അതില്‍ പെണ്ണിനെ തേടുന്ന ആണ്‍ വികാരവും ആണിനെ തേടുന്ന പെണ്‍ വികാരവും ഉണ്ടാക്കിയിരിക്കുന്നു. അതിനര്‍ഥം ആണ്‍പെണ്‍ ഇണചേരല്‍ മുന്‍കൂട്ടിതന്നെ ഒരു ലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നു എന്നാണ്. ബോധപൂര്‍വമല്ലാത്ത പരിണാമ പ്രക്രിയയില്‍ മുന്‍കൂട്ടി ലക്ഷ്യം നിശ്ചയിക്കല്‍ ഉണ്ടാവില്ല. അതുകൊണ്ടു തന്നെ മനുഷ്യന്‍ ഒരു മുന്‍ പ്ലാനിംഗ് അനുസരിച്ച് സൃഷ്ടിക്കപ്പെട്ടതാണെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടാന്‍ വേറെ തെളിവുകള്‍ തേടേണ്ടതില്ല. മനുഷ്യന്‍ ഉണ്ടായതല്ല; മനുഷ്യനെ ഉണ്ടാക്കിയതാണെന്ന് വ്യക്തം. മനുഷ്യന്‍ മാത്രമല്ല സകലചരാചരങ്ങളും തഥൈവ.

എന്തിനാണ് മനുഷ്യനെ സൃഷ്ടിച്ചത്? ഗൗരവത്തോടെ ചിന്തിക്കാന്‍ കഴിയുന്ന മനുഷ്യനെ ഒരു തമാശക്ക് വേണ്ടി സൃഷ്ടിച്ചതാവാന്‍ വഴിയില്ല. മാത്രമല്ല, മനുഷ്യന്റെ ഓരോ അവയവങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ പിന്നിലും ലക്ഷ്യങ്ങളുണ്ട്. കണ്ണുകള്‍ കാണാനാണ്; കാതുകള്‍ കേള്‍ക്കാനും. ഇങ്ങനെ ഓരോ അവയവങ്ങള്‍ക്കു പിന്നിലുമുണ്ട് ഉദ്ദേശ്യങ്ങള്‍. എന്നിരിക്കെ, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതിന്റെ പിന്നില്‍ ഒരുദ്ദേശ്യവുമില്ലാതിരിക്കുന്നതെങ്ങനെ? അംശങ്ങളില്‍ ഉദ്ദേശ്യങ്ങളുണ്ടെങ്കില്‍ സാകല്യത്തില്‍ അതിനേക്കാള്‍ വലിയ ഉദ്ദേശ്യമുണ്ടാവും എന്നത് പൊതു യാഥാര്‍ഥ്യമാണ്. ഉദാഹരണം: ഒരു കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍ ഉണ്ടാക്കുന്നത് വിവിധ ഉദ്ദേശ്യങ്ങളോടെയാണ്. ആ ഭാഗങ്ങളെല്ലാം ചേര്‍ത്ത് ഒരു കമ്പ്യൂട്ടറുണ്ടാക്കുമ്പോള്‍ കമ്പ്യൂട്ടറുണ്ടാക്കിയതിന്റെ പിന്നില്‍ ഭാഗങ്ങള്‍ ഉണ്ടാക്കിയതിന്റെ പിന്നിലുള്ള ഉദ്ദേശ്യങ്ങളെക്കാള്‍ വലിയൊരു ഉദ്ദേശ്യമുണ്ടാകും.

എന്നാല്‍, എന്തിനാണ് കമ്പ്യൂട്ടറുണ്ടാക്കിയത് എന്ന് കമ്പ്യൂട്ടറിനറിയില്ല. കാരണം, കമ്പ്യൂട്ടറുണ്ടാക്കപ്പെട്ടതിന്റെ പിന്നില്‍ കമ്പ്യൂട്ടറിന്റെ മുന്‍ തീരുമാനമില്ല. അതുകൊണ്ടു തന്നെ കമ്പ്യൂട്ടര്‍ നിര്‍മിച്ച മനുഷ്യനേ അതറിയൂ. ഇതുപോലെ മനുഷ്യന്‍ എന്തിന് സൃഷ്ടിക്കപ്പെട്ടു എന്ന് മനുഷ്യനറിയില്ല. കാരണം ഒരു മനുഷ്യനും സ്വന്തമായ ഒരു മുന്‍തീരുമാനമനുസരിച്ച് ഇവിടെ ജനിക്കുന്നില്ല. അതുകൊണ്ടു തന്നെ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനേ മനുഷ്യന്‍ എന്തിനാണ് സൃഷ്ടിക്കപ്പെട്ടതെന്നറിയൂ. ചുരുക്കത്തില്‍ മനുഷ്യനെ സൃഷ്ടിച്ചതിന്റെ പിന്നില്‍ ഗൗരവപ്പെട്ട ഉദ്ദേശ്യമുണ്ടെന്നുറപ്പാണ്. അതറിയുമ്പോഴാണത്രെ ജീവിതത്തിന്നര്‍ഥവും ദിശാബോധവുമുണ്ടാകുന്നത്. ഖുര്‍ആനില്‍ ദൈവം ചോദിക്കുന്നു: ‘നിങ്ങളെ നാം വെറുതെ സൃഷ്ടിച്ചതാണെന്നും നിങ്ങള്‍ നമ്മുടെയടുത്തേക്ക് മടക്കപ്പെടുകയില്ലെന്നുമാണോ നിങ്ങള്‍ കരുതിയിരുന്നത്?” (23:115)

പിന്‍കുറി: ഒരു ചക്രം പരിണമിച്ചാണ് വിമാനമുണ്ടായത് എന്ന് പറയാമോ? ഇല്ലെങ്കില്‍ ഒരു ഏകകോശജീവി പരിണമിച്ചാണ് ബുദ്ധിജീവിയായ മനുഷ്യനുണ്ടായത് എന്ന് പറയാനും ന്യായമില്ല.

മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്

 

Related Post