Main Menu
أكاديمية سبيلي Sabeeli Academy

തോറയേക്കാള്‍ യുക്തിഭദ്രം ഖുര്‍ആന്‍

എന്റെ പേര് ജേസിയന്‍ ഫാരെസ്.

ഹിബ്രോണിലെ അല്‍ ഫാരെസ് കുടുംബത്തിലാണ് ജനനം. പിതാവ് ലബനീസും മാതാവ് സ്പാനിഷ് വംശജയുമായിരുന്നു. പിതാവിന്റെ മാതാപിതാക്കള്‍ ഭക്തരായ മുസ് ലിംകളായിരുന്നുവെങ്കിലും അദ്ദേഹത്തിന് യാതൊരു മതബോധവുമുണ്ടായിരുന്നില്ല.

ഒരുവേള ഇത്തരത്തില്‍ ഒരു മകനുണ്ടായതില്‍ അവര്‍ ഖേദിച്ചുണ്ടായിരിക്കണം. അമേരിക്കയിലെ ഒന്നാംതലമുറ സന്താനത്തില്‍പെട്ടവനായിരുന്നു ഞാന്‍. ഞങ്ങള്‍ സഹോദരങ്ങളെല്ലാം ജനിച്ചത് പ്രത്യേകിച്ചെന്തെങ്കിലും മതബോധമില്ലാതെയാണ്. വെറും അമേരിക്കന്‍ കുട്ടികളായി ഞങ്ങള്‍ ജീവിച്ചു.

മക്കളില്‍ എനിക്കാണ് അപ്രതീക്ഷിതമായി ലബനാനില്‍ ആറുകൊല്ലം ജീവിക്കാന്‍ അവസരംലഭിച്ചത്. ആ സമയത്ത് ഞാന്‍ കൗമാരത്തിലെത്തിയിട്ടേയുള്ളൂ. പശ്ചിമേഷ്യന്‍ സംസ്‌കാരവുമായി ഞാന്‍ നേരിടുന്നത് അക്കാലത്താണ്. രണ്ടാമത്ത എന്റെ സാംസ്‌കാരികമുഖാമുഖം യുഎസ് മറൈന്‍കോര്‍പ്‌സില്‍ ജോലിചെയ്യുമ്പോഴായിരുന്നു.

അമേരിക്ക ഇറാഖ് അധിനിവേശംചെയ്യുമ്പോള്‍ ഞാന്‍ അവിടെ സേവനംചെയ്തിരുന്നു. യുദ്ധത്തോടു താല്‍പര്യമില്ലായിരുന്നുവെങ്കിലും ജോലിയുടെ ഭാഗമായികണ്ട് ഞാന്‍ അവിടെ കാലുകുത്തിയെന്നുമാത്രം. ഫല്ലൂജയിലും അന്‍ബാറിലും പ്രദേശവാസികളുമായി ഞാന്‍ ഇടപഴകി. റമദാനിലും അല്ലാതെയും മറ്റു അറബ് വംശജരുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. മതത്തോടുള്ള അറബികളുടെ പ്രതിബദ്ധത എന്നെ എന്നും ആകര്‍ഷിച്ചിരുന്നു.

നിര്‍ഭാഗ്യവശാല്‍ ഇറാഖില്‍വെച്ച് എനിക്ക് വെടിയേല്‍ക്കുകയും എന്റെ ഒരു കിഡ്‌നി നഷ്ടപ്പെടുകയുംചെയ്തു. അത് അല്ലാഹുവിന്റെ തീരുമാനമായിരുന്നു. എന്തുസംഗതിയും സംഭവിക്കുന്നതിനുപിന്നില്‍ ഉദ്ദേശ്യമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു.

വീട്ടിലെത്തി വിശ്രമത്തിലായപ്പോള്‍ എന്നില്‍ വിഷാദം ചേക്കേറി. അനുഗമിക്കാനും പിന്തുടരാനും എനിക്ക് ആരുമുണ്ടായിരുന്നില്ല. മുമ്പൊക്കെ പട്ടാളക്കാരന്റെ ദിനചര്യ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴതും നഷ്ടമായിക്കഴിഞ്ഞിരുന്നു. അതിനാല്‍ ഏകാന്തത എന്നെ വേട്ടയാടി. പിതാവിന്റെ മാതാപിതാക്കളും അവരുടെ സഹോദരിമാരും ഇസ്‌ലാമിനെക്കുറിച്ച് പറയാറുണ്ടായിരുന്നു. ഞാന്‍ കുവൈറ്റില്‍വെച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയും എന്നോട് പറഞ്ഞത് അതെക്കുറിച്ചാണ്.

2008 ആഗസ്റ്റില്‍ ഞാന്‍ ഖുര്‍ആന്റെ ഒരു പരിഭാഷ ഞാന്‍ വായിച്ചു. അതെന്നെ വല്ലാതെ ആകര്‍ഷിച്ചു. ബൈബിളിനെക്കാളും തോറായെക്കാളും യുക്തിഭദ്രമായി തോന്നിയത് ഖുര്‍ആനായിരുന്നു. കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ നേര്‍ക്കുനേരെ പറയുന്ന ശൈലിയാണ് എന്നെ സ്പര്‍ശിച്ചത്. മുസ്‌ലിംജീവിതത്തിന് അടുക്കുംചിട്ടയുമുണ്ടായിരുന്നു. അതുപോലൊരു മാറ്റം ഞാനും ആഗ്രഹിച്ചു. എന്റെ സ്വത്വമെന്തെന്ന അന്വേഷണത്തിന് ഉത്തരം അതിലൂടെ മാത്രമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു.

quran & others books

തോറയേക്കാള്‍ യുക്തിഭദ്രം ഖുര്‍ആന്‍

ജീവിതത്തിന് അര്‍ഥം ലഭിച്ചത് അതോടെയാണ്. കൂടുതല്‍ ലക്ഷ്യബോധത്തോടെ ജീവിക്കാനും പരിശ്രമിക്കാനും അതെനിക്ക് പ്രചോദനമേകി. ഈജിപ്ത്, ഫലസ്തീന്‍, ജോര്‍ദാന്‍ മിഡിലീസ്റ്റ് രാജ്യങ്ങളില്‍നിന്ന് കഴിഞ്ഞ ഏതാനുംവര്‍ഷങ്ങള്‍കൊണ്ട് എനിക്ക് ഒട്ടേറെ സുഹൃത്തുക്കളെ ലഭിച്ചു.

എന്നെ ഇന്നത്തെ ഞാനാക്കിയത് അവരെല്ലാവരുംചേര്‍ന്നാണ്. അതിന് അവരോട് ഏറെ കടപ്പെട്ടിരിക്കുന്നു. മുസ് ലിമും ഫലസ്തീനിയുമായ ഒരു മഹതിയും സന്‍മാര്‍ഗത്തിലേക്കുള്ള പ്രയാണത്തില്‍ വഴികാട്ടിയായി എന്നോടൊപ്പമുണ്ടായിരുന്നു. എന്നും ഒരു നല്ല മുസ്‌ലിമായിരിക്കുവാന്‍ അവരെന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആനിന്റെ വശ്യത, മാധുര്യം, മാസ്മരികത എല്ലാം അപാരമാണ്. അതിന് മനുഷ്യ മനസ്സുകളില്‍ അങ്ങേയറ്റത്തെ സ്വാധീനം ചെലുത്താനാകും. ഏത് കടുത്ത മനസ്സിലും അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ അതിന് സാധിക്കും, മരവിച്ച മനസ്സിനെയും തരളിതമാക്കാന്‍ കഴിയുന്നതാണ് അതിന്റെ ശൈലി. മഴ പെയ്ത് ഭൂമി നിര്‍മലമായി ചെടികള്‍ക്ക് അവസരമേകുന്നതു പോലെ, മരവിച്ച മനസ്സുകളില്‍ നന്മയുടെ വസന്തം വിരിയിക്കാനും ഖുര്‍ആന് കഴിയും. വീണ്‍വാക്കല്ല മറിച്ച് ചരിത്രവും ആധുനിക കാലവും അതിനു സാക്ഷിയാണ്. കഠിന ശത്രുക്കള്‍ പോലും അതിന്റെ മുമ്പില്‍ തലകുനിച്ചിട്ടുണ്ട്. നിങ്ങള്‍ക്കറിയുമോ, മക്കയിലെ പ്രമാണി ഉത്ബയുടെ കഥ.

നല്ല കവിയും ഭാഷാ പണ്ഢിതനും വാക്ചാതുരിക്ക് ഉടമയുമായ അദ്ദേഹത്തെ ഖുറൈശികള്‍ മുഹമ്മദിന്റെ അടുത്തേക്ക് നിയോഗിക്കുകയാണ്. കാരണമെന്തെന്നല്ലേ. അവരുടെ മതം അപകടത്തിലാണ്. മുഹമ്മദ് ഓതിക്കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ പാമര ജനത്തെ വശീകരിച്ചു കൊണ്ടിരിക്കുകയാണ്. പാണ്ഢിത്യത്തിന്റെ ആയുധമില്ലാതെ അതിനെ നേരിടുക അസാധ്യം. അതിനാകട്ടെ റബീഅയുടെ മകന്‍ ഉത്ബയെ പോലെ യോഗ്യന്‍ വേറെയില്ലതാനും. പോരെങ്കില്‍ അല്‍പം ഭൗതിക പ്രലോഭനങ്ങളിലൂടെയാണെങ്കിലും മുഹമ്മദിനെ പിന്തിരിപ്പിച്ചേ പറ്റൂ. അതിനും അദ്ദേഹത്തിനാകും.
മുഹമ്മദിനു മുമ്പില്‍ ഉത്ബ തന്റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുത്ത് പുത്തന്‍ ആശയത്തിന്റെ അപകടങ്ങള്‍ മുഴുവന്‍ ബോധ്യപ്പെടുത്തി. പിന്തിരിഞ്ഞാല്‍ കിട്ടാന്‍ പോകുന്ന നേട്ടങ്ങളും അദ്ദേഹത്തെ ധരിപ്പിച്ചു. മക്കയിലെ രാജാവാക്കാനും, ഏറ്റവും നല്ല സുന്ദരിയായ പെണ്ണിനെ വിവാഹം കഴിപ്പിച്ച് കൊടുക്കാനും, ഏറ്റവും വലിയ സമ്പന്നനാക്കാനും അവര്‍ തയ്യാറാണ് ഈ ഖുര്‍ആന്‍ പാരായണവും ഇസ്‌ലാമിക പ്രബോധനവും അവസാനിപ്പിച്ചാല്‍ മാത്രം മതി. മറുപടിയായി ഖുര്‍ആനിലെ അല്‍ഫുസ്സില അധ്യായം ഓതിക്കേള്‍പ്പിക്കുകയാണ് നബി തിരുമേനി ചെയ്തത്. ഖുര്‍ആനിന്റെ വശ്യതയിലകപ്പെട്ട ഉത്ബ പ്രവാചക സന്നിധിയില്‍ നിന്ന് മടങ്ങി വന്ന് ഖുറൈശികളോട് പറഞ്ഞ പ്രശസ്തമായ വാക്കുകള്‍ ഇതാ.. ഞാന്‍ ഇന്ന് ഒരു വാക്യം ശ്രവിച്ചു. അല്ലാഹുവാണ് സത്യം അതുപോലൊന്ന് ഞാന്‍ മുമ്പ് കേട്ടിട്ടേയില്ല. അല്ലാഹുവാണ് സത്യം അത് കവിതയല്ല, മായാജാലമല്ല, മന്ത്രവുമല്ല.

 

 

Related Post