Main Menu
أكاديمية سبيلي Sabeeli Academy

കൂട്ടുകാര്‍

കൂട്ടുകാര്‍

കണ്ണാടി ഒരാളുടെ പ്രതിബിംബം പ്രതിഫലിപ്പിക്കുന്നത് പോലെയാണ് ആളുകളുമായുള്ള നമ്മുടെ ബന്ധങ്ങളും.

 കൂട്ടുകാര്‍ക്കിടയില്‍വെറുക്കപ്പെട്ടവനാവാതിരിക്കാന്‍

ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ലോകത്ത് സന്തുഷ്ടരുള്ളതു പോലെ ദൗര്‍ഭാഗ്യവാന്‍മാരും വേദനിക്കുന്നവരുമുണ്ട്. സൗഹൃദങ്ങളുടെയോ ബന്ധങ്ങളുടെയോ കുഴപ്പമല്ല അത്. മറിച്ച് ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയുടേത് മാത്രമാണ്. കണ്ണാടി ഒരാളുടെ പ്രതിബിംബം പ്രതിഫലിപ്പിക്കുന്നത് പോലെയാണ് ആളുകളുമായുള്ള നമ്മുടെ ബന്ധങ്ങളും. സൗഹൃദങ്ങളെ നരകവും വേദനയുമാക്കി മാറ്റുകയും കൂട്ടുകാര്‍ക്കിടയില്‍ താങ്കള്‍ വെറുക്കപ്പെട്ടവനാക്കുകയും ചെയ്യുന്ന ആറ് തരം ഇടപഴകലുകളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ആ കാര്യങ്ങള്‍ വെടിയുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷത്തിന്റെയും ഇണക്കത്തിന്റെയും ഉറവകളാക്കി ബന്ധങ്ങള്‍ മാറ്റാം.

ഒന്ന്, മറ്റുള്ളവരെ അമിതമായി ആക്ഷേപിക്കാതിരിക്കുക. ഏത് സമയത്തും കൂട്ടുകാരെ അവരുടെ നിലപാടുകളുടെയും സംസാരത്തിന്റെയും പെരുമാറ്റത്തിന്റെയും പേരില്‍ ആക്ഷേപിക്കുന്നത് കൂട്ടുകാര്‍ക്ക് നിങ്ങളോടുള്ള സ്‌നേഹം ഇല്ലാതാക്കും. എന്നാല്‍ ശാന്തമായും ബുദ്ധിപരമായും നീണ്ട ഇടവേളകള്‍ക്കിടയില്‍ ആക്ഷേപിക്കുന്നതില്‍ തെറ്റില്ല. താങ്കള്‍ ഉന്നയിക്കുന്ന ആക്ഷേപം എത്രതന്നെ ശരിയാണെങ്കിലും അത് അമിതമാകുന്നത് കൂട്ടുകാരെ അകറ്റുകയാണ് ചെയ്യുക. കൂട്ടുകാരന് തെറ്റ് ചെയ്യാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ ബന്ധം നല്ല നിലയില്‍ തുടരുന്നതിന് അവരുടെ ചില വീഴ്ച്ചകള്‍ക്ക് നേരെ നാം കണ്ണടക്കേണ്ടതുണ്ട്.

രണ്ട്, നിങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയോ, അവയോട് മറ്റുള്ളവര്‍ വിയോജിക്കുമ്പോള്‍ ദേഷ്യം പ്രകടിപ്പിക്കുകയോ ചെയ്യരുത്. ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും സ്വാതന്ത്ര്യവും വിശാലതയും അനുവദിക്കുന്നതാണ് സൗഹൃദത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്ന ഒരാള്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന് വാദിക്കുന്നുവെങ്കില്‍ സ്‌നേഹിക്കുന്ന കൂട്ടുകാരനെ ദ്രോഹിക്കല്‍ സ്‌നേഹത്തിന്റെ അടയാളമല്ലെന്ന് അവനോട് പറയുക. ഒരാള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അവനോട് ചെയ്യുന്ന ദ്രോഹമാണ്.

മൂന്ന്, കൂട്ടുകാര്‍ക്ക് മാര്‍ക്കിടുകയോ അവര്‍ക്ക് പ്രത്യേക മുദ്ര ചാര്‍ത്തി കൊടുക്കുകയോ ചെയ്യരുത്. ഈ സ്വഭാവം മറ്റുള്ളവര്‍ നിങ്ങളെ വെറുക്കുന്നതിനും നിങ്ങളില്‍ നിന്ന് അകലുന്നതിനും കാരണമാകും. കൂട്ടുകാരെയെല്ലാം ഒരേ മൂശയില്‍ വാര്‍ത്തെടുത്ത് അതിനനുസരിച്ച് ഇടപഴകാനാണ് ഈ സ്വഭാവത്തിലൂടെ നിങ്ങള്‍ ശ്രമിക്കുന്നത്. ഒരാളെ ദേഷ്യക്കാരനായി നിങ്ങള്‍ മുദ്രകുത്തുന്നു, മറ്റൊരാളെ സ്വാര്‍ഥനായും, മൂന്നാമതൊരാളെ കള്ളം പറയുന്നവനായും, നാലാമതൊരാളെ വഞ്ചകനായും നിങ്ങള്‍ മുദ്രകുത്തുന്നു. കാലം മുന്നോട്ടു പോകുമ്പോള്‍ അനുഭവസമ്പത്തിലൂടെ മാറ്റം വരുന്നതാണ് മനുഷ്യന്റെ ജീവിതം. മുമ്പുണ്ടായിരുന്ന സ്വഭാവം തെറ്റാണെന്ന് അംഗീകരിച്ച് അത് തിരുത്തിയിട്ടു ണ്ടാവും. കൂട്ടുകാരെ നിലനിര്‍ത്തണമെങ്കില്‍ നാം ഇഷ്ടപ്പെടുന്ന രീതിയില്‍ അവരോട് പെരുമാറുന്നതിന് പകരം അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ നാം അവരോട് പെരുമാറേണ്ടത് അനിവാര്യമാണ്.

നാല്, എപ്പോഴും താങ്കള്‍ മാത്രമാണ് ശരി അവര്‍ തെറ്റിലാണ് എന്ന് തോന്നിപ്പിക്കും വിധം അമിതമായി വിമര്‍ശിക്കരുത്. മറിച്ച് നല്ല രീതിയില്‍ സംവദിച്ച് അവരുടെ ഹൃദയം കീഴടക്കാനായിരിക്കണം നമ്മുടെ ശ്രമം. സമ്മര്‍ദം ചെലുത്താതെ, കല്‍പനയുടെ സ്വരവും ദേഷ്യവും ഒഴിവാക്കി തെറ്റും ശരിയും ബോധ്യപ്പെടുത്താന്‍ നാം ശ്രമിക്കണം. നിലപാടുകളുടെ സന്ദര്‍ഭവും സാഹചര്യവും മനസ്സിലാക്കാനാണ് നാം ശ്രമിക്കേണ്ടത്. അത് മനസ്സിലാക്കാതെ അവരെ ഖണ്ഡിക്കാന്‍ മുതിരരുത്.

അഞ്ച്, ഓരോ മനുഷ്യനും ഒട്ടേറെ സവിശേഷതകള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. ധാരാളം നന്മകള്‍ ഓരോരുത്തരിലുമുണ്ടാകും. ഓരോ കൂട്ടുകാരന്റെയും നന്മകളെ ഉപയോഗ പ്പെടുത്താനും അവരിലെ ദോഷവശങ്ങളെ അവഗണിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. ഒരു മനുഷ്യനും പൂര്‍ണനല്ല എന്നത് തന്നെ കാരണം. പുതിയ അനുഭവങ്ങളെ ഭയക്കുകയല്ല വേണ്ടത്. ഓരോ കാര്യങ്ങളില്‍ നിന്നും പുതിയ അനുഭവങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്ക ണം.

ആറ്, ഭൗതിക വിഭവങ്ങള്‍ ധാരാളമുള്ള സമ്പന്നരായ കൂട്ടുകാര്‍ മാത്രമാണ് സന്തോഷം നല്‍കുകയെന്നത് മൂഢവിശ്വാസമാണ്. കാരണം സന്തോഷത്തിന് സമ്പത്തുമായി ഒരു ബന്ധവുമില്ല. ധനികനാവട്ടെ ദരിദ്രനാവട്ടെ അയാളുടെ മനസ്സ് നിങ്ങളുടെ മനസ്സുമായി ഇണങ്ങുമ്പോഴാണ് നിങ്ങള്‍ സന്തുഷ്ടനാകുന്നത്. അതിലുപരിയായി അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചുള്ള സൗഹൃദങ്ങളാണ് ഉത്തമമായ സൗഹൃദം.

ഈ ആറ് കാര്യങ്ങളോടൊപ്പം അവസാനമായി ഓര്‍മപ്പെടുത്താനുള്ളത്, കൂട്ടുകാരുടെ വികാരങ്ങളെ മാനിക്കുകയും അതിനെ വ്രണപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ വളരെ പ്രധാനമാണ്. വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന എഴുപതിനായിരം ആളുകളുടെ വിശേഷണങ്ങള്‍ നബി(സ) വിവരിച്ചപ്പോള്‍ ഉകാശ(റ) ചോദിച്ചു: അക്കൂട്ടത്തില്‍ ഞാനുണ്ടാകുമോ അല്ലാഹുവിന്റെ ദൂതരേ? അതെയെന്ന് നബി(സ) മറുപടി നല്‍കിയപ്പോള്‍ മറ്റൊരു സഹാബി ചോദിച്ചു: ഞാന്‍ അക്കൂട്ടത്തിലുണ്ടോ? നബി(സ) പറഞ്ഞു: അക്കാര്യത്തില്‍ ഉക്കാശ നിന്നെ മുന്‍കടന്നിരിക്കുന്നു. സുഹൃത്തുക്കളെ നിലനിര്‍ത്തുന്നതിനുള്ള കഴിവാണിത് പ്രകടമാക്കുന്നത്.

Related Post