IOS APP

നാവ്

അല്ലാഹു മനുഷ്യന് നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് 7. മനുഷ്യനെ പൂര്‍ണനും, പരിപൂര്‍ണനുമാക്കുന്നതില്‍ നാവിന് നിര്‍ണായകമായ സ്ഥാനമുണ്ട്. ആയിരക്കണക്കിന് കോശങ്ങള്‍ നിര്‍മിച്ച് മനുഷ്യന്‍ കഴിക്കുന്ന വസ്തുക്കളുടെ സ്വാദറിയാന്‍ സഹായിച്ചതിലൂടെ അല്ലാഹു തന്റെ അനുഗ്രഹം അവന് മേല്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. എന്നാല്‍ അല്ലാഹു മനുഷ്യന്റെ ഹൃദയത്തിനും ബുദ്ധിക്കും നാവിനേക്കാള്‍ അധികാരം നല്‍കുകയുണ്ടായി. അവയാണ് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിച്ച് നാവിനെ സംരക്ഷിക്കുകയോ, അനുഗ്രഹങ്ങളെ നിഷേധിച്ച് നാവിനെ വഞ്ചിക്കുകയോ ചെയ്യുന്നത്.

ഹൃദയത്തിന് എന്തെങ്കിലുമൊന്ന് നല്ലതായോ, ഉത്തമമായോ അനുഭവപ്പെട്ടാല്‍ നാവ് ഏറ്റവും മനോഹരമായ വാക്കുകളും, പദങ്ങളും ഉപയോഗിച്ച് അത് വെളിവാക്കുന്നു. എല്ലാവര്‍ക്കുമിടയില്‍ സ്‌നേഹവും ഐക്യവും ഇണക്കവും സൃഷ്ടിക്കാന്‍ അത് സഹായകമാകുന്നു. എന്നാല്‍ ഹൃദയത്തില്‍ വിദ്വേഷവും വെറുപ്പും അഹങ്കാരവും നിറയുമ്പോള്‍ നാവ് നിരപരാധികളോട് യുദ്ധം പ്രഖ്യാപിക്കുന്നു. മറ്റുള്ളവരുടെ ന്യൂനതയും, പോരായ്മയും എടുത്തുപറയുകയും, അവര്‍ക്ക് നേരെ ആരോപണശരങ്ങള്‍ എയ്തുവിടുകയും ചെയ്യുന്നു. സമൂഹത്തിലെ വ്യക്തികള്‍ക്കിടയില്‍ ഛിദ്രതയും, അനൈക്യവും, ശത്രുതയും വളര്‍ത്തുന്നതിന് കാരണമാവുന്നത് നാവുതന്നെയാണ്.

ഞങ്ങളുടെ നാട്ടില്‍ നടന്ന ഒരു സംഭവം ഞാന്‍ ഇവിടെ ഓര്‍ക്കുകയാണ്. അവിടത്തെ ഒരു വീട്ടില്‍ സ്ത്രീകള്‍ പതിവായി ഒത്തുചേരുകയും കഥകളും മറ്റു വര്‍ത്തമാനങ്ങളും പറഞ്ഞ്് സമയം ചെലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവര്‍ക്കിടയിലേക്ക് ഒരു സ്ത്രീ തന്റെ കുഞ്ഞുമായി രാവിലെ കടന്നുചെന്നു. അവരവിടെ പ്രവേശിച്ചതും അവിടെയുണ്ടായിരുന്നവരില്‍ ഒരാള്‍ അവര്‍ക്കുനേരെ ആക്രമണശരങ്ങള്‍ അഴിച്ചുവിട്ടു. എല്ലാവരുടെയും മുന്നില്‍ വെച്ച് വളരെ ശക്തമായ ഭാഷയിലുള്ള ആക്ഷേപം. ആ സ്ത്രീയുടെ കുഞ്ഞ് തന്റെ ചെരുപ്പ് മോഷ്ടിച്ചുവെന്നാണ് ആരോപണം. ആ മാതാവ് തനിക്ക് നേരെ പാഞ്ഞടുത്ത ആ സ്ത്രീയെ ശാന്തമാക്കാന്‍ ആവതും ശ്രമിച്ചു. പക്ഷേ എങ്ങനെ സാധിക്കാനാണ്! നാവില്‍ നിന്ന് വരാനുള്ളതെല്ലാം പുറത്തെത്തി കഴിഞ്ഞിരുന്നു. ഒടുവില്‍ തന്റെ നിഖാബ് താഴ്ത്തി മുഖം മറച്ച് സ്വന്തം വീട്ടിലേക്കുതന്നെ കുഞ്ഞുമായി മടങ്ങേണ്ടി വന്നു ആ മാതാവിന്. മാത്രമല്ല, തനിക്കേറ്റ പ്രഹരത്തിന്റെ ആഘാതത്തില്‍ രക്തധമനിയില്‍ പ്രവാഹംതടസ്സപ്പെട്ട് ആ സ്ത്രീ മരണപ്പെടുകയുണ്ടായി. ശകാരം ചൊരിഞ്ഞ സ്ത്രീയാവട്ടെ തന്റെ നഷ്ടപ്പെട്ടു പോയ ചെരുപ്പ് വീടിന്റെ ഒരു മൂലയില്‍ നിന്ന് വീണ്ടെടുക്കുകയും ചെയ്തു.

കത്തി കൊണ്ട് ഹൃദയത്തില്‍ മുറിവേല്‍പിക്കുന്നതിനേക്കാള്‍ വേദന പലപ്പോഴും നാവുകൊണ്ടുള്ള ആക്രമണത്താല്‍ ഉണ്ടാകാവുന്നതാണ്. കത്തികൊണ്ടേറ്റ മുറിവ് ഏതാനും ദിവസങ്ങള്‍ക്കകം പാടുകള്‍പോലും അവശേഷിക്കാതെ മാഞ്ഞു പോവാന്‍ സാധ്യതയുണ്ട്. എന്നാല്‍ വാഗ്ശരങ്ങളേല്‍പിക്കുന്ന മുറിവ് വര്‍ഷങ്ങളോളം ഹൃദയത്തില്‍ അവശേഷിക്കുമെന്ന്് നാം തിരിച്ചറിയുന്നില്ല.

മറ്റുള്ളവരുമായുള്ള പെരുമാറ്റത്തില്‍ നല്ല അടയാളങ്ങള്‍ ബാക്കിയാക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അവരുടെ ഹൃദയത്തില്‍ മോശപ്പെട്ട സ്വാധീനങ്ങള്‍ ഉപേക്ഷിക്കാന്‍ നാം ശ്രമിക്കരുത്. നാം ജനങ്ങളോട് നല്ല വിധത്തില്‍ വര്‍ത്തിക്കുന്നുവെങ്കില്‍ അവര്‍ നമ്മോടും അപ്രകാരം തന്നെ ചെയ്യുന്നതാണ്. റസൂല്‍ കരീം(സ) അരുള്‍ ചെയ്തത് ഇപ്രകാരമാണ് ‘നീ സല്‍പെരുമാറ്റം മുറുകെ പിടിക്കുക. കൂടുതല്‍ മൗനം പാലിക്കുക. അല്ലാഹുവാണ്, അതിനേക്കാള്‍ ഉത്തമമായ സ്വഭാവം വേറെയില്ല’.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.