IOS APP

ഖുര്‍ആനിന്റെ ആശയപ്രപഞ്ചം

ഖുരആന്‍

ഖുര്‍ആനിന്റെ ആശയപ്രപഞ്ചം

ഡോ ഹമൂദ അബ്ദുല്ലതി

ഖുര്‍ആനിന്റെ ആശയപ്രപഞ്ചം മൂന്ന് തരത്തില്‍ വായനക്കാരനെ അത്ഭുതപ്പെടുത്തും. ഒന്ന്, അതിന്റെ ആഴമാണ്. മനസ്സിന്റെയും ചിന്തകളുടെയും അടിവേരില്‍ നിന്നാണ് അത് സംസാരിക്കുന്നത്. മനുഷ്യമനസ്സിന്റെ ഏറ്റവും അഗാധ വിതാനത്തില്‍ നിന്ന് ഖുര്‍ആനിന്റെ സ്വരം ഗ്രഹിക്കാനാകും. മനുഷ്യ മനസ്സിനെ സംസ്‌കരിക്കാന്‍ ഖുര്‍ആന്‍ തെരെഞ്ഞെടുക്കുന്ന രീതിയും അതിന്റെ ആഴങ്ങളിലേക്ക് ഊളിയിടലാണ്. മനുഷ്യ ചിന്തകളുടെ സാകല്യം അതിനാല്‍ തന്നെ ഖുര്‍ആന് കൈകാര്യം ചെയ്യാനാകുന്നു. മനസ്സിന്റെ ഓരോ മിടിപ്പിനെ സംബന്ധിച്ചും ഖുര്‍ആനിന് ബോധ്യമുണ്ട്.

രണ്ട്, അതിന്റെ പരപ്പാണ്. മനുഷ്യജീവിതത്തിലെ ഓരോ പശ്ചാത്തലവും രംഗങ്ങളും അതിന്റെ വിഷയാവതരണത്തിനായി ഖുര്‍ആന്‍ ഉപയോഗിക്കുന്നു. കുടുംബജീവിതം കൈകാര്യം ചെയ്യുന്ന ഖുര്‍ആന്‍ തന്നെ യുദ്ധമര്യാദകള്‍ പറയുന്നതും ആകാശത്തെ കുറിച്ച് വാചാലമാകുന്ന ഖുര്‍ആന്‍ തന്നെ മനസ്സിനെ കുറിച്ച് ഓര്‍മിപ്പിക്കുന്നതും അതിനാലാണ്. വ്യക്തിജീവിതം മുതല്‍ അന്താരാഷ്ട്രീയ ബന്ധങ്ങള്‍ വരെ അതിന്റെ വിഷയമാകുന്നു. ഭൂമിയില്‍ ചരിക്കുന്ന ഉറുമ്പിനെയും ആകാശത്ത് ഒഴുകുന്ന ഖഗോളങ്ങളെയും അത് ചൂണ്ടിക്കാട്ടുന്നു.

മൂന്ന്, അതിന്റെ ഔന്നിത്യമാണ്. ആഴവും പരപ്പുമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഉന്നതമായ വിതാനത്തിലാണ് അതിന്റെ സ്ഥാനം. കാരണം, അത് ആത്യന്തികമായി പഠിപ്പിക്കുന്നത് ഈ സങ്കീര്‍ണമായ സംവിധാനങ്ങളെയാകെ നെയ്‌തെടുത്ത ഏകനായ ദൈവിക ശക്തിയെ കുറിച്ചാണ്. അവന്റെ ഔന്നിത്യഭാവം അവന്റെ വാക്കുകളായ ഖുര്‍ആനിലും ദൃശ്യമാണ്. ദൈവത്തെ മനസ്സിലാക്കുകയും അവനെ സ്വീകരിക്കുകയും ചെയ്യുക എന്നത് മനുഷ്യ മനസ്സിലെ ചിന്തകളുടെ ബഹളത്തിനിടയില്‍ ഒരു വിപ്ലവം തന്നെയാണ്. മനസ്സിനെ സംശയങ്ങളില്‍ നിന്നും ആത്മാവിനെ പാപങ്ങളില്‍ നിന്നും സത്യത്തെ അസത്യത്തില്‍ നിന്നും മോചിപ്പിക്കുന്നതാണ് ദൈവികവിശ്വാസം.

ഏത് കോണില്‍ നിന്നു നോക്കിയാലും ഖുര്‍ആനിന്റെ ആകെത്തുക ലളിതമാണ്. അത് ശരീരത്തെ അടിച്ചമര്‍ത്തുകയോ ആത്മാവിനെ കയറൂരി വിടുകയോ ചെയ്യുന്നില്ല. അത് ദൈവത്തെ മനുഷ്യനോ മനുഷ്യനെ ദൈവമോ ആക്കുന്നില്ല. എന്നാല്‍ എല്ലാത്തിനെയും അതിന്റേതായ സ്ഥാനങ്ങളില്‍ വളരെ കണിശവും കൃത്യവുമായി പുനസ്ഥാപിക്കുന്നു. കര്‍മങ്ങള്‍ക്കും കര്‍മഫലങ്ങള്‍ക്കുമിടയില്‍ ആനുപാതികമായ ബന്ധം അത് വരച്ചുച്ചേര്‍ക്കുന്നു. മാര്‍ഗങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുമിടയില്‍ ഇഴപിരിയാത്ത പാശം അത് സ്ഥാപിക്കുന്നു. ഖുര്‍ആനിന്റെ സമീപനം ഉദാസീനമല്ല. അത് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ ബുദ്ധിയും വിവേകവുമുള്ള ആര്‍ക്കും അതിന്റെ ആവശ്യങ്ങളെ നിരസിക്കാനോ തളളാനോ ആവില്ല.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.