ധനം

rs-2000-note

ദൈവികാനുഗ്രഹങ്ങളില്‍ ഒന്നാണ് ധനം.

 

ദൈവികാനുഗ്രഹങ്ങളില്‍ ഒന്നാണ് ധനം. അല്ലാഹു തന്റെ അടിമകള്‍ക്കത് നല്‍കുകയും അതുകൊണ്ടവരെ പരീക്ഷിക്കുകയും ചെയ്യുന്നു. സമ്പത്തിനോടുള്ള അവകാശങ്ങള്‍ അവര്‍ പൂര്‍ത്തീകരിക്കുന്നുണ്ടോ എന്നറിയാല്‍ അവന്‍ അടിമകളെ സമ്പന്നരാക്കുന്നു. അതില്‍ കുറവ് വരുമ്പോള്‍ ക്ഷമയവലംബിക്കുന്നുണ്ടോ എന്നറിയാല്‍ വിഭവങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. ആ ധനം മനുഷ്യര്‍ക്കിടയിലെ സംഘട്ടനങ്ങളുടെ പ്രധാന കാരണമായി മാറിയിരിക്കുന്നു. അവര്‍ക്കിടയിലെ മത്സരങ്ങളുടെയും ഇടപാടുകളുടെയും തര്‍ക്കങ്ങളുടെയും കേന്ദ്രബിന്ദുവും അതായി മാറിയിരിക്കുന്നു. വിഭവങ്ങളുടെയും അനുഗ്രഹങ്ങളുടെയും ഔദാര്യത്തിന്റെയും കാര്യത്തില്‍ അടിമകളുടെ ബന്ധം താനുമായി മാത്രമായിരിക്കണമെന്നാണ് അല്ലാഹു താല്‍പര്യപ്പെടുന്നത്.

ധനം അല്ലാഹുവിന്റേതാണ്. ”അല്ലാഹു നിങ്ങള്‍ക്കേകിയ അവന്റെ ധനത്തില്‍നിന്ന് അവര്‍ക്ക് കൊടുക്കുകയും ചെയ്യുക.” എന്നാണ് അത് കൈകാര്യം ചെയ്യാനുള്ള അവകാശം നമുക്ക് നല്‍കികൊണ്ട് അവന്‍ പറയുന്നത്. അതില്‍ ദരിദ്രനും അഗതിക്കും ഓഹരിയവന്‍ നിശ്ചയിച്ചു. എന്നാല്‍ ആ ധനത്തോടുള്ള സ്‌നേഹം മനുഷ്യനെ അതിജയിച്ചിരിക്കുന്നു. എത്ര കിട്ടിയാലും അതവന് മതിയാവുന്നില്ല. കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും അതില്‍ നിന്നും ലഭിക്കുന്നത് അവനെ തൃപ്തനാക്കുന്നില്ല. നബി(സ) പറഞ്ഞു: ”മനുഷ്യപുത്രന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വരയുണ്ടെങ്കില്‍ രണ്ടാമത്തേത് അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ കണ്ണുകളെ നിറക്കുകയില്ല. പശ്ചാത്തപിക്കുന്നവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുന്നു.” (മുസ്‌ലിം)

ധനത്തിന്റെ അവസ്ഥയെ കുറിച്ച് ചിന്തിക്കുമ്പോള്‍ സവിശേഷമായി പ്രകടമാവുന്ന ഒരു കാര്യമുണ്ട്. അതിനെ ഉടമപ്പെടുത്തുന്നന്‍ രണ്ട് നിമിഷത്തില്‍ കൂടുതല്‍ അതാസ്വദിക്കുന്നില്ല എന്നതാണ് വസ്തുത. ഒന്നാമത്തേത് അത് കൈവശം വരുമ്പോള്‍ ആണെങ്കില്‍ അത് ചെലവഴിക്കുന്ന നിമിഷങ്ങളാണ് രണ്ടാമത്തേത്. അതല്ലാത്ത സന്ദര്‍ഭങ്ങളിലെല്ലാം അത് നഷ്ടപ്പെടുമോ എന്ന ആധിയും അത് നിലനിര്‍ത്താനുള്ള തന്ത്രപ്പാടുമാണ്. അത് വര്‍ധിപ്പിക്കാനും ചെലവഴിക്കാതെ പിശുക്കി വെക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് അവന്‍ ചെയ്യുന്നത്. അവസാനം അനന്തരാവകാശികള്‍ക്കായി അതുപേക്ഷിച്ച് പോവുകയാണവന്‍.

നബി(സ) ചോദിച്ചു: സ്വന്തം മുതലിനേക്കാള്‍ തന്റെ അനന്തരാവകാശിയുടെ മുതലിനെ സ്‌നേഹിക്കുന്ന ആരാണ് നിങ്ങളിലുള്ളത്? സഹാബിമാര്‍ പറഞ്ഞു:  അല്ലാഹുവിന്റെ ദൂതരേ, അവനവന്റെ മുതലിനെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നവരല്ലാതെ ആരും ഞങ്ങളില്ല. അപ്പോള്‍ നബി(സ) പറഞ്ഞു: ”ഒരാള്‍ ചെലവഴിച്ചതാണ് അയാളുടെ ധനം, ചെലവഴിക്കാതെ മാറ്റിവെച്ചിരിക്കുന്നതാണ് അനന്തരാവകാശികളുടേത്.” അല്ലയോ മനുഷ്യാ, നീ ദാനം ചെയ്തതും കുടുംബത്തിനും അനാഥകള്‍ക്കും അഗതികള്‍ക്കും മറ്റുമായി ചെലവഴിച്ചതും മാത്രമാണ് നിന്റെ സമ്പത്ത്. നീ ശേഖരിച്ച് സൂക്ഷിച്ച് വെച്ച് അവസാനം വിട്ടേച്ചു പോവുന്നത് അനന്തരാവകാശികളുടെ സമ്പത്താണ്.

അനുവദനീയ മാര്‍ഗങ്ങളിലൂടെ അനീതിയും അക്രമവുമില്ലാതെ ധനം സമ്പാദിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. ‘നിങ്ങളുടെ ധനം നിങ്ങള്‍ അന്യായമായി അന്യോന്യം അധീനപ്പെടുത്തിത്തിന്നരുത്.’ എന്നാണ് ഖുര്‍ആന്റെ അധ്യാപനം. യാചിച്ച് അന്നം കണ്ടെത്തുന്നതിനേക്കാള്‍ എത്രയോ ശ്രേഷ്ഠം അധ്വാനിച്ച് ഭക്ഷിക്കുന്നതാണെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അപ്രകാരം സാമൂഹികാവശ്യങ്ങള്‍ക്കായി സമ്പത്ത് ചെലവഴിക്കുന്നതും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്നത് പോലും പ്രതിഫലാര്‍ഹമായ കാര്യമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

എന്നാല്‍ ധനത്തോടുള്ള സ്‌നേഹം മൂത്ത് ദീനാറിന്റെയും ദിര്‍ഹമിന്റെയും അടിമകളായി മാറുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. ‘ദീനാറിന്റെ അടിമ നശിച്ചിരിക്കുന്നു, ദിര്‍ഹമിന്റെ അടിമയും നശിച്ചിരിക്കുന്നു’ എന്നൊരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞിട്ടുള്ളതായി കാണാം. ഇസ്‌ലാം ധനത്തിന് നല്‍കുന്ന സ്ഥാനം ഒരിക്കലും ഒരു വിശ്വാസിയെ അതിനോട് ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയിലെത്തിക്കുകയില്ല. കാരണം അതിന്റെ ഉടമ അല്ലാഹുവാണ്. പ്രാതിനിധ്യാവകാശം മാത്രമാണ് മനുഷ്യനുള്ളത് എന്നാണവന്‍ വിശ്വസിക്കുന്നത്. വേദനിക്കുന്നവരുടെ വേദനയൊപ്പാനും പ്രയാസപ്പെടുന്നവരുടെ ദുരിതം നീക്കാനുമുള്ളതാണത്.

ദാരിദ്ര്യം ഭയക്കാതെ ചെലവഴിച്ചിരുന്നു എന്നത് പ്രവാചകന്‍(സ)യുടെ ഗുണമായി അദ്ദേഹത്തോടൊപ്പം സഹവസിച്ചിട്ടുള്ള നിരവധി പേര്‍ പറഞ്ഞിട്ടുണ്ട്. ചെലവഴിക്കുന്നതിനേക്കാള്‍ ഉത്തമമായത് തനിക്ക് അല്ലാഹു എത്തിച്ചു തരുമെന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിലുണ്ടായിരുന്നത്. ‘നിങ്ങള്‍ സത്യമാര്‍ഗത്തില്‍ ചെലവഴിക്കുന്ന എന്തിനും അവന്‍ പകരം നല്‍കും.’ എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഇത്തരത്തില്‍ ഉദാരമായി ചെലവഴിച്ചിരുന്ന നബി തിരുമേനിയും കുടുംബവും ദിവസങ്ങളോളം പട്ടിണി കിടന്നിരുന്നു എന്നതാണ് അത്ഭുതകരമായ കാര്യം.

ഏത് അവസ്ഥയിലും വിശ്വാസിയെ ഉദാരനാക്കും വിധം ചെലവഴിക്കാനാണ് ഇസ്‌ലാം പ്രേരിപ്പിക്കുന്നത്. അതിഥിയെ ആദരിക്കല്‍, അയല്‍ക്കാരനെയും ബന്ധുക്കളെയും പരിഗണിക്കല്‍ തുടങ്ങി അതിന്റെ ഏതെല്ലാം രൂപങ്ങളുണ്ടോ അതിനെല്ലാം ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. എത്രത്തോളമെന്നാല്‍ അതിഥിയെ ആദരിക്കല്‍ ഒരാളുടെ വിശ്വാസത്തിന്റെ അടയാളമായിട്ടാണ് ഇസ്‌ലാം എണ്ണുന്നത്.

അപ്രകാരം ചെലവഴിക്കുന്നതിന്റെ മഹത്തായ പ്രതിഫലവും ഇസ്‌ലാം വ്യക്തമാക്കുന്നു: ”ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇരട്ടിപ്പിച്ചുകൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്.” (അല്‍ബഖറ: 261) മറ്റൊരിടത്ത് പറയുന്നു: ”നിങ്ങള്‍ നല്ലതെന്തു ചെലവഴിച്ചാലും അതിന്റെ പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണമായും ലഭിക്കും. നിങ്ങളോടൊട്ടും അനീതി കാണിക്കുകയില്ല.” (അല്‍ബഖറ: 272)

ചെലവഴിക്കുന്നതിലൂടെ സമ്പത്ത് വളരുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രവാചകന്‍ പറഞ്ഞു: ”ഓരോ പ്രഭാതത്തിലും രണ്ട് മലക്കുകള്‍ ഇറങ്ങിവരും. അവരില്‍ ഒരാള്‍ പറയും: അല്ലാഹുവേ, ചെലവഴിക്കുന്നവന് നീ പകരം നല്‍കേണമേ. രണ്ടാമന്‍ പറയും: അല്ലാഹുവേ, ചെലവഴിക്കാതെ സമ്പത്ത് പിടിച്ചുവെക്കുന്നവന് നീ നാശം പ്രദാനം ചെയ്യേണമേ.”

അപ്രകാരം ചെലവഴിക്കാതെ പിശുക്കു കാണിക്കുന്നതിനെ ഇസ്‌ലാം നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. ”അല്ലാഹു തന്റെ അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ പിശുക്കുകാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഗുണമാണെന്ന് ഒരിക്കലും കരുതരുത്. അതവര്‍ക്ക് ഹാനികരമാണ്. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ പിശുക്കു കാണിച്ചുണ്ടാക്കിയ ധനത്താല്‍ അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും.” (ആലുഇംറാന്‍: 180) നബി(സ) പിശുക്കില്‍ നിന്ന രക്ഷതേടി പ്രാര്‍ഥിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. ”അല്ലാഹുവേ, ദു:ഖത്തില്‍ നിന്നും വിഷമത്തില്‍ നിന്നും, അലസതയില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും പിശുക്കില്‍ നിന്നും വാര്‍ദ്ധ്യക്യത്തില്‍ നിന്നും കടബാധ്യതയില്‍ നിന്നും ആളുകളുടെ സ്വേഛാധിപത്യത്തില്‍ നിന്നും നിന്നിലഭയം തേടുന്നു.” എന്നായിരുന്നു ആ പ്രാര്‍ഥന.

Related Post