നമസ്‌കാരം

prayers

നമസ്‌കാരം

‘മത്സ്യം ചീയുന്നത് തലയില്‍ നിന്നാണെങ്കില്‍ മനുഷ്യന്‍ ചീയുന്നത് ഹൃദയത്തില്‍ നിന്നാണ്’ എന്നൊരാപ്തവാക്യമുണ്ട്. ഈ പറയുന്നതിനര്‍ഥം ഹൃദയ നാശം അഥവാ ആത്മനാശം മനുഷ്യനാശത്തിന്റെ കാരണമാണെന്നാണ്. ഇതിന്നടിവരയിട്ടു കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
”തീര്‍ച്ചയായും ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.” (91: 9,10)

മനുഷ്യന്റെ വിജയത്തിന്റെ നിദാനം ആത്മസംസ്‌കരണമാണെന്നര്‍ഥം. ആത്മാവിന്റെ പ്രകൃതമാണ് ആത്മസംസ്‌കരണം നിര്‍ബന്ധമാക്കുന്നത്. മനുഷ്യാത്മാവിന്റെ പ്രകൃതത്തെ പറ്റി ഖുര്‍ആന്‍ പറയുന്നത്: ”അതിന് ധര്‍മാധര്‍മ ബോധം നല്‍കിയിരിക്കുന്നു.” (91:8) എന്നാണ്.

ധര്‍മാധര്‍മ, സത്യാസത്യ, നന്മതിന്മകളുടെ ബോധം മനുഷ്യാത്മാവിന്റെ പ്രത്യേകതയാണ്. ദൈവിക ബോധവും പൈശാചിക ബോധവും മനുഷ്യാത്മാവിനുണ്ടെന്ന് ചുരുക്കം. ദൈവിക ബോധം ശക്തിപ്പെടുമ്പോള്‍ മനുഷ്യന്‍ സത്യത്തിന്റെ, ധര്‍മത്തിന്റെ നന്മയുടെ പാതയിലാണ് ചരിക്കുക. പൈശാചിക ബോധം ശക്തിപ്പെടുമ്പോള്‍ അസത്യത്തിന്റെ, അധര്‍മത്തിന്റെ തിന്മയുടെ പാതയിലായിരിക്കും ജീവിക്കുക.

ദൈവികബോധത്തെ വളര്‍ത്തലാണ് പൈശാചിക ബോധത്തെ തളര്‍ത്താനുള്ള വഴി. അതിനാല്‍ ഖുര്‍ആന്‍ മനുഷ്യനോട് കല്‍പിക്കുന്നു:
”നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്‌കാരം മ്ലേഛകൃത്യങ്ങളില്‍ നിന്നും ദൃര്‍വൃത്തികളില്‍ നിന്നും തടയുന്നതാകുന്നു. ദൈവസ്മരണ ഇതിലേറെ മഹത്തരമത്രെ.” (29:45) നമസ്‌കാരത്തെ ദൈവവുമായുള്ള മനുഷ്യന്റെ കൂടിക്കാഴ്ച്ച എന്നാണ് പ്രവാചകന്‍ വിശേഷിപ്പിച്ചത്.

ദൈവസ്മരണ നമസ്‌കാരത്തിന്റെ മൗലിക ലക്ഷ്യമാണ്. ദൈവസ്മരണ ആത്മശുദ്ധിക്കും ആത്മശുദ്ധി കര്‍മശുദ്ധിക്കും കാരണമാകും. ഒരു കുടത്തില്‍ നിറയെ പാലാണെങ്കില്‍ അതില്‍ നിന്ന് പുറത്തേക്ക് തുളുമ്പി വരുന്നത് പാലായിരിക്കും. ചാരായമാണെങ്കില്‍ തുളുമ്പി വരുന്നത് ചാരായമായിരിക്കും. എന്നതു പോലെ ദൈവസ്മരണയാല്‍ അകം ശുദ്ധമായാല്‍ സല്‍കര്‍മങ്ങളായി അത് പുറത്തുവരും.

ദൈവസ്മരണ സജീവമായി നിലനില്‍ക്കാന്‍ അഞ്ച് നേരത്തെ നമസ്‌കാരമാണ് ഇസ്‌ലാം നിര്‍ബന്ധമാക്കിയിട്ടുള്ളത്. പക്ഷിമൃഗാദികള്‍ ഉണരുന്നതിന് മുമ്പ് മനുഷ്യന്‍ ഉണര്‍ന്ന് ദൈവത്തിന്റെ മുമ്പില്‍ നമസ്‌കരിച്ചാണ് വ്യവഹാരിക ലോകത്തേക്കിറങ്ങേണ്ടത്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ദൈവത്തെ മറക്കാനും സാഹചര്യവശാല്‍ മനുഷ്യന്‍ വഴിതെറ്റാനും സാധ്യതയുണ്ട്. ഈ സാധ്യതയുടെ പഴുതടച്ച് മധ്യാഹ്നത്തിലും പ്രദോഷത്തിനിടയിലും പ്രദോഷത്തിലും നിശാനിദ്രക്ക് മുമ്പും നമസ്‌കാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ അഞ്ചുനേരത്തെ നമസ്‌കാരവും ആത്മാര്‍ഥമായി കൃത്യതയോടെ ഒരാള്‍ നിര്‍വഹിച്ചാല്‍ അയാളിലുണ്ടാവുന്ന മാറ്റത്തെ പ്രവാചകന്‍ ഒരു ഉദാഹരണത്തിലൂടെ അനുയായികളെ പഠിപ്പിച്ചതിങ്ങനെ:
”നിങ്ങളിലാരുടെയെങ്കിലും വീടിനരികിലൂടെ ഒരു നദി ഒഴുകിക്കൊണ്ടിരിക്കുകയും അദ്ദേഹം ദിവസവും അഞ്ചുനേരം അതില്‍ കുളിക്കുകയും ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ?” അനുയായികള്‍ പറഞ്ഞു: ”ഇല്ല, ഒട്ടും അവശേഷിക്കുകയില്ല.” പ്രവാചകന്‍ പറഞ്ഞു: ”അതുപോലെയാണ് അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍. അവ വഴി ദൈവം പാപങ്ങളെ മായ്ച്ചുകളയുന്നു.”

ശരീരത്തെ വൃത്തിയാക്കാന്‍ വെള്ളം ഉപയോഗിക്കാം. ആത്മാവിനെ വൃത്തിയാക്കാന്‍ ദൈവസ്മരണയാണാവശ്യം എന്നര്‍ഥം.

എന്നാല്‍, പള്ളിയില്‍ പോയി അഞ്ച് നേരം നമസ്‌കരിച്ച് പുറത്തിറങ്ങി വൃത്തികേടുകള്‍ കാണിക്കുന്നവരുണ്ടല്ലോ. അവരെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതിതാണ്: ”നമസ്‌കാരക്കാര്‍ക്ക് നാശം” (107:4)

വെള്ളത്തില്‍ മുങ്ങിപൊങ്ങി കുളിച്ചു എന്ന് വരുത്തിത്തീര്‍ക്കുന്നവന്റെ ശരീരം അങ്ങനെ നൂറുതവണ കുളിച്ചാലും വൃത്തിയാവുകയില്ല. ഇതുപോലെ ജനങ്ങളെ കാണിക്കാനും അന്ധവിശ്വാസമായും നമസ്‌കരിക്കുന്നവന്റെ ആത്മാവ് സംസ്‌കരിക്കപ്പെടുകയില്ല. ആത്മാവ് സംസ്‌കരിക്കപ്പെടാത്തവന്റെ കര്‍മവും സംസ്‌കരിക്കപ്പെടുകയില്ല.

സ്രഷ്ടാവായ ദൈവത്തിന്റെ മുമ്പിലുള്ള നിര്‍ബന്ധ നമസ്‌കാരം വ്യക്തിയില്‍ ആത്മസംസ്‌കരണം മാത്രമല്ല സമൂഹത്തില്‍ സാമൂഹ്യസംസ്‌കരണം കൂടി സാധ്യമാക്കുന്നു. ആ വിധമാണ് നിര്‍ബന്ധ നമസ്‌കാരത്തെ ക്രമീകരിച്ചിരിക്കുന്നത്. അതിങ്ങനെയാണ്: നിര്‍ബന്ധ നമസ്‌കാരങ്ങള്‍ സംഘടിതമായി പള്ളിയില്‍ വെച്ചാണ് നടത്തേണ്ടത്. പള്ളിയിലേക്ക് ആദ്യം വരുന്നവര്‍ ആരായാലും അവരായിരിക്കണം ആദ്യ നിരയില്‍. അണിനില്‍ക്കുമ്പോള്‍ തോളോടുതോള്‍ ഉരുമ്മി, വിടവില്ലാതെ നില്‍ക്കണം. ആദ്യ നിര പൂര്‍ത്തിയായാല്‍ പിന്നീട് വരുന്നവര്‍ പിന്നില്‍ അണിനിരക്കണം. ആദ്യ നിരയില്‍ നില്‍ക്കുന്നത് കാക്കയെ പോലെ കറുത്തിരുണ്ട ഒരു സാധാരണക്കാരനാണെങ്കിലും പിറകിലെത്തുന്നത് ഭരണാധികാരിയാണെങ്കിലും ശരി ആ സാധാരണക്കാരന്റെ പിറകില്‍ നില്‍ക്കണം. നമസ്‌കാര വേളയില്‍ ദൈവത്തിന്റെ മുന്നില്‍ തലകുനിക്കുമ്പോള്‍ ഭരണാധികാരിയുടെ തല സാധാരണക്കാരന്റെ കാല്‍ചുവട്ടിലായിരിക്കും വരുന്നത്. മാത്രമല്ല, ഭൂഖണ്ഡങ്ങളുടെ മധ്യം എന്ന് വിശേഷിപ്പിക്കാവുന്ന മക്കയിലെ കഅ്ബാലയത്തിന് അഭിമുഖമായാണ് നമസ്‌കരിക്കേണ്ടത്. അതിനാല്‍ ലോകത്തിന്റെ ഏത് ഭാഗത്ത് നമസ്‌കരിക്കുന്നവരായാലും നേരെ മുമ്പോട്ടു നീങ്ങിയാല്‍ കഅ്ബാലയത്തിലായിരിക്കും ചെന്നെത്തുക.

”മനുഷ്യരേ, നാം നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്.” (49:13) എന്ന ഖുര്‍ആനിലെ ദൈവവചനത്തിന്റെയും ”ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്‍മാരാണ് മനുഷ്യര്‍” എന്ന പ്രവാചക വചനത്തിന്റെയും സാക്ഷാല്‍ക്കാരമാണിവിടെ നടക്കുന്നതെന്ന് ചുരുക്കം.

പിന്‍കുറി: ”നമസ്‌കാരം നമ്മെ ദൈവത്തിലേക്ക് പാതിദൂരമെത്തിക്കും. വ്രതം ദൈവിക കൊട്ടാരത്തിന്റെ കവാടം വരെ നമ്മെ കൊണ്ടുപോകും. ദാനധര്‍മങ്ങളിലൂടെയാണ് അതിലേക്ക് പ്രവേശനം കിട്ടുക.” (പഴമൊഴി)

Related Post