IOS APP

നമസ്കാരം

210px-Salat_positionsനമ്മുടെയിടയിലുള്ള ചിലരുടെ ഒരു പരാതിയാണ് അഞ്ചുനേരം നമസ്കരിക്കാന്‍ അവര്‍ക്ക് ‘സമയമില്ല’ എന്നത്. വേണമെങ്കില്‍ വെള്ളിയാഴ്ച ഒരു ദിവസം ജുമുഅ നമസ്കരിക്കാം എന്നാണവര്‍ പയുന്നത്. അഞ്ചുനേരം നമസ്കരിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരു പണിയുമില്ലാത്ത കുറച്ചുപേരുടെ, പ്രത്യേകിച്ച് വയസ്സന്മാരുടെ മാത്രം ഒരു ബാധ്യതയാണെന്നാണ് അവരുടെ മനസ്സിലെ ധാരണ. സമയമില്ല എന്ന വാദത്തില്‍ എന്തുമാത്രം കഴമ്പുണ്ടെന്ന് നമുക്കൊന്നു പരിശോധിക്കാം. വാസ്തവത്തില്‍, നമസ്കാരം ഒഴിവാക്കാന്‍ തക്ക തിരക്കുള്ള ഒരു മനുഷ്യന്‍ ഈ ലോകത്തുണ്ടെന്ന് തോന്നുന്നില്ല. 24 മണിക്കൂറും ജോലിയുള്ള, ഒരഞ്ചു മിനിറ്റു പോലും ഒഴിവില്ലാതെയുള്ള ഒരു മനുഷ്യന്‍ ലോകത്തുണ്ടോ? അഥവാ, അങ്ങനെയുള്ള ഒരു മനുഷ്യന് എത്രനാള്‍ ആയുസ്സുണ്ടാകും? ഉറക്കമില്ലാത്ത അവന്റെ ഹൃദയം അധികം താമസിയാതെ നിലച്ചുപോകും. നമ്മുടെ നാട്ടിലെ ഒരാളുടെ സാധാരണ ജോലി സമയം എട്ടു മണിക്കൂറാണ്. കൂടിയാല്‍, 12 മണിക്കൂറും. ശേഷിക്കുന്ന സമയത്ത് അവന് നിര്‍ബന്ധമായും ഉറങ്ങേണ്ടത് ആറു മണിക്കൂറാണ്. ഇത്രയും സമയം മാറ്റിവെച്ചാല്‍, എത്ര മണിക്കൂറാണ് അവന്‍ വെറുതെ സമയം കളയുന്നത്! പലരുമായും സംസാരിക്കാനും, ടെലിവിഷന്‍ പരിപാടികള്‍ കാണാനും മറ്റും നീക്കിവെയ്ക്കുകയാണ് ഈ സമയം മുഴുവനും.

ഒരു നേരത്തെ നമസ്കാരത്തിന് നമുക്ക് വേണ്ടത് വെറും പത്തു മിനിറ്റാണ്. തിരക്കുണ്ടെങ്കില്‍, വെറും മൂന്നോ നാലോ മിനിറ്റുകൊണ്ട് നമുക്ക് നമസ്കരിക്കാം. ഒരു ദിവസം, അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്കാരത്തിന് നമുക്ക് മൊത്തം മുക്കാല്‍ മണിക്കൂര്‍ പോലും വേണ്ട. ഉറക്കത്തില്‍ നിന്നെണീറ്റ് അതേ നിമിഷത്തില്‍ത്തന്നെ ജോലിയ്ക്കു പോകുന്നവരാരുമില്ല. ആയതുകൊണ്ട്, അവന് അഞ്ചു മിനിറ്റെടുത്ത് ‘സുബ്ഹ്’ നമസ്കരിക്കാം. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ സമയമില്ലാതെ, തുടര്‍ച്ചയായി ജോലിയുള്ള ആരെങ്കിലുമുണ്ടോ? അതുകൊണ്ട്, അവന് ‘ളുഹര്‍’ നമസ്കരിക്കാം. കൂടാതെ, മിക്കവാറും പേരുടെ ജോലി സമയം 5 മണിക്ക് അവസാനിക്കും. ജോലി കഴിഞ്ഞതിനുശേഷം 6 മണിയ്ക്കുള്ളില്‍ അവന് അസര്‍ നമസ്കരിക്കാം. ശേഷിച്ച രണ്ട് നമസ്കാരങ്ങളും 6 മണിയ്ക്കു ശേഷമാണ്. അതിന് തീര്‍ച്ചയായും അവന് സമയം കണ്ടെത്താം. ളുഹര്‍ നമസ്കാരത്തിന്റെ സമയം ഏതാണ്ട് ഉച്ചയ്ക്ക് പന്ത്രണ്ടര മണി മുതല്‍മൂന്നര മണി വരെയാണ്. ഈ മൂന്നു മണിക്കൂറിനുള്ളില്‍ ഒരഞ്ചുമിനിറ്റ് സമയം നമുക്ക് കണ്ടെത്താനാവില്ലേ? ഇതുപോലെ തന്നെ ഇശാ നമസ്കാരത്തിന്റെ സമയം മറ്റ് നമസ്കാരസമയങ്ങളെക്കാള്‍ ദീര്‍ഘമാണ്. ഈ ദീര്‍ഘമായ ഒമ്പതു മണിക്കൂറിനുള്ളില്‍ ഒരു അഞ്ചുമിനിറ്റ് ഇശാ നമസ്കരിക്കാന്‍ മാറ്റി വെയ്ക്കാന്‍ പറ്റാത്തവരുണ്ടോ? വേണ്ടത്ര സാഹചര്യങ്ങളില്ലെങ്കില്‍ നമസ്കരിക്കാന്‍ പള്ളിയില്‍ത്തന്നെ പോകണമെന്നില്ല. എത്ര തിരക്കുള്ള അവസ്ഥയായാലും, ജോലിസ്ഥലത്തോ, റൂമിലോ, കടയിലോ എവിടെയായാലും, അഞ്ചുമിനിറ്റ് സമയം കണ്ടെത്തി, ഒരു പേപ്പര്‍ വിരിച്ച് നമസ്കരിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ഇനി അഥവാ ഏതെങ്കിലും കാരണവശാല്‍, നമുക്ക് ഒരു നമസ്കാരത്തിന് സൌകര്യവും സന്ദര്‍ഭവും ഒത്തു കിട്ടിയില്ലെങ്കില്‍ത്തന്നെ, സമയം കിട്ടിയാലുടന്‍ അത് നമസ്കരിക്കാം.

ഇസ്ലാമിന്റെ നിലനില്‍പ്പിനായി നടന്ന, ദിവസങ്ങള്‍ നീണ്ട ഘോരയുദ്ധങ്ങളില്‍ പോലും, നബി(സ) യും സഹാബാക്കളും ഒരു നേരത്തെ നമസ്കാരം പോലും ഖളാഅ് ആക്കിയിട്ടില്ല. യുദ്ധങ്ങള്‍ നടക്കുമ്പോള്‍, കുറച്ച് പേര്‍ പിന്നിലേയ്ക്ക് മാറി നമസ്കരിക്കുമ്പോള്‍, മറ്റുള്ളവര്‍ യുദ്ധം ചെയ്യുകയായിരുന്നു. ഇവര്‍ നമസ്കരിച്ചതിനുശേഷം യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, വേറെ കുറച്ചുപേര്‍ നമസ്കരിക്കാന്‍ ഓടുകയായിരുന്നു. ഇവരുടെ അനുയായികളായ നമുക്ക് സമയമില്ല പോലും. തിരക്കുള്ള ഒരുവന്റെ നമസ്കാരമാണ് അല്ലാഹുവിനേറ്റവുമിഷ്ടം. ഇത്ര തിരക്കനിടയിലും തന്നെ ഓര്‍ക്കാന്‍ ശ്രമിച്ച, ആ ദാസനെ അല്ലാഹു അനുഗ്രഹിക്കാതിരിക്കുമോ? മാത്രമല്ല, തിരക്കുള്ള സമയങ്ങളില്‍, തിരക്ക് അല്പമൊന്നൊഴിയുമ്പോള്‍, അഞ്ചുമിനിറ്റ് കണ്ടെത്തി നമസ്കരിച്ചാല്‍, ഒരു ഊര്‍ജ്ജപ്രവാഹം കൊണ്ട് ഉന്മേഷവും ഉല്‍സാഹവും വര്‍ദ്ധിക്കുന്നത് നമുക്ക് അനുഭവിച്ചറിയാം.
സ്ത്രീകളുടെ കാര്യം നോക്കൂ. മിക്സി, സ്റൌ തുടങ്ങിയ ധാരാളം ഉപകരണങ്ങളുടെ വരവോടുകൂടി, സ്ത്രീകള്‍ക്ക് അടുക്കളയില്‍ ധാരാളം അധ്വാനവും സമയവും ലാഭിക്കാനായിരിക്കുന്നു. രാവിലെ മുതല്‍ രാത്രിവരെ നീളുന്ന ടെലിവിഷന്‍ സീരിയലുകള്‍ കാണലാണ് ഇപ്പോഴവരുടെ പ്രധാന പണി. ഇതുമൂലം അവര്‍ക്കും സമയമില്ല എന്ന കാരണം പറയാം. 24 മണിക്കൂറും ടെലിവിഷനില്‍ പരിപാടികളുണ്ടല്ലോ! ദിവസവും മൂന്നോ നാലോ നേരം നമ്മള്‍ ഭക്ഷണം മുടക്കുന്നുണ്ടോ? തിരക്കുമൂലം കുറച്ച് വൈകും എന്നല്ലാതെ ആരെങ്കിലും ഭക്ഷണം ഒഴിവാക്കാറുണ്ടോ? അതുപോലെ തന്നെയാണ്, ഒരു മുസ്ലിമിന് അഞ്ചുനേരത്തെ നമസ്കാരം. നമുക്ക് ഭക്ഷണംകിട്ടാനും അത് കഴിക്കാനും അനുഗ്രഹിച്ച നാഥനെ ഒന്നു സ്തുതിക്കാനും ഒരു സമയംകണ്ടെത്തണം. ഭക്ഷണം പോലെത്തന്നെ, നമസ്കാരവും ഒഴിവാക്കാനാകാത്ത ഒരുചര്യയായി, ജീവിതത്തിന്റെ ഭാഗമായി മാറ്റണം.

നമസ്കാരം നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു അനുഷ്ഠാനമാണ്. ബുദ്ധിയുള്ള, പ്രായപൂര്‍ത്തിയായ ഒരുവന് അഞ്ചുനേരത്തെ നമസ്കാരം നിര്‍ബന്ധമാണ്. അല്ലെങ്കില്‍, അവനെ ഒരു മുസ്ലിമായി അല്ലാഹു കണക്കിലെടുക്കില്ല. നിന്ന് നമസ്കരിക്കാന്‍ കഴിയാത്തവര്‍ ഇരുന്ന് നമസ്കരിക്കുക. അതിന് കഴിയാത്തവര്‍ കിടന്ന് നമസ്കരിക്കുക. ഇനി തീരെ തളര്‍ന്ന് കിടപ്പിലായ, അല്‍പ്പം മാത്രം ഓര്‍മ്മയുള്ള ഒരുവ്യക്തി, കണ്ണുകൊണ്ട് ആംഗ്യം കാണിച്ചിട്ടായാലും നമസ്കരിക്കണമെന്ന് ഇസ്ലാം കല്‍പ്പിക്കുന്നു. നമസ്കാരം ഒരിക്കലും മുടക്കാന്‍ കഴിയാത്ത ഒരു അനുഷ്ഠാനമാണെന്നറിയാന്‍ ഇതില്‍ കൂടുതലെന്തുവേണം? എന്നിട്ടും, നമ്മള്‍ തിരക്കാണെന്ന് അവകാശപ്പെടുന്നു. സമയമില്ലെന്ന് പറഞ്ഞ് സ്വയം സമാധാനിക്കുന്നു. ഈ തിരക്കുള്ള ആള്‍ക്കാര്‍, ഒരു ദിവസം ലീവ് കിട്ടി ഒരുപണിയുമില്ലാതെ വെറുതെ വീട്ടില്‍ ഇരുന്നാല്‍ പോലും ഒരു നേരം നമസ്കരിക്കുകയില്ല. ഈ സമയമില്ലാത്ത ആള്‍ക്കാരും മരിക്കും. നാളെ പരലോകത്ത് വിചാരണ നടക്കുമ്പോള്‍ ആദ്യമായി ചോദിക്കപ്പെടുക നമസ്കാരത്തെക്കുറിച്ചാണ്. അപ്പോള്‍ ഇവര്‍ ഞങ്ങള്‍ക്ക് ഭൂമിയില്‍ വളരെ തിരക്കായിരുന്നു പടച്ചവനേ, നിനക്കുവേണ്ടി നമസ്കരിച്ചിരുന്നവരെല്ലാം ഒരു പണിയുമില്ലാത്തവരായിരുന്നല്ലോ! എന്നാണോ പറയാന്‍പോകുന്നത്? സമയമില്ലായ്മയല്ല യഥാര്‍ത്ഥ പ്രശ്നം. നമ്മുടെ മടിയാണ് യഥാര്‍ത്ഥ കാരണം. ഈ മടി മൂലമുള്ള സമയമില്ലായ്മ നമ്മള്‍ ഇന്നു തന്നെ മാറ്റണം. കാരണം, ഇത് നമ്മളെക്കൊണ്െടത്തിക്കുന്നത് കത്തിയാളുന്ന നരകത്തിലായിരിക്കും. അവിടത്തെ ഒരിക്കലും അവസാനിക്കാത്ത ശിക്ഷകള്‍ നേരിടുമ്പോള്‍ നമുക്ക് ഒരു തിരക്കും ഉണ്ടാവില്ല.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.