നരകം

Originally posted 2015-12-22 17:46:56.

നരകം

നാം ചെയ്യുന്ന കര്‍മങ്ങള്‍ വിചാരണക്ക് വിധേയമാണ് അല്ലങ്കില്‍ പിന്നെ കര്‍മങ്ങള്‍ എന്തിനാണ്?

 നരകം

 

ഇഹലോക ജീവിതത്തില്‍ സത്യം, ധര്‍മം, നീതി തുടങ്ങിയ മൂല്യങ്ങളെ തള്ളിപ്പറഞ്ഞ അധര്‍മികള്‍ക്ക് മരണാനന്തരം ദൈവത്തില്‍ നിന്നുള്ള ശിക്ഷയുടെ ലോകമാണ് നരകം. ഖുര്‍ആന്‍ അത് സംബന്ധമായി പറയുന്നു:
‘എന്നാല്‍ അധര്‍മം പ്രവര്‍ത്തിച്ചവരുടെ താവളം നരകമാണ്. അവരതില്‍നിന്ന് പുറത്തുകടക്കാനാഗ്രഹിക്കുമ്പോഴെല്ലാം അവരെ അതിലേക്കുതന്നെ തിരിച്ചയക്കും. അവരോടിങ്ങനെ പറയും: ”നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന ആ നരകശിക്ഷ ആസ്വദിച്ചുകൊള്ളുക.’ (32:20)

നരകത്തെ സൂക്ഷിക്കാന്‍ ബൈബിള്‍ ആവശ്യപ്പെടുന്നത് ഇങ്ങനെ കാണാം.
‘നിന്റെ കൈ നിനക്ക് ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളയുക; ഊനനായി ജീവനില്‍ കടക്കുന്നതു രണ്ടു കൈയ്യുള്ളവന്‍ ആയി കെടാത്ത തീയായ നരകത്തില്‍ പോകുന്നതിനേക്കാള്‍ നിനക്കു നല്ലു…’ (മാര്‍ക്കോസ് 9:44)

ഭഗവദ് ഗീത 16:16 ല്‍ നരകത്തെപ്പറ്റി പറയുന്നു:
‘ഇങ്ങനെ പലവിധം ആകാംക്ഷകളില്‍പ്പെട്ട് വലഞ്ഞും വ്യാമോഹത്തിന്റെ വലയില്‍ കുടുങ്ങിയും ഇന്ദ്രിയസുഖങ്ങളില്‍ അത്യാസക്തരായി, അവര്‍ നരകത്തില്‍ വീഴുന്നു.’ (എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദര്‍, ഭഗവദ് ഗീതാ യഥാരൂപം, ഭക്തി വേദാന്ത ബുക് ട്രസ്റ്റ് – 1986)

ഇങ്ങനെ നരകീയ ജീവിതാവസ്ഥയെ സംബന്ധിച്ച് പലവിധത്തില്‍ ഖുര്‍ആന്‍ വിവരിച്ചതായി കാണാം.
‘തങ്ങളുടെ നാഥനെ നിഷേധിക്കുന്നവര്‍ക്ക് നരകശിക്ഷയാണുള്ളത്. മടങ്ങിച്ചെല്ലാനുള്ള ആ ഇടം വളരെ ചീത്തതന്നെ. അതിലേക്ക് എറിയപ്പെടുമ്പോള്‍ അതിന്റെ ഭീകര ഗര്‍ജനം അവര്‍ കേള്‍ക്കും. അത് തിളച്ചുമറിയുകയായിരിക്കും. ക്ഷോഭത്താല്‍ അത് പൊട്ടിത്തെറിക്കാറാകും.’ (67: 6-8)
‘അവനോ, കഠിനമായ നരകത്തീയില്‍ കിടന്നെരിയുന്നവന്‍. പിന്നീട് അവനതില്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല.’ (87: 12,13)
‘നമ്മുടെ പ്രമാണങ്ങളെ തള്ളിക്കളഞ്ഞവരെ നാം നരകത്തീയിലെറിയും; തീര്‍ച്ച. അവരുടെ തൊലി വെന്തെരിയുമ്പോള്‍ അവര്‍ക്ക് നാം പകരം ചര്‍മങ്ങള്‍ നല്‍കും. അവര്‍ ശിക്ഷ അനുഭവിക്കുന്നതിന് വേണ്ടി.’ (4:56)
‘തിളച്ചു മറിയുന്ന ഉറവയില്‍നിന്നാണവര്‍ക്ക് കുടിക്കാന്‍ കിട്ടുക. കയ്പുള്ള മുള്‍ചെടിയില്‍ നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല.’ (88: 5,6)
‘വ്രണങ്ങളില്‍ നിന്നെടുക്കുന്ന ദുര്‍നീരല്ലാതെ ആഹാരമില്ല. പാപികളല്ലാതെ അതു തിന്നുകയില്ല.’ (69: 36, 37)
‘അവരവിടെ കുടിപ്പിക്കപ്പെടുക കൊടും ചൂടുള്ള വെള്ളമായിരിക്കും. അതവരുടെ കുടലുകളെ കീറിപ്പൊളിക്കും.’ (47:15)
‘അവര്‍ക്ക് താഴെ തീയുടെ വിരിപ്പ്. മീതെ തീയുടെ പുതപ്പ്. ഇങ്ങനെയാണ് അക്രമികള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.’ (7:41)
‘തീ അവരുടെ മുഖങ്ങളെ കരിച്ചു കളയും. അവരതില്‍ പല്ലിളിച്ചു കിടക്കുന്നവരായിരിക്കും.’ (23:104)
‘സംശയമില്ല; കുറ്റവാളികള്‍ നരക ശിക്ഷയില്‍ എന്നെന്നും കഴിയേണ്ടവരാണ്. അവര്‍ക്കതിലൊരിളവും കിട്ടുകയില്ല. അവരതില്‍ നിരാശരായി കഴിയേണ്ടി വരും.’ (43: 74,75)

നരകീയ ജീവിതത്തിന്റെ ഭയാനകത പലവിധത്തില്‍ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. സ്വര്‍ഗം ഒരു യാഥാര്‍ഥ്യമാണെന്ന പോലെ നരകവും ആണെന്നതിനാല്‍ പ്രവാചകന്‍ ഏറ്റവും അധികം പ്രാര്‍ഥിക്കാറുണ്ടായിരുന്നത്:
‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കു നീ ഇഹലോകത്ത് നല്ലതു തരേണമേ, പരലോകത്തും നല്ലതു തരേണമേ, ഞങ്ങളെ നീ നരകശിക്ഷയില്‍ നിന്ന് രക്ഷിക്കുകയും ചെയ്യേണമേ’ എന്നാണ്.

HELL 3

നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക. ഒരു ചീള് കാരക്ക കൊണ്ടെങ്കിലും. അതു കിട്ടാനില്ലെങ്കില്‍ ഒരു നല്ല വാക്കു കൊണ്ടെങ്കിലും.’

‘ എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് നരകമുക്തിക്കായി പണിയെടുക്കാന്‍ പ്രവാചകന്‍ പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്.

പിന്‍കുറി: ഒരു സ്ത്രീ പൂച്ചക്ക് ഭക്ഷണം നല്‍കാതെ കെട്ടിയിടുകയും അത് മരണമടയുകയും ചെയ്തതിനാല്‍ അവള്‍ നരകാവകാശിയായി എന്ന് പഠിപ്പിച്ച പ്രവാചകന്‍ ജീവകാരുണ്യമാണ് ദൈവകാരുണ്യം ലഭിക്കാനുള്ള മുഖ്യ മാനദണ്ഡം എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
‘ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.’ എന്ന നബിവചനം അതിനടിവരയിടുകയും ചെയ്യുന്നു.

Related Post