പരലോകം

Originally posted 2014-03-30 15:10:26.

 

ഞാന്‍, ഞങ്ങള്‍, നീ, നിങ്ങള്‍ എന്നൊക്കെ നാം പറയാറുണ്ടല്ലോ. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? നമ്മുടെ ശരീരമാണോ? ഒരിക്കലുമല്ല. ജീവന്‍ നഷ്ടപ്പെടുന്നതോടെ ഞാനും നീയും ഇല്ലാതാകുന്നു. അപ്പോള്‍ പിന്നെ എന്താണ്? ജീവനാണോ? എങ്കില്‍ എന്താണ് ജീവന്‍? ജീവനുള്ളതെല്ലാം മനുഷ്യനല്ലല്ലോ. സന്തോഷം, ദുഃഖം, സ്നേഹം, വെറുപ്പ് പോലുള്ള വികാരങ്ങള്‍ നാം അനുഭവിക്കാറുണ്ട്. സ്നേഹിക്കുകയും വെറുക്കുകയും സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നത് ജീവനാണോ? സസ്യങ്ങളുള്‍പ്പടെ ജീവനുള്ളവക്കെല്ലാം ഇത്തരം വികാരങ്ങളുണ്ടോ?
ഇവ്വിധമുള്ള അന്വേഷണങ്ങള്‍ മനുഷ്യന് ശരീരവും ജീവനും മാത്രമല്ല ഉള്ളതെന്ന സത്യം നമ്മെ ബോധ്യപ്പെടുത്തും. ശരീരത്തെ ചൈതന്യവത്താക്കുന്നത് ആത്മാവാണ്. സ്നേഹം, ദുഃഖം പോലുള്ള വികാരങ്ങള്‍ അതിന്റെ ഓരോ‘ഭാഗമാണ്. ഇത്തരം വികാരങ്ങള്‍ വിശകലനം ചെയ്യാനാവില്ലല്ലോ. നാം മാതാവിനെയും സഹോദരിയെയും ഭാര്യയെയും മകളെയും അയല്‍ക്കാരനെയും ‘ഭക്ഷണത്തെയും കളിയെയും സനേഹിക്കാറുണ്ട്. ഈ സ്നേഹമെല്ലാം ഒരുപോലെയല്ല. ഒരു സ്നേഹത്തെ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിക്കുന്നതെന്തന്നും എങ്ങനെയെന്നും ആര്‍ക്കും വിശദീകരിക്കാനാവില്ല. അപ്രകാരം തന്നെ അത്തരം വികാരങ്ങളുടെ പ്രഭവകേന്ദ്രമായ ആത്മാവും എന്തെന്ന് വിശദീകരിക്കാനാവില്ല. ഖുര്‍ആന്‍ പറയുന്നു: ആത്മാവിനെകുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; ആത്മാവ് എന്റെ നാഥന്റെ വരുതിയിലുള്ള കാര്യമാണ്. വിജ്ഞാനത്തില്‍നിന്ന് വളരെകുറച്ചേ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ. (ഖുര്‍ആന്‍ 17:85)
ശാരീരികപങ്കാളിത്തമില്ലാതെ തന്നെ ആത്മീയാനുഭവങ്ങളുണ്ടാവാറുണ്ട്. സ്വപ്നം ഏറ്റം നല്ല ഉദാഹരണമാണ്. സ്വപ്നത്തില്‍ പാമ്പുകടിച്ചതായോ വീണ് കാലുമുറിഞ്ഞതായോ സ്വപ്നം കണ്ടാല്‍ ആത്മാവ് അതിന്റെ വേദനയും ദുഃഖവും അനുഭവിക്കുന്നു. പഞ്ചേന്ദ്രിയബാഹ്യമാണല്ലോ സ്വപ്നം.

1187248_579127748812989_1511902103_n
ആത്മാവിന് നാശമില്ല. മരണത്തോടെ അത് ശരീരത്തില്‍ നിന്ന് വേര്‍പിരിയുന്നുവെന്നുമാത്രം. അതോടെ അതനശ്വരത നേടുകയും ചെയ്യുന്നു. അതോടൊപ്പം ഒരു വസ്തുത നാം തിരിച്ചറിയുന്നു. മനുഷ്യ ജീവിതമിവിടെ വളരെ ഹ്രസ്വമാണ്. മഹാഭാരതം പറയുന്നപോലെ ചുട്ടുപഴുത്ത ഇരുമ്പില്‍ പതിക്കുന്ന വെള്ളത്തുള്ളിപോലെ ക്ഷണികം.

മനുഷ്യരെല്ലാം മരണത്തിലൂടെ ‘ഭൂമുഖത്ത്നിന്ന് തിരോഭവിക്കുന്നു. തങ്ങളുടെ കര്‍മഫലം ഏറ്റുവാങ്ങിക്കൊണ്ടല്ല ആരും മരണമടയുന്നത്. അനേകായിരം മനുഷ്യരെ കൊന്ന കൊലയാളികളും കൊടും ക്രൂരന്മാരും ഈ ലോകത്തുണ്ടായിട്ടുണ്ട്. അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. ഒരാളെ കൊന്നാല്‍ പരമാവധി നമുക്കയാളെ പകരം കൊല്ലാന്‍ സാധിച്ചേക്കാം. പക്ഷേ, അങ്ങനെ നാം കൊല്ലുന്നത് കൊണ്ട്മാത്രം നീതി നടപ്പാക്കപ്പെടും എന്ന് പറയുക സാധ്യമല്ല. ഞാന്‍ കൊല്ലപ്പെട്ടാല്‍ അതിന്റെ പ്രയാസം അനുഭവിക്കുന്നത് എന്റെ സഹധര്‍മ്മിണിയും മക്കളുമാണ്. എന്നെ കൊന്ന കൊലയാളിക്ക് വധശിക്ഷ വിധിക്കുന്നതുകൊണ്ടുമാത്രം അവരനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കപ്പെടുകയില്ല. ആരാണോ കൊല്ലപ്പെടുന്നത് അവരിലൂടെ കഷ്ട നഷ്ടങ്ങള്‍ അനുഭവിക്കപ്പെടുന്നവര്‍ക്ക് ഘാതകന്‍ വധിക്കപ്പെടുന്നത് പരിഹരമായി മാറുന്നില്ല. എന്നിട്ടും നീതിന്യായ കോടതികളും നിയമനടപടികളും വേണ്ടിവന്നത് ‘ഭൂമിയില്‍ സമാധാനം സ്ഥാപിക്കാന്‍ അതനിവാര്യമായതിനാലാണ്.

ഏതൊരാളും നീതി നടക്കണമെന്ന് കൊതിക്കുന്നു. അതേ സമയം, ഒരിക്കലും ഇവിടെ നിഷ്കൃഷ്ടമായ നീതി നടപ്പാക്കുക സാധ്യമല്ല. പത്തും നൂറും ആയിരവും പതിനായിരവും ലക്ഷവും കോടിയും ആളുകളെ കൊന്നവരെ ആര്‍ക്കാണ് ഇവിടെ ശിക്ഷിക്കാന്‍ കഴിയുക? അതുപൊലെതന്നെ നന്മ ചെയ്തവര്‍ക്ക് അര്‍ഹമായ രക്ഷയും ഇവിടെ ലഭിക്കാറില്ല. ഇത് രണ്ടും കിട്ടണമെന്ന് കൊതിച്ചുകൊണ്ടിരിക്കെത്തന്നെ അതു നടക്കാതെ, മനുഷ്യജീവിതം ഇവിടെ ഒടുങ്ങുകയാണ്. എത്ര അദ്ഭുതകരമായ ഒരു സൃഷ്ടി സംവിധാനത്തിന്റെ പര്യവസാനമാണിത് എന്നുകൂടി നാം ഓര്‍ക്കേണ്ടതുണ്ട്.

മനുഷ്യന്റെ ഘടന ഒരു നിമിഷമൊന്ന് ആലോചിച്ചു നോക്കൂ നാം ജീവിക്കുന്ന ലോകത്ത് 600 കോടിയിലേറെ മനുഷ്യരുണ്ട്. ഒരേ വായു ശ്വസിക്കുകയും വെള്ളം കുടിക്കുകയും ഒരേ ഭൂമിക്കു മുകളില്‍ സൂര്യനു കീഴെ കഴിയുകയും ചെയ്യുന്ന ഈ 600 കോടി മനുഷ്യരില്‍ ഒരാള്‍ക്കും മറ്റൊരാളെപ്പോലെയുള്ള മുഖമില്ല. രണ്ട് കൈകൊണ്ട് പൊത്തിയാലൊതുങ്ങുന്ന കൊച്ചു സ്ഥലമാണല്ലോ മനുഷ്യന്റെ മുഖം. എന്നാല്‍ നമ്മെപ്പോലെ മറ്റാരെങ്കിലുമുണ്ടോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഹജ്ജ് വേളയില്‍ ഒത്തുകൂടുന്നു. നമ്മുടെ നാട്ടുകാരെ അവിടെ കണ്ടാല്‍ നാം നിഷ്പ്രയാസം അവരെ തിരിച്ചറിയുന്നു. ശബരിമലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ലക്ഷങ്ങള്‍ ഒത്തുകൂടിയാല്‍ നാം നമ്മുടെ നാട്ടുകാരനെ പ്രയാസമില്ലാതെ മനസ്സിലാക്കുന്നു. കാരണം അവരെപ്പോലെ, നമ്മെപ്പോല ഇവിടെ വേറെ ആരുമില്ല. ഒരു നിമിഷം നിങ്ങള്‍ നിങ്ങളുടെ കൈവിരലുകളിലേക്കൊന്ന് സൂക്ഷിച്ചുനോക്കൂ! നിങ്ങളുടെ തള്ളവിരല്‍! എത്ര ചെറുതാണാ പ്രദേശം! സമര്‍ത്ഥനായ ഒരു ചിത്രകാരന് അത്ര ചെറിയ സ്ഥലത്ത് ഒരു വസ്തുവിന്റെ എത്ര രൂപം ഉണ്ടാക്കാന്‍ കഴിയുമെന്ന് ഒരു നിമിഷം ആലോചിച്ചുനോക്കൂ.! എന്നാല്‍ ലോകത്ത് 600 കോടിയിലേറെ മനുഷ്യരുണ്ട്. എന്നിട്ടും ഈ 600 കോടി മനുഷ്യരില്‍ ഒരാള്‍ക്കും മറ്റൊരാളുടേതുപോലൊരു കൈവിരലില്ല. എന്നല്ല മരിച്ചുപോയ കോടാനുകോടി മനുഷ്യരിലോ, ജനിക്കാനിരിക്കുന്ന കോടാനുകോടിയിലോ ആര്‍ക്കും നമ്മുടേതുപോലൊരു കൈവിരല്‍ ഇല്ല; ഉണ്ടാവുകയുമില്ല. അതുകൊണ്ടാണല്ലോ, പ്രമാണങ്ങളില്‍ തെളിവിനായി നമ്മുടെ കൈവിരലടയാളങ്ങള്‍ രേഖപ്പെടുത്തുന്നത്. 14 നൂറ്റാണ്ടുമുമ്പ് പ്രപഞ്ചനാഥന്‍ പറഞ്ഞു. “മനുഷ്യന്റെ വിരല്‍ക്കൊടി വരെ കൃത്യമായി നിര്‍മ്മിക്കാന്‍ കഴിയുന്നവനല്ലോ നാം” ” (ഖുര്‍ആന്‍ 75:4)

കൈവിരലുകളുടെ ഈ സവിശേഷത ശാസ്ത്രീയമായി മനസ്സിലാക്കുന്നതിന് നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഖുര്‍ആന്‍ അതിലേക്കു വെളിച്ചം വീശിയിട്ടുണ്ടെന്നര്‍ത്ഥം. നമ്മുടെ ഓരോരുത്തരുടേയും തലയില്‍ പതിനായിരക്കണക്കിന് മുടിയുണ്ട്. എന്നാല്‍ ലോകത്തിലെ അറുനൂറുകോടിയുടെ തലയിലെ പതിനായിരക്കണിന് മുടിയില്‍ നിന്ന്, അഥവാ ലോകത്തിലെ കോടാനുകോടി തലമുടിയില്‍നിന്ന് പരിശോധനയിലൂടെ വേര്‍തിരിച്ചറിയാന്‍ കഴിയുന്നതാണ് നമ്മുടെ ഓരോരുത്തരുടേയും തലമുടി. അപ്രകാരം തന്നെ നമ്മുടെ സിരകളിലൂടെ പതിനായിരക്കണക്കിന് തുള്ളിരക്തം ഒഴുകിക്കൊണ്ടേയിരിക്കുന്നു. എന്നിട്ടും ലോകത്തിലെ അറുനൂറുകോടി മനുഷ്യരുടെ സിരകളിലൂടെ ഒഴുകുന്ന അസംഖ്യം രക്തകണങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് നമ്മുടെ ശരീരത്തിലെ ഓരോ തുള്ളി ചോരയും. നമ്മുടെ ഓരോരുത്തരുടേയും ശരീരത്തില്‍ ഓരോ ഗന്ധമുണ്ട്. ഒരാളുടെ ശരീരത്തിലെ ഗന്ധംപോലെ, മറ്റാരുടേയും ശരീരത്തിന് ഗന്ധമില്ല. അത്കൊണ്ടാണല്ലോ, കുറ്റവാളികളെ പിടികൂടാന്‍ പരിശീലനം സിദ്ധിച്ച നായ്ക്കള്‍ മനുഷ്യശരീരത്തിന്റെ വാസനയെ ഉപയോഗപ്പെടുത്തുന്നത്. ഇത്രമാത്രം ശാസ്ത്രീയവും ആസൂത്രിതവുമായാണ് സൃഷ്ടികര്‍മ്മം നടന്നുവെന്ന് ഇതൊക്കെയും അസന്നിഗ്ധമായി വ്യക്തമാക്കുന്നു. ഇത്രയേറെ വിദഗ്ദമായി സംവിധാനിക്കപ്പെട്ട മനുഷ്യന്റെ അന്ത്യം അര്‍ത്ഥശൂന്യവും അനീതിപരവുമായിത്തീരുക തീരെ സംഭവ്യമല്ല. അതിനാല്‍, നീതിപൂര്‍വ്വമായ ഒരു പര്യവസാനം ഉണ്ടാകേണ്ടതുണ്ട്.

മനുഷ്യന്‍ അവന്റെ കര്‍മഫലം അനുഭവിക്കുകതന്നെ വേണം. അതാണ് നീതിയുടെ തേട്ടം. അതേസമയം, ഭൂമിയില്‍ വെച്ചത് സാധ്യമല്ല എന്ന് നാം മനസ്സിലാക്കുന്നു. ഇസ്ലാം നമ്മോട് പറയുന്നു: മരണം എല്ലാറ്റിന്റെയും അന്ത്യമല്ല; മറിച്ച് അതൊരു മാറ്റം മാത്രം. ജീവിതം അവിരാമം തുടരുകതന്നെ ചെയ്യും. മരണശേഷം മറുലോകത്ത് വച്ചാണ് മനുഷ്യന്ന് അവന്റെ കര്‍മ്മഫലം അനുഭവിക്കേണ്ടി വരിക. ഓരോ മനുഷ്യന്നും അവന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഉണ്ടാവുക. “”ഓരോ മനുഷ്യനും അവന്‍ സമ്പാദിച്ചതിനു ബാധ്യസ്ഥനാണ് ” (ഖുര്‍ആന്‍ 74:38) “” ആരെങ്കിലും അണു അളവ് നന്മചെയ്താല്‍ അതിന്റെ ഫലമനുഭവിക്കും, ആരെങ്കിലും അണുഅളവ് തിന്മചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഫലവും ” (ഖുര്‍ആന്‍ 99:11) അതിനാല്‍ ദൈവം നിശ്ചയിച്ച പാതയിലൂടെ സഞ്ചരിച്ചാല്‍ പ്രതിഫലമായി ദൈവം വാഗ്ദാനം ചെയ്ത സ്വര്‍ഗം ലഭിക്കും. അവന്‍ വിലക്കിയ വഴിയിലൂടെ സഞ്ചരിച്ചാലോ, അവന്‍ താക്കീതു ചെയ്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിയും വരും.

ഇവ്വിധം ഒരു പരലോകമില്ലെങ്കില്‍ നമ്മെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ അവനും, അല്ല പ്രകൃതിയാണെങ്കില്‍ അതും കൊടിയ ക്രൂരനും കടുത്ത വിവേചനവും അനീതിയും കാണിക്കുന്നവനുമാണെന്ന് പറയേണ്ടി വരും. കാരണം, ജനം പലതരക്കാരായാണ് പിറന്നുവീഴുന്നതും ജീവിക്കുന്നതും. അവരില്‍ കണ്ണുള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്. കാലും കയ്യും ഉള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്, കരുത്തരുണ്ട്, ദുര്‍ബലരുണ്ട്, രോഗികളുണ്ട്, ആരോഗ്യവാന്‍മാരുണ്ട്, പണക്കാരുണ്ട്, പാവങ്ങളുണ്ട്, പ്രതിഭാശാലികളുണ്ട്, സാമാന്യ ബുദ്ധികളുണ്ട്, മന്ദബുദ്ധികളുണ്ട്, മരണശേഷം ഒരു മറുലോകമില്ലെങ്കില്‍ അന്ധന്മാരും വികലാംഗരും രോഗികളും ദുര്‍ബ്ബലരും മന്ദബുദ്ധികളുമൊക്കെ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും എന്താണൊരു പരിഹാരമുള്ളത്.? അനീതിക്ക് എവിടെയാണ് അറുതിയുണ്ടാവുക? മരണത്തോടെ ജീവിതം ഒടുങ്ങുമെങ്കില്‍ എല്ലാവര്‍ക്കും ജനനം മുതല്‍ മരണം വരെ ജീവിതം ഒരേപോലെ തുല്യമായി അനുഭവിക്കാനും ആസ്വദിക്കാനും അവസരം ലഭിക്കേണ്ടതല്ലെ? എന്നാല്‍ അതുണ്ടാവില്ലെന്നത് അനിഷേധ്യമത്രെ. അതുകൊണ്ടുതന്നെ നീതിമാനായ ദൈവം മരണത്തോടെ മനുഷ്യ ജീവിതം അവസാനിപ്പിക്കുന്നില്ല. ഐഹിക ജീവിതം കര്‍മകാലമാണ്. വിചാരണയും വിധിയും കര്‍മഫലവും മരണശേഷം മറുലോകത്താണ്. ഓരോരുത്തര്‍ക്കും ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ബാധ്യത അവരവര്‍ക്ക് നല്‍കപ്പെട്ട കഴിവുകള്‍ക്കനുസരിച്ചാണ്. പണക്കാരന്റെയത്ര ബാധ്യത പാവപ്പെട്ടവനില്ല. പണ്ഡിതന്റെ ചുമതല പാമരനില്ല. പ്രതിഭാശാലികളുടെ ഉത്തരവാദിത്തം സാമാന്യബുദ്ധിക്കില്ല. മന്ദബുദ്ധിക്ക് അത്രയുമില്ല. വികലാംഗന് പൂര്‍ണ ആരോഗ്യവാനെ അപേക്ഷിച്ച് കുറഞ്ഞ ഉത്തരവാദിത്വമേയുള്ളൂ. ഈ ബാധ്യതകളുടെ നിര്‍വഹണമാണ് ജീവിതത്തിന്റെ ജയാപജയങ്ങളുടെ നിദാനം. ഓരോരുത്തര്‍ക്കും ലഭ്യമായ കഴിവുകള്‍ ഏതുവിധം വിനിയോഗിച്ചുവെന്നതാണ് വിലയിരുത്തപ്പെടുക. തദനുസൃതമായി ഓരോരുത്തരിലും അര്‍പ്പിതമായ ചുമതലകളുടെ പൂര്‍ത്തീകരണത്തിന്റെ അടിസ്ഥാനത്തിലാണ് മരണാനന്തര ജീവിതത്തിലെ രക്ഷാ ശിക്ഷകള്‍ നിശ്ചയിക്കപ്പെടുക. അതിനാല്‍ മരണശേഷം മറുലോകമില്ലെങ്കില്‍ മാത്രമേ ഈ ഭൂമിയിലെ മനുഷ്യന്റെ അവസ്ഥാന്തരങ്ങള്‍ അനീതിപരമാവുകയുള്ള. അനശ്വരമായ പരലോകം അനിഷേധ്യമാണെന്നതിനാല്‍ അംഗവൈകല്യവും ആരോഗ്യാവസ്ഥയിലെ അന്തരവും ധൈഷണിക നിലവാരത്തിലെ വ്യത്യാസവുമൊന്നും ദൈവനീതിക്കു തീരെ വിരുദ്ധമാവുന്നില്ല.

നിങ്ങള്‍ എവിടെയെങ്കിലും ഒന്നുതൊട്ടാല്‍ തൊട്ടിടത്ത് നിങ്ങളുടെ കൈവിരലടയാളങ്ങള്‍ പതിയുന്നു. ഏതെങ്കിലും വഴിയിലൂടെ സഞ്ചരിച്ചാല്‍, അതിന്റെ തെളിവായി നിങ്ങളുടെ ശരീരത്തിന്റെ ഗന്ധം അന്തരീക്ഷത്തില്‍ വ്യാപരിക്കുന്നു. അപ്രകാരം തന്നെ നിങ്ങളുടെ വാക്കുകള്‍ ഇവിടെ നശിക്കാതെ നിലനില്‍ക്കുന്നു. അതായത്, മനുഷ്യന്റെ കര്‍മ്മങ്ങളൊക്കെയും വളരെ കണിശമായും സൂക്ഷ്മമായും ഇവിടെ രേഖപ്പെടുത്തുന്നുണ്ട്. എല്ലാം അവന് അനുകൂലമായോ പ്രതികൂലമായോ മരണശേഷം പരലോകത്ത് സാക്ഷ്യം വഹിക്കുന്നു. രേഖപ്പെടുത്തപ്പെടാതെ, മനുഷ്യന്റെ ഒരു വാക്കുമിവിടെ ഉണ്ടാകുന്നില്ലെന്ന് വിശുദ്ധഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ മരണശേഷം മനുഷ്യന്‍ തന്റെ കര്‍മ്മങ്ങള്‍ക്കനുസൃതമായി സ്വര്‍ഗമോ നരകമോ ഏറ്റുവാങ്ങേണ്ടിവരും. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് ബാധ്യസ്ഥനായിരിക്കും. (ഖുര്‍ആന്‍: 52: 21) അണുതൂക്കം നന്മ ചെയ്തവന്‍ അതുകാണും. അണുതൂക്കം തിന്മ ചെയ്തവന്‍ അതും കാണും. ണ്ടമനുഷ്യരില്‍ ഇവ്വിധം കര്‍മ്മഫലം അനുഭവിക്കുന്ന ഇടമാണ് മരണാനന്തരമുള്ള പരലോകം

Related Post