ഫിറാസ് അല്‍ഖത്തീബ്
ഇസ്‌ലാമിന്റെ ഒന്നാം നാള്‍ മുതല്‍ മുസ്‌ലിംകളുടെ പ്രഥമ പരിഗണനയിലുള്ള വിഷയമായിരുന്നു വിദ്യാഭ്യാസം. ഖുര്‍ആനിലെ ഒന്നാമത്ത വാക്ക് തന്നെ വായിക്കാനുള്ള ആഹ്വാനമായ ‘ഇഖ്‌റഅ്’ എന്നാണ്. ‘അറിവ് നേടല്‍ ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ്’ എന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രവാചക കല്‍പന പ്രാവര്‍ത്തികമാക്കുന്നതിനായി മുസ്‌ലിംകള്‍ വിദ്യാഭ്യാസ സംവിധാനത്തിന് വലിയ പ്രാധാന്യം നല്‍കി.
ഇസ്‌ലാമിക ചരിത്രത്തിലുടനീളം വിദ്യാഭ്യാസം അഭിമാനത്തിന്റെ വിഷയവും മുസ്‌ലിംകള്‍ ശോഭിച്ചിരുന്ന മേഖലയുമായിരുന്നെന്ന് കാണാം. ബാഗ്ദാദ്, കൊര്‍ഡോവ, കെയ്‌റോ പോലുള്ള പഠന കേന്ദ്രങ്ങളും വലിയ ലൈബ്രറികളും മുസ്‌ലിംകള്‍ നിര്‍മിച്ചു. കുട്ടികള്‍ക്കായി ആദ്യ പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചതും തുടര്‍വിദ്യാഭ്യാസത്തിനായി യൂണിവേഴ്‌സിറ്റികള്‍ ആദ്യമായി സ്ഥാപിച്ചതും മുസ്‌ലിംകളാണ്. ഇന്നത്തെ ആധുനിക ലോകത്തെ സംവിധാനങ്ങളോട് കിടപിടിക്കുന്ന കുതിച്ചുചാട്ടങ്ങളും മുന്നേറ്റങ്ങളും നടത്താന്‍ ആ സ്ഥാപനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസത്തോടുള്ള സമീപനം
ഇന്നത്തെ വിദ്യാഭ്യാസം കുട്ടികള്‍ക്ക് ആവശ്യമായ വിവരങ്ങളും വസ്തുതകളും നല്‍കുന്നതില്‍ പരിമിതപ്പെടുത്തുന്നില്ല. അതിലുപരിയായി കുട്ടിയുടെ വൈകാരികവും സാമൂഹികവും ശാരീരികവുമായ സുസ്ഥിതിക്കാവശ്യമായ അധികവിവരങ്ങളും അധ്യാപകര്‍ അവര്‍ക്ക് നല്‍കുന്നു. മധ്യകാല ഇസ്‌ലാമിക വിദ്യാഭ്യാസം ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഭിഷ്വഗരനായ അല്‍ശൈസരി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പരിചരണത്തെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. പരുഷമായി അവരോട് പെരുമാറരുതെന്നും കൂടുതല്‍ ജോലികള്‍ നല്‍കി അവരെ തിരക്കുള്ളവരാക്കുന്നത് ഫലം ചെയ്യില്ലെന്നും അദ്ദേഹം അതില്‍ കുറിക്കുന്നു. പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ഗസാലി പറയുന്നു: ”കുട്ടികളെ കളികളില്‍ നിന്ന് തടയുകയും നിരന്തരം പഠിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് അവരുടെ മനസ്സുകളെ മരവിപ്പിക്കുകയും ഗ്രഹിക്കാനുള്ള ശേഷി കുറക്കുകയും ജീവിതം പ്രയാസകരമാക്കുകയും ചെയ്യും.” പകരം കളിതമാശകള്‍ കൂടി കലര്‍ത്തി കൊണ്ടായിരിക്കണം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടത് എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.
പ്രഥമ വിദ്യാലയങ്ങള്‍
ഇബ്‌നു ഖല്‍ദൂന്‍ അദ്ദേഹത്തിന്റെ മുഖദ്ദിമയില്‍ പറയുന്നു: ”കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്, ഇസ്‌ലാമിന്റെ ചിഹ്നമാണ്. മുസ്‌ലിംകളുടെ എല്ലാ കേന്ദ്രങ്ങളിലും ഈ പഠനവും പരിശീലനവും കാണാം. ഇസ്‌ലാം മതത്തിലും വിശ്വാസ പ്രമാണങ്ങളിലും ദൃഢമായ വിശ്വാസം അതു ഹൃദയങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുന്നു. ഖുര്‍ആന്‍ സൂക്തങ്ങളിലും നബി വചനങ്ങളിലും നിന്നുമാണല്ലോ ഇവയുടെ ഉല്‍പത്തി. ഖുര്‍ആന്‍ ഈ നിലക്ക് വിദ്യാഭ്യാസത്തിന്റെ അടിത്തറയാണ്.”
ഇസ്‌ലാമിക ലോകത്തെ ഏറ്റവും ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീര്‍ത്തും അനൗപചാരിക സംവിധാനങ്ങളായിരുന്നു. മസ്ജിദുകളില്‍ അറിവുള്ള ഒരു പണ്ഡിതന് ചുറ്റും ആളുകള്‍ ഒരുമിച്ചിരിക്കുകയും അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ കേള്‍ക്കുകയും അദ്ദേഹത്തിന്റെ പക്കലുള്ള പുസ്തകങ്ങള്‍ വായിക്കുകയും അതിലൂടെ അറിവ് നേടുകയും ചെയ്യുന്ന രീതിയായിരുന്നു അത്. പല പ്രമുഖ മുസ്‌ലിം പണ്ഡിതന്‍മാരും ഈ രീതിയിലാണ് പഠിച്ചു വളര്‍ന്നത്. അതേ രീതിയില്‍ തങ്ങളുടെ ശിഷ്യന്‍മാര്‍ക്ക് അവര്‍ അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്തു. നാല് കര്‍മശാസ്ത്ര ഇമാമുമാരും – ഇമാം അബൂഹനീഫ, മാലിക്, ശാഫി, ഇബ്‌നു ഹമ്പല്‍ – ഈയൊരു സംവിധാനത്തില്‍ നിന്നാണ് ആഴത്തിലുള്ള അറിവ് കരസ്ഥമാക്കിയത്. മറ്റ് പണ്ഡിതന്‍മാര്‍ക്കൊപ്പം ചെലവഴിച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അവര്‍ അറിവ് നേടി.
ഈ അനൗപചാരിക വിദ്യാഭ്യാസ രീതി മുസ്‌ലിം ലോകത്ത് ചിലയിടങ്ങളിലെല്ലാം തുടരുന്നുണ്ട്. ഇസ്‌ലാം സവിശേഷ സ്ഥാനം കല്‍പിച്ചിട്ടുള്ള മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്‌സ എന്നിവിടങ്ങളില്‍ പണ്ഡിതന്‍മാര്‍ പതിവായി ക്ലാസുകള്‍ എടുക്കാറുണ്ട്. അതില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കും അതിന്റെ ഭാഗമായി അറിവ് നേടാന്‍ സാധിക്കും. കാലക്രമേണ, മുസ്‌ലിംകള്‍ വിദ്യാഭ്യാസത്തിന് മാത്രമായി ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങി.
പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതതല വിദ്യാഭ്യാസം വരെ
ഏകദേശം എ.ഡി 900നടുത്തുള്ള കാലത്താണ് ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി ‘മക്തബ്’ എന്ന പേരില്‍ പ്രൈമറി സ്‌കൂളുകള്‍ ആരംഭിക്കുന്നത്. പൊതുവെ മസ്ജിദുകളോട് ചേര്‍ന്നായിരുന്നു ‘മക്തബുകള്‍’ ഉണ്ടായിരുന്നത്. അവിടെ താമസിച്ചിരുന്ന പണ്ഡിതന്‍മാരും ഇമാമുമാരും കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കി. അറബി ഭാഷാപഠനത്തിന്റെയും ഗണിതത്തിന്റെയും ഇസ്‌ലാമിക നിയമങ്ങളുടെയും അടിസ്ഥാനങ്ങള്‍ ആ ക്ലാസുകളിലൂടെ നല്‍കിയിരുന്നു. ഒട്ടുമിക്ക സാധാരണക്കാരും തങ്ങളുടെ കുട്ടിക്കാലത്ത് ഇത്തരം പ്രാഥമിക പാഠശാലകളില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്. മക്തബിലെ പഠത്തിന് ശേഷം വിദ്യാര്‍ഥികളായിരുന്നവര്‍ കുടുംബ ജീവിതത്തിലേക്ക് കടക്കുകയും ഒരു തൊഴില്‍ തേടുകയോ ഉന്നതവിദ്യാഭ്യാസത്തിനായി ഏതെങ്കിലും ‘മദ്‌റസ’ (സ്‌കൂളിനെ കുറിക്കുന്ന അറബി പദം)യില്‍ ചേരുകയോ ചെയ്തിരുന്നു.
മദ്‌റസകള്‍ പൊതുവെ വലിയ മസ്ജിദുകളോട് ചേര്‍ന്നാണ് ഉണ്ടായിരുന്നത്. ഈജിപ്തിലെ കെയ്‌റോയിലുള്ള അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റി (970ല്‍ സ്ഥാപിക്കപ്പെട്ടു), മൊറോക്കോയിലെ ഫെസിലുള്ള അല്‍ഖറൂവിയ്യീന്‍ (859ല്‍ സ്ഥാപിക്കപ്പെട്ടു) എന്നിവ അതിനുദാഹരണങ്ങളാണ്. പിന്നീട് സല്‍ജൂക് മന്ത്രിയായ നിസാം അല്‍മുല്‍ക് ഇസ്‌ലാമിക ലോകത്തുടനീളം മദ്‌റസകള്‍ സ്ഥാപിച്ചു. മതപരമായ കാര്യങ്ങളിലും അറബി ഭാഷയിലുമുള്ള ആഴത്തിലുള്ള പഠനത്തിനൊപ്പം വൈദ്യം, ഗണിതം, ഗോളശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം പോലുള്ള നിരവധി വിഷയങ്ങളും മദ്‌റസകളില്‍ കുട്ടികളെ പഠിപ്പിച്ചിരുന്നു. എ.ഡി. 1100കളില്‍ കെയ്‌റോയില്‍ 75 മസദ്‌റസകളും, ദമസ്‌കസില്‍ 51നും അലപ്പോയില്‍ 44ഉം മദ്‌റസകളുണ്ടായിരുന്നു. അതോടൊപ്പം മുസ്‌ലിം സ്‌പെയിനില്‍ നൂറുകണക്കിന് മദ്‌റസകള്‍ ഉണ്ടായിരുന്നു.
ഈ ‘മദ്‌റസകള്‍’ പ്രഥമ സര്‍വകലാശാലകളായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതില്‍ വ്യത്യസ്ത വിഷയങ്ങള്‍ക്ക് വ്യത്യസ്ത ഫാക്കല്‍റ്റികളുണ്ടായിരുന്നു. അവിടെ താമസിച്ച് പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ തങ്ങളഉടെ മേഖലയില്‍ നൈപുണ്യം നേടിയിരുന്നു. വിദ്യാര്‍ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിരവധി അധ്യാപകര്‍ക്ക് കീഴിലില്‍ വര്‍ഷങ്ങള്‍ പഠനം നടത്തുകയും ചെയ്തിരുന്നു. ഇബ്‌നു ഖല്‍ദൂന്‍ പറയുന്നത് അദ്ദേത്തിന്റെ കാലത്ത് മൊറോക്കോയില്‍ 16 വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനത്തിനുള്ള കരിക്കുലം മദ്‌റസകളില്‍ ഉണ്ടായിരുന്നു എന്നാണ്. ഏറ്റവും കാലദൈര്‍ഘ്യം കുറഞ്ഞ ഒന്നായിട്ടാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്.
പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ‘ഇജാസ’ (കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അത് പഠിപ്പിക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട് എന്നും വ്യക്തമാക്കുന്ന സാക്ഷ്യപത്രം) നല്‍കിയിരുന്നു. തന്റെ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ തന്നെയായിരുന്നു ഇജാസ നല്‍കിയിരുന്നത്. ഇന്നത്തെ ഉന്നത തല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നല്‍കുന്ന ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമാനമായ ഒന്നായിരുന്നു അത്.
വിദ്യാഭ്യാസവും സ്ത്രീകളും
ഇസ്‌ലാമിക ചരിത്രം പരിശോധിക്കുമ്പോള്‍ സ്ത്രീ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു എന്ന് കാണാം. അറിവ് നേടുന്നതിനോ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിനോ കഴിവില്ലാത്തവരായി സ്ത്രീകളെ കണ്ടിരുന്നില്ല. പ്രവാചക പത്‌നി ആഇശ(റ) അക്കാലത്തെ പ്രമുഖ പണ്ഡിതയായിരുന്നു. പ്രവാചകന്റെ(സ) വിയോഗത്തിന് ശേഷം മദീനയില്‍ നിരവധി ആളുകള്‍ക്ക് അവര്‍ അറിവ് പകര്‍ന്നു നല്‍കിയിട്ടുണ്ട്.
പില്‍ക്കാല ഇസ്‌ലാമിക ചരിത്രവും സ്ത്രീകളുടെ സ്വാധീനം എടുത്തു കാണിക്കുന്നുണ്ട്. മുസ്‌ലിം ലോകത്തുടനീളം സ്ത്രീകള്‍ക്ക് മസ്ജിദുകളിലെ ക്ലാസുകളില്‍ പങ്കെടുക്കാനും മദ്‌റസകളില്‍ പോകാനും സാധിച്ചിരുന്നു. പലപ്പോള്‍ അവര്‍ അധ്യാപകരായി മാറുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതനായ ‘അസാകിര്‍’ (ദമസ്‌കസിന്റെ ചരിത്രം പറയുന്ന ‘താരീഖു ദിമശ്ഖ്’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ പ്രസിദ്ധമാണ്.) അറിവ് തേടി ധാരാളം യാത്രകള്‍ ചെയ്യുകയും എണ്‍പതില്‍ പരം സ്ത്രീ അധ്യാപകരില്‍ നിന്ന് അറിവ് നേടുകയും ചെയ്തിട്ടുണ്ട് എന്നത് അതിന്നൊരു ഉദാഹരണമാണ്.
വിദ്യാഭ്യാസ രംഗത്ത് സുപ്രധാന പങ്കുവഹിച്ച ചില സ്ത്രീകളെ ഇവിടെ പരിചയപ്പെടാം:
* മുസ്‌ലിം ലോകത്തെ ആദ്യ ഔപചാരിക ‘മദ്‌റസ’യായ ഫെസിലെ അല്‍ഖറൂവിയ്യീന്‍ യൂണിവേഴ്‌സിറ്റി 859ല്‍ സ്ഥാപിച്ചത് ഫാതിമ അല്‍ഫിഹ്‌രിയെന്ന സമ്പന്നയായ വ്യാപാരി വനിതയായിരുന്നു.
* അബ്ബാസി ഖലീഫ ഹാറൂണ്‍ റശീദിന്റെ ഭാര്യ സുബൈദ ഹിജാസില്‍ മസ്ജിദുകളും റോഡുകളും കിണറുകളും നിര്‍മിക്കുന്നതിന് വ്യക്തിപരമായി പണം ചെലവഴിച്ചിട്ടുണ്ട്. ആ പ്രദേശത്തിലൂടെ അറിവ് തേടി യാത്ര ചെയ്തിരുന്ന നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ചെയ്തവയായിരുന്നു അവ.
* ഓട്ടോമന്‍ ഭരണാധികാരി സുല്‍ത്താന്‍ സുലൈമാന്റെ ഭാര്യ ഹുര്‍റം സുല്‍ത്താന്‍ നിരവധി മദ്‌റസകള്‍ക്ക് സംഭാവനയര്‍പിച്ചിട്ടുണ്ട്. ആശുപത്രികള്‍, കുളിപ്പുരകള്‍ പോലുള്ള നിര്‍മിക്കുന്നതിലും അവര്‍ പങ്കാളിയായിരുന്നു.
* ദമസ്‌കസില്‍ അയ്യൂബി ഭരണകാലത്ത് (1174-1260) സ്ത്രീകളാല്‍ നിര്‍മിക്കപ്പെട്ട മദ്‌റസകളും മസ്ജിദുകളും മതസ്ഥാപനങ്ങളുമുണ്ടായിരുന്നു.
മധ്യകാലത്ത് യൂറോപില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് സ്ത്രീകള്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു. പൊതുജീവിതത്തിലും അവര്‍ക്ക് ശ്രദ്ധേയമായ ഇടം നല്‍കപ്പെട്ടിരുന്നു.
ആധുനിക ചരിത്രം
‘മദ്‌റസകളുടെയും’ മറ്റ് പ്രാചീന ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനങ്ങളുടെയും രൂപങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും വളരെ പരിമിതമായ അളവില്‍ മാത്രമേ ഉള്ളൂ. 1800കളില്‍ യൂറോപ്യന്‍ ശക്തികള്‍ മുസ്‌ലിം നാടുകളിലേക്ക് നടത്തിയ കടന്നുകയറ്റങ്ങളാണ് അതിന് പിന്നിലെ പ്രധാന കാരണം. ഓട്ടോമന്‍ സാമ്രാജ്യം അതിനൊരു ഉദാഹരണമാണ്. സുല്‍ത്താന്റെ ഫ്രഞ്ച് മതേതര ഉപദേഷ്ടാക്കള്‍ കരിക്കുലത്തില്‍ നിന്ന് മതപരമായ കാര്യങ്ങള്‍ മാറ്റി നിര്‍ത്തി സമ്പൂര്‍ണമായ ഒരു വിദ്യാഭ്യാസ പരിഷ്‌കരണം കൊണ്ടുവരാന്‍ അദ്ദേഹത്തെ ഉപദേശിച്ചു. അതോടെ നൂറുകണക്കിന് വര്‍ഷങ്ങളായി പഠിപ്പിച്ചിരുന്ന അറിവുകളുടെ സ്ഥാനത്ത് യൂറോപ്യന്‍ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയുള്ള യൂറോപ്യന്‍ കരിക്കുലം പഠിപ്പിക്കാന്‍ തുടങ്ങി. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഇസ്‌ലാമിക ‘മദ്‌റസകള്‍’ നിലനിന്നെങ്കിലും മുസ്‌ലിം ലോകത്ത് അവക്കുണ്ടായിരുന്ന പ്രസക്തി ഇല്ലാതായി.
ഇന്നും അത്തരം യൂറോപ്യന്‍ രീതികള്‍ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്നുണ്ട്. അതിനുദാഹരണമാണ് പ്രധാന യൂണിവേഴ്‌സിറ്റികള്‍ പ്രവേശനത്തിന് മാനദണ്ഢമാക്കുന്ന ഹൈസ്‌കൂള്‍ ജീവിതത്തിന്റെ അവസാനത്തില്‍ നടക്കുന്ന ടെസ്റ്റ്. അതില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിംഗ് പോലുള്ള ശാസ്ത്രങ്ങള്‍ പഠിക്കാം. അതില്‍ ഏറ്റവും താഴ്ന്ന മാര്‍ക്കുകള്‍ വാങ്ങുന്നവര്‍ക്ക് മാറ്റി വെച്ചിട്ടുള്ളതാണ് ഇസ്‌ലാമിക വിഷയങ്ങള്‍.
പുതിയ സംവിധാനം നിലവില്‍ വന്നെങ്കിലും മുസ്‌ലിം ലോകത്ത് ചിലയിടത്തെല്ലാം പരമ്പരാഗത വിദ്യാഭ്യാസ രീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റി, അല്‍ഖറൂവിയ്യീന്‍, ഇന്ത്യയിലെ ദാറൂല്‍ ഉലൂം ദേവ്ബന്ദ് പോലുള്ള സ്ഥാപനങ്ങള്‍ പരമ്പരാഗത രീതി തുടരുന്നവയാണ്. വലിയ പാരമ്പര്യമുള്ള ഇത്തരം സ്ഥാപനങ്ങള്‍ നിരവധി മഹാന്‍മാരായ പണ്ഡിതന്‍മാരെ സംഭാവന ചെയ്തിട്ടുണ്ട്. ഇസ്‌ലാമിന്റെ സന്ദേശങ്ങളും വിജ്ഞാനങ്ങളും ലോകത്ത് വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനം അത് തുടരുകയും ചെയ്യുന്നു.
വിവ: നസീഫ്