വേദഗ്രന്ഥങ്ങളിലെ ഏകദൈവ വിശ്വാസം

Originally posted 2014-10-29 12:02:16.

images (7)
ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ഏകദൈവ വിശ്വാസത്തെക്കുറിച്ച് നിരവധി പരാമര്‍ശമുണ്ട്. ഏകത്വത്തിന്റെ പ്രചാരകരായിരുന്ന പ്രവാചകന്‍മാരുടെ കാലാന്തരം അനുയായികള്‍ പ്രവാചകന്‍മാരില്‍ ദിവ്യത്വമാരോപിക്കുകയും അവരുടെ അദ്ധ്യാപനങ്ങളില്‍ കൈക്കടത്തലുകള്‍ നടത്തപ്പെടുകയും ചെയ്തു. എങ്കിലും ഏകത്വത്തിന്റെ പ്രതിഫലനങ്ങള്‍ വേദഗ്രന്ഥങ്ങളുടെ വരികള്‍ക്കിടയില്‍ ദൃശ്യമാകും. ഇവകള്‍ അടിസ്ഥാനപരമായി തൗഹീദിന്റെ വാക്താക്കളായ പ്രവാചകന്‍മാരുടെ അദ്ധ്യാപനങ്ങള്‍ വികലമാക്കപ്പെട്ടതാണെന്ന പഠനത്തിന് പിന്തുണ നല്‍കുന്നുണ്ട്. ആര്യാധിനിവേശാനന്തരമാണ് ബഹുദൈവ വിശ്വാസം കടന്നുകൂടിയത് എന്ന് സുവ്യക്തമാക്കുന്നതാണ് തെളിവുകളത്രയും.

ദൈവത്തെ ഹിരണ്യഗര്‍ഭന്‍, വിശ്വകര്‍മ്മാവ്, പ്രജാപതി തുടങ്ങിയ പേരുകളിലെല്ലാം സംബോധന ചെയ്യുന്നതായി കാണാം. വേദസംഹിതകളില്‍ ഏകത്വം പ്രതിപാദിക്കുന്ന നിരവധി സൂക്തങ്ങളില്‍നിന്ന് ചിലതു മാത്രം വിവരിക്കുന്നു:

നാസദാസീന്നോ സദാസീത്തദാനീ
ന്നാസീദ്ര ജോനോ വ്യോമാ പയോരത്
കീമാ വരീവഃ കുഹ കസ്യ ശര്‍മന്നംഭഃ
കീമാസീദ് ഗഹനം ഗംഭീരം
നമൃത്യു രാസീദമൃതം ന തര്‍ഹി
നരാത്ര്യാ അഹ്‌ന ആസിത് പ്രകേതഃ
ആനീ ദ വാതം സ്വധയാതദേകം
തസ് മാദ്ധ്യാന്യന്ന പരഃകിംചനാസ(ഋഗ്വേദം 10:129:1,2)

(അപ്പോള്‍ അസത്തും സത്തും ഇല്ലായിരുന്നു. വായു മണ്ഡലവും അതിനുമുകളില്‍ ആകാശവുമില്ല. എന്തൊന്നാണത്? എവിടെയാണത് മൂടിക്കിടന്നത്? ഏതൊന്നാണതിന് രക്ഷ നല്‍കിയത്? അവിടെ ഗഹനവും അഗാധവുമായ ജലപ്പരപ്പുണ്ടായിരുന്നുവോ? മൃത്യുവുണ്ടായിരുന്നില്ല. അമരത്വമുണ്ടായിരുന്നില്ല. രാപ്പകലുകളുടെ ചിഹ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഏകമായ അത് സ്വന്തം ആന്തരിക ശക്തികൊണ്ട് വായുവില്ലാതെ ശ്വാസമയച്ചു.)

കോ അദ്ധാ വേദക ഇഹപ്രമോചത്
കൂത ആജാ കുത ഇയം വിസൃഷ്ടി:
അര്‍വാഗ്‌ദേവാ അസ്യ വിസര്‍ജനേ
നാഥാ കോവേദ യത ആബഭൂവ
ഇയം വിസൃഷ്ടിര്യത ആബഭൂവ
യദി വാദധേ യദിവാന
യോ അസ്യാധ്യക്ഷഃ പരമേവ്യോമ
ന്‍ത് സോ അംഗവേദ യദി വാന വേദ(ഋഗ്വേദം 10:129:6,7)

(മൂലകാരണമേതെന്നും സൃഷ്ടിയുടെ ഉറവിടമെന്തെന്നും ആര്‍ പ്രഖ്യാപിക്കും? ദേവന്‍മാരും മറ്റും സൃഷ്ടിക്ക് ശേഷമാണുണ്ടായത്. അപ്പോഴതെങ്ങനെ ആവിര്‍ഭവിച്ചതെന്ന് ആര്‍ക്കറിയാം? അതിനെ ആര്‍ സൃഷ്ടിച്ചു? ആര്‍ സൃഷ്ടിച്ചില്ല? ഉപരിലോകത്ത് സ്ഥിതി ചെയ്യുന്ന അതിന് മാത്രമറിയാം.)

ഹിരണ്യഗര്‍ഭഃ സമവര്‍ത്തതാഗ്രേ
ഭൂതസ്യ ജാതഃ പതിരേക ആസീത്
സദാധാര പൃഥി വീം, ദ്യാമുതേമാം
കസ്‌മൈ ദേവായ ഹവിഷാ വിധേമ(ഋഗ്വേദം 10:121:1)

(ആദിയില്‍ ഹിരണ്യഗര്‍ഭന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവനാണ് സര്‍വ്വഭുവനങ്ങളുടെയും അധീശാധികാരി. അവന്‍ ഭൂമിയെയും സ്വര്‍ഗത്തെയും അതത് സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍നിന്നാണ് സര്‍വ്വ ചരാചരങ്ങളുമുണ്ടായത്. ലോകം മുഴുവന്‍ ഹിരണ്യഗര്‍ഭന്റെ കല്‍പ്പനകളനുസരിക്കുന്നു. അതുകൊണ്ട് അവനു മാത്രം ഹവിസ്സര്‍പ്പിക്കുക.)

തമിദം നികതം സഹ:സ ഏശഏക ഏക
വ്രതേക ഏവയ ഏതം ദേവമേക
വൃതം വേദ:സര്‍വ്വേ അസ്മിന്‍
ദേവ ഏകവൃതോ ഭവന്തി
യി ഏതം ദേവമേക വൃതം വേദ(അഥര്‍വ്വ വേദം 13-5-20, 21)

(ഏകനായ അവന്‍ ഏകനായിത്തന്നെ എന്നെന്നും നിലനില്‍ക്കുന്നവനാണെന്ന് വിശ്വസിക്കുക. രണ്ടാമതൊരു ദൈവം ഇല്ലതന്നെ.)

നതസ്യ പ്രതിമാ ആസ്തീ യശ്യനാമ് മഹദ്യസഹേ (യജുര്‍വേദം 32:3) (അവന് സമാന്തരന്‍മാരില്ല. അവന്റെ കീര്‍ത്തി സത്യമായും മഹത്താകുന്നു)

അയമേക ഇത്ഥാ പുരൂ ചഷ്‌ടേ വി വിശപതീ:
തസ്യവൃതാന്യനു വശ്ചരാമസീ
(ഋഗ്വേദം 8:25:16)
(പ്രാജാപാലകനും ചിത്രാവരുണന്‍മാരില്‍ ഏകനുമായവന്‍ ധാരാളം ചെറിയ ദ്രവ്യങ്ങളെ ഈ ലോകത്തിലെ ചരാചരങ്ങളെ, ഇപ്രകാരം സ്വതേജസ്സോടു കൂടി നോക്കുന്നു.)
സര്‍വ്വേ ആസ്മിന്‍ ദേവ ഏകവ്രതോ ഭവന്തി
യ ഏതം ദേവമേക വൃതംവേദ:(അഥര്‍വവേദം 13, 5-22)

(പ്രകാശ ഗോപുരങ്ങളായ ഗ്രഹ നക്ഷത്രങ്ങളും ജ്ഞാനികളുമെല്ലാം ഏക ദൈവത്തിലാണ് അഭയംപ്രാപിക്കുന്നത്.)
യ ഏകോ ജാല വാനീശത ഈശ നീഭി:
സര്‍വ്വാന്‍ ലോകാനീശതേ ഈശനീഭി:
യ ഏവൈക ഉദ്ഭവേ സംഭവേശ്ചയം
ഏതദ് വിദൂര മൃതാസ് തേ ഭവന്തി
(ശ്വേതാശതരോപനിഷത്ത് 3:1)
ചുരുക്കത്തില്‍ വേദങ്ങള്‍ അടിസ്ഥാനപരമായി ഏകദൈവ വിശ്വാസത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിലൂടെ ഹൈന്ദവ വിശ്വാസത്തിന്റെയും അടിസ്ഥാനം ഏകദൈവവിശ്വാസമാണെന്ന് തന്നെ പറയാം. പിന്നീട് കാലാന്തരങ്ങളിലൂടെ വന്ന കൈകടത്തലുകളാണ് ആ തനിമയാര്‍ന്ന വിശ്വാസസംഹിതകളെ വികലമാക്കിയത് എന്ന് മനസ്സിലാക്കാനാണ് വേദപഠനം പ്രേരിപ്പിക്കുന്നത്.
മുജീബ് ഫൈസി പൂലോട്‌

Related Post