സമ്പത്ത് ദൈവം മനുഷ്യര്‍ക്ക് നല്‍കിയത്

Originally posted 2018-01-18 15:25:16.

സമ്പത്ത് ദൈവം മനുഷ്യര്‍ക്ക് നല്‍കിയത്

ദൈവം നല്‍കിയ സമ്പത്ത്  

ദൈവം മനുഷ്യര്‍ക്ക് നല്‍കിയ അനുഗ്രമറ്റ് അനുഗ്രഹങ്ങളെ കുറിച്ചെല്ലാം പരലോകത്ത് ചോദ്യം ചെയ്യപ്പെടുമ്പോള്‍ സമ്പത്തിനെ കുറിച്ച് രണ്ട് ചോദ്യങ്ങള്‍ക്കാണ് ഉത്തരം പറയേണ്ടത്. അതിലൊന്ന് സമ്പത്ത് എവിടുന്ന് സമ്പാദിച്ചുവെന്നതാണ്, മറ്റൊന്ന് അത് എന്തിന് വേണ്ടി ചെലവഴിച്ചു വെന്നതാണ്ഹമാണ് സമ്പത്ത്. . അതു കൊണ്ട് ഈ വിഷയത്തില്‍ ഗൗരവം കാണിക്കേണ്ടതുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. ഇസ്‌ലാമിക വീക്ഷണപ്രകാരം സമ്പത്തിന്റെ ആത്യന്തിക ഉടമ അല്ലാഹുവാണ്. ഖുര്‍ആന്‍ അക്കര്യം വ്യക്തമാക്കുന്നു. ‘ആകാശങ്ങളിലും ഭൂമിയിലുള്ളതും അതിനിടയിലുള്ളതുംഭൂമിക്കടിയിലുള്ളതും അല്ലാഹുവിന്റേതാണ്.'(ഖുര്‍ആന്‍: 20:6)

പ്രതിനിധി

മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ്. ആ പ്രാതിനിധ്യ സ്വഭാവത്തില്‍ തന്നെയാണ് സമ്പത്തും അവനെ ഏല്‍പ്പിച്ചിട്ടുള്ളത്. ഈ ലോകത്തെ വിഭവങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം മനുഷ്യന് നല്‍കിയിട്ടുണ്ട്. സാമ്പത്തികമായ ബാധ്യതകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സകാത്ത്.

ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയിട്ടുള്ള വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുകയും ചെയ്യുവിന്‍. നിങ്ങളുടെ കൂട്ടത്തില്‍ വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നവരാരോ, അവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.’ (57:7) പ്രതിനിധിയുടെ സ്വഭാവം നമുക്കറിയാം. ആരാണോ പ്രതിനിധിയെ നിശ്ചയിക്കുന്നത് ആ നിശ്ചയിച്ച വ്യക്തിയുടെ താല്‍പര്യമനുസരിച്ചു കൊണ്ടാണ് അത് കൈകാര്യം ചെയ്യേണ്ടത്. മോചനമാഗ്രഹിക്കുന്ന അടിമകള്‍ക്ക് നിങ്ങള്‍ അല്ലാഹുവിന്റെ ധനം നല്‍കണമെന്ന് ഖുര്‍ആനില്‍ ഒരിടത്ത് പറയുന്നുണ്ട്.

എന്റെ ധനം

നാം സാധാരണ പറയാറുള്ളത് എന്റെ സമ്പത്ത്, എന്റെ ധനം എന്നെല്ലാമാണ്. ഇത് പലപ്പോഴും മനുഷ്യനെ അവന്റെ യഥാര്‍ഥ സ്ഥാനത്ത് നിന്നും വ്യതിചലിപ്പിക്കാറുണ്ട്. ചരിത്രത്തില്‍ ധിക്കാരികളായ അധിക പേരും സമ്പത്തിന്റെ പേരിലും അധികാരത്തിന്റെ പേരിലും മേനി നടിച്ചവരായിരുന്നു. ‘ഈ ഈജിപ്തിന്റെ അധികാരം എന്റെ കൈകളിലല്ലേ, എന്റെ കാല്‍ കീഴിലല്ലേ നദികള്‍ പോലും ഒഴുകിക്കൊണ്ടിരിക്കുന്നത്’ എന്ന് ഫറോവ മേനിനടിച്ചിരുന്നു. മല്ലന്മാരായ ഒരു സംഘത്തിന് വഹിക്കാന്‍ മാത്രം പോന്ന താക്കോല്‍ കൂട്ടങ്ങള്‍ മൂസ പ്രവാചകന്റെ ഗോത്രത്തില്‍ പെട്ട ധിക്കാരിയായ ഖാറൂന് ഉണ്ടായിരുന്നുവെന്നും ഖുര്‍ആന്‍ പറയുന്നു.
അല്ലാഹുവിന്റെ അടിമ എന്ന മാനസികാവസ്ഥയില്‍ നിന്നും ഉടമ എന്ന തലത്തിലേക്ക് മനുഷ്യനെ കൊണ്ട് ചെന്നെത്തിക്കുന്നത് പലപ്പോഴും സമ്പത്തിന്റെ സ്വാധീനമാണ്.

സമ്പത്ത് അവന്റെ തീരുമാനപ്രകാരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്ന ബോധം നമുക്ക് ഉണ്ടാവേണ്ടതുണ്ട്. സമ്പത്ത് നല്‍കപ്പെട്ട വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരുപാട് ഉത്തരവാദിത്വങ്ങള്‍ സമൂഹത്തോട് നിര്‍വ്വഹിക്കാനുണ്ട്. അതില്‍ ഒന്നാമത്തെ ബാധ്യതയാണ് സകാത്ത്. അതു കൊണ്ട് മാത്രവും സമ്പത്തിനോടുള്ള ബാധ്യത തീരുന്നില്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പക്ഷെ ആ ബാധ്യത നിര്‍വ്വഹിക്കുന്നതില്‍ നമുക്ക് ജാഗ്രതയുണ്ടോ എന്ന് നാം ആലോചിക്കേണ്ടതായിട്ടുണ്ട്.

സമ്പത്തിനായുള്ള സകാത്ത്

നിര്‍ബന്ധമായ ഒരു ആരാധാനാ കര്‍മ്മമായാണ് സമ്പത്തിനായുള്ള സകാത്ത് അല്ലാഹു നിശ്ചയി ച്ചിരിക്കുന്നത്. സമ്പത്ത് എന്നാല്‍ പണം മാത്രമല്ല, സ്വര്‍ണ്ണം, വെള്ളി ഉള്‍പ്പെടുന്ന ശേഖരങ്ങള്‍, കാര്‍ഷിക വിളകള്‍, മറ്റു വ്യവസായികോല്പന്നങ്ങള്‍ എന്നിവയെല്ലാം സമ്പത്തിന്റെ ഇനങ്ങളില്‍ പെട്ടതാണ്. ഇവക്കെല്ലാം അതിന്റെ നിശ്ചിത പദവിയെത്തുമ്പോള്‍ സകാത്ത് നല്‍കണം എന്നാണ് അല്ലാഹു പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ രീതിയില്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള സമ്പത്തിന് കൃത്യമായി സകാത്ത് നല്‍കുന്നതില്‍ സമുദായത്തിന്റെ ശ്രദ്ധ വളരെ പരിമിതമാണ് എന്നത് ഖേദകരമാണ്. ജവിത വിഭവങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും മറ്റുള്ളവരോട് ചോദിക്കേണ്ടി വരികയും ചെയ്യുന്നവര്‍ക്ക് നിങ്ങളുടെ സമ്പത്തില്‍ അവകാശമുണ്ട് എന്നാണ് അല്ലാഹു പറയുന്നത്.

ശുദ്ധീകരിക്കണം 

മുന്‍കഴിഞ്ഞ പ്രവാചകന്മാര്‍ക്കും സകാത്ത് നിര്‍ബന്ധമാക്കിയിരുന്നു. അതിന് കൃത്യമായ ഒരു വ്യവസ്ഥ പ്രവാചകന്‍ (സ) നിശ്ചയിച്ചു തന്നു. പ്രവാചകന് അധികാരം ലഭിച്ച മദീനയില്‍ മാത്രമായിരുന്നില്ല മക്കയില്‍ വെച്ചു തന്നെ സാമ്പത്തിക ബാധ്യതകളെ കുറിച്ച് സംസാരിക്കുന്നത് കാണാം. മദീനയില്‍ വെച്ച് ഇറങ്ങിയ സൂക്തങ്ങളില്‍ സമ്പത്ത് നിര്‍ബന്ധമായി തന്നെ പിരിച്ചെടു ക്കുകയും അതു മുഖേന അവരുടെ സമ്പത്തിനെയും മനസ്സുകളെയും ശുദ്ധീകരിക്കണമെന്നും അല്ലാഹു കല്‍പിക്കുകയുണ്ടായി.

സകാത്ത് എന്ന മഹത്തായ ആരാധനാകര്‍മ്മം നാം നമസ്‌കാരത്തിലും നോമ്പിലും കാണിക്കുന്ന സജീവതയും ഹജ്ജ് ചെയ്യാന്‍ കാണിക്കുന്ന താല്‍പര്യവും സകാത്തിന്റെ വിഷയത്തില്‍ നമ്മുടെ സമുദായത്തില്‍ കാണാന്‍ കഴിയുന്നില്ല എന്നത് ഖേദകരമാണ്. അതു കൊണ്ട് തന്നെ അതിന്റെ ഫലം നമുക്ക് ലഭിക്കാതെ പോവുന്നു എന്നും നാം അറിയേണ്ടതുണ്ട്. അതോടൊപ്പം നമ്മുടെ ഈ ബാധ്യത നാം നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ വളരെ കഠിനമായ ശിക്ഷ നമ്മെ കാത്തിരിക്കുന്നുവെന്നും അല്ലാഹുവും റസൂലും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നമ്മുടെ സമ്പാദ്യം തന്നെയായിരിക്കും നമ്മെ ശിക്ഷിക്കാനുള്ള ആയുധമായമായി ഉപയോഗിക്കുക എന്നാണ് ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നത്.

ആര്‍ക്കെങ്കിലും അല്ലാഹു സമ്പത്ത് നല്‍കുകയും ആ സമ്പത്തില്‍ നിന്നവന്‍ ഒന്നും ചെലവഴിക്കാതിരിക്കുകയും ചെയ്താല്‍ ആ സമ്പത്ത് ഉഗ്രവിഷമുള്ള, ഇരുതേറ്റകളുള്ള ഒരു പാമ്പായി രൂപാന്തരപ്പെടുകയും അയാളുട കണ്ഡത്തില്‍ അത് ചുറ്റിപ്പിടിക്കുകയും പിന്നെ ആസര്‍പ്പം അവന്റെ കവിളില്‍ പിടിച്ചു കൊണ്ട് ഇപ്രകാരം പറയും: ഞാനാണ് നിന്റെ നിധിയും പണവും. നാം സകാത്ത് നല്‍കുന്നില്ലെങ്കില്‍ ആ സമ്പത്തായിരിക്കും നാളെ പരലോകത്ത് നമുക്കെതിരെ ശിക്ഷയായി വരുന്നത്.

ഖാറൂൻ 
നാം വിശ്വാസികളാണെന്ന അവകാശത്തെ ചോദ്യം ചെയ്യുകയാണ് സകാത്ത് നല്‍കാതിരിക്കുമ്പോള്‍ ചെയ്യുന്നത്.മുശ്‌രിക്കുകള്‍ക്കാണ് നാശം. അവര്‍ സകാത്ത് നല്‍കാത്തവരാണ്, അവര്‍ നിഷേധിച്ചവര്‍ കൂടിയാണ്. നമ്മുടെ ആരോഗ്യവും യോഗ്യതയും വിവരവുമല്ല നമ്മുടെ സമ്പത്തിന്റെ കാരണം. അത് ഖാറൂനിന്റെ വാദമായിരുന്നു. സമ്പത്തിന്റെ മേലുള്ള ബാധ്യത നിര്‍വഹിക്കാന്‍ മൂസ നബി ഖാറൂനോട് ആവശ്യപ്പെട്ടപ്പോള്‍ ഖാറൂന്‍ പറഞ്ഞത് ഇത് ഞാന്‍ ആര്‍ജ്ജിച്ച വിദ്യാഭ്യാസം കൊണ്ട്, ഞാന്‍ നേടിയെടുത്ത സാങ്കേതിക വൈദഗ്ദ്യത്താല്‍ ലഭിച്ചതാണെന്നാണ്. സമ്പത്തിന്റെ ഹുങ്കില്‍ വിരാചിച്ച ഖാറൂനെ ഭൂമി തന്നെ പിളര്‍ന്ന് അതിലാഴ്ത്തിക്കളയുകയും ചെയ്തു.

പാവപ്പെട്ടവരുടെ അവകാശമാണ്

ഒരുപാട് വിദ്യാഭ്യാസം നേടിയിട്ടും ഒന്നും സമ്പാദിക്കാനാവാത്തവരെ നമുക്ക് കാണാം. ചിലരാവട്ടെ തൊട്ടതൊക്കെ പൊന്നാക്കും. ചിലര്‍ എല്ലുമുറിയെ ജോലിചെയതാലും അവര്‍ക്ക് സമ്പത്ത് മിച്ചം വെക്കാനാവുകയില്ല. ഒരു അറബി കവി പാടിയതു പോലെ, വിദ്യാഭ്യാസവും ബുദ്ധിയും യോഗ്യത യുമാണ് ഈ ലോകത്ത് ഭക്ഷണം ലഭിക്കാന്‍ മാനദണ്ഡമായിട്ടുള്ളതെങ്കില്‍ വിദ്യാഭ്യസമില്ലാത്ത ബുദ്ധിയില്ലാത്ത നാല്‍കാലികളിവിടെ പട്ടിണികിടന്ന് ചത്തു പോയേനെ. സമ്പത്ത് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് വിശാലമാക്കി കൊടുക്കുന്നു, അവനുദ്ദേശിക്കുന്നവര്‍ക്ക് ഞെരുക്കം വരുത്തുകയും ചെയ്യുന്നു. രണ്ട് അല്ലാഹുവിന്റെ പരീക്ഷണമാണ്. നാം സകാത്ത് കൊടുക്കു ന്നില്ലെങ്കില്‍ തല ചായ്കാനിടമില്ലാത്ത, ഒരു നേരത്തെ ഭക്ഷണം കഴിക്കാനാവാത്ത, ചികിത്സിക്കാന്‍ കാശില്ലാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവരുടെ അവകാശമാണ് നമ്മുടെ കയ്യിലുള്ള പണത്തില്‍ അടങ്ങിയിരിക്കുന്നത്.

അതോടെ ആ പണം മുഴവന്‍ വിഷം കലര്‍ന്ന പാല് പോലെ ഹറാമായിത്തീരുന്നു. അത്തരം സമ്പത്ത് ഭുജിക്കുന്ന ശരീരം നരകത്തിന്റെ അവകാശിയാണെന്ന് നബി (സ) വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ട് സകാത്ത് കൊടുക്കുന്നതിലൂടെ സമ്പത്തും ശരീരവും മനസ്സും ശുദ്ധീകരിക്കാം.

സാമൂഹികാഭിവൃദ്ധി

മറ്റേതൊരു ആരാധനാ കര്‍മ്മത്തെ കുറിച്ചും ഉദ്‌ബോധിപ്പിക്കാന്‍ ധാരാളം അവസരങ്ങളുള്ളപ്പോള്‍ സകാത്തിനെ കുറിച്ച് സംസാരിക്കാന്‍ മാത്രം സന്ദര്‍ഭമില്ല. അതു കൊണ്ട് തന്നെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ഈ സംവിധാനം കേവലം ചടങ്ങായി മാറി. ഒരു പാവ പ്പെട്ടവന്റെയും പട്ടിണിമാറ്റാനോ വീടില്ലാത്തവന് വീട് ലഭിക്കാനോ അതിലൂടെ സാധിച്ചില്ല.

ഉമര്‍ (റ) കാലത്ത് സകാത്ത് കാര്യക്ഷമമാക്കിയപ്പോ വാങ്ങാന്‍ ആളില്ലാതെ വന്ന സാഹചര്യ മുണ്ടായി. സകാത്ത് കമ്മിറ്റികളുള്ള പല സ്ഥലങ്ങളിലും സകാത്ത് വാങ്ങിയവര് പിന്നീട് സകാത്ത് ദായകരായി മാറിയ അനുഭവവും കാണാം. ഈ നാട്ടിലെ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരാ വരെല്ലാം അവരുടെ എല്ലാ വരുമാന സ്രോതസ്സും കൃത്യമായി കണക്കാക്കി സംഘടിതമായി അത് നല്‍കാന്‍ സന്നദ്ധമായാല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ അവരരുടെ മഹല്ലിലെ ദാരിദ്ര്യം തുടച്ചു നീക്കാനും ജീവിത നിലവാരം ഉയര്‍ത്താനും തീര്‍ച്ചയായും സാധിക്കും. സകാത്ത് കമ്മിറ്റികള്‍ പ്രശ്‌നമാ ണെങ്കില്‍ മഹല്ലിനെ ഏല്‍പ്പിക്കാം. മഹല്ല് അത് ശേഖരിക്കുകയും ആവശ്യക്കാര്‍ക്ക് എത്തിക്കുകയും ചെയ്യട്ടെ. ചുരക്കത്തില്‍ അല്ലാഹുവിന്റെ സമ്പത്ത് അവന്‍ പറഞ്ഞതു പോലെ കൈകാര്യം ചെയ്താല്‍ സാമൂഹികാഭിവൃദ്ധിയോടൊപ്പം സമ്പത്ത് ശുദ്ധിയാവും, നമ്മുടെ മനസ്സ് ശുദ്ധിയാവും, സര്‍വ്വോപരി അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവും ലഭിക്കും, അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ…

Related Post