സ്വര്‍ഗാവകാശികള്‍

ജന്ന

സന്മാര്‍ഗത്തിലൂടെ ജീവിച്ചുകൊണ്ടു വേണം സ്വര്‍ഗാവകാശിയാവാന്‍

 സ്വര്‍ഗാവകാശികള്‍                   വിശുദ്ധ ഖുര്‍ആനിന്റെ മറുപടി ഇതാണ്:

”തങ്ങളുടെ രക്ഷിതാവിന്റെ തൃപ്തി ആഗ്രഹിച്ച് ക്ഷമ അവലംബിച്ചവരും നമസ്‌കാരം നിലനിര്‍ത്തിയവരും നാം അവര്‍ക്ക് നല്‍കിയ വിഭവങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചവരും തിന്മയെ നന്മ കൊണ്ട് തടഞ്ഞവരുമായവര്‍ക്കുള്ളതാണ് അനശ്വരഗേഹം” (13:22)

ഐഹിക ജീവിതത്തെ ദൈവപ്രീതിക്കുതകും വിധം ക്രമപ്പെടുത്തി ജീവിക്കുന്നവരാരോ അവര്‍ക്കാണ് സ്വര്‍ഗം എന്നര്‍ഥം. ഏതെങ്കിലും മതസമുദായത്തിന് റിസര്‍വ് ചെയ്യപ്പെട്ടതല്ല സ്വര്‍ഗം.

സന്മാര്‍ഗത്തിലൂടെ ജീവിച്ചുകൊണ്ടു വേണം സ്വര്‍ഗാവകാശിയാവാന്‍. മനുഷ്യന്‍ സ്വര്‍ഗാവകാശിയാവാനുള്ള സന്മാര്‍ഗം പഠിപ്പിച്ചവരാണ് പ്രവാചകന്മാര്‍. അങ്ങനെയുള്ള പ്രവാചകന്മാരുടെ കുടുംബങ്ങളില്‍ തന്നെ നരകാവകാശികള്‍ ഉണ്ടായിരുന്നു എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.

അതിനുദാഹരണമാണ് നൂഹ് നബിയുടെ മകനും ഭാര്യയും. ലൂത്വ് നബിയുടെ ഭാര്യയും ഇബ്രാഹിം നബിയുടെ പിതാവും നരകാവകാശികളാണ്. എന്നാല്‍ കടുത്ത നിഷേധി ഫറോവയുടെ ഭാര്യ സ്വര്‍ഗാവകാശിയാണ്. സ്വര്‍ഗാവകാശിയായ മുഹമ്മദ് നബിയുടെ പിതൃവ്യന്‍ അബൂലഹബ് നരകാവകാശിയായിരുന്നു.

എന്നു മാത്രമല്ല, സന്മാര്‍ഗത്തിന്റെ മാനദണ്ഡം സമുദായമല്ല എന്നതിന് ശക്തമായ അടിവരയിട്ടു കൊണ്ട് ഖുര്‍ആന്‍ പറയുന്നു:
”എന്നാല്‍ വേദവിശ്വാസികളില്‍ എല്ലാവരും ഒരു പോലെയല്ല. സന്മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു വിഭാഗം അവരിലുണ്ട്.” (3:113)

വേദക്കാര്‍

ജൂത-ക്രൈസ്തവരെ പോലുള്ളവരാണ് വേദക്കാര്‍. അവരില്‍ നിന്ന് മുസ്‌ലിംകളായവരെ കുറിച്ചല്ല ഈ പറഞ്ഞിരിക്കുന്നത്. ‘മുസ്‌ലിം സമുദായം’ എന്ന പ്ലാറ്റ്‌ഫോമിലല്ല അവര്‍. എന്നിട്ടും അവര്‍ സന്മാര്‍ഗത്തിലാണ്. ‘ഇരട്ട പ്രതിഫലത്തിനുടമസ്ഥര്‍’ (22: 52-54) എന്ന് ഇവരെ കുറിച്ച് വേറെയും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. കാരണം, അവര്‍ നേരത്തെ സ്വര്‍ഗാവകാശികളാണ്. അന്ത്യപ്രവാചകന്റെ ആഗമനം അറിഞ്ഞപ്പോള്‍ അവര്‍ പ്രവാചകനെ പിന്‍പറ്റാന്‍ സ്വാഭാവികമായും തയ്യാറായി. അതിനര്‍ഥം യേശു (ഈസാ നബി), മോസസ് (മൂസാ നബി) പോലുള്ള പ്രവാചകന്‍മാര്‍ പഠിപ്പിച്ചതനുസരിച്ച് ദൈവദാസന്‍മാരായി ജീവിക്കുന്ന ‘മുസ്‌ലിംകള്‍’ ആയിരുന്നു അവര്‍.

എന്നാല്‍ നരകത്തിന്റെ അടിത്തട്ടിലുള്ളവര്‍ ‘മുനാഫിഖുകള്‍’ (കപടവിശ്വാസികള്‍) ആണെന്നാണ് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്. അവരുള്ളത് മുസ്‌ലിംകള്‍ക്കിടയിലാണ് താനും. അതിനര്‍ഥം മറ്റു സമുദായങ്ങളില്‍ സ്വര്‍ഗാവകാശികളുള്ളതു പോലെ മുസ്‌ലിം സമുദായത്തില്‍ നരകാവകാശികളുമുണ്ട്. മറ്റു സമുദായങ്ങളിലെ സ്വര്‍ഗാവകാശികള്‍ ഇസ്‌ലാമിനെ ശരിയായി മനസ്സിലാക്കുന്നതോടെ സ്വാഭാവികമായും ഇസ്‌ലാമിനെ സ്വീകരിക്കും എന്ന കാര്യമാണ് ഇരട്ടപ്രതിഫലത്തിനുടമസ്ഥര്‍ എന്ന ഖുര്‍ആന്‍ പ്രയോഗം മനസ്സിലാക്കി തരുന്നത്.

ചുരുക്കത്തില്‍,

പാരമ്പര്യ സമുദായങ്ങളല്ല സന്‍മാര്‍ഗത്തെ പ്രതിനിധീകരിക്കുന്നത്; ദൈവിക ദര്‍ശനത്തെ പിന്‍പറ്റുന്നവരാണ്. ഏത് സമുദായത്തില്‍ പിറന്നവര്‍ക്കും അതിനവകാശമുണ്ട്. ആരാണോ സന്മാര്‍ഗദര്‍ശനത്തെ പിന്‍പറ്റി ജീവിക്കുന്നത് അവരാണ് സ്വര്‍ഗാവകാശികള്‍ എന്നര്‍ഥം. സ്വന്തം സമുദായത്തില്‍ പെട്ടവര്‍ മാത്രമാണ് സ്വര്‍ഗാവകാശികള്‍ എന്ന യഹൂദരുടെ വാദത്തെ ഖണ്ഡിച്ചു കൊണ്ട് ഖുര്‍ആന്‍ പറയുന്നു:
”സത്യവിശ്വാസം സ്വീകരിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാവട്ടെ, ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.”(2:62)

ഏതെങ്കിലും സമുദായത്തോട് പ്രത്യേകമായ സ്‌നേഹം ദൈവത്തിനില്ല എന്ന കാര്യമാണിവിടെ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. യേശുക്രിസ്തു ഈ വസ്തുത മറ്റൊരു രീതിയില്‍ വ്യക്തമാക്കിയത് ബൈബിളില്‍ ഇങ്ങനെ കാണാം: ”എന്നോട് കര്‍ത്താവേ കര്‍ത്താവേ എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നന്‍ അത്രെ സ്വര്‍ഗരാജ്യത്തില്‍ കടക്കുന്നത്” (മത്തായി 7:12)

പിന്‍കുറി: ”ദൈവത്തിങ്കല്‍ പരിഗണനീയമായിട്ടുള്ളത് നിങ്ങളുടെ വര്‍ഗീയതയല്ല; സത്യവിശ്വാസവും സല്‍ക്കര്‍മവുമാണ്. ആ അമൂല്യസമ്പത്തുമായി ദൈവസന്നിധിയില്‍ ഹാജരാവുന്ന ഏതൊരു മനുഷ്യനും അവങ്കല്‍ നിന്ന് തക്ക പ്രതിഫലം ലഭിക്കും. ദൈവത്തിങ്കല്‍ തീരുമാനം മനുഷ്യന്റെ സ്വഭാവഗുണങ്ങള്‍ പരിഗണിച്ചായിരിക്കും; നിങ്ങളുടെ കാനേഷുമാരി രജിസ്റ്ററുകളുടെ അടിസ്ഥാനത്തിലല്ല.” – അബുല്‍ അഅ്‌ലാ മൗദൂദി

Related Post